Saturday, January 06, 2018

അടങ്ങാത്ത വിജ്ഞാനദാഹവുമായി തന്റെ മുന്നിലെത്തിയ ശിഷ്യരോട് പിപ്പലാദമുനി സംസാരിക്കുന്നു.
താന്‍ ഹ സ ഋഷിരൂവാച- ഭൂയ ഏവ
തപസാ ബ്രഹ്മചര്യേണ ശ്രദ്ധയാ സംവത്‌സരം
സംവത്‌സ്യഥ, യഥാ കാമം പ്രശ്‌നാന്‍ പൃച്ഛത, യദി
വിജ്ഞാസ്യാമഃ സര്‍വം ഹവോ വക്ഷ്യാമ ഇതി
ബ്രഹ്മത്തെ അറിയണമെന്ന് അതിയായ ആഗ്രഹത്തോടെ തന്നെ സമീപിച്ച ആറ് ശിഷ്യന്മാരോട് പിപ്പലാദമുനി പറഞ്ഞു. നിങ്ങള്‍ വീണ്ടും ഒരു കൊല്ലംകൂടി തപസ്സോടും ബ്രഹ്മചര്യത്തോടും ശ്രദ്ധയോടുംകൂടി വസിക്കണം. അതിനുശേഷം അറിയേണ്ടവയെപ്പറ്റി വേണ്ടതുപോലെ ചോദിക്കാം. എനിക്ക് അറിയാമെങ്കില്‍ എല്ലാം പറഞ്ഞുതരാം എന്ന് അദ്ദേഹം പറഞ്ഞു.
ആത്മജ്ഞാനം നേടാന്‍ വേണ്ട സാധനകളെയാണ് ഇവിടെ പറയുന്നത്. നമ്മുടെ അകവും പുറവും ശുദ്ധമാകാന്‍ നല്ല തപസ്സും ബ്രഹ്മചര്യവും വേണം. ശാരീരികവും മാനസികവും വാചികവുമായ നിയന്ത്രിത ജീവിതമാണ് തപസ്സ്. ഇന്ദ്രിയ നിയന്ത്രണം വളരെ അത്യാവശ്യം. മനസ്സും ബുദ്ധിയും ബ്രഹ്മത്തില്‍ ചരിക്കുന്നത് ബ്രഹ്മചര്യം. വിഷയങ്ങളില്‍ നിന്ന് മനസ്സിനെ പിന്‍വലിച്ച് ശ്രേഷ്ഠതയിലേക്ക് പോകണം. ഗുരുവിലും ശാസ്ത്രവാക്യങ്ങളിലുമുള്ള അടിയുറച്ച വിശ്വാസമാണ് ശ്രദ്ധ. തപസ്സും ബ്രഹ്മചര്യവും ഉണ്ടെങ്കിലേ ആചാര്യന്‍മാരെ സമീപിച്ച് വേണ്ടപോലെ ചോദ്യം ഉന്നയിക്കാന്‍ കഴിയൂ. അതിനുവേണ്ടിയാണ് ഒരുവര്‍ഷത്തെ തപസ്സ് നിര്‍ദ്ദേശിക്കുന്നത്.
ഗുരുശുശ്രൂഷ ചെയ്തു വേണം ആശ്രമത്തില്‍ വസിക്കാന്‍. അതിനുശേഷം വേണ്ട യോഗ്യത നേടി ഏതു കാര്യത്തിലാണോ സംശയം അത് ചോദിക്കാം. എനിക്കറിയാമെങ്കില്‍ പറഞ്ഞുതരാം എന്നത് ഗുരുവിന്റെ എളിമയാണ്. തനിക്കെല്ലാം അറിയാം എന്ന അഹങ്കാരം തൊട്ടുതീണ്ടിയിട്ടില്ല. അല്ലാതെ അറിയില്ലെന്നോ സംശയമുണ്ടെന്നോ ഉള്ള അര്‍ത്ഥത്തിലല്ല.
തപസ്സ് കഴിഞ്ഞു വന്ന ശിഷ്യന്‍മാര്‍ ചോദിക്കുന്ന ആദ്യത്തെ ചോദ്യം കബന്ധിയുടേതാണ്.
