ദുഃഖങ്ങളെ അതിജീവിക്കാം
Monday 3 December 2018 2:20 am IST
ലോകജീവിതം താപത്രയത്തിനു വിധേയമാണ്. അതില്‍ അധ്യാത്മതാപത്തില്‍ പെടുന്നതാണ് ദേഹവും മറ്റു ഘടകങ്ങളും വരുത്തിവെക്കുന്ന വിനകളൊക്കെ. മരണം, രോഗം, ദാരിദ്ര്യം ഇതെല്ലാം എന്നും മനുഷ്യനെ അലട്ടുന്നതാണല്ലോ. ദേഹം ജനിച്ചത് ആരോടും ചോദിച്ചു സമ്മതം വാങ്ങിയിട്ടല്ല. വീഴുന്നതും അങ്ങനെതന്നെ. അപ്പോള്‍ ഇതിനു രണ്ടിനുമിടയ്ക്കുള്ള ജീവിതവും അതുപോലെയല്ലേ ആകൂ.
എന്നാല്‍കൂടിയും, മനുഷ്യനു മനസ്സും ബുദ്ധിയും ഉപയോഗിച്ചു ചിലതൊക്കെ ചെയ്യാന്‍ കഴിയുന്നു-കഴിയണം. എന്തൊക്കെ ചെയ്താലും, ജീവിതവും ലോകത്തിന്റെ ഗതിയും നമുക്കു മാറ്റിമറിക്കാന്‍ കഴിയില്ല. ഈ അടിസ്ഥാനതത്ത്വം അസ്സലായി ഗ്രഹിക്കുന്നതാണ് ശരിയായ നേട്ടം. അത് ഉറപ്പുവരുത്തുക.
പല രോഗങ്ങളും ചികിത്സിക്കാന്‍ സാധ്യമല്ല, മഹാരോഗങ്ങളാണവ. ദേഹമുണ്ടായകാലംമുതല്‍ മനുഷ്യനെ ഇവ പിന്തുടരുന്നു. നാഗരികതയുടെ പേരില്‍ ഓരോന്നിനും മരുന്നു കണ്ടുപിടിക്കാന്‍ മനുഷ്യരാശി നോക്കുന്നുവെന്നതു ശരിതന്നെ, ചിലതൊക്കെ വിജയിച്ചിട്ടുമുണ്ട്. അത്രയും സമാധാനിക്കുക. എന്തു രോഗം പിടിപെട്ടാലും നമ്മളാല്‍ കഴിയുന്നത്രയേ ചെയ്യാനാകൂ. അതിനപ്പുറമുള്ളതിനെ നമ്മുടെ പരിധിക്കതീതമെന്നു കരുതി വിട്ട് ജീവിക്കാന്‍ ശീലിക്കതന്നെ ശരി.
നല്ല സമര്‍പ്പണവും വിവേകവും ഉണ്ടെങ്കില്‍, കുറെയൊക്കെ തടയാനാകും. നിസ്സംഗത മനസ്സിലുണ്ടാകട്ടെ. എന്നാല്‍, ജീവിതാശ വിട്ടുകളയുകയും അരുത്. ഇത് വൈരുധ്യമാണെന്നു തോന്നാം. പക്ഷേ, അതു സാധനയായി മാറണം. അതും ഉത്സാഹത്തോടെ ചെയ്യാന്‍ കഴിയണം. സ്‌നേഹത്തോടൊപ്പം ഉപേക്ഷയും വേണം. ഭക്തിയോടൊപ്പം വിവേകവും വൈരാഗ്യവും ഉണ്ടാവണം. ആത്മതൃപ്തി അപ്രാപ്യമല്ല. ചിലപ്പോള്‍ അതിന്റെ മാര്‍ഗം ക്ലിഷ്ടമായിത്തോന്നാം.
ശ്രീരാമന്‍ ഉത്തമശീലത്തോടെ വനവാസത്തിനു പുറപ്പെട്ടത് അതിശ്ലാഘ്യമായിരുന്നു. ഏത് അച്ഛനമ്മമാരും അതു തലകുലുക്കി സമ്മതിക്കയേ വേണ്ടൂ. കൗസല്യ അങ്ങനെ ചെയ്തു. ആദ്യം കുറച്ചൊന്നു വിഷമിച്ചെങ്കിലും, രാമനെ അനുമോദിച്ചു വിടനല്‍കി. മടങ്ങിവരുമ്പോള്‍ താന്‍ സ്വീകരിക്കാന്‍ ഉണ്ടാവുമെന്നു പറഞ്ഞ് 14 കൊല്ലത്തെ വനവാസം 14 മാസമായി അനുഭവപ്പെടട്ടെ എന്ന് അനുഗ്രഹിക്കയും ചെയ്തു. പാവം ദശരഥന് അതു സാധിച്ചില്ല. രാമന്റെ തേര്‍ പുറപ്പെട്ടതും, രാമ, രാമ, എന്നു വിളിച്ചു രാമതാതന്‍ അവിടെത്തന്നെ വീണുമരിച്ചു.
മനുഷ്യമനസ്സിന് ഇതു രണ്ടും സാധ്യമാണ്, വിധിച്ചിട്ടുണ്ട്. കൗസല്യയാകണോ ദശരഥനാകണോ എന്ന് നാം തന്നെയാണ് തീരുമാനിക്കേണ്ടത്.
സംഭവങ്ങള്‍ പുറത്തല്ല അകത്താണ് അരങ്ങേറുന്നത്. സ്വന്തം മനസ്സിലും ബുദ്ധിയിലും. ഈ ഉള്‍ക്കോശത്തെ ആരും ശ്രദ്ധിക്കാറേയില്ല. പുറംപൂച്ചില്‍ മുങ്ങിത്താണ് കഴിയുകയാണ് ഏവരും. അപകടം നിറഞ്ഞ പുറംലോകം, മനുഷ്യനെ ഉള്ളിലേക്കു നോക്കിക്കാനാണെന്നതാണ് വാസ്തവം. ഓരോരുത്തരുടെയും അകം, പുറത്തെ അനന്തതയേക്കാളും വ്യാപകവും സുന്ദരവും, സുഖപ്രദവുമാണ്. അങ്ങോട്ടൊന്നു നോക്കാന്‍ ശ്രമിക്കൂ എന്നാണ് ലോകത്തിന്റെ എപ്പോഴുമുള്ള ആവശ്യം. അതു കേള്‍ക്കുന്നവന്‍ അനുഗൃഹീതനാണ്. ആശ്വാസം കൈവരാന്‍ വിധിയ്ക്കപ്പെട്ടവനും. അതില്‍പ്പെടാനുള്ള ഭാഗ്യമുണ്ടാകട്ടെ.
No comments:
Post a Comment