Sunday, December 23, 2018

Sudhabharat.
ഗീതാ പ്രമാണം - 4

ഭഗവദ്ഗീതക്ക് ഒരാമുഖം - തുടർച്ച

വാസ്തവത്തിൽ ഓരോ യുദ്ധവും ആരംഭിക്കുന്നതും അവസാനിക്കുന്നതും മനുഷ്യമനസ്സുകളിൽത്തന്നെ. ഓരോ മനുഷ്യനിലും ദേവ-മാനുഷിക-ആസുരിക വാസനകൾ കുടികൊള്ളുന്നു. നന്മയുടെ പ്രതീകമായ പാണ്ഡവർ വിരലിലെണ്ണാവുന്നവരെയുള്ളൂ. മറുഭാഗത്താവട്ടെ, ആസുരികപ്രതീകമായ നൂറ്റിക്കണക്കിനു കൗരവരും. ഓരോ മനുഷ്യനിലും കുടികൊള്ളുന്ന നന്മയുടെ തോത് തുലോം തുച്ഛം; മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിവയുടെ സൃഷ്ടികളായ കാമം, ക്രോധം, ലോഭം, മദം, മോഹം, മാത്സര്യം മുതലായവയുടെ ആധിക്യം മൂലം കാലാകാലങ്ങളിൽ കൂട്ടിച്ചേർക്കപ്പെട്ട തിന്മയുടെ അളവ് എണ്ണിയാലൊടുങ്ങാത്തതാണ്. ഈ തിന്മകളുടെ മേൽ നന്മ നേടുന്ന ആത്യന്തിക വിജയമാണ് മഹാഭാരതകഥ.

ഓരോ മനുഷ്യനും കേവല സാക്ഷ്യസ്വരൂപമായി അവനവനിൽത്തന്നെ കുടികൊള്ളുന്ന ആത്മചൈതന്യത്തിന്റെ അനുഗ്രഹത്താൽ (മഹാഭാരതയുദ്ധത്തിൽ പാണ്ഡവപക്ഷത്ത് ആയുധമൊന്നുമെടുക്കാതെ അർജ്ജുനന്റെ തേരാളിയായിരിക്കുന്ന ഭഗവാൻ കൃഷ്ണൻ) തന്റെയുള്ളിലെ തിന്മകളെ (ആസുരീവാസനകൾ) നന്മകൊണ്ട് (ദൈവീവാസന) ജയിക്കുന്നതിനെ കാണിച്ചുതരികയാകുന്നു കുരുക്ഷേത്രയുദ്ധത്തിന്റെ പരമമായ ലക്ഷ്യം. നാം ഓരോരുത്തരെയും അതിനു പ്രാപ്തരാക്കുകയാണ് മഹാഭാരതം എന്ന ഉത്കൃഷ്ടകൃതിയിലൂടെ വ്യാസഭഗവാൻ ചെയ്യുന്നത്.

കുരുക്ഷേത്രയുദ്ധം ആരംഭിക്കുന്നതിനു മുമ്പുതന്നെ യുദ്ധരംഗത്തെ സംഭവങ്ങൾ നേരിട്ടുകാണാനുള്ള ദിവ്യചക്ഷുസ്സ് വ്യാസഭഗവാൻ സഞ്ജയന് നൽകുന്നുണ്ട്. അന്ധനായ ധൃതരാഷ്ട്രർക്ക് ഇതു വാഗ്ദാനം ചെയ്തിരുന്നെങ്കിലും, അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്.

കുരുക്ഷേത്രയുദ്ധം ആരംഭിച്ച് പത്താംദിവസമാണ് സ്വച്ഛന്ദമൃത്യുവായ ഭീഷ്മപിതാമഹൻ യുദ്ധഭൂമിയിൽ അർജ്ജുനശരങ്ങളാൽ നിലംപതിക്കുന്നത്. ഭീഷ്മപിതാമഹൻ യുദ്ധം നയിക്കുന്ന കാലത്തോളം കൗരവസൈന്യത്തിനു പരാജയം സംഭവിക്കുകയില്ലെന്നു ധൃതരാഷ്ട്രർ ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാൽ ഭീഷ്മർ പടക്കളത്തിൽ വീണതോടെ ഇനി എന്തും സംഭവിക്കാമെന്നു ധൃതരാഷ്ട്രർക്ക് തോന്നി. ഈ ഭയം മൂലം, തന്റെ ഉപദേശകനായ സഞ്ജയനോട് യുദ്ധരംഗങ്ങൾ തുടക്കം മുതൽ വർണ്ണിക്കാൻ ധൃതരാഷ്ട്രർ ആവശ്യപ്പെടുകയാണ്.  അതുപ്രകാരം, കുരുക്ഷേത്രയുദ്ധം ആരംഭിക്കുന്നതിനുമുമ്പേ അർജ്ജുനന്റെ തളർച്ചയും, ഭഗവാൻ അർജ്ജുനനെ ഉയർത്താൻ ശ്രമിക്കുന്നതുമെല്ലാം ധൃതരാഷ്ട്ര മഹാരാജാവിനോട് വിവരിക്കുകയാണ് സഞ്ജയൻ ചെയ്യുന്നത്. ആ ഒരു പശ്ചാത്തലത്തിലാണ് ഗീത ആരംഭിക്കുന്നത്. 

ഗുരുപ്രസാദം!👏👏👏

തുടരും....

No comments: