*🔥വിവേക സ്പർശം🔥*
*_"വിഘ്നങ്ങൾ എത്രയുണ്ടോ,അത്രയും നല്ലത് .വഴിക്കുള്ള വിഘ്നങ്ങളല്ലേ നദിക്ക് വേഗം കൂട്ടുന്നത് ?ഏതൊന്ന് എത്ര കണ്ട് പുതിയതും ഉത്തമവുമാണോ, അതിൽ ആദ്യത്തിൽ അത്രകണ്ട് വിഘ്നങ്ങൾ നേരിടേണ്ടിവരും. വിഘ്നങ്ങൾ വിജയത്തിൻറെ മുന്നോടികൾ മാത്രമാണ്. വിഘ്നങ്ങളില്ലെങ്കിൽ വിജയവുമില്ല."_*
*🙏ലഘു ജീവചരിത്രം 65*
*1900 ഫെബ്രുവരി മാസത്തിൽ സ്വാമിജി സാൻഫ്രാൻസിസ്കോയിൽ എത്തി .വലിയ ആൾതിരക്കായിരുന്നു അദ്ദേഹത്തിൻറെ പ്രസംഗങ്ങൾ കേൾക്കാൻ. ജനങ്ങളുടെ താൽപ്പര്യം കണക്കിലെടുത്ത് സ്വാമിജി പലപ്പോഴും പ്രത്യേകം ക്ലാസ്സുകളും എടുത്തിരുന്നു. അദ്ദേഹം അവർക്ക് വേദാന്തതത്ത്വങ്ങൾ പറഞ്ഞുകൊടുത്തു. ഗീത പലിപ്പിച്ചു.ധ്യാനിക്കേണ്ട വിധവും പരിശീലിപ്പിച്ചു. ക്ലാസ്സുകൾ സൗകര്യമായി നടത്താൻ വേണ്ടി വലിയൊരു ഫ്ലാറ്റ് തന്നെ അദ്ദേഹം അവിടെ വാടകയ്ക്കെടുത്തു. പൊതുവേദികളിൽ ധാരാളമായി പ്രസംഗിച്ചു. അതിനുപുറമേ സമീപപ്രദേശത്തുള്ള പല പട്ടണങ്ങളിലും പോയി പ്രസംഗങ്ങൾ നടത്തി. സ്വാമിജിയുടെ ക്ലാസുകളിലേക്ക് വളരെയധികം പേർ വന്നുചേരുന്നുണ്ടായിരുന്നു. ഒടുവിൽ അദ്ദേഹം സാൻഫ്രാൻസിസ്കോയിൽ ഒരു "വേദാന്ത സൊസൈറ്റി "ആരംഭിച്ചു.*
*ഒരിക്കൽ അദ്ദേഹം അമേരിക്കയിലെ ഒരു പട്ടണത്തിൽ പുഴയോരത്തുകൂടി നടക്കുകയായിരുന്നു. നദിയിലൂടെ ഏതാനും മുട്ടത്തോടുകൾ ഒഴുകിനീങ്ങിയിരുന്നു. അതിന്മേൽ ഉന്നംവെച്ച് വെടിവച്ചുകൊണ്ട് ഏതാനും ചെറുപ്പക്കാരും അവിടെ നിന്നിരുന്നു. എന്നാൽ അവരുടെ ഉന്നം പിഴച്ചുകൊണ്ടിരുന്നു. ഒരാൾക്കും വെടിയുണ്ട ലക്ഷ്യത്തിലെത്തിക്കാനായില്ല. അതുകണ്ട് സ്വാമിജിക്ക് കൗതുകം തോന്നി. ഒരു ചെറുചിരിയോടെ സ്വാമിജി നിൽക്കുന്നത് കണ്ടപ്പോൾ അവർക്ക് നീരസം തോന്നി. തങ്ങളെ പരിഹസിച്ചു കൊണ്ടാണ് അദ്ദേഹം ചിരിക്കുന്നത് എന്നാണ് അവർ കരുതിയത്." താങ്കൾ വിചാരിക്കുന്നത് പോലെ എളുപ്പമല്ല ഈ കാര്യം.. വേണമെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കിക്കോളൂ ".ഒരു വെല്ലുവിളിയുടെ മട്ടിൽ അവർ അദ്ദേഹത്തിന് നേരെ തോക്ക് നീട്ടി. സ്വാമിജി മടികൂടാതെ ആ തോക്ക് വാങ്ങി ഉന്നം തെറ്റാതെ ഒഴുകിപ്പോകുന്ന മുട്ടത്തോടുകൾക്കു നേരെ വെടിവെച്ചു ;ഒരിക്കലല്ല പലതവണ .ഒരു വിദഗ്ദ്ധന്റെ കയ്യിൽനിന്ന് സ്വാമി നല്ല പരിശീലനം നേടിയിട്ടുണ്ടാകണം എന്ന് ചെറുപ്പക്കാർ അനുമാനിച്ചു .അല്ലാതെ ഇത്ര കൃത്യമായി വെടി വെക്കുന്നത് എങ്ങനെ? എന്നാൽ താൻ ആദ്യമായാണ് ഒരു തോക്ക് കൈയിലെടുക്കുന്നത് എന്ന് സ്വാമിജി പറഞ്ഞപ്പോൾ അവർ അക്ഷരാർത്ഥത്തിൽ തന്നെ അത്ഭുതസ്തബ്ധരായി. മനസ്സിന്റെ ഏകാഗ്രതയാണ് തന്റെ വിജയത്തിന് കാരണം എന്നുകൂടി അദ്ദേഹം അവർക്ക് പറഞ്ഞുകൊടുത്തു.*
*സ്വാമിജിയുടെ ശിഷ്യന്മാരിൽ ഒരാൾ ദാനമായി അദ്ദേഹത്തിന് കുറച്ചു ഭൂമി കൊടുത്തു. ഒരാശ്രമം അവിടെ പണിയട്ടെ എന്നതായിരുന്നു ആ ശിഷ്യൻറെ മോഹം. വളരെ പ്രശാന്തരമണീയമായ സ്ഥലം. ഏറ്റവും അടുത്തുള്ള പട്ടണവും ഗ്രാമവും പോലും കുറെയേറെ ദൂരെയായിരുന്നു. ആ വർഷാന്ത്യത്തിൽ തൂര്യാനന്ദസ്വാമിയും 12 ശിഷ്യന്മാരും അവിടെയെത്തി ആശ്രമം തുടങ്ങി .ഇന്നത് അറിയപ്പെടുന്നത് "ശാന്തി ആശ്രമം" എന്ന പേരിലാണ്.*
( തുടരും..)
*_"മനസ്സിൻറെ ശക്തികൾ ചിതറിപ്പോയ പ്രകാശരശ്മികൾ പോലെയാണ്. അവയെ ഏകാഗ്രമാക്കി ഒരു വസ്തുവിലേക്ക് തിരിച്ചാൽ ആ വസ്തുവിനെ പ്രകാശിപ്പിക്കും. ഇതൊന്നുമാത്രമാണ് നമുക്കറിവിനുള്ള വഴി. ലോകത്തിലുള്ള ജ്ഞാനമെല്ലാം മനശക്തി ഏകാഗ്രമാക്കിയിട്ടില്ലാതെ മറ്റെങ്ങനെയെങ്കിലും സിദ്ധിച്ചിട്ടുണ്ടോ? പ്രപഞ്ചം അതിണ്റെ രഹസ്യങ്ങൾ വിട്ടുതരാൻ തയ്യാറാണ്. അതിന് എവിടെയാണ് മുട്ടേണ്ടത് ?എങ്ങനെ തട്ടിയാലാണ് ശരിയാകുക എന്നറിഞ്ഞാൽ മതി. മുട്ടുവാനുള്ള ബലവും സാമർഥ്യവും ഏകാഗ്രതയിൽ കൂടെയാണ് വരുന്നത്. മനുഷ്യൻറെ മന:ശക്തിക്കതിരില്ല. അതിനെ എത്രയധികം ഏകാഗ്രമാക്കുന്നുവോ അത്രയധികം ശക്തി ഒരു കേന്ദ്രത്തിൽ ചെലുത്തുവാൻ കഴിയും.അതാണ് രഹസ്യം."🔥_*
*( അവലംബം സ്വാമി വിവേകാനന്ദൻ :ജീവിതവും ഉപദേശങ്ങളും, കേരള സർക്കാർ )
No comments:
Post a Comment