അഥ കബന്ധീ കാത്ത്യായന ഉപേത്യ പപ്രച്ഛ
ഭഗവാന്‍ കുതോ ഹവാ ഇമാഃ പ്രജാഃ പ്രജായന്ത ഇതി
ഒരു കൊല്ലത്തെ തപസിനുശേഷം കത്ത്യപുത്രനായ കബന്ധി ഗുരുവിനെ സമീപിച്ച് ചോദിച്ചു- ഭഗവാനേ ഈ ജീവജാലങ്ങളെല്ലാം എവിടെനിന്നാണ് ഉണ്ടാകുന്നത്?
വളരെ സൂക്ഷ്മമായ ആത്മതത്ത്വത്തെപ്പറ്റി പറയുന്നത് മനസ്സിലാക്കുവാന്‍ പ്രയാസമുണ്ടാകും എന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു ചോദ്യത്തിലൂടെ  ഉപനിഷത്ത് ആരംഭിക്കുന്നത്. സ്ഥൂലത്തില്‍നിന്നും സൂക്ഷ്മത്തിലേക്ക് മനസ്സിനേയും ബുദ്ധിയേയും ക്രമത്തില്‍ ഉയര്‍ത്തുകയാണിവിടെ. ലോകത്തെ സകല ജീവവൈവിധ്യങ്ങളെ കാണുമ്പോള്‍ ഏതൊരാള്‍ക്കും ഉണ്ടാകാവുന്ന ചോദ്യമാണിത്. അതുകൊണ്ട് ഇവിടെ നിന്ന് തുടങ്ങണം. വിരക്തിക്കായി അപരവിദ്യയും കര്‍മ്മവുംകൂടി അനുഷ്ഠിച്ചാല്‍ കിട്ടുന്ന ഫലം എന്താണെന്നറിയാനാണ് ഈ ചോദ്യമെന്ന് ആചാര്യസ്വാമികള്‍ ഭാഷ്യത്തില്‍ പറയുന്നു. മതിയായ വൈരാഗ്യം അഥവാ വിരക്തി വന്നയാള്‍ക്കു മാത്രമേ ബ്രഹ്മവിദ്യക്ക് അധികാരമുള്ളൂ ഈ ചോദ്യം അങ്ങനെയായതിനാല്‍ ഉചിതമാണെന്ന് അറിയണം.
പിപ്പലാദമുനിയുടെ മറുപടി-
തസ്‌മൈ സഹോവാച- പ്രജാകാമോ വൈ
പ്രജാപതിഃ സ തപോളതപ്യത, സതപസ്തത്വാ
സ മിഥുനമുത്പാദയതേ രയിം ചപ്രാണം
ചേത്യേതൗ മേ ബഹുധാ പ്രജാകരിഷ്യത ഇതി
ജീവികളുടെ (പ്രജകളുടെ) ഉല്‍പ്പത്തിയെക്കുറിച്ച് ചോദിച്ച കബന്ധിയോട് പിപ്പലാദമുനി പറഞ്ഞു- പ്രജാപതിയായ ബ്രഹ്മാവ് പ്രജകളെ സൃഷ്ടിക്കുവാനാഗ്രഹമുള്ളവനായി തപസ്സ് ചെയ്തു. തപശ്ശക്തിയാല്‍ രയി, പ്രാണന്‍ എന്ന മിഥുനത്തെ ഉണ്ടാക്കി. ഇവ രണ്ടും ചേര്‍ന്ന് പലതരത്തില്‍ പ്രജകളെ ഉണ്ടാക്കുമെന്ന് കരുതി.
പ്രജാപതി, ഹിരണ്യഗര്‍ഭന്‍, ബ്രഹ്മാവ് തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെടുന്ന സൃഷ്ടികര്‍ത്താവ് സൃഷ്ടിചെയ്യണമെന്നാഗ്രഹിച്ച് തപസ്സനുഷ്ഠിച്ചു. താന്‍ തന്നെ സര്‍വ്വാത്മാവായിട്ട് ലോകത്തെ സൃഷ്ടിക്കാമെന്ന് വിചാരിച്ചു. അപ്രകാരം അദ്ദേഹം ജ്ഞാനത്തേയും കര്‍മ്മത്തേയും അനുഷ്ഠിക്കുകയും താന്‍ സര്‍വ്വാത്മാവാണെന്ന് ഭാവിക്കുകയും ചെയ്തു. ജന്മാന്തരത്തില്‍ ഭാവന ചെയ്തതും വേദത്തില്‍ ഉള്‍പ്പെടുത്തിയ അര്‍ത്ഥങ്ങളെപ്പറ്റിയുള്ള ജ്ഞാനത്തെ ആലോചിച്ചു എന്നതാണ് തപസ്സ്. എന്നിട്ട് രയി, പ്രാണന്‍ എന്നിങ്ങനെ രണ്ടെണ്ണത്തെ ഉണ്ടാക്കി. ഇവകൊണ്ട് പലതരത്തിലുള്ള സൃഷ്ടിയെ ചെയ്യാം എന്നും വിചാരിച്ചു. രയിയെ ജഡമെന്നും പ്രാണനെ ചൈതന്യമെന്നും പറയാം. എല്ലാറ്റിലും കാണുന്ന ചൈതന്യത്തിന്റെ പൂര്‍ണ്ണതയാണ് പ്രാണന്‍. ചൈതന്യത്തിന് ഉപാധിയായി നില്‍ക്കുന്ന ശരീരം തുടങ്ങിയവയ്ക്ക് ആധാരമായിരിക്കുന്നത് രയി.
രയി, പ്രാണന്‍ എന്നിവയെ വിവരിക്കുന്നു-
ആദിത്യോ ഹവൈ പ്രാണോ, രയി ദേവ ചന്ദ്രമാ
രയിര്‍വ്വാ ഏതത് സര്‍വ്വം യന്‍മൂര്‍ത്തം
ചാമൂര്‍ത്തം ച, തസ്മാന്‍ മൂര്‍ത്തി രേവ രയിഃ
ആദിത്യന്‍ (സൂര്യന്‍) തന്നെയാണ് പ്രാണന്‍. ചന്ദ്രനാണ് രയി. മൂര്‍ത്തവും (സ്ഥൂലം) അമൂര്‍ത്തവും (സൂക്ഷ്മം) ആയ എല്ലാം രയിയാണ്. അതുകൊണ്ട് മൂര്‍ത്തവസ്തുക്കളെ രയി എന്നറിയണം.
രയിയും പ്രാണനും പ്രജാപതിയുടെ ഭാഗങ്ങളായതിനാല്‍ വാസ്തവത്തില്‍ സ്ഥൂലവും സൂക്ഷ്മവും എല്ലാം രയിയാണ് അഥവാ അന്നമാണ്. പ്രധാനപ്പെട്ടവ അപ്രധാനമായവ എന്നിങ്ങനെ വിഭജിക്കുകയാണെങ്കില്‍ മൂര്‍ത്തവസ്തുക്കള്‍ രയിയാണ്. എന്നാല്‍ പ്രപഞ്ചസൃഷ്ടിയെ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ ആദിത്യനെ അന്നാവായ (കഴിക്കുന്നവനായ) പ്രാണനായും ചന്ദ്രനെ അന്നമായ രയിയായും പറയുന്നു. ജീവികളുടെ ജീവനശക്തിയെ പരിപോഷിപ്പിച്ചിരുന്ന സൂക്ഷ്മഭൂതനായ പ്രാണനെ സൂര്യനായും സ്ഥൂലശരീരശക്തിയെ പോഷിപ്പിക്കുന്ന രയിയെ ചന്ദ്രനായും ചിത്രീകരിച്ചിരിക്കുന്നു. ആധുനിക ശാസ്ത്രജ്ഞന്‍മാരുടെ 'മാറ്റര്‍' എന്നത് രയിയും 'എനര്‍ജി' പ്രാണനും ആണെന്ന് പറയാം.
അണ്ഡോല്‍പത്തി ക്രമത്തിലാണ് സൂര്യചന്ദ്രന്മാര്‍ ഉണ്ടായത്. ആദ്യം അണ്ഡം (ബ്രഹ്മാണ്ഡം), അതില്‍നിന്ന് സൂര്യചന്ദ്രന്മാര്‍ ഉദ്ഭവിച്ചു. ഈ ലോകത്തിന്റെ പോഷണഹേതുക്കളായി നില്‍ക്കുന്നത് ഇവ രണ്ടുമാണ്. അതെങ്ങനെയെന്ന് തുടര്‍ന്നറിയാം.
(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍ ഫോണ്‍: 9495746977)  

No comments: