Tuesday, January 02, 2018

*ആര്‍ത്തവദിനങ്ങളില്‍ ക്ഷേത്രദര്‍ശനം അനുവദിച്ചുകൂടാ എന്തുകൊണ്ട്?…*
**
*എന്തുകൊണ്ട് ആര്‍ത്തവദിനങ്ങളില്‍ ക്ഷേത്രദര്‍ശനം അനുവദിച്ചുകൂടാ എന്ന സംശയത്തിന് ഉത്തരം ആഗ്രഹിക്കുന്നവര്‍ ആദ്യം ക്ഷേത്രം എന്താണെന്നും ക്ഷേത്രദര്‍ശനത്തിന്‍റെ ലക്ഷ്യമെന്താണെന്നും മനസ്സിലാക്കണം.*
*ക്ഷേത്രങ്ങള്‍ മറ്റുമതസ്ഥരുടെ ആരാധനാലയങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ്.*
*ക്ഷേത്ര മതില്‍കെട്ടു മുതല്‍ ദേവതാവിഗ്രഹം വരെ എല്ലാം മനുഷ്യശരീരത്തിലെ വ്യത്യസ്ഥ തലങ്ങളെ പ്രതിനിധാനം ചെയ്യുന്നു.*
*ക്ഷേത്രദര്‍ശനത്തിന്‍റെ പ്രധാനലക്ഷ്യം ഈശ്വരചൈതന്യത്തെ ഭക്തനില്‍ ശാരീരികമായും മാനസികമായും സന്നിവേശിപ്പിക്കലാണ്.*
*പഞ്ചശുദ്ധിയോടെ വേണം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍.* *പൂജാദികള്‍കൊണ്ട് ചൈതന്യവത്താക്കപ്പെട്ട പ്രതിഷ്ഠയ്ക്ക് മുന്നില്‍ തൊഴുകൈകളോടെ നില്‍ക്കുമ്പോള്‍ ദേവചൈതന്യം നമ്മില്‍ നിറയുകയും തന്‍റെ ഉള്ളില്‍ പ്രകാശിക്കുന്നത് ഇതേ ചൈതന്യമാണെന്ന തിരിച്ചറിവുണ്ടാവുകയും വേണം.* *ദേവചൈതന്യത്തിന്‍റെ സുഗമമായ സ്വീകരണത്തിന് തടസ്സമായിട്ടുള്ളതെല്ലാം വര്‍ജ്ജ്യമാണ്.* *വിസര്‍ജ്ജ്യങ്ങള്‍, മദ്യം, പുകയില, വൃത്തിഹീനമായ വസ്ത്രങ്ങള്‍ മുതലായവ പരിപാവനമെന്ന് കരുതുന്ന ഏതൊരിടത്തും ഒഴിവാക്കുകയെന്നത് സാമാന്യയുക്തി മാത്രമാണല്ലോ.*
*എന്താണ് ആര്‍ത്തവമെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. ഗര്‍ഭധാരണം നടക്കാത്ത അവസ്ഥയില്‍ നശിച്ചില്ലാതാകുന്ന അണ്ഡവും, ഗര്‍ഭാശയാന്തര കലകളും, രക്തസ്രാവത്തോടൊപ്പം പുറത്തുപോകുന്ന അവസ്ഥയാണിത്.*
*പുതുജീവന്‍ ഉടലെടുക്കുകയാണെങ്കില്‍ അതിനുവേണ്ട സംരക്ഷണം കൊടുക്കാന്‍ പ്രകൃതിയൊരുക്കിയ രക്തമാണ് ഇങ്ങനെ പുറന്തള്ളപ്പെടുന്നത്. നമ്മളോരോരുത്തരുടേയും ജീവനെ ആദ്യം നിലനിര്‍ത്തിയത് ആരക്തമാണെന്നതിനാല്‍ പരിപാവനമാണത്.* *രജസ്വലയായ സ്ത്രീയെ ഹിന്ദുമതം അശുദ്ധയായി കണക്കാക്കുന്നു എന്നത് തെറ്റിദ്ധാരണമാത്രമാണ്.*
*‘രജസാ ശുദ്ധ്യതേ നാരീ’ എന്നാണ് ഋഷിവചനം.*
*എന്നാല്‍ ഏതൊന്നിനും സ്ഥാനഭ്രഷ്ടം സംഭവിച്ചാല്‍ മഹത്വം ഇല്ലാതാകുന്നതുപോലെ (ഉദാഹരണത്തിന് തലയിലിരിക്കുന്ന മുടി ഭക്ഷണത്തില്‍ വീണാലുണ്ടാകുന്ന അവസ്ഥ പോലെ) രക്തവും (ആര്‍ത്തവ രക്തം മാത്രമല്ല) ശരീരത്തിന് പുറത്തുവന്നാല്‍ അത് വിസര്‍ജ്ജ്യം മാത്രമാണ്.*
*മറ്റു വിസര്‍ജ്ജ്യങ്ങള്‍ ഇച്ഛാനുസരണം നിയന്ത്രിയ്ക്കാമെന്നിരിക്കെ ആര്‍ത്തവരക്തം അനസ്യൂതം ഒഴുകിക്കൊണ്ടിരിക്കുന്നുവെന്നതും അതിന്‍റെയൊരു പ്രത്യേകതയാണ്.*
*സ്ത്രീയുടെ ആര്‍ത്തവചക്രത്തിന് ചന്ദ്രമാസവുമായി ബന്ധമുണ്ടെന്നും അവളുടെ ശാരീരിക ഊര്‍ജ്ജനില ചന്ദ്രന്‍റെ വളര്‍ച്ചയും തളര്‍ച്ചയും പോലെ ഈ ചക്രത്തില്‍ മാറിക്കൊണ്ടേയിരിക്കുന്നു എന്ന് ആചാര്യന്മാര്‍ പറഞ്ഞതിനെ അന്ധവിശ്വാസമെന്ന് പലരും എഴുതിത്തള്ളും.*
*എന്നാല്‍ ഈ തത്ത്വത്തെ അടിസ്ഥാനമാക്കിയാണ് സായിപ്പിന്‍റെ നാട്ടില്‍ ആര്‍ത്തവക്രമക്കേടുള്ളവര്‍ക്ക് ലൈറ്റ് തെറാപ്പി നടത്തുന്നതെന്നറിയുമ്പോള്‍ ചിലരെങ്കിലു മറിച്ച് ചിന്തിച്ചേക്കാം.*
*ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകളുടെ ശാരീരക ഊര്‍ജ്ജനില ഉച്ചസ്ഥായിയിലെത്തുകയും ശരീരം സ്വമേധയാ വിസര്‍ജ്ജ്യത്തെ പുറംതള്ളുകയും ചെയ്യുമത്രേ.*
*ഈ ദിനങ്ങളില്‍ ശരീരോഷ്മാവ് കൂടുന്നു.*
*ഒരുപക്ഷെ ഊര്‍ജ്ജദായകമായ ക്ഷേത്രദര്‍ശനങ്ങളും മന്ത്രോച്ചാരണങ്ങളും പ്രകൃതിയുടെ ഈ സ്വാഭാവിക പ്രക്രിയയ്ക്ക് വിരുദ്ധമാകുമെന്നതിനാലാവകാം രജസ്വലയായ ദിനങ്ങളില്‍ ക്ഷേത്രദര്‍ശനം ഒഴിവാക്കുന്നതാണ് അഭികാമ്യമെന്ന് ശാസ്ത്രജ്ഞന്മാര്‍കൂടിയായിരുന്ന നമ്മുടെ ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ചത്.*
*രജസ്വലയായ ദിനങ്ങളില്‍ തുളസി, കറിവേപ്പ് തുടങ്ങിയ ചെടികളെ സ്പര്‍ശിച്ചാല്‍ ആ ചെടി വാടുന്നതായും കാണുന്നു.* *ഇത് ഈ ദിനങ്ങളിലെ സ്ത്രീകളുടെ ശരീരോഷ്മാവ് പ്രകൃതിയേയും ചുറ്റുപാടുകളേയും ബാധിക്കുന്നുണ്ട് എന്നതിനൊരു ചെറിയ ഉദാഹരണം മാത്രമാണ്. ഇതുകൊണ്ടാണ് ഈ ദിനങ്ങളില്‍ നാലാള് കൂടുന്ന ചടങ്ങുകളിലും, തുളസിത്തറയിലും, കാവിലുമൊന്നും പോകരുതെന്ന് സ്ത്രീകളോട് ആവശ്യപ്പെടുന്നത്.*
*യഥാര്‍ത്ഥത്തില്‍ ഇത് സ്ത്രീനിഷേധമല്ല.*
*മറിച്ച് കാരുണ്യവതികളായ സ്ത്രീകളുടെ പ്രകൃതിയോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയും ത്യാഗവുമാണിത്.*
*പണ്ടുകാലത്ത് മാസത്തിലൊരുദിവസമൊഴിവില്ലാതെ കഠിനാദ്ധ്വാനം ചെയ്തിരുന്ന സ്ത്രീകള്‍ക്ക് മൂന്നു-നാലു ദിവസത്തെ വിശ്രമവും ആവശ്യമായിരുന്നു.*
*ആര്‍ത്തവ ദിനങ്ങളിലെ ശാരീരിക മാനസീക അസ്വസ്ഥതകളില്‍ തനിച്ചിരിയ്ക്കാന്‍ താത്പര്യമുള്ളതായി ഇക്കാലത്തും പലരും പറഞ്ഞുകേള്‍ക്കാറുണ്ട്. ആധുനിക വനിതയ്ക്ക് കഠിനമായ ശാരീരിക അദ്ധ്വാനം പതിവില്ല. എന്ത് ജോലിചെയ്യാനും മെഷിനുകള്‍ വന്നുകഴിഞ്ഞു.*
*അതു കൊണ്ടു തന്നെ ആര്‍ത്തവ ദിനങ്ങളില്‍ വിശ്രമം വേണോ എന്നത് അവരവരുടെ വ്യക്തി താത്പര്യങ്ങള്‍ക്കനുസരിച്ചാവാം.*
*രജസ്വലയായിരിക്കുന്ന ദിനങ്ങളിലും സ്ത്രീകള്‍ക്ക് കറങ്ങി നടക്കാമെന്നും, ഹൈജമ്പ് ചാടാമെന്നുമൊക്കെ ആധുനിക ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ കണ്ടുശീലിച്ച നമ്മള്‍ ഈ സ്ത്രീകള്‍ സമൂഹത്തില്‍ നിന്ന് മാറിനിന്ന് വിശ്രമം സ്വീകരിക്കുന്നത് ദുരാചാരങ്ങളാണെന്നും വാദിക്കുമ്പോഴും, ഇതൊക്കെ ആചാരമായി അനുഷ്ഠിച്ചിരുന്ന സ്ത്രീകളില്‍ എത്ര ശതമാനം പേര്‍ നടുവേദന, യൂട്രസ് ക്യാന്‍സര്‍, മുഴകള്‍, ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടിവരിക തുടങ്ങിയ രോഗങ്ങള്‍ നേരിട്ടിരുന്നു എന്ന് വിലയിരുത്തുന്നത് നന്നായിരിക്കും.*
*വ്യക്തിപരമായ കാര്യങ്ങളില്‍ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ സമൂഹത്തിന്‍റെ വിശ്വാസങ്ങളെ മാനിക്കാനും സ്ത്രീകള്‍ക്ക് ബാധ്യതയുണ്ട്.*
*ക്ഷേത്ര സങ്കല്പത്തിലും ഈശ്വരചൈതന്യത്തിലും അറിഞ്ഞോ അറിവില്ലെങ്കില്‍ത്തന്നെയോ വിശ്വസിക്കുന്നവരാണ് സാധാരണ ക്ഷേത്രദര്‍ശനം നടത്തുക പതിവ്. ക്ഷേത്രം ഭക്തര്‍ക്കുള്ളതാണ്. ക്ഷേത്ര ഉപാസകര്‍ അവിടുത്തെ ആചാരങ്ങളിലും വിശ്വാസമുള്ളവരായിരിക്കും. അതിന്‍റെ ശാസ്ത്രീയത ബോധ്യപ്പെടുന്നില്ലെങ്കില്‍ അവിടെ നിന്നും വിട്ടുനില്ക്കുന്നതാണ് മാന്യത.*
*ആചാരത്തെ ശാസ്ത്രത്തിന് വിശദീകരിക്കാനാകാത്തത് ആചാരത്തിന്‍റെ തെറ്റാകണമെന്നില്ല, മറിച്ച് അത് ശാസ്ത്രത്തിന്‍റെ പരിമിതിയുമാകാം. തെറ്റാണെന്ന് തെളിയിക്കപ്പെടാനാകാത്ത ഒന്ന് ശരിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.*

No comments: