Monday, December 03, 2018

സ്വാമിദര്‍ശനം

Monday 3 December 2018 2:21 am IST
ശബരീപീഠത്തില്‍നിന്നും യാത്രതിരിക്കുമ്പോള്‍തന്നെ പതിനെട്ടാംപടിക്കടുത്തുനിന്നുള്ള വെടിയുടെ ശബ്ദം നാംകേട്ടുതുടങ്ങും. ക്ഷേത്രസന്നിധിയില്‍ എത്താനുള്ള അത്യാകാംക്ഷയാല്‍ ഓരോരുത്തരും ശരണം വിളികളോടെ ധൃതിയില്‍ നടക്കുന്നു.
ദൂരെനിന്നുതന്നെ പതിനെട്ടാംപടിയും അവിടുത്തെ നാനാതരത്തിലുള്ള കാഴ്ചകളും കണ്ടുതുടങ്ങും. അപ്പോഴുള്ള സമാശ്വാസം എത്രയെന്നത് വര്‍ണനാതീതമാണ്. തിങ്ങിക്കൂടുന്ന അയ്യപ്പന്മാരുടെ ശരണംവിൡകൊണ്ടും കതിനാവെടികള്‍കൊണ്ടും ക്ഷേത്രത്തില്‍നിന്ന് മുഴങ്ങിക്കേള്‍ക്കുന്ന മണിനാദങ്ങള്‍കൊണ്ടും അന്തരീക്ഷം മാറ്റൊലികൊള്ളുന്നു. അയ്യപ്പന്മാര്‍ കെട്ടോടുകൂടി പതിനെട്ടാംപടിയെ സമീപിച്ച് പടിതൊട്ടു വന്ദിച്ച് ഭക്തിപു
രസ്സരം വലതുകാല്‍വച്ച് ഓരോ പടിയും ചവിട്ടിക്കയറുന്നു. പടി കയറുമ്പോള്‍ അവരവരുടെ തീര്‍ഥയാത്രാവത്‌സരങ്ങളുടെ കണക്കനുസരിച്ച് അതതുപടികളില്‍ നാളികേരം ഉടയ്ക്കുന്നു. പതിനെട്ടാംപടി സംശുദ്ധമായിട്ടുള്ളതാകയാല്‍ നിര്‍മലമായ വിചാരത്തോടുകൂടിയാണ് കയറേണ്ടത്. മണ്ഡലം വ്രതമെടുത്ത് നിരവധി കഷ്ടപ്പാടുകള്‍ സഹിച്ച് സ്വാമിയെ ഒരു നോക്കുകണ്ടു വന്ദിക്കാനുള്ള വര്‍ധിച്ച ആകാംക്ഷയോടുകൂടി പതിനെട്ടാംപടി കയറി അകത്തു കടക്കുമ്പോള്‍ ഏതൊരുവനും
രോമാഞ്ചം ഉണ്ടാകുകയും ആനന്ദാശ്രുക്കള്‍ കണ്ണുകളെ ഈറനണിയിക്കുകയും ചെയ്യും. അന്തരീക്ഷത്തില്‍ രാപകലിളവില്ലാതെ ധൂമസ്‌തോമം പടര്‍ത്തി, സുഗന്ധം പരത്തിക്കൊണ്ട് മുന്‍ഭാഗത്തായി കാണുന്ന കര്‍പ്പൂര ആഴിയെ കൈവണങ്ങുന്നു.
ബലിക്കല്‍പ്പുരയില്‍ക്കൂടി നേരെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച് മണിമണ്ഡപത്തെ വന്ദിച്ച് വിഘ്‌നേശ്വരനെ കൈവണങ്ങുന്നു. പ്രദക്ഷിണമായിച്ചെന്ന് ശരണാഗതവത്‌സലനും യോഗാസനത്തില്‍ സ്ഥിതിചെയ്യുന്നവനുമായയ ധര്‍മശാസ്താവിനെ അഞ്ജലിബദ്ധരായി കാണിക്കയിട്ടു വന്ദിക്കുന്നു. അവിടെനിന്ന് അവരവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥാനങ്ങളില്‍ പോയി പള്ളിക്കെട്ടിറക്കിവച്ച് ആശ്വസിക്കുന്നു.
അയ്യപ്പന്മാരില്‍ ഓരോ ദേശക്കാര്‍ക്കും അവരവരുടെ കെട്ടുവയ്ക്കുന്നതിനും താമസത്തിനും പഴയകാലം മുതലേ പതിനെട്ടാംപടിക്കകത്തും, പുറത്തും അവകാശപ്പെട്ട പ്രത്യേക സ്ഥാനങ്ങളുണ്ട്. അവരവരുടെ അവകാശങ്ങളെ അവഗണിച്ച് അന്യരാരും പ്രവര്‍ത്തിക്കാറില്ല.
പരിമിതമായ സംഖ്യയില്‍ ഉള്‍പ്പെട്ടിരുന്ന തീര്‍ഥയാത്രക്കാര്‍ മാത്രമുണ്ടായിരുന്ന പഴയകാലത്ത് ഈ നിശ്ചയമനുസരിച്ചുതന്നെ അനുവര്‍ത്തിച്ചുപോന്നിരുന്നു. എന്നാല്‍, ലക്ഷക്കണക്കിന് അയ്യപ്പന്മാര്‍ വര്‍ധിച്ചുവരുന്ന  ഇക്കാലത്ത് സൗകര്യമുള്ളിടത്ത് കെട്ടിറക്കുക എന്നുള്ളതില്‍ കവിഞ്ഞ് ഈ വിഷയത്തില്‍ ആരും അധികം നിഷ്‌കര്‍ഷിക്കാറില്ല,. ഏതാനും ദേശക്കാര്‍ ഈ പതിവിനെ ഇപ്പോഴും പാലിച്ചുപോരുന്നതായാണ് അറിവ്.

No comments: