Tuesday, December 11, 2018

വാസനാക്ഷയവും മനോനാശവും വേര്‍തിരിഞ്ഞുനിന്ന്‌ ജ്ഞാനത്തെയുളവാക്കുന്ന ഉപായങ്ങളാണ്‌. അതുകൊണ്ട്‌ വിദേഹമുക്തിയില്‍ അവ അപ്രധാനങ്ങള്‍. ആസുരവാസനയെ ക്ഷയിപ്പിക്കുന്ന ദൈവവാസനാജ്ഞാനം നേടിത്തരുന്നുവെന്ന്‌ ശ്രുതിയിലും സ്മൃതിയിലും പ്രസിദ്ധമാണ്‌.
മനസ്സൊതുങ്ങി, ഇന്ദ്രിയങ്ങളടങ്ങി, കര്‍മമോഹം വെടിഞ്ഞ്‌ എന്തും സഹിക്കാന്‍ കരുത്തുള്ളവനായി ആത്മാവില്‍ത്തന്നെ ആത്മാവിനെ ദര്‍ശിക്കേണ്ടതാണ്‌. എന്നാണ്‌ ബൃഹദാരണ്യകോപനിഷത്ത്‌ പ്രഖ്യാപിക്കുന്നത്‌. ഗീത പതിമൂന്നാമദ്ധ്യായത്തില്‍ എട്ടുമുതല്‍ പന്ത്രണ്ടുവരെയുള്ള അഞ്ച്‌ ശ്ലോകങ്ങളില്‍ ജ്ഞാനോപായമെന്തൊക്കെയാണെന്നു ഭഗവാന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ദേഹത്തെ ആശ്രയിച്ചുകൊണ്ടുള്ള വര്‍ണാശ്രമാഭിമാനങ്ങള്‍ ഉപേക്ഷിക്കേണ്ടതാണ്‌. അതുപോലെ മറ്റുള്ളവരൊക്കെ തന്റെ മുമ്പില്‍ തലകുനിക്കേണ്ടവരാണെന്ന മട്ടിലുള്ള ദംഭം ഉപേക്ഷിച്ച്‌ അദംഭിത്വം കൈക്കൊള്ളണം. സകലജീവജാലങ്ങളിലും മാനസികമായ ദ്രോഹചിന്ത വെടിഞ്ഞ്‌ അഹിംസ പരിശീലിക്കണം. എന്തും സഹിക്കാനും ക്ഷമിക്കാനും അഭ്യസിക്കണം. ഏതു കാര്യത്തിലും വക്രബുദ്ധി വെടിഞ്ഞു നേരായ മാര്‍ഗം സ്വീകരിക്കണം. ഗുരുവിനെ നിഷ്കളങ്കമായും ഭക്തിയോടും അനുസരിക്കണം. മനസ്സും വാക്കും ശരീരവും ശുദ്ധമാക്കി വയ്ക്കണം. ലക്ഷ്യത്തില്‍നിന്നും ഒരിക്കലും ചലിച്ചുപോകാതെ സ്ഥിരത പാലിക്കണം. ഭൗതിക സുഖചിന്തകളിലും കാമക്രോധാദിവികാരങ്ങളിലും നിന്നു ചിത്തത്തെ പിന്‍തിരിപ്പിക്കണം. ഇന്ദ്രിയങ്ങള്‍ കൊതിക്കുന്ന പദാര്‍ത്ഥങ്ങളില്‍ വിരക്തനായിത്തീരണം. കര്‍മങ്ങളില്‍ താനാണ്‌ ചെയ്യുന്നത്‌ എന്ന അഹംബുദ്ധി വെടിയണം. ലോകജീവിതം ജന്മം, മരണം, ജര, രോഗം, ദുഃഖം തുടങ്ങിയ ദോഷങ്ങള്‍കൊണ്ടു നിറഞ്ഞതാണെന്നു കാണണം. ആഗ്രഹങ്ങള്‍ കുറയ്ക്കണം. പുത്രന്‍, ഭാര്യ, വീട്‌, ധനം എന്നിവയിലെല്ലാം തന്റേതെന്നുള്ള ഭാവം അകറ്റണം. ഇഷ്ടമോ അനിഷ്ടമോ വന്നാലും സദാ സമചിത്തനായി വര്‍ത്തിക്കണം. എല്ലാം ഈശ്വരസ്വരൂപമായിക്കണ്ട്‌ അനന്യഗതിയായി ആ സത്യസ്വരൂപനെ ശരണം പ്രാപിക്കണം. ജനക്കൂട്ടത്തില്‍ പെട്ടുപോകാതെ ഏകാന്തമായി ധ്യാനം ശീലിക്കണം. ആത്മാവാണ്‌ സത്യമെന്നറിഞ്ഞ്‌ പുറമേയും ആത്മസ്വരൂപം ദര്‍ശിക്കാന്‍ അഭ്യസിക്കണം. ഇത്രയുമാണ്‌ ജ്ഞാനം നേടാനുള്ള ഉപായം. 
ഇതിനെതിരായുള്ളതൊക്കെ അജ്ഞാനത്തിനു കാരണമായിത്തീരും. മനോനാശവും ജ്ഞാനത്തിനു കാരണമാണെന്ന്‌ ശ്രുതിയും സ്മൃതിയിലും വിവരിച്ചിട്ടുണ്ട്‌. സങ്കല്‍പ്പങ്ങളെ വെടിഞ്ഞ്‌ ധ്യാനിച്ചാല്‍ അവനെ കാണാറാകുന്നു എന്നാണ്‌ മുണ്ഡകോപനിഷത്ത്‌ പറയുന്നത്‌. അന്തര്‍മുഖമായ യോഗപരിശീലനംകൊണ്ട്‌ ആ ദേവനെ ധ്യാനിച്ചറിഞ്ഞ്‌ ധീരന്‍ ഹര്‍ഷശോകങ്ങളെ വെടിയുന്നുയെന്ന്‌ കഠോപനിഷത്ത്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌.
ജി.ബാലകൃഷ്ണന്‍നായര്‍

No comments: