Monday, December 17, 2018

കൃതയുഗം, ത്രേതായുഗം, സ്വ്വപരയുഗം, കലിയുഗം ഇങ്ങനെ നാല് യുഗങ്ങളായിട്ടാണ് ഒരു കല്പത്തെ വിഭജിചിട്ടുള്ളത്.
കൃതയുഗത്തില്‍ ജനങ്ങള്‍ കളങ്കമില്ലാത്തവരും, സദാചാരനിരതരും, ആത്മധ്യാനപാരായണന്മാരും ആയിരുന്നു.  അതുകൊണ്ടുതന്നെ അവര്‍ ആനന്ദചിത്തരും, ആരോഗ്യ ദൃഢഗാത്രരും ദീര്‍ഘായുസ്വികളും ആയിരുന്നു. സത്യയുഗമെന്നു പറയുന്നത് ഈ യുഗത്തിനെയാണ്. ഈ യുഗത്തിലെ ജനങ്ങള്‍ ഉപാസിച്ചിരുന്ന ആത്മവിദ്യയെയാണ് 'ഹംസവിദ്യ' എന്നുപറയുന്നത്.

ത്രേതായുഗമായതോടെ ജനങ്ങളുടെ മനസ്സ് സത്ഗുണങ്ങളില്‍നിന്നും വ്യതിചലിച്ചുതുടങ്ങി. അവരില്‍ കളങ്കവും, അസന്മാര്‍ഗ്ഗികതയും, വളര്‍ന്നുവന്നു. താത്കാലിക സുഖങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞതോടെ ആത്മോപാസനയും ക്ഷയിച്ചു. കാലചക്രം ധൃതഗതിയില്‍ ചലിച്ചുകൊണ്ടിരുന്നതിനാല്‍ ത്രേതായുഗവും അവസാനിക്കാറായി. ജനങ്ങളില്‍നിന്നും സത്ഗുണം നഷ്ടപ്പെട്ടുപോകാതിരിക്കുവാന്‍ വേണ്ടി ഋഷീശ്വരന്മാര്‍ പരിശ്രമിക്കുന്നുണ്ടായിരുന്നു. ദ്വാപരകലിയുഗങ്ങള്‍   വരുന്നതോടെ ഹംസവിദ്യ ക്ഷയിച്ചുപോകാനിറയുണ്ടെന്നുകണ്ട ദത്താത്രേയമഹര്‍ഷി ആ വിദ്യയെ ഇന്നത്തെ ജനങ്ങള്‍ക്കുപോലും ഉപാസിക്കത്തക്കവിധം ലഘുവും സുഖകരവുമാക്കിതീര്‍ത്തു. 

സത്യയുഗത്തിലെ ജനങ്ങള്‍ ഉപാസിച്ചിരുന്ന ഹംസവിദ്യതന്നെയാകുന്നു പരാവിദ്യ. ഉപാസകര്‍ക്ക് വിഹിതമായ എല്ലാ സുഖഭോഗങ്ങളും നല്‍കിക്കൊണ്ടുതന്നെ സദാനന്ദസ്വരൂപവും അന്ത്യപുരുഷാര്‍ത്ഥവുമായ മോക്ഷത്തിലേക്ക് അവരെ നയിക്കുന്നുവെന്നതാണ് പരാവിദ്യയുടെ സവിശേഷത. യുഗങ്ങള്‍ മാറിമാറി വന്നതോടെ വ്യവഹാരജീവിതത്തിന്റെ സ്വാധീനത്താല്‍ ജനങ്ങള്‍ ബഹുഭൂരിപക്ഷവും പരാവിദ്യയില്‍നിന്നും അകന്നകന്നു പൊയ്ക്കൊണ്ടിരിരുന്നു. അപരാവിദ്യകള്‍ പലതും ആവിഭവിക്കുകയും ചെയ്തു. ഹംസവിദ്യ മുനികുലപരമ്പരകളായ യോഗീശ്വരന്മാരുടെ കൈകളില്‍മാത്രം ഒതുങ്ങി നില്‍ക്കുന്ന അവസ്ഥാവിശേഷമുണ്ടായി. മുനികുല പരമ്പരകള്‍  മഹത്തായ ഹംസവിദ്യയെ അതിരഹസ്യമായി കാത്തുസൂക്ഷിച്ചു. വിശ്വസ്ഥരും, സമര്‍ത്ഥരുമായ ശിഷ്യന്മാരുടെ ചെവികളിലേക്കു മാത്രം സാമ്പ്രദായികക്രമമനുസരിച്ച് പകര്‍ന്നുകൊണ്ടിരുന്നു.

ഇന്ന് ഓരോ ദിവസം കഴിയുംതോറും കലിയുഗം അവസാനിച്ചുകൊണ്ടിരിക്കുകയാണ്. കലിയുഗം തീരുന്ന കല്പസന്ധിക്കുശേഷം വീണ്ടും കൃതയുഗം ആരംഭിക്കുകയും ചെയ്യും. അതായത് നാം സത്യായുഗത്തിലേക്കാണ് അടുത്തുകൊണ്ടിരിക്കുന്നത്. സത്യയുഗത്തില്‍ സര്‍വ്വരാലും സ്വീകരിക്കപ്പെടുന്ന ദര്‍ശനമാകുന്ന ഹംസയോഗത്തെ അതിനുപര്യാപ്തമാകും വിധം പ്രചരിപ്പിച്ചു നിലനിര്‍ത്തേണ്ടത് ഇന്നത്തെ ഉപാസകരുടെ കടമയാണ്. 

ഹംസയോഗത്തിന്റെ രഹസ്യസ്വഭാവംമൂലം അത് ജനങ്ങള്‍ക്ക്‌ അപ്രാപ്യമായിതീര്‍ന്നിരിക്കുന്നു. ഈ സ്ഥിതി അഭികാമ്യമല്ല. വിദ്യയുടെ ഗൌരവം നഷ്ടപ്പെടാതെതന്നെ അതിനെ പ്രച്രിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.  കഴിഞ്ഞനൂറ്റാണ്ടില്‍ ചില മഹാത്മാക്കള്‍ ഇവ്വിധം ആലോചിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അവരില്‍ പ്രധാനികള്‍ ശ്വ്വാമി ശ്രീയുത് ഭൈരവാനന്ദയോഗീന്ദ്രനാഥും, സ്വാമി ശിവാനന്ദ പരമഹംസരും ആയിരുന്നു. അഗസ്ത്യമഹര്‍ഷിയുടെ പരമ്പരയില്‍പ്പെട്ട ഭൈരവാനന്ദസ്വാമികള്‍ ഹംസയോഗ പുനരുദ്ധാരകനായി രംഗപ്രവേശം ചയ്തു. അദ്ദേഹം സമയമതാചാര്യനായ ശ്രീവിദ്യോപാസകനായിരുന്നു.   കൃസ്തുവര്‍ഷം 1812-ല്‍ ആലപ്പുഴയിലെ മുല്ലക്കല്‍ തറവാട്ടില്‍ ജനിച്ചു. പൂര്‍വ്വികന്മാരുടെ ആത്മീയപാരമ്പര്യം സംപുഷ്ടമാക്കിക്കൊണ്ടുതന്നെ വളര്‍ന്നു. തിരുവനന്തപുരത്ത് കഴക്കൂട്ടത്തിനടുത്തു് കുമാളിക്കര ആസ്ഥാനമാക്കി ആശ്രമവും, ഹംസവിദ്യാഗുരുകുലവും ആരംഭിച്ചു. ബഹുഭാഷാപണ്ഡിതനായിരുന്ന അദ്ദേഹം ദാര്‍ശനികതയുടെ അഗാധതയില്‍ മുങ്ങിത്തപ്പി ഹംസവിദ്യയുടെ തത്വസംഹിതകള്‍ തേടിയെടുത്ത് പുസ്തകങ്ങള്‍ രചിച്ച് പ്രസിദ്ധപ്പെടുത്തി. കാശി മുതല്‍ രാമേശ്വരം വരെയുള്ള സ്ഥലങ്ങളില്‍ സഞ്ചരിച്ച് വിദ്യ പ്രചരിപ്പിച്ചു. അങ്ങിനെ 87 വയസ്സുവരെ അദ്ദേഹം നിരന്തരം പ്രവര്‍ത്തിച്ചു. മഹാസമാധിദിവസവും, സമയവും മുന്‍കൂട്ടി അറിയിച്ച് ശിഷ്യപ്രശിഷ്യന്മാരുടെ സാന്നിദ്ധ്യത്തില്‍ കഴക്കൂട്ടത്തുള്ള ആശ്രമത്തില്‍വച്ച് സ്ഥിരസമാധി സ്വീകരിച്ചു. ഏതാണ്ട് ഈ കാലഘട്ടത്തില്‍ത്തന്നെയാണ് സ്വാമി ശിവാനന്ദപരമഹംസര്‍ ഹംസയോഗത്തിന്റെ നിഷ്കളമാര്‍ഗ്ഗമായ സിദ്ധവിദ്യയുടെ പ്രചാരകനായി രംഗത്തുവന്നത്. ഭോഗര്‍ഷിയുടേയും അദ്ദേഹത്തിന്‍റെ ശിഷ്യനായ വ്യാഘ്രപാദമഹര്‍ഷിയുടെയും പരംമ്പയില്‍പ്പെട്ട ശിവാനന്ദപരമഹംസര്‍ ഇന്ത്യക്കകത്തുമാത്രമല്ല ശ്രീലങ്ക, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ വിദേശരാജ്യങ്ങളിലും വിദ്യ പ്രചരിപ്പിക്കുകയും സിദ്ധസമാജവും, ആശ്രമങ്ങളും സ്ഥാപിക്കുകയും ചെയ്തു. സ്വധര്‍മ്മം പൂര്‍ത്തിയാക്കിയ അദ്ദേഹവും ശിഷ്യസാന്നിദ്ധ്യത്തില്‍ തന്നെ സ്ഥിരസമാധി വരിച്ച് മോക്ഷം പ്രാപിച്ചു.

കഴിഞ്ഞ നൂറ്റാണ്ടില്‍  പരാവിദ്യ പ്രചാരണത്തിനായി ഇവ്വിധമായ പല പ്രവര്‍ത്തനങ്ങളും നടന്നിരുന്നു. ആചാര്യന്മാരുടെ സമാധിക്കുശേഷം അത്തരം പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. ഇന്ന് ബഹുഭൂരിപക്ഷം പേര്‍ക്കും ഹംസയോഗത്തെപ്പറ്റി കാര്യമായി ഒന്നുംതന്നെ അറിയില്ലാത്ത സ്ഥിതിയിലാണ് എത്തിയിരിക്കുന്നത്. പ്രസ്തുതവിഷയത്തെ പ്രതിപാദിക്കുന്ന പുസ്തകങ്ങളും ലഭ്യമല്ലാതായിരിക്കുന്നു. ഈ പാശ്ചാത്തലത്തിലാണ് ദാര്‍ശനിക വിഷയങ്ങളിലെ പല സംശയങ്ങളുമായി ശിഷ്യന്മാര്‍ എന്നെ സമീപിച്ചത്. അവരുടെ സംശയങ്ങളും, അതിനുള്ള മറുപടിയും ക്രോഡീകരിക്കുന്നതിന്റെ തുടക്കമാണ് ഹംസയോഗപ്രവേശിക. കൂടുതല്‍ വിപുലമായ ചര്‍ച്ചകള്‍ക്കും പഠനത്തിനും വേണ്ടി ഈ കൃതിയെ ദാര്‍ശനിക ലോകത്തിനു മുന്‍പില്‍ സവിനയം സമര്‍പ്പിച്ചുകൊള്ളുന്നു.

രണ്ടാം പതിപ്പിന്റെ ആമുഖം

ഹംസയോഗപ്രവേശികയെ ദാര്‍ശനികകേരളം സസന്തോഷം സ്വാഗതം ചയ്തു. ഒന്നാം പതിപ്പ് പുറത്തിറങ്ങി ആറുമാസത്തിനുള്ളില്‍ത്തന്നെ മിക്കവാറും കോപ്പികള്‍ വിറ്റുകഴിഞ്ഞിരുന്നു. പുസ്തകം വായിച്ച എല്ലാവരോടും ഗ്രന്ഥകാരനെന്നപേരില്‍ കൃതജ്ഞത രേഖപ്പെടുത്തിക്കൊള്ളുന്നു.
.............    ...........         .............
.............    ...........         .............
സ്വാമി ശ്രീയുത് ബാലകൃഷണനാഥ്
ഹംസവിദ്യാഗുരുകുലം,
പൊന്നുംതുരുത്തില്‍ ബില്‍ഡിംഗ്സ്, ഏലൂര്‍ ഈസ്റ്റ്,
ഉദ്യോഗമണ്ഡല്‍ പി.ഒ., എറണാകുളം, കേരളം.
ഫോണ്‍: 0484 2546961.

No comments: