Tuesday, December 11, 2018

ആത്മസാക്ഷാത്കാരം എങ്ങനെ നേടാം? കാമം ക്രോധം ലോഭം മോഹം ത്യക്ത്വാത്മാനം പശ്യതി സോളഹം ആത്മജ്ഞാനവിഹീനാഃ മൂഢാഃ തേ പച്യന്തേ നരകനിഗൂഢാഃ സാധകന്‌ എങ്ങനെ ആത്മസാക്ഷാത്ക്കാരം നേടാമെന്ന്‌ ഈ ശ്ലോകം വിവരിക്കുന്നു. മനസ്സിനെ ഇളക്കിക്കൊണ്ടിരിക്കുന്ന സര്‍വ വികാരങ്ങളില്‍നിന്നും പൂര്‍ണ മോചനം നേടാതെ ബഹിര്‍മുഖത വിടാതെ, അന്തരാത്മാവിനെ കാണാനോ നിരതിശയമായ ആത്മാനന്ദംഅനുഭവിക്കാനോ ആവില്ല. അതിനാല്‍ കാമക്രോധലോഭമോഹങ്ങള്‍ വെടിഞ്ഞ്‌ ഉത്സാഹത്തോടും ജാഗ്രതയോടുംകൂടി സാധകന്‍ ആത്മദര്‍ശനത്തിന്‌ പ്രയത്നിക്കണം. ഇങ്ങനെ പ്രയത്നിച്ച്‌ കിട്ടുന്ന ആത്മദര്‍ശനമുണ്ടല്ലോ, അത്‌ നാം ലോകത്തിലെ വസ്തുക്കളെ കാണുംപോലെയോ അറിയുംപോലെയോ ഒന്നുമല്ല. വസ്തുക്കളെ സംബന്ധിച്ച അറിവേ നമുക്കിന്നുള്ളു. അതായത്‌ നമ്മില്‍നിന്നന്യമായ പല വസ്തുക്കളെയും നാം അറിയുന്നു. അറിയുന്ന ഞാന്‍ വേറെ; എന്റെ അറിവിന്‌ വിഷയമായ വസ്തുവേറെ. ഈ സാധാരണ അറിവുപോലയല്ല ആത്മജ്ഞാനം. എനിക്ക്‌ (ആത്മാവിന്‌) എന്നെ (ആത്മാവില്‍നിന്ന്‌) അന്യമായി കാണാന്‍ വയ്യല്ലോ. അപ്പോള്‍, ഞാന്‍, എന്നെ (ആത്മാവിനെ) അറിഞ്ഞു എന്നതിന്‌ ആത്മാവാണ്‌ ഞാന്‍- സഃ അഹം, സോളഹം എന്ന സത്യാനുഭവം എനിക്ക്‌ കൈവന്നു എന്നര്‍ത്ഥം. മറവില്‍പ്പെട്ടുപോയ ഒന്നിനെ കണ്ടെത്തുംപോലെയാണതെന്ന്‌ പറയാം. ചിലപ്പോള്‍ താക്കോല്‍ കാണാതെ പരിഭ്രമിച്ച്‌ നാം പലേടത്തും തിരയാറുണ്ട്‌. അവസാനം സ്വന്തം കീശയില്‍ത്തന്നെ അത്‌ കണ്ടെത്തുകയും ചെയ്യും. അപ്പോള്‍ "താക്കോല്‍ കിട്ടി.... താക്കോല്‍ കിട്ടി" എന്നു നാം പറയാറുണ്ട്‌. എന്നാല്‍ ഇവിടെ കിട്ടുക എന്നത്‌ വാസ്തവത്തില്‍ ഉണ്ടായിട്ടില്ല. താക്കോല്‍ കീശയില്‍ത്തന്നെ കിടന്നിരുന്ന വസ്തുത അറിയാതെ നഷ്ടപ്പെട്ടുവെന്ന്‌ കരുതി; കണ്ടെത്തിയപ്പോള്‍ "താക്കോല്‍ കിട്ടി" എന്ന്‌ ഔപചാരികമായി പറഞ്ഞുവെന്ന്‌ മാത്രം. അറിയപ്പെടേണ്ടതും അനുഭവിക്കപ്പെടേണ്ടതുമായ പരമസത്യം അഥവാ ആത്മാവ്‌ മനുഷ്യന്റെ യഥാര്‍ത്ഥ സ്വരൂപം തന്നെയാണ്‌. കാമം, ക്രോധം, ലോഭം, മോഹം തുടങ്ങിയ മനസ്സിലെ വികാരങ്ങള്‍ അതിനെ നമ്മില്‍നിന്ന്‌ മറച്ചുപിടിച്ച മട്ടാണിപ്പോള്‍. പ്രസ്തുത വിക്ഷേപങ്ങള്‍ അടങ്ങിയാല്‍, അവയ്ക്കുപിന്നില്‍ ഒളിഞ്ഞുനിന്നിരുന്ന പരമാത്മാവ്‌ സ്വയം വെളിപ്പെടും. മരച്ചുവട്ടില്‍ കൃഷ്ണന്റെ വരവുംകാത്തിരിക്കുന്ന രാധയുടെ ക്ഷമ നശിക്കാന്‍ തുടങ്ങി. ഉള്ളില്‍ കോപം വരുന്നുണ്ട്‌. കൂടെ പരിഭ്രമവും. അപ്പോഴതാ പിന്നിലൂടെ രണ്ട്‌ പരുത്ത കൈകള്‍ രാധയുടെ ഇരു കണ്ണുകളും പൊത്തുന്നു. അവള്‍ പ്രതിഷേധിക്കുന്നു, ദേഷ്യപ്പെടുന്നു, വ്യസനം സഹിക്കുന്നില്ല. വല്ലാതെ പേടിച്ചിട്ടുമുണ്ട്‌. തന്റെ കണ്ണുകള്‍ പൊത്തിയ കൈകളെ പിടിച്ചുമാറ്റാന്‍ ആവുന്നതും ശ്രമിച്ചുനോക്കുന്നു. നിലവിളിച്ചുകൊണ്ട്‌ ശപിക്കുകയും ചെയ്യുന്നു. അവസാനമാണറിയുന്നത്‌ തന്റെ കൈകള്‍ പൊത്തിയ കൈകള്‍ മറ്റാരുടേതുമല്ല, താന്‍ കാത്തുകൊണ്ടിരിക്കുന്ന ഹൃദയേശ്വരന്റേതുതന്നെയാണെന്ന്‌. കാമാദി വികാരങ്ങള്‍ ഉള്ളില്‍നിന്ന്‌ നീങ്ങുമ്പോള്‍ സച്ചിദാനന്ദസ്വരൂപിയായ ആത്മാവ്‌ സ്വയം പ്രകാശിക്കുകയായി. ആത്മസാക്ഷാത്ക്കാരം നേടിയിട്ടില്ലാത്ത മനുഷ്യന്റെ സ്ഥിതി ദയനീയം തന്നെയാണ്‌. മനം മടുപ്പിക്കുന്ന ദുഃഖങ്ങളും പൊറുതിമുട്ടിക്കുന്ന കാമരാഗങ്ങളുംകൊണ്ട്‌ മനുഷ്യനെ നട്ടം തിരിക്കുന്ന എന്തോ ഒന്നാണ്‌ ജീവിതം എന്ന്‌ അയാള്‍ കരുതുന്നു. അത്തരക്കാര്‍ മൂഢരത്രെ. ആത്മജ്ഞാന വിഹീനാ മൂഢാഃ. "്യ‍ൂഞ്ഞാന്‍ ആത്മാവാണ്‌" എന്ന സത്യബോധം ഇല്ലായ്കയാല്‍ 'ഞാനൊരു ജീവനാണ്‌' എന്ന മിഥ്യാബോധം ജനിക്കുന്നു. പ്രസ്തുത മിഥ്യാബോധം മൂലമാണ്‌ കാമക്രോധാദിവികാരങ്ങള്‍ പൊന്തിവന്ന്‌ മനുഷ്യനെ ദുഃഖിപ്പിക്കുന്ന ഒരു മഹാ നരകമായി രൂപപ്പെടുന്നത്‌. ഉള്ളിലെ വികാരങ്ങളുടെ സമ്മര്‍ദ്ദത്താല്‍ നിലതെറ്റിയാല്‍ അവരുടെ സമ്മര്‍ദ്ദത്താല്‍ വീര്‍പ്പുമുട്ടിയും അവശനും നിരാശനുമായി തനിക്കുവേണ്ടി താന്‍തന്നെ നിര്‍മിച്ച നരകത്തില്‍ക്കിടന്ന്‌ മനുഷ്യന്‍ ദുരിതമനുഭവിക്കുന്നു. കാമാദി വികാരങ്ങള്‍ വരുത്തിവയ്ക്കുന്ന വിനയെക്കുറിച്ച്‌ ശ്രീശങ്കരന്‍ തന്നെ മറ്റൊരു ശ്ലോകത്തില്‍ പറയുന്നത്‌ നോക്കുക. "കാമക്രോധശ്ച ലോഭശ്ച ദേഹേ തിഷ്ഠന്തി തസ്കരാഃ ജ്ഞാനരത്നാപഹാരായ തസ്മാത്‌ ജാഗ്രത! ജാഗ്രത!" കാമം ക്രോധം ലോഭം എന്നീ മൂന്ന്‌ കള്ളന്മാര്‍ ജ്ഞാനരത്നം മോഷ്ടിക്കാന്‍ തക്കവുംനോക്കി, നമ്മുടെയുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ട്‌. അതിനാല്‍ ജാഗരൂകരായിരിക്കൂ- ജാഗ്രത! ജാഗ്രത! ചുരുക്കത്തില്‍ ആശയമിതാണ്‌- കാമക്രോധാദി വികാരങ്ങളെ ഉള്ളില്‍നിന്ന്‌ നീക്കി, അന്തരാത്മാവിനെ കണ്ടെത്തൂ. 'പരമാത്മാവുതന്നെ ഞാന്‍' എന്ന സത്യം സ്വയം സാക്ഷാത്കരിക്കൂ, അപ്പോഴേ ജന്മ സഫലമാകൂ. വാസ്തവത്തില്‍ ഈശ്വരന്‍ മാത്രമേ ഉള്ളു. 'ജീവന്‍' എന്നത്‌ വെറുമൊരു തോന്നല്‍മാത്രം. ആ തോന്നലിനെ ഈശ്വരനില്‍ അര്‍പ്പിക്കൂ. ജീന്‍ ശിവനില്‍ ലയിക്കട്ടെ. സമ്യക്ജ്ഞാനത്തിന്റെ സഹായത്താല്‍ ജീവനാണ്‌ ഞാനെന്ന മിഥ്യാ ബോധമകറ്റി, ശിവനാണ്‌ ഞാനെന്ന സത്യബോധം ദൃഢമാക്കൂ. ഞാനും മറ്റുള്ളവരും വേറെയല്ല, ഒന്നുതന്നെ (സര്‍വം ബ്രഹ്മമയം) എന്ന അദ്വൈതാനുഭൂതിയിലൂടെ അനന്താനന്ദനിര്‍വൃതിയിലാണ്ട്‌ കൃതകൃത്യനാവൂ. വ്യാഖ്യാനം : സ്വാമി ചിന്മയാനന്ദ

No comments: