ഒരു കഥയുണ്ട്. ഒരു വൃദ്ധന്‍ കഷ്ടപ്പെട്ട് വഴിയോരത്ത് വൃക്ഷത്തൈകള്‍ നടുകയായിരുന്നു. അയാളുടെ അദ്ധ്വാനം കണ്ട് മറ്റൊരാള്‍ ചോദിച്ചു.
'ഹേ, കാരണവരേ, എന്തിനാണ് താങ്കള്‍ ഇത്ര കഷ്ടപ്പെടുന്നത്?'.
വൃദ്ധന്‍ മറുപടി പറഞ്ഞു. 'ഈ വൃക്ഷങ്ങള്‍ വലുതാകുമ്പോള്‍ തണലും ധാരാളം ഫലങ്ങളും തരും.'
ചോദ്യകര്‍ത്തവ് സംശയം പ്രകടിപ്പിച്ചു. 'ഇവ തരുന്ന ഫലങ്ങള്‍ താങ്കള്‍ക്ക് കഴിക്കാനാകുമോ?
വൃദ്ധന്‍ പറഞ്ഞു. ഞാന്‍ കഴിക്കുന്നത് ഞാന്‍ നട്ട വൃക്ഷത്തിന്റെ കനികളല്ല. അതുപോലെ ഞാനിന്നു നടുന്നത് വരും തലമുറകള്‍ക്ക് കഴിക്കാനാകുമല്ലോ?
നോക്കൂ, എത്ര ഉത്കൃഷ്ടമായ ചിന്താഗതിയാണ്? ഇന്നു നമ്മള്‍ അനുഭവിക്കുന്ന ഭൂരിഭാഗം സുഖങ്ങളും, സംവിധാനങ്ങളും, സൗകര്യങ്ങളും പഴയ തലമുറകളുടെ, മഹാ വ്യക്തികളുടെ നിസ്വാര്‍ത്ഥ അദ്ധ്വാനത്തിന്റേയും സേവനത്തിന്റേയും ത്യാഗത്തിന്റേയും ഫലങ്ങളല്ലേ? പരോപകാരം/പരസേവനം നന്മയുടെ ഉറവിടമായ ഒരു കലയാണ്.
മാതാപിതാക്കള്‍ മക്കളുടെ ഉയര്‍ച്ചയും നന്മയും ആഗ്രഹിക്കുകയും അവര്‍ക്കുവേണ്ടി സഹായങ്ങളും സുഖ സൗകര്യങ്ങളും ഒരുക്കാനുള്ള ധനം സമ്പാദിച്ചുകൂട്ടാനും, തദ്വാരാ മക്കളുടെ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കാനും ശ്രമിക്കുന്നു. ഉത്തമരായ നേതാക്കള്‍ അണികളെ/സമൂഹത്തെ ഉദ്ധരിക്കുവാന്‍ നിരന്തരം പരിശ്രമിക്കുന്നു. അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ഉയര്‍ന്ന ശ്രേണിയിലെത്തിക്കാന്‍ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നു. പക്ഷേ കുടുംബങ്ങളിലും, കലാലയങ്ങളിലും, സമൂഹത്തിലും പലതരം മൂല്യച്യുതികള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നു. ബന്ധങ്ങളിലും, സംസ്‌കാരങ്ങളിലും, സത്യസന്ധത, നന്മ, മംഗളചിന്തനം എന്നിവ കുറയുന്നു. ആഗ്രഹമുണ്ടെങ്കിലും, പ്രയത്‌നിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് പരമംഗളം അപ്രാപ്യമായി തുടരുന്നത്?. കാരണം ഇതാണ് ഈ ആഗ്രഹങ്ങളിലും പ്രയത്‌നങ്ങളിലും എല്ലാം ശക്തി, ഉയര്‍ന്ന സംസ്‌കാരം, നിസ്വാര്‍ത്ഥത, സേവാഭാവം, മുതലായവയില്‍ കുറവുണ്ട്, അതായത് ഈ കലയില്‍ വേണ്ടത്ര നൈപുണ്യം ഇല്ല.
