നാരദ ഭക്തി സൂത്രം
Monday 8 January 2018 2:30 am IST
''പ്രമാണാന്തരസ്യാനപേക്ഷത്വാത് സ്വയം പ്രമാണത്വാത് ച''
വിവിധ പ്രമാണങ്ങളെ ആപേക്ഷികമായി ചിന്തിക്കുകയോ ആശ്രയിക്കുകയോ ചെയ്യാതെ തന്നെ ഭക്തിക്കു നിലനില്‍പുണ്ട്. ഭക്തിക്കു പ്രമാണം സ്വയം ഭക്തി തന്നെയാണ്. മറ്റു തെളിവുകള്‍ ആവശ്യമില്ല.
യോഗയോ, കര്‍മമോ, ജ്ഞാനമോ, വേദമോ ഒന്നും ഭക്തിയുടെ കാര്യത്തില്‍ വിഷയമല്ല. സ്‌നേഹിക്കാന്‍ കഴിയുക. ആ സ്‌നേഹം ഭഗവാനെ കേന്ദ്രീകരിച്ചുള്ളതാവുക ഇതുമാത്രമാണ് ഭക്തിക്ക് ആധാനം.
വിദ്യാഭ്യാസ യോഗ്യതകളോ സര്‍വകലാശാലകളുടെ സാക്ഷ്യപത്രമോ ഒന്നും ഭക്തിയോഗത്തിന്റെ നിലനില്‍പ്പിനാവശ്യമില്ല. മഹാത്മാഗാന്ധിയെ ലോകം ബഹുമാനിക്കുന്നത് ബാരിസ്റ്റര്‍ ബിരുദമെടുത്തതുകൊണ്ടല്ല. മാതാ അമൃതാനന്ദമയി എത്ര ക്ലാസുവരെ പഠിച്ചു എന്നത് അവരോടുള്ള ബഹുമാനത്തിന് ഒരു ഘടകമേ അല്ല. ശ്രീരാമകൃഷ്ണ പരമഹംസരുടെ കാര്യത്തിലും ശ്രീനാരായണഗുരുദേവന്റെ വിഷയത്തിലും ചട്ടമ്പി സ്വാമികളുടെ പ്രഭാവത്തിലും ഒന്നും എത്ര വിദ്യാഭ്യാസമുണ്ട് എന്ന് ആരും ചിന്തിക്കാന്‍ ശ്രദ്ധിക്കാറില്ല.
കാട്ടാളനും മുട്ടാളനുമായിരുന്ന വാത്മീകിയെ നാം സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ ഭക്തിയേയും തപശ്ശക്തിയേയും മാത്രം ആശ്രയിച്ചാണ്.ഗോകുലത്തിലേയും വൃന്ദാവനത്തിലേയും ജനങ്ങള്‍ ലോകരുടെ മുഴുവന്‍ സ്‌നേഹത്തിനും ആരാധനയ്ക്കും പാത്രമായത് ഭഗവാനോടുള്ള അവരുടെ ഭക്തിയും പ്രേമവും മാത്രം കണക്കിലെടുത്തു മാത്രമാണ്.
No comments:
Post a Comment