പിച്ചള പാത്രം ചാരം തേച്ച് തിളക്കം വരുത്താം. ചെമ്പു പാത്രത്തിന് നാരങ്ങാനീര് മതി. സ്ത്രീകൾ ആർത്തവത്താൽ ശുദ്ധീകരിക്കപ്പെടുന്നു. നദികൾ ഒഴുക്കുകൊണ്ട് പരിശുദ്ധങ്ങളായിത്തീരുന്നു. മലിനമായി കാണപ്പെടുന്ന ഒരുപാട് വസ്തുക്കൾ യഥാർത്ഥത്തിൽ മാലിന്യം ഇല്ലാത്തതും പരിശുദ്ധവുമാണ്. ചില സാഹചര്യങ്ങളിൽ വിമല വസ്തുക്കൾ തുരുമ്പോ, ക്ലാവോ, ചെളിയോ പിടിച്ചു നാശമാകുന്നു. പുറത്ത് പറ്റിപ്പിടിച്ച ഈ മാലിന്യം തുടച്ചുകളയാവുന്നതേയുള്ളു. ലോകത്തിലെ പല വസ്തുക്കളും സ്വതവേ തിളക്കമുള്ളതും, ഈടുറ്റതുമാണ്. കേട് എന്തെന്ന് കണ്ടു പരിഹാരം ചെയ്യുന്നതോടൊപ്പം, സാഹചര്യം കൂടി മാറ്റിയെടുക്കണം. അതേ സാഹചര്യത്തിൽ തന്നെ തുടരുന്നുവെങ്കിൽ പരിഹാരം ചെയ്തിട്ട് കാര്യമില്ല. സ്ത്രീകളുടെ ആർത്തവം മൂന്ന് ദിവസത്തെ അശുദ്ധിയെങ്കിലും കൽപ്പിക്കണം. ഋതുമതി, രജസ്വല എന്നൊക്കെയാണ് ഈ സമയത്തു വിളിക്കുക. അവരുടെ പുത്രോത്പാദന ശക്തി വികസിച്ചിരിക്കുന്ന സമയത്ത് അതിനുള്ള സൗകര്യം ഇല്ലെങ്കിൽ ഈ അവയവങ്ങളിൽ ശേഖരിക്കപ്പെട്ട രക്തവും, മറ്റ് പദാർത്ഥങ്ങളും ഉപയോഗശൂന്യമായിപോകുന്നു. അതുടനെ പുറത്ത് കളയേണ്ടതാണ്. ഈ മൂന്നു ദിവസം ശരീരം സ്വസ്ഥമായി വെയ്‌ക്കേണ്ടതാണ്. കഴിയുമെങ്കിൽ പരിപൂർണ്ണ വിശ്രമം വേണ്ടതാണ്.ഇന്ന് അശുദ്ധി കണക്കാക്കുന്നേയില്ല. സാധാരണ രീതിയിൽ മറ്റു കാര്യങ്ങളിൽ വ്യാപൃതരാകുന്നു. ഇത് ശരീരത്തിന് ഹാനിയാണെന്നു മാത്രമല്ല അശുദ്ധി മറ്റ് വസ്തുക്കളിലേക്കും പരക്കുന്നു. ഇത് രോഗകാരണമാകുന്നു. പൂർവ്വികർ മൂന്ന് ദിവസം വിശ്രമിക്കാനും, വസ്ത്രമെല്ലാം മുക്കി കുളിക്കാനും അനുശാസിക്കുന്നുണ്ട്. ക്ലാവ് പിടിച്ച ചെമ്പുപാത്രം പോലെ ആത്മപ്രഭാവം ദുഷിക്കുമ്പോൾ ഈ ജന്മം തന്നെ ഉപയോഗശൂന്യമാകുന്നു. തേച്ചുമിനുക്കിയ പാത്രം എങ്ങനെ വെട്ടിത്തിളങ്ങുന്നുവോ തദനുസാരം ആത്മപ്രഭാവം വർദ്ധിപ്പിക്കാൻ കഴിയും. യാഥാർഥ്യം മനസ്സിലാക്കാൻ ദിവ്യത്വം കൈവരിക്കാൻ ഈശ്വരഭജനം കൊണ്ട് കഴിയും.
ഭസ്‌മനാ ശുദ്ധ്യതേ കാംസ്യം, താമ്രമമ്ലേന ശുദ്ധ്യതി, രജസാ ശുദ്ധ്യതേ നാരീ, നദി വേഗേന ശുദ്ധ്യതി.
satheedevi
No comments:
Post a Comment