അമൂര്‍ത്തനും അത്താവുമായ പ്രാണന്‍തന്നെയാണ് എല്ലാറ്റിനെയും ഭക്ഷിക്കുന്നത് എങ്ങനെയാണത്.
അഥാദിത്യ ഉദയന്‍ യത് പ്രാചീം ദിശം
പ്രവിശതി തേനപ്രാച്യാന്‍ പ്രാണന്‍ രശ്മിഷു
സന്നിധത്തേ യദുക്ഷിണാംയത് പ്രതീചിം
യദുദീചിം യദധോ യുദൂര്‍ദ്ധ്വം യദന്തരാദിശോ
യത് സര്‍വ്വം പ്രകാശയതി തേന സര്‍വ്വാന്‍
പ്രാണാന്‍ രശ്മിഷുസന്നിധത്തേ
സൂര്യന്‍ ഉദിച്ച് കിഴക്കേദിക്കിലെ പ്രാണികളെ തന്റെ പ്രകാശംകൊണ്ട് പ്രകാശിപ്പിക്കുന്നു. അതുപോലെ തെക്കും വടക്കും പടിഞ്ഞാറും മേലെയും താഴെയുള്ള ദിക്കുകളേയും പ്രകാശിപ്പിച്ച് അവിടെയുള്ള എല്ലാ ജീവജാലങ്ങളേയും ജീവസ്സുറ്റതാക്കുന്നു. എങ്ങും പ്രകാശം പരത്തി ഓരോന്നിനേയും താന്‍ തന്നെയാക്കിത്തീര്‍ക്കുന്നു.
സൂര്യപ്രകാശമാണ് ജീവികളുടെ പ്രാണശക്തിയുടെ ഉറവിടം. സൂര്യന്‍ ഓരോ ദിക്കിലും പ്രകാശിച്ച് ജീവികള്‍ക്ക് പ്രാണശക്തിയെ നല്‍കി കരുത്തുറ്റതാക്കുന്നു. സൂര്യന്റെ പ്രകാശപൂര്‍ണവും വ്യാപിച്ചുനില്‍ക്കുന്നതുമായ രശ്മികളാല്‍ ഓരോ ജീവിയും പ്രാണശക്തിയെ നേടുന്നു. രശ്മികളില്‍ ഇങ്ങനെ എല്ലായിടത്തും പ്രാണങ്ങളെ പ്രവേശിപ്പിക്കുന്നതുകൊണ്ടാണ് സൂര്യനെ അത്താവായി പറയുന്നത്. എല്ലാറ്റിനേയും താന്‍ തന്നെയാക്കലാണിത്. സൂര്യനാണ് എല്ലാറ്റിന്റെയും നിലനില്‍പ്പിന് ആധാരം എന്നതിനാലാണ് പ്രാണന്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഉണ്മയും പ്രകാശവും പ്രാണനും നല്‍കി ലോകത്തെ വേണ്ടവിധത്തില്‍ നിലനിര്‍ത്തുകയും രശ്മികള്‍കൊണ്ടുതന്നെ മൂര്‍ത്തങ്ങളായ എല്ലാറ്റിനേയും അഭിക്കുകയും (കഴിക്കുകയും) ചെയ്യുന്നു. രക്ഷിക്കലും ഭാഷിക്കലും രശ്മികളിലൂടെ ചെയ്യുകയാണ് സൂര്യന്‍. എല്ലാം തനിക്ക് അധീനമാക്കുന്നു.
സ ഏഷവൈശ്വാനരോ വിശ്വരൂപഃ
പ്രാണോളഗ്നിരുദയതേ തദേതദ ഋചാഭ്യുക്തം
എല്ലാവരിലും വ്യാപിച്ചിരിക്കുന്നവനും വിശ്വരൂപനും പ്രാണനുമായ ആ അഗ്നിസ്വരൂപനായ അത്താവ് തന്നെയാണ് ഉദിക്കുന്നത്. ഇത് വേദത്തില്‍ പറഞ്ഞിട്ടുണ്ട്. എല്ലാറ്റിനെയും തനിക്കധീനനാക്കുന്ന സൂര്യന്‍ സര്‍വാത്മാവും സര്‍വ്വസ്വരൂപനുമായ പ്രാണനാണ്. ഇതിനെ വ്യക്തമാക്കുന്ന വേദമന്ത്രം ഇനി പറയുന്നു.
വിശ്വരൂപം ഹരിണം ജാതവേദസം
പരായണം ജ്യോതിരേകം തപന്തം
സഹസ്രരശ്മിഃ ശതധാ വര്‍ത്തമാനഃ
പ്രാണഃ പ്രജാനാമുദയത്യേഷ സൂര്യഃ
വിശ്വം മുഴുവന്‍ നിറഞ്ഞ രൂപത്തോടുകൂടിയനും എങ്ങും വ്യാപിക്കുന്ന രശ്മികളോടുകൂടിയവനും സര്‍വസാക്ഷിയായി എല്ലാമറിയുന്നവനും എല്ലാ ജീവികള്‍ക്കും ആശ്രയമായവനും ഏകജ്യോതിസ്സായി തപിച്ചുകൊണ്ടിരിക്കുന്നവനും ആയിരക്കണക്കിന് രശ്മികളുള്ളവനും നൂറ് വിധത്തില്‍ വര്‍ത്തിക്കുന്നവനും പ്രജകളുടെ പ്രാണനുമായതാണ് ഉദിച്ചുയരുന്ന ഈ സൂര്യന്‍.
എല്ലാ രൂപത്തിലും സ്ഥിതിചെയ്യുന്നതിനാല്‍ വിശ്വരൂപന്‍ രശ്മികളെക്കൊണ്ട് എല്ലാറ്റിനേയും പിരിക്കുന്നതിനാല്‍ ഹരീണം. അറിവിന്റെ ഉദ്ഭവ കേന്ദ്രമായതിനാല്‍ ജാതവേദസ്സ്. എല്ലാ പ്രാണങ്ങള്‍ക്കും ആശ്രയവും എല്ലാ ജീവികളുടേയും കണ്ണായും എല്ലാറ്റിനും ചൂടിനെ നല്‍കുന്നവനായും തങ്ങളുടെ ആത്മാവുമായ സൂര്യനെ ബ്രഹ്മവിത്തുകള്‍ അറിഞ്ഞിട്ടുണ്ട്. ഈ സൂര്യന്‍ തന്നെയാണ് ജീവിഭേദത്താല്‍ പലതരത്തില്‍ വര്‍ത്തിക്കുന്നത്. പ്രജകളുടെ പ്രാണനായ സൂര്യനാണ് ഉദിക്കുന്നത്.
മൈത്രായണി ഉപനിഷത്തിലെ മന്ത്രംകൂടിയാണ് ഇത്. സൂര്യന്‍ പ്രാണാത്മാവാണ് എന്ന് ഉറപ്പിക്കുകയാണ് ഈ മന്ത്രത്തില്‍ ജഗത് സാക്ഷിയായ സൂര്യന്‍ എന്തുകൊണ്ട് ആത്മസ്വരൂപന്‍ തന്നെയാണ് വിവിധ പേരുകളിലൂടെ കാരണങ്ങളിലൂടെ ഇവിടെ പറഞ്ഞു. നമുക്കേവര്‍ക്കും പ്രത്യക്ഷദൈവമാണ് സൂര്യന്‍. സൂര്യ ആരാധന പണ്ടുകാലം മുതല്‍ക്കേയുണ്ട്. സൂര്യനെ പരബ്രഹ്മമായി കണ്ട് ആരാധിക്കുന്ന രീതി ഇന്നും നിലനില്‍ക്കുന്നു. സൂര്യന്‍ നമുക്ക് കത്തിജ്വലിക്കുന്ന ഒരുഗോളം മാത്രമല്ല, നമ്മുടെ പ്രാണദാതാവും ഊര്‍ജ്ജത്തിന്റെ ഉറവിടവും കൂടിയാണ്. സൂര്യപ്രകാശത്തിലൂടെ ലഭിക്കുന്ന ശക്തിയാണ് ഈലോകത്തിലെ സകല ചരാചരങ്ങളുടെയും നിലനില്‍പ്പിന് തന്നെ ആധാരം. നമുക്ക് ആശ്രയമായ, നമുക്ക് ചൂട് പകരുന്ന എല്ലാമറിയുന്ന അനേകരശ്മികളിലൂടെ എല്ലാറ്റിനേയും വിഴുങ്ങുന്ന, നമ്മുടെപ്രാണന്‍ തന്നെയായി സൂര്യനെ കാണണം. ആ ജ്ഞാനസൂര്യന്‍ നമ്മുടെ ബോധത്തെ വേണ്ടവിധത്തില്‍ പ്രകാശിപ്പിക്കട്ടെ. കരുത്തും കഴിവുള്ളവരാക്കട്ടെ.
സ്വാമി ധ്രുവചൈതന്യ
No comments:
Post a Comment