Wednesday, December 19, 2018

Vijayan Ji
അച്ഛനമ്മമാരുടെയും കാരണവന്മാരുടെയും ഗുരുക്കന്മാരുടെയും ഒക്കെ സ‍ദ്‍വചനങ്ങളും ഉപദേശങ്ങളും ഒന്നും വിലവെക്കാതെ, സകലത്തിനെയും നിഷേധിച്ച്‍ മുന്നേറിയിട്ട്‌, ഒരു അമ്പത്‌ വയസ്സ്‍ വരുമ്പൊ, തൊട്ടതൊക്കെ നഷ്ടം, തൊട്ടതൊക്കെ കഷ്ടം, ഒന്നും ശരിയാവുന്നില്ല, കാശിന്റെ ചെലവ്‌ വരവിനേക്കാള്‍ എത്രയോ ഇരട്ടി, മക്കളൊന്നും ശരിയായില്ല, ആരോഗ്യം മുഴുവനും ക്ഷയിച്ചു,  ഒന്നിനും കൊള്ളാതായി, സമാധാനത്തോടെ ഒരു ദിവസമെങ്കിലും നീങ്ങിയിട്ട്‌ വര്‍ഷങ്ങളായി,  നന്നായി ഒന്ന്‌ ഉറങ്ങിയിട്ട്‌ എത്രയോ കാലമായി,  ഇങ്ങനത്തെ പലതും വരുമ്പൊ,  ചെറുപ്പം മുതല്‍ അച്ഛനും അമ്മയും അമ്മമ്മയും മുത്തച്ഛനും ഒക്കെ പറഞ്ഞ്‍ തന്നിരുന്നത്‌ ചിലതൊക്കെ ഓര്‍മ്മയിലേക്ക്‌ ചിലപ്പോഴെങ്കിലുമൊക്കെ ഓടിയെത്തും. അതൊക്കെ കണ്ണുനീരായി മാറി മറിയും. 

ഒരു മുപ്പത്‍ വയസ്സിലാണ്‌ ഞാന്‍ ഒരു നിഷേധിയായതെങ്കില്‍, എന്റെ പിതാവിനെ/അമ്മയെ നിഷേധിക്കാന്‍ തുടങ്ങിയതെങ്കില്‍, എന്റെ മകന്‍ ഇരുപതാമത്തെ വയസ്സില്‍ത്തന്നെ എന്നെ നിഷേധിക്കാന്‍ തുടങ്ങിയിരിക്കും.  ഞാന്‍ ഇത്രയും കാലം നിഷേധിച്ചത്‍ എന്റെ അച്ഛനെയും അമ്മയെയും മാത്രമല്ല, എന്റെ പൈത്ര്‌കത്തെയാണെന്നും, എന്റെതന്നെ ശരീരത്തിലെ ഓരോ ഗ്രന്ഥികളെയുമാണെന്നും, എന്റെതന്നെ ശരീരത്തിലെ ഓരോ കോശങ്ങളെയുമാണെന്നും, അങ്ങിനെ എത്രയെത്ര കാര്യങ്ങള്‍ മനോമണ്ഡലത്തിലൂടെ കയറിയിറങ്ങിക്കൊണ്ടേ ഇരിക്കും. അതൊക്കെ വീണ്ടും ഉറക്കം കെടുത്തുനതും ആയിരിക്കും. 

എന്റെ അച്ഛന്‍ പറഞ്ഞ ഒരു കാര്യം, അതിനെ ഞാന്‍ അന്ന്‌ ശക്തമായി നിഷേധിച്ചു. ആ കാരണത്താല്‍, അന്നും അതിനോട്‌ ചേര്‍ന്ന എത്രയോ ദിവസങ്ങള്‍, എന്റെ അച്ഛനും അമ്മയും ഉറങ്ങിയില്ല, ഞാന്‍ അന്ന്‌ സുഖമായി ഉറങ്ങി, കാരണം എന്റെ അഹങ്കാരം നിറഞ്ഞ വാക്കുകള്‍ എന്റെ അച്ഛനമ്മമാരുടെ മുമ്പില്‍ അവതരിപ്പിച്ചു, എന്ന അഹങ്കാരം എന്നില്‍ പ്രബലമായിരുന്നു. പക്ഷെ അത്‍ അവരുടെ ഉറക്കത്തെയാണ്‌ ഇല്ലാതാക്കിയത്‍.  ഇന്ന്‌ ഞാന്‍ അത്‍ കാണുന്നു, കേള്‍ക്കുന്നു, അനുഭവിക്കുന്നു.    കേട്ട്‍ പഠിക്കാത്തവര്‍ക്ക്‌ സ്വജീവിതാനുഭവങ്ങളിലൂടെ പഠിച്ചേ തീരൂ...

No comments: