Wednesday, December 12, 2018

ഞാന്‍ അദ്വൈത ബ്രഹ്മമാണ്

Tuesday 11 December 2018 4:18 am IST
ബ്രഹ്മസാക്ഷാത്കാരം നേടിയ ഒരാള്‍ക്ക് എല്ലാം താന്‍ തന്നെയെന്ന അനു
ഭൂതിയുണ്ടാകുമെന്ന് വിവരിക്കുന്നു.
മയ്യേവ സകലം ജാതം
മയി സര്‍വം പ്രതിഷ്ഠിതം
മയി സര്‍വം ലയം യാതി
തദ് ബ്രഹ്മാദ്വയമസ്മ്യഹം
''എന്നില്‍ നിന്നാണ് എല്ലാമുണ്ടാകുന്നത്. എന്നിലാണ് എല്ലാം നിലനില്‍ക്കുന്നത്. എന്നില്‍ തന്നെയാണ് എല്ലാം ലയിക്കുന്നതും. ഞാന്‍ ആ അദ്വൈത ബ്രഹ്മമാണ്.''
ആത്മസാക്ഷാത്കാരത്തിലേക്ക് ഉണര്‍ന്നയാളുടെ സുവ്യക്തമായ കാഴ്ചപ്പാടാണ് ഇത്. താന്‍ തന്നെ ബ്രഹ്മം ആയതിനാല്‍ തന്നില്‍ നിന്നു വേറിട്ട് വേറൊന്നുമില്ല എന്ന ദര്‍ശനം ശരിക്കും അനുഭവമാകുന്നു. എല്ലാം ഉണ്ടാകുന്നതും നിലനില്‍ക്കുന്നതും ലയിക്കുന്നതും താന്‍ എന്ന ബ്രഹ്മത്തിലാണ്.
ഇത് വളരെ എളുപ്പത്തില്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ്. നാം ഓരോരുത്തരും രാവിലെ ഉണരുമ്പോഴാണ് നമ്മുടെ ലോകം ഉണ്ടാകുന്നത്. നാം ഉറങ്ങുന്നതു വരെ ലോകം നമ്മെ ആശ്രയിച്ച് നിലനില്‍ക്കുന്നു. ഉറങ്ങുമ്പോള്‍ ലോകം നമ്മിലേക്ക് ലയിക്കുന്നു. ഇത് നമുക്ക് നിത്യവും അനുഭവമുള്ള കാര്യമാണ്. നാം ഉണര്‍ന്നില്ലെങ്കില്‍ നമ്മെ സംബന്ധിച്ചിടത്തോളം ലോകമോ അനുഭവങ്ങളോ ഇല്ല. ലൗകികമായി നോക്കുകയാണെങ്കില്‍ പോലും എന്റെ ലോകം എന്നെ ആശ്രയിച്ചിരിക്കുന്നു എന്ന് കാണാം. ഇതിന്റെ  ഉയര്‍ന്ന ദര്‍ശനമാണ് ബ്രഹ്മത്തെ സാക്ഷാത്കരിക്കുമ്പോള്‍ ഉണ്ടാകുന്നത്.
 രണ്ടില്ലാതെ ഒന്നായി മാത്രം ഇരിക്കുന്ന ബ്രഹ്മമാണെന്ന അനുഭൂതിയുണ്ടായാല്‍ അത് തന്നെ ഏറ്റവും ശ്രേഷ്ഠം. അങ്ങനെയൊരവസ്ഥയില്‍ സൃഷ്ടികര്‍ത്താവും സ്ഥിതിപാലകനും സംഹാരകനും ഒന്നു തന്നെയാകും, പലതുണ്ടാകില്ല.
സാധാരണ നമ്മുടെ ജീവിതത്തില്‍ ജാഗ്രദ് സ്വപ്‌ന 
സുഷുപ്തി അവസ്ഥകളെയെല്ലാം ഒരു പോലെ പ്രകാശിപ്പിക്കുന്ന ആത്മസ്വരൂപത്തിന് സാധിക്കാത്തതായി എന്തുണ്ട്? വാസ്തവത്തില്‍ അതല്ലാതെ മറ്റൊന്നുണ്ടോ?
 കാര്യത്തിന് കാരണത്തില്‍ നിന്ന് വേറിട്ട് നില്‍ക്കാനാവില്ല. കാരണത്തില്‍ നിന്നാണ് എല്ലാ കാര്യവും ഉണ്ടാകുന്നത്, നിലനില്‍ക്കുന്നത്, വിലയം പ്രാപിക്കുന്നത്. എല്ലാ കാര്യങ്ങള്‍ക്കും ആധാരമായിരിക്കുന്നത് കാരണമാണ്.
സമുദ്രമാണ് എല്ലാ തിരമാലകളുടേയും ഉദ്ഭവസ്ഥാനവും അവയെ നിലനിര്‍ത്തുന്നതും വിലയിപ്പിക്കുന്നതും. സമുദ്രവുമായി താദാത്മ്യം പ്രാപിച്ച അലയ്ക്ക് ഇതിനെ ഉള്‍ക്കൊള്ളാനാകും. താന്‍ വേറെയെന്ന തോന്നലേ ഉണ്ടാകുകയില്ല.
 അതുപോലെ ഈ നാനാത്വ പ്രപഞ്ചം ബ്രഹ്മത്തില്‍ നിന്നുണ്ടായി, നിലനിന്ന് അതില്‍ ലയിക്കുന്നു. ആ അദ്വയ ബ്രഹ്മം ഞാന്‍ തന്നെയെന്ന അനുഭവമുണ്ടായാല്‍ പി
ന്നെ ഇപ്പറഞ്ഞതെല്ലാം എന്നില്‍ നിന്ന് വേറിട്ടവയാകില്ല.
അണോരണീയാനഹമേ വ തദ്വദ്
മഹാനഹം വിശ്വമഹം വിചിത്രം
പുരാതനോളഹം പുരുഷോളഹമീശോ
ഹിരണ്‍മയോളഹം ശിവ രൂപ മസ്മി
ഏറ്റവും ചെറുതായിരിക്കുന്ന അണുവിനേക്കാള്‍ ചെറുതാണ് ഞാന്‍. ഏറ്റവും വലുതും
ഞാനാണ്. വിചിത്രവും അത്ഭുതകരവുമായ ഈ പ്രപഞ്ചം ഞാന്‍ തന്നെ. ഏറ്റവും പുരാതനനും പുരുഷനും
 ഈശ്വരനും ഞാനാണ്. സ്വര്‍ണം പോലെ പ്രകാശസ്വരൂപനായും ശിവസ്വരൂപനായും ഇരിക്കുന്നതും ഞാന്‍ തന്നെയാണ്.
 ബ്രഹ്മത്തെ വാക്കുകള്‍ കൊണ്ട് വിവരിക്കാനാകില്ല എങ്കിലും നമ്മുടെ സത്യസാക്ഷാത്കാരത്തിന് ചില നിര്‍വചനങ്ങള്‍ ഇവിടെ നല്‍കുന്നു...janmabhumi

No comments: