ഒരാള്‍ തന്‍റെ പശുവിനെയും കന്നുകളെയും വൈകുന്നേരത്ത് വീട്ടിലേയ്ക്ക് കൊണ്ടു പോകുകയാണ്. എന്നാല്‍ ആ കന്നുകാലികളില്‍ മൂന്നാമത്തെ പശു കൂട്ടത്തില്‍ എത്താതെ വീണ്ടും അങ്ങിങ്ങ് പുല്ല് മേഞ്ഞു നിന്നു സാവകാശം നടക്കുകയായിരുന്നു. ഒടുവില്‍ മറ്റു പശുക്കളും യജമാനനും അതിന്‍റെ അടുത്തുനിന്നും ഒരുപാടുദൂരം നടന്നകന്നതു കണ്ടതും ആ പശു വളരെ വേഗം ഓടുവാന്‍ തുടങ്ങി. ഓടി ചെന്ന് കൂട്ടത്തില്‍ കൂടി നടക്കാന്‍ തുടങ്ങി. വളരെ കൗതുകമുള്ള ഒരു കാഴ്ചയായിരുന്നു അദ്ദേഹത്തിന്‍റെ ഓട്ടം.
പ്രകൃതി ദൃശ്യങ്ങളെ നിമിത്തരൂപത്തില്‍ കണ്ട് അതില്‍ നിന്നും എന്ത് അറിവുകിട്ടുന്നു എന്നതാണ് നാം വായിച്ചെടുക്കേണ്ടത്. പ്രപഞ്ചേശ്വരി നിമിത്തരൂപത്തില്‍ സത് ഗുരുവായി ഓരോ നിമിഷവും നമുക്കു മുന്നിലും ഉള്ളിലും ഉണ്ട്.
കൂട്ടത്തില്‍ എത്തിപ്പെടാന്‍ ഓടിയ മടിയനും അലസനും ആയ പശുവിനെ പോലെയാണ് നമ്മുടെ സ്വഭാവത്തിലെ തമോഗുണജന്യമായ അവസ്ഥ. പഠനത്തിലായാലും ചെയ്യുന്ന ജോലിയിലായാലും ദിനചര്യകളിലായാലും എടുത്ത തീരുമാനങ്ങളിലായാലും അലസതയോ മടിയോ കൂടാതെ ഊര്‍ജ്ജസ്വലതയോടെ നിഷ്ഠയോടെ മുന്നോട്ടു പോകണം. അല്ല എങ്കില്‍ നാം പലപ്പോഴും മുന്നേ പോയവര്‍ക്ക് ഒപ്പം എത്തുവാന്‍ കഴിയാതെ ആധിയും വ്യാധിയും പിടിപ്പെട്ട് ഓടേണ്ടിവരും.
ഊര്‍ജ്ജസ്വലമായി കാര്യങ്ങള്‍ ചെയ്തു മുന്നോട്ടു പോകുന്നവരും അലസതയോടെ മന്ദഗമനം നടത്തുന്നവരും തമ്മിലുള്ള അകലം എപ്പോഴും ഇരുവരുടെയും ജീവിതത്തിന്‍റെ ഗതിയെ നിര്‍ണ്ണയിക്കുന്നു. രാവിലെ ഉണര്‍ന്ന് എഴുന്നേല്‍ക്കുന്നതു മുതല്‍ ഈ അകലം കണ്ടു തുടങ്ങും. എത്ര വൈകി ഉണരുമോ അത്രയും അധികം നമ്മുടെ അന്നത്തെ കാര്യങ്ങളും മാറ്റിവയ്ക്കപ്പെടുകയോ ഉപേക്ഷിക്കേണ്ടി വരുകയോ ചെയ്യുന്നു. നമ്മള്‍ ഉണര്‍ന്നു വരുമ്പോഴേയ്ക്കും മറ്റുള്ളവര്‍ ഉണര്‍ന്ന് ദിനചര്യകളെല്ലാം കഴിഞ്ഞ് ആഹാരവും കഴിച്ച് ഓരോരോ കര്‍മ്മങ്ങളില്‍ വ്യാപരിച്ചുതുടങ്ങിയിട്ടുണ്ടാകും. വൈകി ഉറങ്ങുകയും വൈകി ഉണരുകയും ചെയ്യുന്നവര്‍ക്ക് തമോ ഗുണം അധികരിച്ചുകൊണ്ടിരിക്കും. അവരുടെ മനസ്സിനും ശരീരത്തിനും ഉത്സാഹവും ഉന്മേഷവും കുറഞ്ഞു വരുന്നു. ഒന്നും പൂര്‍ണ്ണമാക്കുകയില്ല, പലതും സമയം കിട്ടാതെ ഉപേക്ഷിക്കുകയും ചെയ്യും. എന്നുമാത്രമല്ല പല വൃത്തികെട്ട ചിന്തകളും പ്രവൃത്തികളും പകല്‍ക്കി നാവുകളും കൊണ്ടു അവര്‍ സ്വയം നശിക്കുവാനും ഇടവരുന്നു. രാവിലെയും പകലും അധികം ഉറങ്ങുന്നവര്‍ക്ക് ഒരിക്കലും മനസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കില്ല, അവര്‍ വളരെ വേഗം വികാരങ്ങള്‍ക്ക് കീഴ്പ്പെടുന്നു.
സമയത്തിന്‍റെ മഹത്വം നാം തിരിച്ചറിയണം. എന്നാല്‍ മാത്രമേ നമുക്ക് സ്വന്തം ശക്തിയെ വേണ്ടവിധം ഉജ്ജ്വലിപ്പിച്ച് ശാശ്വതമായ നേട്ടങ്ങള്‍ കൈവരിക്കാനാകു. പ്രകൃതിക്ക് മൂന്നു ഗുണങ്ങളാണ്-സത്വം, രജസ്സ്, തമസ്സ് എന്നിങ്ങനെ. വെളുപ്പിന് 3.30 മുതലുള്ള സമയം പ്രകൃതിയില്‍ സാത്വികപ്രഭാവം കൂടിയിരിക്കുന്ന സമയമാണ്. മുന്നോട്ടുള്ള കര്‍മ്മങ്ങള്‍ക്ക് ആദ്ധ്യാത്മികവും ശാരീരികവുമായ ശക്തി സംഭരിക്കുവാനുള്ള വളരെ പ്രധാനപ്പെട്ട സമയം. ഇതു ഉപയോഗപ്പെടുത്തണമെങ്കില്‍ രാത്രി 10 മണിക്കകം ഉറങ്ങേണ്ടതുണ്ട്. സൂര്യോദയം കഴിഞ്ഞാല്‍ തുടര്‍ന്ന് രജോഗുണം പ്രകൃതിയില്‍ പ്രഭാവം ചെലുത്തുന്ന സമയമാണ്. പ്രകൃതിയും ജീവജാലങ്ങളും സൂര്യനില്‍ നിന്നും ശക്തി സ്വീകരിച്ച് കര്‍മ്മോന്മുഖരാകുന്ന സമയം. വൈകി ഉണരുന്നവരും പകല്‍ ഉറങ്ങുന്നവരും തമോഗുണത്തെ വളര്‍ത്തുന്ന മടിയന്മാരും അമിതഭോഗികളും അതുകൊണ്ടു തന്നെ അവര്‍ ക്രമേണ രോഗികളും നിരാശബാധിച്ചവരും രോഗാവസ്ഥപ്രാപിച്ചവരും ആകുന്നു. സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ രാത്രിയാകുന്തോറും തമോഗുണം പ്രകൃതിയില്‍ സ്വാധീനിച്ചു തുടങ്ങുന്നു. ബുദ്ധിക്കും വിവേകത്തിനും പ്രഭാവം കുറഞ്ഞു തുടങ്ങുന്നതിനാല്‍ അപ്പോള്‍ വികാരങ്ങള്‍ ആധിപത്യം ചെലുത്തുന്നു. എന്നതിനാല്‍ രാത്രി ശരീരത്തിനും മനസ്സിനും വിശ്രമം അനുവദിക്കുന്നതാണ് പ്രായോഗികമായി നോക്കിയാല്‍ ആരോഗ്യത്തിനും മനസ്സിനും ബുദ്ധിക്കും ജീവിതത്തിനുതന്നെയും നല്ലത്.
വൈകാരികമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും വാസനയുണര്‍ത്തുന്ന രാത്രി ഉണര്‍ന്നിരിക്കുകയും വിവേകപൂര്‍വ്വം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന പകല്‍ സമയം അധികം ഉറങ്ങുകയും ചെയ്യുന്നവര്‍ ഇത് അറിയണം. പകലിനെയും രാത്രിയെയും ബന്ധിപ്പിക്കുന്ന സന്ധിയാണ് നമ്മുടെ ഗതിയെ നിര്‍ണ്ണയിക്കുന്നത്. ആരാണോ 3.30 മുതല്‍ 6 മണിവരെയുള്ള സമയത്തിനിടയ്ക്ക് ഉണര്‍ന്ന് ശരീരത്തിനും മനസ്സിനും ആത്മാവിനും വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യുന്നത് അവരുടെ ഇച്ഛാശക്തിക്കും ജ്ഞാനശക്തിക്കും ക്രീയാശക്തിക്കും ഒപ്പമെത്തണമെങ്കില്‍ തമോഗുണപ്രകൃതികളായ ജനങ്ങള്‍ക്ക് ഒരുപാട് ഓടി പരിശ്രമിക്കേണ്ടിവരും. ഒരു പക്ഷേ ജന്മങ്ങളോളം. ബുദ്ധിയുണ്ടെന്ന് വിശ്വസിച്ചിട്ടു കാര്യമില്ല. കാര്യങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കണം. എന്നാല്‍ മാത്രമേ നമ്മുടെ മക്കളെ സാത്വികഗുണസമ്പന്നരാക്കി വളര്‍ത്തുവാന്‍ സാധിക്കു. കാര്യം മനസ്സിലാക്കാതെ നമ്മുടെ ബുദ്ധിയെയും ചിന്തയെയും സത്യവിരുദ്ധമായ യുക്തിചിന്തയ്ക്ക് അടിമപ്പെടുത്താതെ കാക്കണം. കാര്യങ്ങളെ അനുഷ്ഠിച്ച് സ്വാനുഭവത്തിലൂടെ അറിയുന്നതാണ് ശരിയായ യുക്തി. ഓം.
krishnakumar
No comments:
Post a Comment