ഋഷിവര്യന്മാരും, ക്രിസ്തുവും, ബുദ്ധനും മറ്റു ധര്‍മ്മസ്ഥാപകരും അവരവരുടെ ദൃഷ്ടികോണില്‍ കൂടിയുള്ള നല്ല കാര്യങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചിറങ്ങുകയും ചെയ്യുകയും ചെയ്തു. പക്ഷേ ചരിത്രം പറയുന്നുണ്ട് അവര്‍ക്ക് അതിനുവേണ്ടി വളരെയധികം സഹിക്കേണ്ടി വന്നു. ജനങ്ങളുടെ നന്മയ്ക്കായി ഇറങ്ങിപുറപ്പെട്ട അവര്‍ക്ക്, പലപ്പോഴും ജനങ്ങളുടെ തന്നെ വിരോധം അഭിമുഖീകരിക്കേണ്ടതായും വന്നു. പക്ഷേ അവര്‍ അതു കാര്യമായി എടുത്തതേയില്ല. അതുകൊണ്ടാണ് അവരെ മഹാന്മാരെന്നു വിളിക്കുന്നത്. പക്ഷേ പരമംഗളകാരികളായ അവര്‍ ഇത്രയൊക്കെ ചെയ്തിട്ടും ഇന്നും കാണുന്നത്, ലോകര്‍ ദുഃഖത്തിലും അശാന്തിയിലും മുങ്ങി കിടക്കുന്നതാണ്. കാരണം പരമംഗളം/പരോപകാര സേവനം.
സേവന കല സേവാഭാവത്തിനേക്കാള്‍ ഉയര്‍ന്നതാണ്. കാരണം, കല എന്നത് കാര്യകുശലതയുടെ, വിദ്യാ നൈപുണ്യത്തിന്റെ, ഗുണസമ്പന്നതയുടെ, വൈശിഷ്ട്യത്തിന്റെ, സൂചകമാണ്. ആരുടെ മനഃസ്ഥിതിയാണോ ഉയര്‍ന്നത്, ആരാണോ നിരന്തരം സ്വയം ഉദ്ധരിക്കുന്നത്, ആരിലാണോ പരിതസ്ഥിതികളെ അഭിമുഖീകരിക്കാനുള്ള സാമര്‍ത്ഥ്യമുള്ളത്, ദൃഢനിശ്ചയവും, ധൈര്യവും, തളരാത്ത കാര്യശേഷിയും ഉള്ളത്, ഉദാരത, നമ്രത, ത്യാഗമനോഭാവം, ആദര്‍ശാധിഷ്ഠിത ജീവിതം എന്നിവയുള്ളത് അവര്‍ക്കു മാത്രമേ പരമംഗളകാരിയാവാന്‍ കഴിയുകയുള്ളൂ. ഏതൊരു നല്ല കാര്യം ചെയ്യുന്നതിനും വളരെയധികം പരീക്ഷകള്‍ തരണം ചെയ്യേണ്ടിവരുന്നു. ഏതെല്ലാം കഠിനമായ കാര്യങ്ങള്‍ മുമ്പില്‍ വരുന്നുവോ, അതിന്റെ എല്ലാം നിവാരണം കണ്ടെത്തേണ്ടിവരുന്നു, നിന്ദ കേള്‍ക്കേണ്ടി വരുന്നു. അതിനാല്‍ സര്‍വ്വ പരിസ്ഥിതികളിലും സര്‍വ്വരുടെയും നന്മ ചിന്തിക്കുക മാത്രമല്ല അവരുടെ മംഗളത്തിനുവേണ്ടി ഉചിതമായത് ചെയ്യുക, തന്റെ ശരീരം മനസ്സ്, ധനം ഇവ വിനിയോഗിക്കുക, ത്യാഗം, നമ്രത, സഹനശീലത, നിസ്വാര്‍ത്ഥഭാവം, ശുഭചിന്തനം എന്നീ ഗുണങ്ങള്‍ സാക്ഷാത്കരിച്ച്, ലക്ഷ്യംവരെ കൊണ്ടുപോകുക എന്നത് ഒരു കലതന്നെയാണ്.
മറ്റുള്ളവരുടെ ശുഭ ചിന്തകനാകണം, സദാ എല്ലാവരുടേയും നന്മ ആഗ്രഹിക്കണം, വിശ്വത്തിന് മംഗളം ഹേതുവാകണം എന്നത് പരോപകാര സേവന കല സ്വായത്തമാക്കുന്നവരുടെ ചിന്താധാരയുടെ ഊടും പാവുമാണ്. അപകാരം ചെയ്യുന്നവരോടും ഉപകാരം ചെയ്യുക, നിന്ദ ചെയ്യുന്നവരേയും മിത്രമായി കാണുക, നിരന്തരം പര സേവനം ചെയ്യുക എന്ന ലക്ഷ്യത്തിലാകയാല്‍ അവര്‍ ആത്മോന്നതിയില്‍ ശ്രദ്ധവെയ്ക്കും. സ്വയം തെറ്റുകള്‍ തിരുത്തിക്കൊണ്ടിരിക്കും. പിന്നെ അഥവാ ഏതെങ്കിലും തെറ്റു സംഭവിച്ചാല്‍ തുറന്ന മനസ്സോടെ അംഗീകരിക്കും. എന്തെന്നാല്‍ മറ്റുള്ളവര്‍ തെറ്റിനെ ഗുണം എന്ന് ധരിച്ച് അത് അനുകരിക്കാന്‍ പാടില്ലല്ലോ.
പക്ഷേ ഈ ഗുണങ്ങളും സവിശേഷതകളും കുശലതയും നൈപുണ്യവുമെല്ലാം തന്നെ മനുഷ്യന് യോഗത്തില്‍ കൂടി മാത്രമേ ലഭിക്കുകയുള്ളൂ. യോഗത്തില്‍ നമ്മള്‍ ഏറ്റവും വലിയ പരോപകാരിയായ ഈശ്വരനുമായി അടുത്ത ബന്ധം ഉണ്ടാക്കുന്നു. ആരോടൊപ്പമാണോ സംസര്‍ഗ്ഗം അതിനനുസരിച്ച മനോഭാവം നമ്മളില്‍ വന്നുചേരുമെന്നത് ഒരു സത്യമാണ്. അങ്ങനെയെങ്കില്‍ സര്‍വ്വഗുണങ്ങളുടെയും ഇരിപ്പിടവും സര്‍വശക്തനും സര്‍വര്‍ക്കും സദാ മംഗളം ചെയ്യുന്നവനുമായ സദാശിവനുമായി ആ പരമ ജ്യോതിസുമായി ആത്മബന്ധം നേടിയെടുത്താല്‍ പിന്നെ ഈശ്വരീയമായ നന്മകള്‍ നമ്മളിലൂടെ ഒഴുകുകയായി. അപ്പോള്‍ നമ്മള്‍ നിസ്വാര്‍ത്ഥതയുള്ള പരോപകാരിയായി മാറുന്നത് കാണാം. എപ്പോഴാണോ ഒരു വ്യക്തി ഇത്തരത്തില്‍ യോഗീജീവിതം നയിക്കുന്നത് അപ്പൊഴെ മനസ്സില്‍ മറ്റുള്ളവരുടെ മംഗളം ചെയ്യുന്നതിനുള്ള താല്‍പര്യം ജനിക്കൂ, അതിനുവേണ്ടി തക്കതായ ഉപായങ്ങളും തോന്നുകയുള്ളൂ. സാമര്‍ത്ഥ്യവും, സഫലതയും ലഭിക്കുകയുള്ളൂ. അങ്ങനെയുള്ളവര്‍ക്ക് എന്തെങ്കിലും ആരില്‍ നിന്നെങ്കിലും നേടുന്നതിനേക്കാള്‍ സന്തോഷം എന്തെങ്കിലും ആര്‍ക്കെങ്കിലും വേണ്ടി ചെയ്യുമ്പോയിരിക്കും ലഭിക്കുക.
No comments:
Post a Comment