Tuesday, January 02, 2018

അനുഭവമാകാത്തതുകൊണ്ട് ബ്രഹ്മമില്ലെന്ന് വാദിക്കുന്നവരുടെ സംശയത്തെ തീര്‍ക്കുന്നു.
നൈവ വാചാ ന മനസാ പ്രാപ്തും ശക്യോ ന ചക്ഷുഷ,
അസ്തീതി ബ്രുവതോളന്യത്രകഥം തദുപലഭ്യതേ
ആത്മാവിനെ വാക്കുകൊണ്ടോ മനസ്സുകൊണ്ടോ കണ്ണുകൊണ്ടോ പ്രാപിക്കാന്‍ കഴിയില്ല. ഉണ്ട് എന്ന് പറയുന്നവനൊഴിച്ച് വേറെ ആര്‍ക്ക് ബ്രഹ്മത്തെ അറിയാന്‍ കഴിയും?
മുന്നില്‍ കാണുന്നതിനെ മാത്രം വിശ്വസിക്കുന്നവര്‍ക്ക് ബ്രഹ്മത്തെ അറിയാനാവില്ല. ശ്രുതി, യുക്തി, അനുഭൂതി എന്നീ പ്രമാണങ്ങളനുസരിച്ച് ബ്രഹ്മം ഉണ്ട് എന്നുറപ്പാക്കി സാധനകള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് ബ്രഹ്മസാക്ഷാത്കാരം നേടാം. ഇന്ദ്രിയങ്ങളെ കൊണ്ടറിയാവുന്ന ഈ ലോകത്തിന് കാരണമായ സത്തയുണ്ടെന്ന് യുക്തികൊണ്ട് അറിയണം. വേദശാസ്ത്രങ്ങള്‍ കൊണ്ട് ഇതിനെ ഉറപ്പിക്കണം. ആചാര്യന്മാരില്‍ നിന്ന് വേണ്ടപോലെ കേള്‍ക്കണം, അനുഭവമാക്കണം. ശാസ്ത്ര, ആചാര്യ വചനങ്ങളില്‍ വിശ്വസിക്കാതെയിരിക്കുന്ന നാസ്തികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബ്രഹ്മസാക്ഷാത്കാരം ഉണ്ടാകില്ല.
ബ്രഹ്മത്തെ അറിഞ്ഞവരും അനുഭവമായവരുമാണ് ബ്രഹ്മം ഉണ്ട് എന്നു പറയുന്നത്. ശാസ്ത്രങ്ങളും അങ്ങനെ തന്നെ ഉദ്‌ഘോഷിക്കുന്നു. ഇതിനെയൊക്കെ തള്ളിക്കളയുന്നവര്‍ക്ക് ഒരിക്കലും ആത്മതത്ത്വത്തെ അറിയാന്‍ കഴിയില്ല. അസ്തിത്വത്തെ അറിയാന്‍ കഴിയുന്ന പ്രജ്ഞയ്ക്കല്ലാതെ മറ്റൊന്നിനും ആത്മഭാവത്തെ അറിയാനോ അനുഭവിക്കാനോ സാധിക്കില്ല.
അസ്തീത്യേ വോപലബ്ധവ്യസ്തത്ത്വഭാവേന ചോഭയോഃ
അസ്തീത്യേവോപലബ്ധസ്യ തത്ത്വഭാവഃ പ്രസീദതി
ആത്മാവുണ്ട്, എനിക്കറിയാന്‍ കഴിയും എന്ന ഉറച്ച വിശ്വാസംകൊണ്ട് അറിയപ്പെടേണ്ടതാണ് ആത്മതത്വം. പിന്നെ തത്വഭാവം കൊണ്ടും അറിയണം. ഈ രണ്ടുതരത്തിലും അറിയുന്നയാള്‍ക്ക് ആത്മതത്ത്വബോധം തെളിഞ്ഞ് വിളങ്ങും. ബുദ്ധി തുടങ്ങിയ ഉപാധികളോടുകൂടിയ ആത്മാവ് ഉണ്ട് എന്ന് ആദ്യം വിശ്വസിക്കണം. ഉപാധികളൊന്നുമില്ലാതെ ആത്മതത്വത്തെ അറിയണം. സോപാധികമായ ഭാവത്തില്‍ വിശ്വസിക്കുന്നയാള്‍ക്ക് പിന്നീട് നിരുപാധികമായ ആത്മാവിന്റെ യഥാര്‍ത്ഥ സ്വരൂപം വ്യക്തമായിത്തീരും. അതുകൊണ്ട് ആദ്യമായി ആത്മാവുണ്ട് എന്ന് ഉറച്ച് വിശ്വസിക്കൂ. പിന്നെ ആത്മസാക്ഷാത്കാരം എളുപ്പമാകും.
സഗുണോപാസനയില്‍ നിന്ന് നിര്‍ഗുണോപാസനയിലേക്ക് എത്താനുള്ള ഉപനിഷത്തിന്റെ നിര്‍ദ്ദേശമായി ഈ മന്ത്രത്തെ കരുതണമെന്ന് ആചാര്യന്മാര്‍ പറയുന്നു. നിര്‍ഗുണ നിരാകാര ബ്രഹ്മത്തെ ജ്ഞാനമാര്‍ഗം വഴി ഉപനിഷത്തുകള്‍ കാട്ടിത്തരുന്നത് എങ്കിലും സഗുണോപാസനയെ നിഷേധിക്കുന്നില്ല എന്ന് ഇവിടെ കാണാം. സഗുണ സാകാരോപാസനയില്‍ കൂടി മനസ്സിന് ഏകാഗ്രത നേടിയാല്‍ ആത്മതത്വം അറിയല്‍ എളുപ്പമാകും. സാധാരണക്കാരായ ആളുകള്‍ക്ക് ഇതാണ് സ്വീകരിക്കാനും അനുഷ്ഠിക്കാനും പറ്റിയ മാര്‍ഗ്ഗം. ഒരിക്കല്‍ അനുഭവിച്ചാല്‍ എപ്പോഴും അത് പ്രകാശിച്ചുകൊണ്ടേയിരിക്കും.കാമനാ നാശമുണ്ടാകേണ്ടതിനെ പറയുന്നു
യദാ സര്‍വ്വേപ്രമുച്യന്തേ
കാമാ യേളസ്യ ഹൃദി ശ്രീതാഃ
അഥ മര്‍ത്ത്യേളമൃുതോ ഭവ-
ത്യത്ര ബ്രഹ്മ സമശ്‌നുതേ
മോക്ഷത്തെ കരുതുന്നയാളുടെ ബുദ്ധിയിലെ കാമനകളെല്ലാം നശിക്കുമ്പോള്‍ അയാള്‍ മര്‍ത്ത്യനില്‍ അമൃതത്വത്തിലേക്ക് എത്തുന്നു. ജീവിച്ചിരിക്കുമ്പോള്‍ ഇവിടെ വച്ചു തന്നെ ബ്രഹ്മാനുഭൂതി നേടുന്നു.
കാമനകള്‍ അഥവാ ആഗ്രഹങ്ങളാണ് ആദ്ധ്യാത്മിക പാതയില്‍ സഞ്ചരിക്കുന്നവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രധാന തടസ്സം. ഇവ കര്‍മ്മം ചെയ്യാന്‍ നമ്മെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. ഇങ്ങനെ കര്‍മ്മബന്ധനത്തില്‍ കുടുങ്ങുന്നതുതന്നെ നമ്മുടെ മരണം. കാമനകള്‍ ഒടുങ്ങിയാല്‍ മരണമില്ലാതായിത്തീരും എന്നുപറയുന്നത് ഇതുകൊണ്ടാണ്. എല്ലാവരേയും ഈ ലോകത്ത് തളച്ചിട്ടിരിക്കുന്നത് ആഗ്രഹങ്ങളാണ്. അവയെ മറികടക്കാനാവണം ഒരു സാധകന്. എങ്കില്‍ മാത്രമേ ഈ ലോകത്ത് വച്ചുതന്നെ ആത്മാസാക്ഷാത്കാരത്തെ നേടിയെടുക്കാനാവൂ. ഓരോ ആളും സംസാരബന്ധനം വിട്ട് ഇപ്രകാരം ജീവന്മുക്തരാകട്ടെ എന്നാണ് ഉപനിഷത്ത് ആശംസിക്കുന്നത്.


ജന്മഭൂമി: http://www.janmabhumidaily.com/news761962#ixzz534aCXrGX

No comments: