യാഗത്തിലെ മൃഗ ഹിംസ .
ശുകന്‍ പറഞ്ഞു: 'മഹാരാജാവേ, അങ്ങയുടെ വാക്കുകള്‍ കേട്ടിട്ടും എന്നില്‍ സംശയം ബാക്കിയാണ്. വേദധര്‍മ്മത്തില്‍ അധാര്‍മ്മികമായി കണക്കാക്കാവുന്ന ഹിംസപോലുമുണ്ടല്ലോ? സൌത്രാമണിഎന്ന്‍ പേരിലും മറ്റുമുള്ള സോമപാനം, പശുഹിംസ, മാംസഭക്ഷണം, ചൂതുകളി, വ്രതഗോഷ്ഠികള്‍ എന്നുവേണ്ട അനേകം അനാചാരങ്ങള്‍ വൈദികധര്‍മ്മങ്ങളില്‍ ഉണ്ട്. ശശബിന്ദുവെന്ന രാജാവിനെപ്പറ്റി ഞാന്‍ കേട്ടിരിക്കുന്നു. ധര്‍മ്മിഷ്ഠനും സത്യവാനും യജ്ഞങ്ങളില്‍ അഗ്രഗണ്യനുമായിരുന്ന അദ്ദേഹം ധര്‍മ്മം തെറ്റി നടക്കുന്നവരെ ശിക്ഷിക്കുകയും ചെയ്തു. ആ നാട്ടില്‍ യജ്ഞകര്‍മ്മങ്ങളില്‍ കൊന്നുകൂട്ടിയ മൃഗങ്ങളുടെ തോലുകൊണ്ടൊരു കുന്നുതന്നെയുണ്ടായി. അതിനുമുകളില്‍ മഴപെയ്താണത്രേ ചര്‍മണ്വനദിയുണ്ടായത്! ആ രാജാവ് അന്തരിച്ചപ്പോള്‍ കീര്‍ത്തിമാനായിരുന്നു എന്നെനിക്കറിയാം. എന്നാല്‍ അത്തരം കീര്‍ത്തിയോ സ്വര്‍ഗ്ഗമോ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം വേദധര്‍മ്മത്തില്‍ എനിക്ക് വാസനയില്ല. സ്ത്രീസംസര്‍ഗ്ഗംകൊണ്ട് മനുഷ്യന്‍ വിഷയഭോഗത്തില്‍ സുഖം കണ്ടെത്തുന്നു. അതില്ലാത്തപ്പോള്‍ ദുഖവുമായി! ഇത്തരം ജീവിതം നയിക്കുന്ന ഒരാള്‍ എങ്ങിനെ ജീവന്‍മുക്തനാവും?'
ജനകന്‍ പറഞ്ഞു: 'യജ്ഞത്തിലെ ജന്തുഹിംസ അഹിംസയായി പരിഗണിക്കപ്പെടുന്നു. കാരണം അതില്‍ ആസക്തിയില്ലല്ലോ! വിറകാണ് അഗ്നിയില്‍ പുകയുണ്ടാക്കുന്നത്. കനല്‍ മാത്രമാണെങ്കില്‍ പുകയില്ല. യാഗത്തിലെ ഹിംസ രാഗികള്‍ക്ക് ഹിംസയും വിരാഗികള്‍ക്ക് അഹിംസയുമാണ്. ആസക്തിയോ അഹംകാരമോ ഇല്ലാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ ‘അകര്‍മ്മങ്ങള്‍’ ആണെന്ന് മനസ്സിലാക്കുക. ഗൃഹസ്ഥാശ്രമികള്‍ ചെയ്യുന്നതും ഹിംസയാണ്. എന്നാല്‍ അവരുടെ കര്‍മ്മങ്ങള്‍ അനാസക്തരായി ചെയ്യുന്നതായാല്‍ ജിതേന്ദ്രിയരായ ആ മോക്ഷേച്ഛുക്കള്‍ക്ക് അതഹിംസ തന്നെയാണ്.' devibhagavathamnithyaparayanam
No comments:
Post a Comment