Friday, December 14, 2018

എപ്പോഴും മനസ്സിരുത്തി സര്‍വപ്രകാരേണയും നിന്തിരുവടിയെ ഉപാസിക്കുന്ന ഭക്തന്മാരുണ്ട്. അവ്യക്തമായ അക്ഷര(ബ്രഹ്മ)ത്തെ ഉപാസിക്കുന്നവരുമുണ്ട്. ഇവരില്‍വെച്ച് യോഗനിലയില്‍ മികച്ചുനി
ല്‍ക്കുന്നവര്‍ ആരാണ്?' എന്ന് അര്‍ജുനന്‍ ശ്രീകൃഷ്ണനോടു ചോദിച്ചു. ഭഗവാന്റെ മറുപടി ഇതായിരുന്നു, 'മനസ്സ് എന്നില്‍ ഏകാഗ്രമാക്കി നിത്യസ്ഥിരതയോടും ഉത്തമശ്രദ്ധയോടുംകൂടി എന്നെ ഉപാസിക്കുന്നവരാരോ അവര്‍ എന്റെ ഉത്തമഭക്തന്മാരും ഉത്തമയോഗികളുമാകുന്നു. ആര് സര്‍വേന്ദ്രിയങ്ങളേയും കീഴടക്കി, സര്‍വത്ര സമബുദ്ധികളും സര്‍വഭൂതങ്ങളുടെയും ഹിതത്തില്‍ തത്പരന്മാരായി വാക്കിനു വിഷയമല്ലാത്തതും അവ്യക്തവും സര്‍വഗതവും ചിന്താതീതവും നിര്‍വികാരവും അമലവും നിത്യവുമായ നിര്‍വിശേഷ(ബ്രഹ്മ)ത്തെ ഉപാസിക്കുന്നുവോ അവര്‍ എന്നെത്തന്നെയാണ് പ്രാപിക്കുന്നത്.
എന്നാല്‍, അവ്യക്തത്തെ ഉപാസിക്കുന്നവര്‍ക്ക് ക്ലേശം അധികമാണ്. എന്തുകൊണ്ടെന്നാല്‍ ദേഹാഭിമാനമുള്ളവര്‍ക്ക് അവ്യക്തമായ ഗതി പണിപ്പെട്ടേ പ്രാപിപ്പാന്‍ സാധ്യമാകൂ. ആ വിധമല്ലാതെ സര്‍വകര്‍മങ്ങളെയും എന്നില്‍ സമര്‍പ്പിച്ച്, എന്നെത്തന്നെ ശരണമാക്കി, എന്നെ ഒഴിച്ചു മറ്റൊന്നിലും താത്പര്യം വെയ്ക്കാതെ, എന്നെത്തന്നെ ധ്യാനിച്ചുകൊണ്ടുപാസിക്കുന്നവര്‍ ആരോ അവരുടെ മനസ്സ് എന്നില്‍ മുഴുകിയിരിക്കുന്നതിനാല്‍ ഞാന്‍ അവരെ ജനനമരണ പ്രവാഹസമുദ്രത്തില്‍നിന്നു കാലതാമസം കൂടാതെ കരകയറ്റും''
ഈ പറഞ്ഞിട്ടുള്ളതില്‍ ജ്ഞാനയോഗവും ഭക്തിയോഗവും രണ്ടും ഉള്‍പ്പെടും: അതിന്റെ രണ്ടിന്റെയും വിവരണമാണിതെന്നു പറയാം. ജ്ഞാനയോഗം ഗംഭീരം, ഉന്നതതത്ത്വവിചാരം: 'അതിലെ സാധനകളാസകലം അഭ്യസിപ്പാന്‍ എനിക്കു തീര്‍ച്ചയായും കഴിയും' എന്ന് മിക്കവാറും എല്ലാ മനുഷ്യരും വിചാരിക്കുന്നുണ്ട്  അതു കുതുകം തന്നെ, വാസ്തവത്തില്‍ ആ മാര്‍ഗമനുസരിച്ച് ജീവിതം നയിക്കാന്‍ അതിപ്രയാസമാണ്: ആ വഴിക്കു പെരുമാറുമ്പോള്‍ പല വലിയ വൈഷമ്യങ്ങളിലും പെട്ടുപോകാന്‍ എളുപ്പമാണ്. ലോകത്തില്‍ ആസുരി എന്നും ദൈവി എന്നും രണ്ടുതരം പ്രകൃതികളാണുള്ളത്. ആസുരി പ്രകൃതിക്ക് ശരീരസംരക്ഷണമാകുന്നു ജീവിതത്തില്‍ കാര്യസര്‍വസ്വം. ദൈവി പ്രകൃതിക്കാര്‍ക്കാവട്ടെ ശരീരം ഒരു വിശിഷ്ടസാധ്യം നേടുവാനുള്ള ഉപകരണംമാത്രം. ആത്മവികാസം സാധിപ്പാനുള്ള ഒരായുധംമാത്രമാണ് ശരീരമെന്ന് അവര്‍ മനസ്സിലാക്കുന്നു. ജ്ഞാനമാര്‍ഗത്തിലെ നിര്‍ദേശങ്ങള്‍, ദൈവി പ്രകൃതികളുടെ (സത്)കര്‍മങ്ങള്‍ക്ക് എത്രത്തോളം പ്രേരകങ്ങളാണോ അത്രത്തോളം ആസുരിപ്രകൃതികള്‍ക്ക് തങ്ങളുടെ (ദുഷ്)കര്‍മങ്ങളെ ന്യായീകരിക്കുന്നവയാണെന്നും തോന്നാം. തന്‍കാര്യസിദ്ധിക്ക് ശാസ്ത്രവാക്യം ഉദ്ധരിപ്പാന്‍ പരമദുഷ്ടനും കഴിയും. അങ്ങനെ ചെയ്യാറുമുണ്ട്. ഇതാണ് ജ്ഞാനമാര്‍ഗത്തിലെ ഒരു വലിയ വൈഷമ്യം. ഭക്തിയോഗമാകട്ടെ, സ്വാഭാവികം, മധുരം, സൗമ്യം. ഭക്തന്‍ ജ്ഞാനയോഗിയെപ്പോലെ അത്ര കയറിപ്പോകുന്നില്ല, അത്ര വലിയ വീഴ്ചയ്ക്ക് ആളാകുന്നുമില്ല: സാധനാമാര്‍ഗം ഏതായാലും ജീവന്റെ ബന്ധങ്ങള്‍ അകന്നുപോകുന്നതുവരെ അതിനു മുക്തിയില്ല, നിശ്ചയം.
