ശ്രീരാമകൃഷ്ണവചനാമൃതം
ഗൃഹസ്ഥസന്യാസം: ഉപായം - നിർജ്ജനത്തിലുള്ള സാധന
മാസ്റ്റർ (വിനയത്തോടെ) ലോകത്തിൽ എങ്ങനെ വേണം ജീവിക്കാൻ?
ശ്രീരാമകൃഷ്ണൻ :- വേലയെല്ലാം ചെയ്യുക. പക്ഷേ മനസ്സ് ഈശ്വരനിൽ വെക്കുക. ഭാര്യ, പുത്രൻ, അച്ഛൻ, അമ്മ- സർവ്വരോടുമൊത്തു വസിക്കുക, അവർക്കു സേവചെയ്യുക, സ്വന്തം ആളുകളെന്നപോലെ എല്ലാവരോടും പെരുമാറുക.എന്നാൽ അവർ നിന്റെയാരുമല്ലെന്ന് ഉള്ളിലറിയുകയും ചെയ്യുക.
വലിയ ആളുകളുടെ വീട്ടിൽ വേലക്കാരി സകല ജോലികളും ചെയ്യുന്നു; എന്നാൽ നാട്ടിൻപുറത്തുള്ള തന്റെ വീട്ടിലേക്കു മനസ്സു പാഞ്ഞുകൊണ്ടിരിക്കും. അവൾ യജമാനന്റെ കുട്ടികളെ സ്വന്തം മക്കളെപ്പോലെ വളർത്തുകയും ചെയ്യുന്നു. 'എന്റെ രാമൻ, എന്റെ ഹരി' എന്നൊക്കെ പറയും. എന്നാൽ ഇവർ തന്റെയാരുമല്ലെന്ന് ഉള്ളിലവൾക്ക് നല്ലതുപോലെ അറിയുകയും ചെയ്യാം.
ആമ വെള്ളത്തിൽ ചുറ്റിത്തിരിയുന്നു. എന്നാലതിന്റെ മനസ്സ് എവിടെയാണെന്നറിയാമോ? കരയ്ക്ക് അതിന്റെ മുട്ട കിടക്കുന്നിടത്ത്. ലോകത്തിലെ കൃത്യങ്ങളൊക്കെ ചെയ്യണം.എന്നാൽ മനസ്സ് ഈശ്വരനിലും നിർത്തണം.
ഈശ്വരനിൽ ഭക്തി നേടാതെ സംസാരത്തിൽ പ്രവേശിച്ചാൽ അതിൽ കൂടുതൽക്കൂടുതൽ ഒട്ടിപ്പോകും. അതിലെ ആപത്ത്, സങ്കടം, സന്താപം, ഇവയ്ക്ക് അടിപ്പെട്ടുപോകും. വിഷയചിന്ത ചെയ്യുന്തോറും അതിൽ ആസക്തി വർദ്ധിക്കും.
കൈയിൽ എണ്ണ പുരട്ടിയിട്ടുവേണം ചക്ക മുറിക്കാൻ; അല്ലാത്തപക്ഷം മുളഞ്ഞ് കൈയിലൊട്ടും. ആദ്യം ഈശ്വരഭക്തിയാകുന്ന എണ്ണ കൈയിൽ പുരട്ടിയിട്ടുവേണം ലോക കാര്യങ്ങളിൽ കൈയിടാൻ.
എന്നാൽ ഈ ഭക്തി സമ്പാദിക്കുന്നതിന് ഏകാന്തത്തിൽ പോകണം. പാലിൽനിന്ന് വെണ്ണയെടുക്കണമെങ്കിൽ, അതൊരു ഒഴിഞ്ഞ മൂലയിൽ തൈരാകാൻ വെയ്ക്കണം. അതിളക്കിയാൽ തൈര് ഉറകൂടുകയില്ല. എന്നിട്ട് മറ്റു പണികളൊക്കെവിട്ട്, ഒറ്റയ്ക്കിരുന്ന് തൈരു കടയണം. അപ്പോൾ വെണ്ണ തെളിഞ്ഞു കിട്ടും.
ഇനിയും നോക്ക്, നിർജ്ജനത്തിൽ ഈശ്വരചിന്ത ചെയ്താൽ മനസ്സിന് ജ്ഞാനവും വൈരാഗ്യവും ഭക്തിയും ലഭിക്കുന്നു. എന്നാൽ സംസാരത്തിൽ വീണുകിടന്നാൽ അതേ മനസ്സ് നീചമായിപ്പോകും. സംസാരത്തിൽ കാമിനീകാഞ്ചനചിന്ത മാത്രമേ ഉള്ളു.
ശ്രീരാമകൃഷ്ണവചനാമൃതം ഭാഗം ഒന്ന്, പുറം 8 - 9
No comments:
Post a Comment