ആത്മതത്വത്തിലൂടെ പരമാത്മാസ്വരൂപം പ്രാപിക്കാം
സ്വാമി അഭയാനന്ദ ചിന്മയ മിഷന്‍, തിരുവനന്തപുരം
Thursday 13 December 2018 4:01 am IST
താന്‍ ബ്രഹ്മമാണ് എന്ന് സാക്ഷാത്കരിച്ചയാളുടെ അനുഭൂതിയെ പറയുന്നു.
വേദൈരനേകൈരഹമേവ വേദ്യോ
വേദാന്ത കൃദ്വേദ വിദേവ ചാഹം
നപുണ്യ പപേ മമ നാസതി നാശോ
ന ജന്മ ദേഹേന്ദ്രിയ ബുദ്ധിരസ്തി
വിവിധ വേദങ്ങളാല്‍ ഞാന്‍ മാത്രമാണ് അറിയേണ്ടത്. വേദാന്തത്തേയും വേദത്തേയും അറിയുന്നവന്‍ ഞാനാണ്. എനിക്ക് പുണ്യപാപങ്ങളോ നാശമോ ഇല്ല. എനിക്ക് ജനനമില്ല. ശരീരമോ ഇന്ദ്രിയങ്ങളോ ബുദ്ധിയോ ഇല്ല.
ഞാന്‍ ബ്രഹ്മമായതിനാല്‍ വേദങ്ങള്‍ പറയുന്നത് എന്നെക്കുറിച്ചാണ്. അനേകം വേദവാക്യങ്ങളിലൂടെ അറിയേണ്ടത് ഞാന്‍ എന്താണ് എന്നതാണ്. വേദാന്തവും ഇതുതന്നെ പറയുന്നു. വേദാന്തത്തെ അറിയിക്കുന്നവനുംഅനാവരണം ചെയ്യുന്നവനുംഞാന്‍ തന്നെയാണ്. വേദത്തെ അറിയുന്നവനും ഞാനാണ്.
വേദവും വേദാന്തവും പ്രധാനമായും കൈകാര്യം ചെയ്യുന്നത് ബ്രഹ്മത്തെപ്പറ്റിയാണ്. എല്ലാത്തിനും ആധാരമായി എങ്ങും നിറഞ്ഞിരിക്കുന്ന ബ്രഹ്മത്തെപ്പറ്റിയും അതിനെ സാക്ഷാത്കരിക്കുന്നതിനെപ്പറ്റിയും പറയുക എന്നത് ജ്ഞാനിയെ സംബന്ധിച്ചിടത്തോളം തന്നെ പറ്റി പറയലാണ്. മന്ത്രഭാഗത്തും ബ്രാഹ്മണത്തിലും ആരണ്യകത്തിലും ഉപനിഷത്തിലുമൊക്കെയായി ആ പരമസത്യത്തെ അനാവരണം ചെയ്യുന്നുണ്ട്.
ഗുരുവിന്റെ അടുത്ത് നിന്ന് അറിവിനെ നേടി ആ പരമതത്വം താന്‍ തന്നെയെന്ന് സാക്ഷാത്കരിച്ചയാള്‍ക്കാണ് ഇത്രയും നല്ല ഉറപ്പോടെ പറയാന്‍ കഴിയുക. തനിക്ക് പുണ്യപാപങ്ങളില്ലെന്നും നാശമില്ലെന്നും പ്രഖ്യാപിക്കണമെങ്കില്‍ അത്രയും ജ്ഞാനാനുഭവം നേടിയാലേ സാധിക്കൂ. ജനന മരണാദികളില്ലാത്ത പരബ്രഹ്മമായിത്തീര്‍ന്ന താന്‍, ശരീര മനോബുദ്ധികള്‍ക്ക് അതീതമായതായി നല്ല നിശ്ചയത്തോടെ പറയാനാകും.
ആത്മാവിന് നാശമില്ലാത്തതാണ് അത് ഉപാധികളുമായി ചേര്‍ന്നിരിക്കാത്ത ശുദ്ധ ചൈതന്യമാണ്. ജനനമുള്ളതിനൊക്കെ മരണമുണ്ട്. ഉണ്ടായതൊക്കെ ഇല്ലാതാകും. ആത്മാവ് എന്നുമുള്ളതാണ്. ഒരു തരത്തിലുള്ള മാറ്റമോ നാശമോ ഇല്ലാതെ എന്നും നിലനില്‍ക്കുന്നു. ഉപാധികളായ ശരീരം മനസ്സ്, ബുദ്ധി എന്നിവയുടെ ആവശ്യമേയില്ല. ഉപാധികളെല്ലാം അഹങ്കാര പ്രേരിതമായ അജ്ഞാനത്തില്‍ കുടുങ്ങിയ ജീവന് മാത്രം. ആ പരിമിതികള്‍ക്കൊക്കെ അപ്പുറത്തെത്തിയ ആളാണ് ആത്മജ്ഞാനി.
ന ഭൂമിരാപോ ന ച വഹ്നിരസ്തി
നചാനിലോ മേളസ്തി ന ചാംബരം ച
ഏവം വിദിത്വാപരമാത്മരൂപം
ഗുഹാശയം നിഷ്‌ക്കലമദ്വിതീയം
സമസ്ത സാക്ഷിം സദസദ് വിഹീനം
പ്രയാതി ശുദ്ധം പരമാത്മരൂപം
എന്നില്‍ ഭൂമിയോ ജലമോ അഗ്നിയോ വായുവോ ആകാശമോ ഇല്ല. പരമാത്മതത്വത്തെ ഇങ്ങനെ സാക്ഷാത്കരിക്കുന്നയാള്‍ ഹൃദയ ഗുഹയില്‍ നിഷ്‌കലവും അദ്വിതീയമായും എല്ലാത്തിനും സാക്ഷിയായും ഉള്ളതിനും ഇല്ലാത്തതിനും അതീതനായും ശുദ്ധമായും ഉള്ള പരമാത്മരൂപത്തെ പ്രാപിക്കുന്നു.
പഞ്ചഭൂതങ്ങള്‍ക്ക് അതീതവും അവയേക്കാളൊക്കെ സൂക്ഷ്മവുമാണ് പരമാത്മാവ്. അതിനാല്‍ പരമാത്മതത്വത്തെ സാക്ഷാത്കരിച്ചയാള്‍ക്ക് തന്നില്‍ പഞ്ചമഹാഭൂതങ്ങളൊന്നുമില്ല എന്ന് നല്ല ഉറപ്പോടെ പറയാം. ശരീരമെന്ന നിലയില്‍ പഞ്ചമഹാഭൂതങ്ങളാല്‍ ഉണ്ടായതാണെങ്കിലും താന്‍ ആത്മതത്വമാണെന്ന് ബോധ്യമായാല്‍ അവയുടെ എല്ലാ അതിര്‍വരമ്പുകള്‍ക്കപ്പുറത്തുമാണ് താന്‍ എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. പഞ്ചമഹാഭൂതങ്ങളില്‍ ഏറ്റവും സൂക്ഷ്മമായ ആകാശത്തിനേക്കാളും സൂക്ഷ്മമായി അതിനൊക്കെ ആധാരമായിരിക്കുന്നതാണ് ആത്മതത്വം. ഇങ്ങനെ അറിയുന്നയാള്‍ ഹൃദയ ഗുഹയില്‍ കുടികൊള്ളുന്ന പരമാത്മാസ്വരൂപത്തെ പ്രാപിക്കും.
No comments:
Post a Comment