ജീവബന്ധകങ്ങളായ പുണ്യപാപശൃംഖലകളറ്റ് ധന്യഗോപികളില്‍ ഒരുവള്‍ എങ്ങനെ വിമുക്തയായി എന്ന ഈ വാക്യം നോക്കുക. 'ശ്രീകൃഷ്ണധ്യാനത്താല്‍ ഹൃദയത്തില്‍ നിറഞ്ഞ പരമാഹ്ലാദംകൊണ്ടു പുണ്യബന്ധം ക്ഷയിച്ചു. കൃഷ്ണനെ പ്രാപിക്കാത്തതിലുണ്ടായ പരമദുഃഖം അശേഷപാതകങ്ങളെയും അലിയിച്ചു. അങ്ങനെ അവള്‍ വിമുക്തയായി.'
ഇങ്ങനെ ഭക്തിയോഗത്തിലെ മൂലരഹസ്യം എന്നറിയേണ്ട സംഗതി, മനുഷ്യഹൃദയത്തിലെ രാഗാദികളായ വിവിധവികാരങ്ങളും ആവേശങ്ങളും ഭാവങ്ങളും സ്വതവേ നിഷിദ്ധങ്ങളോ ദുഷ്ടങ്ങളോ അല്ല, അവയെ വിവേകപൂര്‍വം നിയന്ത്രിച്ച് ഉത്കര്‍ഷത്തിന്റെ പരമോച്ച സ്ഥാനത്തെത്തുന്നതുവരെ വഴിപിഴക്കാതെ  ഉയര്‍ത്തികൊണ്ടുപോകയേ വേണ്ടൂ. ഉത്കര്‍ഷത്തിന്റെ പരമഗതി ഈശ്വരന്‍തന്നെ. മറ്റുള്ളവയെല്ലാം താണവ. സുഖങ്ങളും ദുഃഖങ്ങളും ഏതു ജീവിതത്തിലും സാധാരണങ്ങളും വീണ്ടും വീണ്ടും ഉണ്ടാവുന്നവയുമാണ്.
സമ്പത്തോ മറ്റു ലൗകികവസ്തുവോ കൈവന്നില്ലെന്ന വേദന തോന്നുന്നെങ്കില്‍ ആ തോന്നലിന്റെ വഴി പിഴച്ചിരിക്കുന്നു. വേദന തോന്നുന്നതുകൊണ്ടു പ്രയോജനമില്ലേ? ഉണ്ട്. ആ വേദന താന്‍ ഈശ്വരനെ  സര്‍വോപരി ശ്രേഷ്ഠമായതിനെ പ്രാപിച്ചില്ലല്ലോ എന്നാണെങ്കില്‍ അതുതന്നെ മുക്തിപ്രദമാകും. ഒരു പിടി നാണയം കയ്യിലായി എന്ന് ആഹ്ലാദം തോന്നുകയാണെങ്കില്‍ നിങ്ങള്‍ ആഹ്ലാദിപ്പാനുള്ള സഹജശക്തിയെ തെറ്റായ വഴിക്കു പ്രയോഗിക്കുകയാണ്. അതിനെ ഉന്നതലക്ഷ്യത്തിലേക്കു തിരിക്കണം. അത്യുച്ചാദര്‍ശം പ്രാപിപ്പാന്‍ അതിനെ ഉപകരിപ്പിക്കണം. ആ വിധം ആദര്‍ശത്തില്‍ ഉണ്ടാകുന്ന സുഖമായിരിക്കും ഉത്തമസുഖം, ഉത്തമാഹ്ലാദം. മറ്റു ഭാവങ്ങളെ സംബന്ധിച്ചും ഈ രീതി ശരിയായിരിക്കും. ഭാവങ്ങളില്‍ ഒന്നും തെറ്റെന്ന് ഭക്തന്‍ പറയുന്നില്ല. അയാള്‍ അവയെ എല്ലാം പിടിച്ചു പിഴയ്ക്കാതെ ഭഗവാങ്കലേക്കു തിരിച്ചുവിടുന്നു...janmabhumi

No comments: