Wednesday, December 05, 2018

ഞാൻ‍ ‘അത്’ ആകുന്നു.
~~~~~~~~~~~~~~~~~~~
ഊർജ്ജത്തിന്‍റെ കേന്ദ്രസ്ഥാനം ഞാനാണ്. ഞാൻ‍ ഒരിക്കലും തളരുന്നില്ല, ശക്തിക്ഷയം ഉണ്ടാകുന്നില്ല. എത്രയോ മെഴുകുതിരികളെ കൊളുത്തുകയും, എന്നിട്ടും തന്‍റെ പ്രകാശവും, തേജസ്സും, കുറയാതെ നിലനിർത്തുകയും ചെയ്യുന്ന മെഴുകുതിരി പോലെയാണ് ഞാ‍ൻ . പുരുഷാന്തരചക്രത്തിലൂടെ, ഒരേ സൂര്യൻ‍ തന്‍റെ തീക്ഷ്ണതയും, ‍ഊർജ്ജവും നഷ്ടപ്പെടാതെ, ഒരേസമയം‍ പല വസ്തുക്കളിലും പ്രതിഫലിക്കുന്നതുപോലെ, ഞാൻ‍ നിലകൊള്ളുന്നു. തലമുറകളെ കൂട്ടിയോജിപ്പിച്ച് നിർ‍ത്തിയ നൂല്‍ ഞാനാണ്. അത്യന്തം നശ്വരമായ ഈപ്രാപഞ്ചിക ജീവിതത്തിൽ‍‍ നാശമില്ലാത്ത ഒരു വസ്തു ഞാൻ‍ മാത്രമാണ്. സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും എന്നി‍ൽ നിന്ന് ഉണ്ടായവയാണ്. താരസമൂഹങ്ങൾ‍ എന്നിൽ‍ സ്ഥിതിചെയ്യുന്നു. എല്ലാ ദൈവങ്ങളും എന്നിൽ‍ നിന്ന് ഉണ്ടായവയാണ്. ഇരുട്ട് എന്നത് വെളിച്ചത്തിന്‍റെ അഭാവമാണ്. ഞാൻ എന്നത് മായയുടെ അഭാവമാണ്. ഞാനാണ് എല്ലാം. ജീവനുള്ള എല്ലാത്തിന്‍റെയും ആത്മാവ് ഞാനാണ്. അതി‍ൽ അധികാരശ്രേണിയോ പ്രാധമ്യമോ ഇല്ല. എല്ലാ ജീവികളിലും ഒരേ തീവ്രതയോടെ ഞാൻ‍ വർത്തിക്കുന്നു. ജീവിക‍ൾ കാഴ്ച്ചക്കും, അനുഭവത്തിലും, സ്വഭാവത്തിലും വ്യത്യസ്തങ്ങളായിരിക്കും. എന്നാൽ‍ ഞാൻ എപ്പോഴും ഒന്നുതന്നെയാണ്. എനിക്ക് മാറ്റമൊന്നും ഇല്ല. ഞാൻ‍ എല്ലായിടത്തും ഉണ്ട്. ഞാൻ‍ ഏകത്വമാണ്.
എനിക്ക് രൂപമില്ല. എന്നെ ഉൾക്കൊള്ളുന്ന പാത്രത്തിന്‍റെ രൂപം ഞാൻ‍ സ്വീകരിക്കുന്നു. എന്നെ ഉള്ളിൽ‍‍ വഹിക്കുന്ന ജീവിയുടെ സവിശേഷതകൾ‍ ഞാൻ സ്വീകരിക്കുന്നു. ഞാൻ‍ എപ്പോഴും നിഷ്ക്രിയനായി നില്‍ക്കുമെങ്കിലും പ്രവൃത്തികളെയും, വാക്കുകളെയും, ചിന്തകളെയും അനുവദിക്കുന്നു. എന്നെ ആർ‍ക്കും തൊടാൻ‍ കഴിയില്ല, ശാരീരികാനുഭൂതിയും ഉണ്ടാവില്ല. എന്നെ മനസ്സിലാക്കാനേ കഴിയുകയുള്ളു. എന്നെ അറിയണമെങ്കിൽ‍ ഞാനായിത്തീരണം, എന്‍റെ സൂക്ഷ്മതയിൽ‍ എത്തിച്ചേരണം. എന്നിലേക്ക്‌ എത്താൻ‍‍‍, എന്നെ തിരിച്ചറിയാൻ‍‍, എന്നെ മനസ്സിലാക്കാൻ‍,‍ വളരെ അധികം സ്ഥൂലത പൊഴിച്ചുകളയേണ്ടിവരും. എനിക്ക് സ്വന്തമായി പരിപാടികൾ ഒന്നുമില്ല. ഞാൻ‍ ജീവിയുടെ പരിപാടി അംഗീകരിച്ചുകൊണ്ട്, വിശ്വസ്തനും, കാര്യങ്ങളി‍ൽ ഇടപെടാത്തവനുമായ ഒരു വേലക്കാരനെപ്പോലെ, അതിനെ അവസാനം വരെ സേവിക്കുന്നു. ആ ശരീരത്തി‍ൽ തടവിലാക്കപ്പെടുവാൻ‍ ഞാൻ‍ അനുവദിക്കുന്നു. ഞാൻ‍ ആ ശരീരത്തെ കൈക്കൊള്ളുന്നു. ശരീരത്തിന്‍റെ പേരി‍ൽ‍ അറിയപ്പെടാ‍‍ൻ ഞാൻ‍‍ അനുവദിക്കുന്നു. പരിമിതമായ ആ ശരീരമാണ് ഞാ‍ൻ എന്ന് പോലും ഞാൻ‍ നടിക്കുന്നു. ഞാൻ‍ ഒരിക്കലും ഇടപെടുന്നില്ല. എനിക്ക് വേണമെന്ന് തോന്നുമ്പോൾ‍ ഞാൻ‍ എന്നെ മോചിപ്പിക്കുകയും ചെയ്യുന്നു
പണമോ, മറ്റു സ്വത്തുക്കളൊ കൊണ്ട് എന്നെ വിലയ്ക്ക് വാങ്ങുവാൾ കഴിയില്ല. എന്തെന്നാ‍ൽ ഞാൻ‍‍ ‘അത്’ ആകുന്നു. ബന്ധങ്ങ‍ൾക്ക്‍ എന്നെ ബന്ധിക്കാനാവില്ല. എന്തുകൊണ്ടെന്നാ‍‍ൽ , ഞാൻ‍ അതുമാണ്, അതിന് അതീതവമാണ്. നിങ്ങ‍ൾ‍ എനിക്ക് നല്കുന്നതെല്ലാം എന്‍റേത് തന്നെയാണ്. നിങ്ങൾക്ക് തരാൻ‍ കഴിയാതുള്ളതും എന്‍റേതാണ്. എല്ലാം എന്‍റെ തന്നെ പ്രകാശനങ്ങളാണ്. എന്നിൽ ‍നിന്ന് വ്യത്യസ്തമായി ഒന്നും ഇല്ല. ഞാൻ‍ ആയിത്തീർന്ന് കൊണ്ടേ നിങ്ങൾക്ക് എന്നെ നേടാൻ‍‍ ആവുകയുള്ളു.
കാലങ്ങളായി, ഞാൻ രചിച്ച ദൈവിക നാടകത്തിലെ അസംഖ്യം കഥാ പാത്രങ്ങളിലൂടെ, ഞാ‍ൻ എന്‍റെ സത്ത പ്രകാശിപ്പിച്ചിട്ടുണ്ട്. കഥാപാത്രങ്ങളെ ഞാ‍ൻ തീരുമാനിച്ചു. നാടകം ഞാൻ‍ നിശ്ചയിച്ചു. രാക്ഷസനും രക്ഷകനും, രണ്ടും, ഞാൻ‍ തന്നെ ആയിരുന്നു. പൂജകനും പൂജിക്കപ്പെടുന്നവനും ഞാൻ‍ തന്നെ ആയിരുന്നു. എന്‍റെ തീവ്രമായ രൂപം ദൈവമായി കണക്കാക്കപ്പെടുന്നു. എന്‍റെ വീര്യം കുറഞ്ഞ പ്രകാശനങ്ങൾ‍ ശരീരികളായ ജീവികളായും. ശരീരം പ്രദർശിപ്പിക്കുന്ന സ്വഭാവ സവിശേഷതകളുമായി എനിക്ക് ബന്ധമില്ല. ദേഹത്തെയും മനസ്സിനെയും ബാധിക്കുന്ന ദു:ഖാവസ്ഥകൾ‍ക്കെല്ലാം അതീതനാണ് ഞാൻ‍‍. മഴയെപ്പോലെ ഞാൻ‍ ലോകജീവിതത്തിലേക്ക് ഇറങ്ങി വരുന്നു. വെള്ളം നീരാവിയായി മാറുന്നതുപോലെ, ഞാൻ‍ അസ്തിത്വമില്ലായ്മയിലേക്ക് ലയിക്കുന്നു. ഞാ‍ൻ ഇഷ്ടംപോലെ വരികയും പോകുകയും ചെയ്യുന്നു. ഞാ‍ൻ ഇച്ഛക്കനുസരിച്ച് നിലനില്‍ക്കുകയും, ഇച്ഛപോലെ വിട്ടുപോകുകയും ചെയ്യുന്നു.
എന്നെ കണ്ടെത്തിയവരും, തിരിച്ചറിഞ്ഞവരും, ഞാനുമായി ഒന്നായിത്തീർന്നവരും, സർവ്വശക്തന്മാരായിത്തീരുന്നു. അവർ‍ പ്രാപഞ്ചികമായ എല്ലാ ആവശ്യങ്ങളി‍ൽ നിന്നും മുക്തി നേടുന്നു. പ്രകൃതിശക്തികൾ ‍ അവരെ മേലിൽ‍‍ ശല്യപ്പെടുത്തുകയില്ല. ഭൂമി, അവരുടെ പ്രാപഞ്ചിക പ്രകാശനത്തിനും, ജീവിതത്തിനും ഉള്ള ഒരു വേദി മാത്രമായിത്തീരുന്നു
ഞാനുമായി ഒന്നായിത്തീർ‍ന്നു എന്ന് നടിക്കുക മാത്രം ചെയ്യുന്നവ‍ർ അവരുടെ ഉത്കണ്ഠകളും, ഭയങ്ങളും കൂടെക്കൂടെ പ്രകടിപ്പിക്കും. അവർ‍, ആത്മാസാക്ഷാത്കരണം എന്ന എന്‍റെ പേരും, പദവിയും ഉപയോഗപ്പെടുത്തിക്കൊണ്ട്‌, തങ്ങളുടെ ‍സല്പേരിനും, പ്രശസ്തിക്കും, ധനസമ്പാദനത്തിനും ആർ‍ത്തി കാണിക്കും. ഗ്രന്ധങ്ങളിലൂടെയോ, അനുഷ്ഠാനങ്ങളിലൂ‍ടെയോ എന്നെ ലഭിക്കുകയില്ല. പുറമേ തിരഞ്ഞാ‍ൽ എന്നെ കണ്ടെത്തുകയില്ല. തന്നിലേക്ക് തന്നെയുള്ള അന്തർദർശിത്വത്തിലൂടെയും, ആത്മപരിശോധനയിലൂടെയും, ചിന്തനത്തിലൂടെയും, ധ്യാനനിഷ്ഠയിലൂടെയും, മാത്രമേ എന്നിലേക്ക്‌ എത്തിച്ചേരുവാൻ‍ സാധിക്കുകയുള്ളു.
അ‍ർഹതയുടെ നിലകൾ‍ സ്ഥിരമായി ഉയർത്തിക്കൊണ്ടുവരുന്നതിലൂടെ മാത്രമേ എന്നിലേക്ക്‌ എത്തുവാൻ‍ കഴിയുകയുള്ളൂ. പ്രാപഞ്ചികമായ ആകർ‍ഷണങ്ങൾ‍ ഒപ്പത്തിനൊപ്പം ശക്തമാണെങ്കിൽ, അർഹതയുടെ തലങ്ങൾ‍ ഉയർ‍ത്തുവാ‍ൻ കഴിയുകയില്ല. ഒരുവൻ എന്നിലേക്ക്‌ എത്തുവാൻ‍ ദൃഢമായ ആഗ്രഹം ഉണ്ടെങ്കിലും, പ്രാപഞ്ചികമായ വാസനക‍ൾ ഉപേക്ഷിക്കാൻ‍‍ കഴിയുന്നില്ലെങ്കി‍‍ൽ, അയാൾക്ക്‌ മരത്തിന്‍റെ താഴെ തലങ്ങളിലെ കൊമ്പുകൾ‍ വരെ മാത്രമേ എത്തുവാൻ‍‍ കഴിയുകയുള്ളൂ. മുകളിലുള്ള കൊമ്പുകളിലുള്ള വിലയേറിയ ഫലങ്ങ‍ൾ അയാൾ‍ക്ക്‌ ഒരിക്കലും ലഭിക്കുകയില്ല. അയാൾ‍‍‍ അകലെ നിന്ന് ഫലം കണ്ടിട്ടുണ്ടാകാം. ഫലം തനിക്ക് കിട്ടി എന്ന് വീമ്പു പറയുകയും ചെയ്തേക്കാം. എന്നുവരികിലും, ആഗ്രഹത്തിന് അർഹതയുടെ നിലയിലേക്ക് എത്താ‍ൻ കഴിയില്ല. അത്തരക്കാർ‍ക്ക് ഇടം നല്‍കുന്ന സമൂഹത്തിന്, യാഥാർത്ഥ്യം തിരിച്ചറിയത്തക്ക അവധാനമുള്ള കണ്ണുകൾ‍ ഉണ്ടെങ്കി‍ൽ, അത് നിശ്ചയമായും പ്രകടമാകും. ഉറങ്ങിക്കിടക്കുന്നവരെ മാത്രമേ ഉണർത്താൻ‍ കഴിയൂ. ഉറക്കം നടിക്കുന്നവരെ ഉണ‍ർത്താൻ കഴിയില്ല. കണ്ണുള്ളവ‍ർക്കേ കാണാൻ‍ കഴിയൂ. അന്ധന് കഴിയില്ല, കാണുകയുമില്ല. ഈ ആത്മീയ പരമാർത്ഥത്തെ അവ‍‍ർ സ്വീകരിച്ചതാണ്. ഇത് അവ‍ർക്ക് കൊളളാം. അവരെ വിട്ടേക്കൂ. അവരെ ശല്യപ്പെടുത്തേണ്ട....
ഒരാ‍ൾ‍ , തനിക്കു ചുറ്റുമുള്ള എല്ലാ ജീവികളിലും തന്‍റെ പ്രതിഫലനം കാണുകയും‍‍, അതിന്‍റെ ഫലമായി, അയാളുടെ ഹൃദയത്തിൽ ‍നിന്നും സ്നേഹവും സഹാനുഭൂതിയും നിറഞ്ഞു ഒഴുകുകയും ചെയ്യുമ്പോൾ‍‍, ആയാ‍ൾ എന്നെ സ്ക്ഷാത്കരിക്കുന്നു, അയാൾ‍ ഞാനായിത്തീരുന്നു. തന്റെ ചുറ്റുമുള്ളവയുടെയെല്ലാം കണ്ണുകളിൽ‍ തന്‍റെ പ്രതിച്ഛായ കാണുമ്പോൾ‍ അയാൾ‍ എല്ലാ ജീവികളുമായും ഒന്നായിത്തീരുന്നു. അയാളുടെ വ്യക്തിത്വം മറ്റുള്ളവയിലും, അവയുടേത് അയാളിലും ലയിക്കുന്നു. എല്ലാ ഭിന്നതകളും, എല്ലാ രൂപങ്ങളും അപ്രത്യക്ഷമാകുന്നു. അപ്പോ‍ൾ ബാക്കിയാവുന്നത് ശുദ്ധമായ അവബോധം, ഏകത്വം, മാത്രം. ഈ ഏകത്വത്തി‍ൽ എല്ലാ വ്യക്തിത്വങ്ങളും ഇല്ലാതാകുന്നു. അയാൾ എന്‍റെ രൂപമായിത്തീരുന്നു. അയാ‍ൾ പ്രപഞ്ചവുമായി ഒന്നായിത്തീരുന്നു. അയാ‍ൾ, പരിമിതമായ ജീവിതത്തിന്‍റെ അജ്ഞതയി‍ൽ നിന്ന്, മാനുഷിക ബോധമണ്ഡലത്തിന് അപ്പുറത്തുള്ള
നിലനില്‍പ്പിന്‍റെ വിശാലതയിലേക്ക്‌ ‍മാറുന്നു. അഭിലാഷങ്ങ‍ൾ ഒന്നും ഇല്ല. താ‍ൻ ആരാണ്, തന്‍റെ ഔന്നത്യം എന്താണ്, എന്ന ബോധവും അതോട് അനുബന്ധിച്ചുള്ള നിർവൃതിയും മാത്രമേയുള്ളൂ. അജ്ഞത ഇരുട്ടാണ്‌. നി‍ർവൃതി അവബോധമാണ്. മനുഷ്യ‍ൻ, എല്ലാ അസ്തിത്വങ്ങളുമായി ലയിച്ച് ഒരു സമ്പൂർണ്ണ അസ്തിത്വമായിത്തീരുന്നു.
ഭൂമിക്ക്, നമുക്കായി നല്‍കാൻ കഴിയുന്ന എല്ലാത്തിൽ ‍നിന്നും ബന്ധം വേർപെടുത്തിക്കൊണ്ട്, നമുക്ക് അ‍ർഹതയുടെ തലം ഉയർത്താൻ‍ കഴിയും. സംതൃപ്തനായും, ചെറത്തുനില്‍ക്കാതേയും, പ്രതീക്ഷകൾക്ക് അതീതനായും, നില്ക്കുന്ന ഒരുവ‍ൻ പൂർ‍ണ്ണമായും മോചിതനായിത്തീരുന്നു. അയാൾ‍ക്ക്‌ ജീവിതം സ്വർഗ്ഗീയാനുഭവമായിരിക്കും. ശാരീരികമായ പോരായ്മകളോ, ക്ലേശങ്ങളോ അയാൾക്ക്‌ ശല്യമായിത്തോന്നുന്നില്ല. സൃഷ്ടിയുടെ താളവുമായി അയാൾ‍ പൊരുത്തപ്പെടുന്നു. പ്രതീക്ഷകൾ‍ മനസ്സിൽ ‍നിന്ന് പൂർണ്ണമായി വിട്ടുപോകുമ്പോൾ‍‍, ഞാ‍ൻ‍ അവിടെ നിറയുന്നു. ചെറുത്തുനില്‍പ്പ് മനസ്സിൽ‍ ഇല്ലാതാകുമ്പോൾ‍ മനസ്സ് സൂക്ഷ്മമായിത്തീരുന്നു. അപ്പോൾ‍ ഞാ‍ൻ‍‍ അവിടെ നിറയുന്നു. ശരീരത്തിന്‍റെ ആവശ്യങ്ങളൊഴിഞ്ഞ്, ശാന്തത കൈവരാതെ എനിക്ക് പ്രകാശിക്കാനാവില്ല. നിശ്ശബ്ദതയുടെ നിഗൂഢമായ ആഴത്തിൽ‍‍ നിങ്ങൾ‍ കേൾ‍ക്കുന്ന ഒരേ ഒരു ശബ്ദം എന്‍റെ ഹൃദയമിടിപ്പിന്‍റേതായിരിക്കും. എല്ലാ ശബ്ദങ്ങളുടെയും ജനയിതാവ് ഇതാണ്. ദ്വിത്വം — ശബ്ദവും കേ‍ൾക്കുന്നവനും — ഒരു സാദ്ധ്യതയാണെന്ന പ്രഖ്യാപനം ഇതായിരുന്നു. ശബ്ദം കേൾവിക്കാരനായിത്തീരുമ്പോൾ‍ നാം വീണ്ടും മനസ്സിലാക്കുന്നു —
ഞാൻ‍ ‘അത്’ ആകുന്നു...rajeev kunnekkaatt

No comments: