Saturday, January 06, 2018

കൃഷ്ണാ, എനിക്ക് ദിഗ്ഭ്രമം വരുന്നു; പ്രസാദിക്കണേ! (11-25)

Saturday 6 January 2018 2:30 am IST
അങ്ങയുടെ അതിഭീഷണമായ ദംഷ്ട്രകള്‍-കൂര്‍ത്തുമൂര്‍ത്ത് നീണ്ട പല്ലുകള്‍-പ്രളയകാലത്തില്‍ ആവിര്‍ഭവിക്കുന്ന അഗ്നിയെപ്പോലെ, ജ്വലിക്കുന്നതും ആയ മുഖങ്ങള്‍ കണ്ടിട്ട് എനിക്ക് മുന്‍ഭാഗവും പിന്‍ഭാഗവും തെക്കും വടക്കും അറിയുവാന്‍ തീരേ കഴിയുന്നില്ല. കണ്ണില്‍ ഇരുട്ടുകയറുന്നു. തീരേ സുഖം തോന്നുന്നില്ല. ജഗന്നിവാസ! പ്രപഞ്ചത്തിന്റെ അകത്തും പുറത്തും വസിക്കുന്ന, അങ്ങയ്ക്ക് എന്റെ വ്യസനം അറിയാമല്ലോ. പ്രസാദിക്കണേ! അനുഗ്രഹിക്കണേ!
സംഭവിക്കാന്‍ പോകുന്ന ശത്രുനാശവും ഭഗവാന്‍ കാട്ടിക്കൊടുക്കുന്നു (11-26)
''മമ ദേഹേ ഗുഡാകേശ, യച്ചാന്യദ്രഷ്ട മിച്ഛസി'' എന്നു മുമ്പു പറഞ്ഞ രീതിയില്‍ തന്നെ ഭഗവാന്റെ ദേഹത്തില്‍ ശത്രുക്കളുടെ നാശം അര്‍ജ്ജുനന്‍ കാണുന്നു, നാലു ശ്ലോകങ്ങളില്‍ അക്കാര്യം പറയുന്നു.
കൃഷ്ണാ, അതാ ധൃതരാഷ്ട്രരുടെ പുത്രന്മാര്‍ നൂറു പേരും നില്‍ക്കുന്നു. അക്കൂട്ടത്തില്‍ യുയുത്സു ഇല്ല. മാത്രമല്ല, എല്ലാ രാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഉണ്ട്. അതാ ഭീഷ്മന്‍, അതാ ദ്രോണന്‍, അതാ കര്‍ണന്‍ മാത്രമല്ല, നമ്മുടെ പക്ഷത്തിലെപടയാളികളുമുണ്ട്.
(11-27)
അതാ അവരെല്ലാം അതിവേഗത്തില്‍ ഓടുകയാണ്. എങ്ങോട്ടാണ് അവര്‍ ഓടുന്നത്? അങ്ങയുടെ മുഖത്തിന്നുള്ളിലേക്കാണ് അവര്‍ ഓടുന്നത്? നീണ്ട ദംഷ്ട്രകള്‍ നിറഞ്ഞ്, ഭീകരമായ വായ്ക്കുള്ളിലേയ്ക്കാണല്ലോ അവര്‍ പോകുന്നത്! അതാ, അങ്ങ് അവരുടെ ഉത്തമാംഗങ്ങള്‍-തലകള്‍-കടിക്കുന്നു. ആ തലകള്‍ മുറിഞ്ഞ് ചെറു കഷണങ്ങളായിത്തീര്‍ന്നു. അങ്ങയുടെ പല്ലുകള്‍ക്കിടയിലും ദംഷ്ട്രകള്‍ക്ക് ഇടയിലും ഒട്ടിനില്‍ക്കുന്നു.
അതാ പരശുരാമനില്‍നിന്ന് അസ്ത്രവിദ്യാപഠിച്ചവനും, അജേയനും ആയ ഭീഷ്മരുടെ തലയും ധനുര്‍വേദാചാര്യനായ ദ്രോണരുടെ തലയും സൂത പുത്രനായ കര്‍ണ്ണന്റെ തലയും പല്ലുകള്‍ക്കിടയില്‍ കഷണങ്ങളായി ഒട്ടിനില്‍ക്കുന്നു.
(11-28)
നദികള്‍ അതിവേഗത്തില്‍ ഒഴുകി സമുദ്രത്തില്‍ ചേര്‍ന്ന് സമുദ്രത്തിന്റെ ഭാഗമായിത്തീരുന്നു. അതു സ്വാഭാവികമാണ്. ഈ ലോകവീരന്മാരും അതേ വേഗത്തില്‍തന്നെ അങ്ങയുടെ കത്തിജ്വലിക്കുന്ന മുഖത്തിനുള്ളിലേക്ക് ഒഴുകുന്നു. ഇവര്‍ക്കെന്താ ബുദ്ധിയില്ലേ?
(11-29)
ബുദ്ധിയില്ല എന്നാണ് തോന്നുന്നത്. നദികള്‍ സമുദ്രത്തില്‍ പ്രവേശിച്ചു സമുദ്രമായി മാറുന്നു. നശിക്കുന്നില്ല. ശലഭങ്ങള്‍ (പാറകള്‍ ) ജ്വലിക്കുന്ന അഗ്നി കണ്ട്, ഭക്ഷണ സാധനമാണെന്ന് തെറ്റിദ്ധരിച്ച് അതിവേഗത്തില്‍ അഗ്നിയില്‍ പ്രവേശിക്കുന്നു, മരണമടയുന്നു. ദുര്യോധനന്‍ തുടങ്ങിയ ഈ യോദ്ധാക്കളെല്ലാം അങ്ങയുടെ വായയ്ക്കുള്ളില്‍ പ്രവേശിക്കുന്നത് എന്തുദ്ദേശിച്ചാണെന്ന് അറിയില്ല.  പക്ഷേ, അങ്ങയുടെ പല്ലുകള്‍ക്കിടയില്‍ കുടുങ്ങി അരയ്ക്കപ്പെട്ട്, മരണം പ്രാപിക്കുകയാണ് ചെയ്യുന്നത്!
kanapram

No comments: