Thursday, December 20, 2018

തമേകനേമിം ത്രിവൃതം ഷോഡശാന്തം
ശതാര്‍ദ്ധാരം വിംശതി പ്രത്യരാഭി:
അഷ്ടകൈഃ ഷഡ്ഭിര്‍ 
വിശ്വരൂപൈകപാശം
ത്രിമാര്‍ഗഭേദം ദ്വിനിമിത്തൈക മോഹം
പ്രകൃതിയാകുന്ന വലയത്തോട് കൂടിയതുംത്രിഗുണങ്ങളാല്‍ വലയം ചെയ്തതും പതിനൊന്ന് ഇന്ദ്രിയങ്ങളും പഞ്ചഭൂതങ്ങളുമാകുന്ന അതിര്‍ത്തികളോടും കൂടിയതാണ് പ്രപഞ്ചം. 50 പ്രത്യയങ്ങളാകുന്ന ആരക്കാലുകളോട് കൂടിയതും അവയെ ഉറപ്പിക്കുന്ന 20 ആണികളോട് കൂടിയതുമാണ്.
ആറ് അഷ്ടകങ്ങളാല്‍ വ്യാപിച്ചതും മൂന്ന് മാര്‍ഗങ്ങളിലൂടെ പോകുന്നതും ലോക വ്യവഹാരമാകുന്ന കയറിനാല്‍ ഉറപ്പിച്ചിരിക്കുന്നതും രണ്ട് നിമിത്തങ്ങളെയുണ്ടാക്കുന്ന മോഹമാകുന്ന ഭ്രമണത്തോടു കൂടിയ ഒരു ചക്രം പോലെയാണ് ഈ സംസാരം.
ബ്രഹ്മത്തില്‍ നിന്ന് വിവിധ ഭാഗങ്ങളോടെ ആവിര്‍ഭവിക്കുന്നതായി തോന്നുന്ന സംസാരത്തെ ഒരു ചക്രമായി വര്‍ണിക്കുകയാണ് ഇവിടെ. ചക്രം വൃത്തത്തിലായതിനാല്‍ അതിന്റെ തുടക്കവും ഒടുക്കവും നിര്‍ണയിക്കാനാവില്ല. അതുപോലെ സംസാരവും ആദിയും അന്തവുമില്ലാത്തതാണ്. ചക്രത്തിന് വിവിധ ഭാഗങ്ങള്‍ ഉള്ളതുപോലെ ഇവിടെയും പല ഭാഗങ്ങള്‍ കാണാം.
ചക്രത്തിന്റെ പ്രധാന ഭാഗമാണ് പുറമെയുള്ള വൃത്തമായ നേമി. സൃഷ്ടിയുടെ നേമിസ്ഥാനമാണ് പ്രകൃതി. അതിനെ മായ, ശക്തി, അവിദ്യ, അജ്ഞാനം എന്നും വിളിക്കുന്നു. സൃഷ്ടി മുഴുവന്‍ നിലനില്‍ക്കുന്നത് പ്രകൃതിയിലാണ്. അതുകൊണ്ട് പ്രകൃതിയെ ഏകനേമി എന്ന് പറയുന്നു.
ത്രിവൃതം എന്നാല്‍ ത്രിഗുണാത്മികയായ പ്രകൃതിയാണ്. സത്വം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങളെയാണ് പ്രധാനമായുംഉദ്ദേശിക്കുന്നത്. കാലം, ദേശം, നിമിത്തം എന്നിവയെല്ലാം ത്രിവൃതമായി പറയാം. ഷോഡശാന്തം- പഞ്ചമഹാഭൂതങ്ങള്‍, പഞ്ചജ്ഞാനേന്ദ്രിയങ്ങള്‍, പഞ്ചകര്‍മേന്ദ്രിയങ്ങള്‍, മനസ്സ് എന്നീ 16 എണ്ണവും ചേരുമ്പോള്‍ പ്രകൃതിയുടെ വികാരം പൂര്‍ത്തിയാകുന്നതിനാല്‍ ഷോഡശാന്തം എന്ന് പറയുന്നു.
 ഇന്ദ്രിയങ്ങള്‍, മനസ്സ് എന്നിവയാലാണ് ആന്തരിക പ്രപഞ്ചം ഉണ്ടാകുന്നത്. പഞ്ചമഹാ ഭൂതങ്ങളാല്‍ ബാഹ്യ പ്രപഞ്ചവും ഉണ്ടാകുന്നു. ഇന്ദ്രിയങ്ങളും മനസ്സും പഞ്ചഭൂതങ്ങളും ലയിച്ചാല്‍ പ്രപഞ്ച സൃഷ്ടിയുണ്ടാകില്ല. അതിനാലാണ് ഇവയെ സൃഷ്ടിയുടെ അവസാനം എന്ന് പറയുന്നത്. ചക്രത്തിന്റെ അതിര്‍ത്തി പോലെ സൃഷ്ടിചക്രത്തിന്റെ അതിര്‍ത്തിയാണിത്. അതിനപ്പുറം ബ്രഹ്മം തന്നെ.ചക്രത്തിന് ബലം കൊടുക്കുന്ന ആരക്കാലുകളെപ്പോലെ സംസാര ചക്രത്തിന് 50 അഴികളെ കല്‍പ്പിക്കുന്നു. 5 വിപര്യയങ്ങള്‍, 28 അശക്തികള്‍, 9 തുഷ്ടികള്‍, 8 സിദ്ധികള്‍ എന്നിവയാണത്. ഇതിനെ ശതാര്‍ദ്ധാരം. നൂറിന്റെ പകുതി ആരക്കാലുകള്‍.
പത്ത് ഇന്ദ്രിയങ്ങളും പത്ത് ഇന്ദ്രിയ വിഷയങ്ങളുമാണ് 20 ആണികള്‍.  പ്രകൃതി, ധാതു, ഐശ്വര്യ, ഭാവ, ദേവ, ഗുണ എന്നിവയാണ് ആറ് അഷ്ടകങ്ങള്‍. ആറ് അഷ്ടകങ്ങളാല്‍ വ്യാപിച്ചിരിക്കുന്ന സംസാരം ഷട്‌കോണാകാരമായ ചക്രത്തിന് തുല്യമാണ്.
സംസാരചക്രത്തെ കെട്ടി നിര്‍ത്തിയിരിക്കുന്ന കയറായി പറഞ്ഞിരിക്കുന്നത് കാമമാണ്. ഏക പാശമായി വിശേഷിപ്പിച്ച ഇത് വിഷയങ്ങളിലെ അഭിനിവേശമാണ്. ധര്‍മം, അധര്‍മം, ജ്ഞാനം എന്നിവയാണ് മൂന്ന് വഴികള്‍. പുണ്യപാപങ്ങള്‍ക്കോ സുഖദുഃഖങ്ങള്‍ക്കോ കാരണമാകുന്ന മോഹത്തെയാണ് പിന്നെ പറഞ്ഞത്. സംസാരചക്രത്തില്‍ പെട്ട് പോയ ജീവന് അതില്‍ നിന്ന് രക്ഷപ്പെടാനുള്ള വിഷമത്തെ ഓര്‍മിപ്പിക്കുന്നു. ബ്രഹ്മജ്ഞാനം കൊണ്ടേ സംസാരചക്രത്തില്‍ നിന്നു രക്ഷപ്പെടാനാകൂ...janmabhui

No comments: