ഉദ്ധവരില്‍ നിന്നും ബ്രഹ്മജ്ഞാനം തനിക്കും ലഭിക്കുമെന്ന് വിദുരര്‍ പ്രതീക്ഷവച്ചതാണ്. അത് ലഭിക്കാത്തതില്‍ ദുഃഖംതോന്നിയെങ്കിലും മഹാനായ ഉദ്ധവരുടെ മറുപടിയില്‍ പ്രകടമായ അങ്ങേയറ്റത്തെ വിനയം വിദുരരില്‍ സന്തോഷമുളവാക്കി. എന്നിട്ടും വേര്‍പാടിലുള്ള ദുഃഖം താങ്ങാതാവുന്നില്ല. സുഖം പ്രതീക്ഷിച്ച് ദുഃഖം മാത്രം ലഭിച്ച അവസ്ഥയും അയവിറക്കിക്കൊണ്ടാണ് വിദുരര്‍ മൈത്രേയമഹര്‍ഷിയുടെ മുന്നിലെത്തിയത്.
ആചാര്യനായ മൈത്രേയ മഹര്‍ഷിയോടെ വിദുരര്‍ ആദ്യ ചോദ്യ മുന്നയിച്ചു.
'' സുഖായ കര്‍മാണി കരോതി ലോകോ
ന തൈഃസുഖം വാളന്യദുപാരമം വാ
വിന്ദേത ഭൂയസ്തത ഏവ ദുഃഖം
യദത്ര യുക്തം ഭഗവാന്‍ വദേന്നഃ''
ഹേ ഭഗവാന്‍, ലോകരെല്ലാം സുഖത്തിനുവേണ്ടിയാണ് ഓരോകര്‍മ്മം ചെയ്യുന്നത്. എന്നിട്ട് സുഖം ലഭിക്കുന്നില്ല എന്നുമാത്രമല്ല, ഏറെ ദുഃഖങ്ങള്‍ വേറെയുണ്ടാകുന്നു. എന്താണിങ്ങനെ? എന്താണിതിനു നിവൃത്തി.
ഭഗവാന്‍ മായാതീതനാണ്. പിന്നെ എന്തിനാണ് വിവിധ അവതാരങ്ങള്‍ കൈക്കൊണ്ട് കര്‍മങ്ങള്‍ ചെയ്യുന്നത്.
വിദുരരുടെ ചോദ്യങ്ങള്‍ സ്വാര്‍ത്ഥപരമല്ലെന്ന് മൈത്രേയമഹര്‍ഷിക്കു പെട്ടെന്നുതന്നെ മനസിലായി. അദ്ദേഹം പറഞ്ഞു.
'' സാധു പൃഷ്ടം ത്വയാ സാധോ ലോകാന്‍ സാധ്വനുഗൃഹ്ണതാ'' ഹേ, മഹാത്മാന്‍, താങ്കളുടെ ചോദ്യം ഒന്നാംതരം തന്നെ. അങ്ങ് സ്വാര്‍ത്ഥതയോടെയല്ല, ലോകാനുഗ്രഹത്തിനുവേണ്ടിയാണ് ചോദിച്ചതെന്നു വ്യക്തം. അതുകൊണ്ടുതന്നെ അനുമോദനാര്‍ഹമാണ്.
അങ്ങ് ഭഗവാന്‍ വേദവ്യാസന്റെ എന്റെ ഗുരുവിന്റെ പുത്രനാണല്ലോ. ആ ഗുണം കാണാതിരിക്കില്ലല്ലോ. ഈശ്വരനായ ശ്രീഹരിയെത്തന്നെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവനാണ്. അതിനാല്‍ ഏതൊരു പ്രവൃത്തിയും ലോകാനുഗ്രഹത്തിനുവേണ്ടിതന്നെയായിരിക്കും. പോരാത്തതിന് അങ്ങ് സാക്ഷാല്‍ ധര്‍മദേവന്റെതന്നെ അവതാരവും.
ഹേ മഹാത്മാവായ വിദുരരെ, അങ്ങു ഭഗവാന്‍ ശ്രീകൃഷ്ണനില്‍ ഏറെ പ്രീതിജനിപ്പിച്ചവനാണ്.
'' ഭഗവാന്‍ ഭഗവതോനിത്യം സമ്മതഃ സാനുഗസ്യച യസ്യജ്ഞാനോപദേശായ മാളദിശദ് ഭഗവാന്‍ പ്രജന്‍''
ഭഗവാന്‍ ശ്രീഹരിയില്‍ എന്നും സമ്മതനായിട്ടുള്ളവനാണ് അങ്ങ്. അങ്ങക്ക് പ്രത്യേകമായി ജ്ഞാനോപദേശം നല്‍കണമെന്ന് സാക്ഷാല്‍ ശ്രീഹരി എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു. ആ ഭഗവാന്റെ അനുഗ്രഹം അപാരംതന്നെ.
'' ഭഗവാനേവ ആസേദമഗ്ര ആത്മാത്മനാംവിഭു'' ആദിയില്‍ ഭഗവാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. സാക്ഷാല്‍ പരമാത്മാവായ പ്രഭുഃ ഇക്കാണായ പ്രപഞ്ചം മുഴുവന്‍ ഭഗവാനില്‍ തന്നെ ലയിക്കുന്നു. തുടക്കത്തിലും ഒടുക്കത്തിലും അതുമാത്രമേയുള്ളൂ. അപ്പോള്‍ ഇടക്കും ആ ഭഗവാന്‍മാത്രമെന്നു വ്യക്തം.
എന്നാല്‍ ആ പരമാത്മാവിന്റെ മായാവിലാസത്തില്‍ ഏകനായ ആ ഈശ്വരന്‍തന്നെ അനേകനായി കാണപ്പെടുന്നു. കാലത്തിന്റെ വ്യതിയാനത്തില്‍ വിത്തുവളരുന്നതുപോലെ ഭഗവാന്റെ മായയില്‍ നിന്നും ഈ പ്രപഞ്ചമുണ്ടാകുന്നു. കാലവ്യതിയാനത്തില്‍ അവനശിക്കുകയും ചെയ്യുന്നു. പരമപുരുഷന് മായാബന്ധത്താല്‍ സത്വം, രജസ്, തമസ് എന്നീ ഗുണങ്ങളുടെ പ്രകൃതിക്കനുസരിച്ച് കാലശക്തി വികസിക്കുകയാണുണ്ടായത്. സൃഷ്ടിയുടെ മാഹാത്മ്യത്തെ മറയ്ക്കുന്ന മഹത്തത്വം തന്നെബുദ്ധിക്കും നിദാനമായി. അറിവാണ് ഈ തത്വത്തിന്റെ സ്വരൂപം.ഈ മഹത്തത്വത്തിന് അഹങ്കാരം ജനിച്ചുവളര്‍ന്നപ്പോള്‍ സൃഷ്ടിയുടെ മായപ്രകടമായി. കാണുന്ന ആള്‍ ഞാന്‍ എന്നതോന്നലുണ്ടായി. ഇങ്ങിനെ ആലോകനം ചെയ്തങ്ങള്‍ ഞാന്‍ ആയി വര്‍ത്തിച്ചു കൊണ്ടുതന്നെ ആലോകനത്താല്‍ ലോകമുണ്ടായി.
No comments:
Post a Comment