Friday, December 07, 2018

കുട്ടികള്‍ രക്ഷാകര്‍ത്താക്കളെ അനുസരിക്കുന്നില്ല! കുട്ടികള്‍ അദ്ധ്യാപകരെ അനുസരിക്കുന്നില്ല! പ്രജകള്‍ അധികാരികളെ അനുസരിക്കുന്നില്ല! എന്നിങ്ങനെയുള്ള പരാതികള്‍ സ്വന്തം ബലഹീനതയെ കൂടി ഓര്‍മ്മപ്പെടുത്തുന്നതാണ്! ഒരുവിഭാഗം ജനത ലോകത്തില്‍ ആരെയും അനുസരിക്കുന്നില്ല എങ്കില്‍ അത് അവരുടെ കുഴപ്പം എന്നു കരുതാമായിരുന്നു. എന്നാല്‍ നമ്മെ അനുസരിക്കാത്തവര്‍ മറ്റു ചിലരെ അനുസരിക്കുന്നുണ്ട് എങ്കില്‍ അവിടെ നാം ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഇച്ഛാശക്തി ആണ് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം!
കുട്ടികളുടെ അക്രമങ്ങള്‍ക്കും ദുശ്ശീലങ്ങള്‍ക്കും ദൗര്‍ബല്യങ്ങള്‍ക്കും അവരുടെ തോളില്‍ കൈയിട്ടു കൂട്ടുനിന്ന് അവരുടെ പ്രീതി നേടി അവരെ നിയന്ത്രിക്കുവാന്‍ ശ്രമിക്കുന്നവരുണ്ട്. അത് ഭീരുത്വമാണ്! അപകടവുമാണ്!
ജീവിതത്തില്‍ ഒരാളെങ്കിലും നമ്മെ അനുസരിക്കുന്നുണ്ടോ എന്നു നോക്കൂ. എങ്കില്‍ ഏതൊരാളെയും അനുസരിപ്പിക്കുവാനുള്ള ഇച്ഛാശക്തി നമ്മിലുണ്ടെന്ന് അര്‍ത്ഥം! ഇതാണ് ആത്മവിശ്വാസം നല്‍കുന്ന വസ്തുത.
എങ്ങനെയാണ് നാം നമ്മുടെ ഇച്ഛാശക്തിയെ പ്രോജ്ജ്വലിപ്പിക്കുക? അതിന് ആന്തരിക പരിശുദ്ധിയാണ് വേണ്ടത്! അതെങ്ങനെ സിദ്ധിക്കും? ഭക്തിസാധനകള്‍കൊണ്ടും നിസ്വാര്‍ത്ഥമായ ലോകസേവനം കൊണ്ടും സദാചാരങ്ങള്‍ കൊണ്ടും നമ്മില്‍ ആന്തരിക പരിശുദ്ധി ഉണ്ടാകും.
ആദ്ധ്യാത്മിക സിദ്ധപുരുഷന്മാരുടെ പിന്നില്‍ ഒരു ജനത അനുസരണയോടെയും ഭക്തിയോടെയും അണിനിരന്നു! മുന്നില്‍ നില്‍ക്കുന്നത് പരിശുദ്ധിയുടെ ആള്‍രൂപം ആയതുകൊണ്ട് മാത്രമാണ് അത് സംഭവിച്ചത്. നമ്മുടെ ആന്തരിക പരിശുദ്ധി സദാചാരങ്ങളിലൂടെ എത്രമാത്രം ഉണ്ടാകുന്നുവോ അത്രമാത്രം ലോകം നമ്മെ അനുസരിക്കാനും തുടങ്ങും. അതിനാല്‍ സ്വന്തം പരിശുദ്ധിയില്‍ ശ്രദ്ധയുണ്ടാകട്ടെ. മറ്റൊന്നും നമ്മില്‍ ആത്മവിശ്വാസവും ഇച്ഛാശക്തിയും വളര്‍ത്തില്ല!..krishnakumar kp

No comments: