Saturday, December 08, 2018

കുട്ടിക്കാത്ത് 'ശരീരമാണ് ഞാന്‍' എന്ന ഉറച്ച ബോധത്തോടെ ജീവിച്ചു.  പഠിച്ചുതുടങ്ങിയപ്പോള്‍ 'ചിന്തകളും ബുദ്ധിയുമാണ് ഞാന്‍' എന്നുറപ്പിച്ച് ചിന്തിച്ചു ജീവിക്കുന്നു.  പഠനം കഴിഞ്ഞ് കുടുംബജീവിതം തുടങ്ങുമ്പോള്‍ ജീവിതപ്രശ്നങ്ങള്‍ കാരണം ദുഃഖം താങ്ങാതാകുമ്പോള്‍ അനുഭവകേന്ദ്രമായ 'മനസ്സാണ് ഞാന്‍' എന്ന ചിന്ത വര്‍ദ്ധിച്ചു തുടങ്ങുന്നു.  അവിടെനിന്നാണ് യഥാര്‍ത്ഥ സത്തയിലേയ്ക്കുള്ള ശ്രദ്ധ വന്നുതുടങ്ങുക.  തന്‍റെ അറിവിനു വിഷയമായിരുന്ന ശരീരത്തെയും മനോബുദ്ധി അഹങ്കാരങ്ങളെയും സുഖദുഃഖങ്ങളെയും നിരീക്ഷിക്കാന്‍ തുടങ്ങുന്നതുവരെ നമ്മുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കിട്ടുന്നില്ല!

 ശരീരമാണെന്നു ചിന്തിച്ചതും ബുദ്ധിയാണെന്നു ചിന്തിച്ചതും മനസ്സാണെന്നു ചിന്തിച്ചതും  ഞാന്‍ തന്നെയാണ്.  ചിന്തകളിലെ വിഷയമേ മാറിയുള്ളൂ അവയെ പ്രകാശിപ്പിച്ച ഞാന്‍ എപ്പോഴും ഒന്നുതന്നെയായിരിക്കുന്നു. മറ്റെല്ലാം നശിക്കുമ്പോഴും അവിടെ മാറ്റമില്ലാത്ത  'ഞാന്‍' എന്ന അനശ്വരബിന്ദുവില്‍ ആസ്തികദര്‍ശനം പ്രകാശിക്കുകയാണ്!  അമൃതത്ത്വവും വിശുദ്ധിയും എപ്പോഴും നമ്മില്‍ത്തന്നെ അനുഭവപ്പെടുന്നുണ്ടായിരുന്നു!

 അതുവരെയുള്ള നമ്മുടെ ജീവിതത്തിന്‍റെ  വളര്‍ച്ചയുടെയും വികാസത്തിന്‍റെയും ഒരു ഘട്ടം മാത്രമാണ് നാസ്തികതയും യുക്തിവാദവും എന്നു കാണാം.  ജ്ഞാനപ്രാപ്തിയുടെ കാര്യത്തില്‍ നാസ്തികതയില്‍ നിന്നും ആസ്തികതയിലേയ്ക്കുള്ള വളര്‍ച്ചയാണ്  ശരിയായ ക്രമം എന്നു കാണാം.  അതായത് ശരീരമാണ് ഞാന്‍ എന്ന ഭ്രമ ചിന്തയില്‍ നിന്നും അനശ്വരമായ ആത്മാവാണ് ഞാന്‍ എന്ന അനശ്വരമായ  അനുഭൂതിയിലേയ്ക്കുള്ള മാറ്റം! 

''മനോബുദ്ധ്യഹങ്കാരചിത്താനിനാഹം
ന ച ശ്രോത്രജിഹ്വേ ന ച ഘ്രാണനേത്രേ
ന ച വ്യോമഭൂമിര്‍ന തേജോ ന വായുഃ
ചിദാനന്ദരൂപഃ ശിവോഹം ശിവോഹം.''
('നിര്‍വ്വാണഷ്ടകം'- ശ്രീശങ്കരാചാര്യര്‍)

''മനസ്സോ ബുദ്ധിയോ അഹങ്കാരമോ ചിത്തമോ ഇന്ദ്രിയങ്ങളോ പഞ്ചഭൂതങ്ങളോ ഞാന്‍ അല്ല!  ഞാന്‍ അനശ്വരമായ ആത്മാവാണ്!''

''സത്യംതേടി ഒന്നൊന്നായ് തൊട്ടെണ്ണിയാല്‍ ഈ ജഡവിഷയങ്ങള്‍ ഒടുങ്ങുകയും അവസാനം ഉള്ളം ചെന്ന് ശേഷിക്കുന്ന ആത്മതത്ത്വത്തില്‍  അസ്പന്ദമാകുകയും ചെയ്യും'' എന്ന് ശ്രീനാരായണഗുരുസ്വാമികള്‍ പ്രകാശിപ്പിക്കുന്നതും ഇതേ ശങ്കരദര്‍ശനം തന്നെയാണ്. 'ആത്മോപദേശശതക'ത്തിലെ വരികള്‍  നോക്കൂ-

''കരണവുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേകജഗത്തുമോർക്കിലെല്ലാം
പരവെളിതന്നിലുയർന്ന ഭാനുമാൻ തൻ
തിരുവുരുവാണു തിരഞ്ഞു തേറിടേണം.'

ഓം..krishnakumar kp

No comments: