Wednesday, August 01, 2018

രാമായണസുഗന്ധം-11/ വി.എന്‍.എസ്. പിള്ള
Wednesday 1 August 2018 1:07 am IST
ജനങ്ങള്‍ രാമനോടായി പറഞ്ഞു; അങ്ങയുടെ പിതാവിന്റെയും പിതാമഹന്റെയും ധര്‍മവും നീതിയും ഞങ്ങള്‍ക്കു സുപരിചിതമത്രേ. അങ്ങും അവയെ നിലനിര്‍ത്തണം. അമിതതേജസ്വിയായ അങ്ങ് പി
താവിന്റെ കൊട്ടാരത്തില്‍ നിന്നും അഭിഷിക്തനായി പുറത്തേക്കു വരുന്നതു കാണുവാനുള്ള ഭാഗ്യത്തേക്കാള്‍ വലുതായി ഒന്നും ഞങ്ങള്‍ക്കു വേണ്ട. രാമന്‍ പോകുമ്പോള്‍ അദ്ദേഹത്തെയൊന്നു ദര്‍ശിക്കാത്തവരുടേയും രാമന്റെ ദൃഷ്ടി തങ്ങളില്‍ പതിയാത്തവരുടേയും മനഃസാക്ഷിയവരെ കുറ്റപ്പെടുത്തും.
ഇന്ദ്രന്റെ രാജഗൃഹത്തിനു തുല്യമായ കൊട്ടാരത്തില്‍ തന്റെ പിതാവിനെ ദര്‍ശിക്കുവാനെത്തിയ രാമന്‍ വില്ലാളികളാല്‍ സംരക്ഷിച്ചുപോന്ന മൂന്നു പ്രവേശനകവാടങ്ങളും കടന്ന് ഇനിയുള്ള രണ്ടു കവാടങ്ങളെ കാല്‍നടയാല്‍ നടന്ന് പിതാവിന്റെ അന്തഃപുരത്തിലേക്കു കടക്കുമ്പോള്‍ പുറത്ത് ജനം ചന്ദ്രോദയം കാത്തിരിക്കുന്ന സമുദ്രത്തേപ്പോലെ ആകാംക്ഷാഭരിതരായി കാത്തുനിന്നിരുന്നു.
വിഷണ്ണനും ഖിന്നനുമായ പിതാവിനെയാണ് രാമന്‍ മാതാവിനൊപ്പം(കൈകേയി) കണ്ടത്. രാമന്‍ പിതാവിന്റെയും മാതാവിന്റെയും ചരണങ്ങളില്‍ നമസ്‌കരിച്ചു. 'രാമാ' എന്നുമാത്രം വിളിച്ച രാജാവ് ദുഃഖത്താല്‍ ഒന്നും പറയാന്‍ കഴിയാതെ നിറഞ്ഞ കണ്ണുകളോടെയിരുന്നു. രാജാവിന്റെ ഈ ദുഃഖാവസ്ഥയുടെ കാരണം രാമനു മനസ്സിലാകുന്നതിനുമപ്പുറമായിരുന്നു. രാമന്‍ കൈകേയിയെ വന്ദിച്ചതിനുശേഷം അവരോടായി പറഞ്ഞു  'പി
താവ് എന്തുകൊണ്ടാണ് ദുഃഖിതനും കോപിഷ്ഠനുമായിരിക്കുന്നത്? എന്നില്‍ നിന്നും എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടോ? എന്റെ മാതാക്കളോടോ ഭരതനോടോ ശത്രുഘ്‌നനോടോ അരുതാത്തതായി ഞാന്‍ എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തുവോ? പിതാവിനെ അസന്തുഷ്ടനാക്കിയും അദ്ദേഹത്തിന്റെ ആവശ്യം നിരാകരിച്ചും ഞാന്‍ ഒരു നിമിഷം പോലും ജീവിക്കയില്ല. ദേവീ, പിതാവിന്റെ ദുഃഖത്തിനു കാരണമെന്തെന്നെന്നോടു പറഞ്ഞാലും'. 
തന്റെ ലക്ഷ്യം ഏതുവിധവും നിറവേറ്റുവാനായി ദൃഢമായുറപ്പിച്ച മനസ്സോടെ കൈകേയി പറഞ്ഞു 'രാജാവ് ക്രുദ്ധനുമല്ല ദുഃഖിതനുമല്ല. അദ്ദേഹത്തിന്റെ മനസ്സിലുള്ള ഒരു കാര്യം നിന്നെ വേദനിപ്പിക്കേണ്ടെന്നു കരുതി പറയാതിരിക്കുകയാണ്. എന്നോടു പ്രതിജ്ഞ ചെയ്ത ഒരുകാര്യം നിന്നോടു പറയുവാന്‍ അദ്ദേഹത്തിന്റെ വായില്‍ നിന്നും ശബ്ദം പുറത്തേക്കു വരുന്നില്ലത്രേ. രാജാവ് സത്യത്തില്‍നിന്നും വ്യതിചലിക്കാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ഞാന്‍ നിന്നോടെല്ലാം പറയാം. രാജാവ് പറയാനുദ്ദേശിച്ച കാര്യം നല്ലതോ അല്ലാത്തതോ എന്തായാലും നടപ്പാക്കാമെന്നുറപ്പു തരാമെങ്കില്‍ മാത്രം, ഞാന്‍ എല്ലാം പറയാം'.
'ഇത്തരം വാക്കുകള്‍ ദുഃഖകരങ്ങളത്രേ. എന്റെ ചക്രവര്‍ത്തിയും ഗുരുവും സുഹൃത്തുമായ പിതാവ് എന്താഗ്രഹിക്കുന്നുവോ അതു ഞാന്‍ ചെയ്തിരിക്കും. വിഷം കഴിക്കുവാനോ സമുദ്രത്തിലോ അഗ്നിയിലോ ചാടുവാനോ പറയുകയാണെങ്കിലും അതെനിക്കു സ്വീകാര്യമാണ്. രാമന്‍ ഒരേ കാര്യം രണ്ടു തവണ പറയാറില്ല. എന്താണു വേണ്ടതെന്ന് മാതാവു പറഞ്ഞാലും'  രാമന്റെ മറുപടി ഇപ്രകാരമായിരുന്നു.

No comments: