Wednesday, August 22, 2018

ആചാരാനുഷ്ഠാനങ്ങളിലെ ഗുപ്താന്തര്‍ധാരകള്‍-110
Thursday 23 August 2018 2:53 am IST
ഹരപ്രസാദ് ശാസ്ത്രി ( നേപ്പാള്‍ കാറ്റലോഗ്- 1900), ബി.ടി. ഭട്ടാചാര്യ (ബുദ്ധിസ്റ്റ് ഇസോട്ടെറിസം, 1932), എല്‍.സി. ഗുഡ്‌റിച്ച് (ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് ചൈനീസ് പീപ്പിള്‍, 1943), എസ്.കെ. ചാറ്റര്‍ജി (ജേര്‍ണല്‍ ഓഫ് ഏഷ്യാറ്റിക് സൊസൈറ്റി), പി.സി. ബാഗ്ചി, കെ.എച്. വാന്‍ഗുലിക്, ജോസഫ് നീഡം (സയന്‍സ് ആന്‍ഡ് സിവിലൈസേഷന്‍ ഇന്‍ ചൈന, 1956) തുടങ്ങിയ സ്വദേശികളും വിദേശികളും ആയ പല പണ്ഡിതന്മാരും ഈ രണ്ടു സമ്പ്രദായങ്ങളെക്കുറിച്ചു താരതമ്യപഠനം നടത്തി അവരുടെ നിഗമനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഭട്ടാചാര്യയും ഈ പണ്ഡിതാഭിപ്രായങ്ങളെ തന്റെ പുസ്തകങ്ങളില്‍ (ഹിസ്റ്ററി ഓഫ് ദി താന്ത്രിക് റിലിജിയന്‍, ദി ഇന്‍ഡ്യന്‍ മദര്‍ഗോഡസ്സ് തുടങ്ങിയവ) സ്വന്തം വാദഗതിക്ക് ഉപോല്‍ബലകമായി ഉദ്ധരിക്കുന്നുണ്ട്.
എഡി ഒന്നാം നൂറ്റാണ്ടിലാണത്രെ ബുദ്ധമതം ചൈനയില്‍ വേരൂന്നുന്നത്. അതുവരെ അവിടെ സംഘടിത  മതങ്ങളൊന്നും ഉണ്ടായിരുന്നില്ല. അമ്മദൈവം, പിതൃക്കള്‍, പ്രകൃതിയിലെ കാറ്റ,് പു
ഴ മുതലായ പല ഘടകങ്ങളുമായും ബന്ധപ്പെട്ട ദേവതാസങ്കല്‍പ്പങ്ങള്‍ എന്നിവയെ ആരാധിക്കുവാനുള്ള ചടങ്ങുകളാണ് ഉണ്ടായിരുന്നത്. ഇവയോടൊപ്പം യാങ്ങ്, യിന്‍ എന്ന പരസ്പരം വിരുദ്ധങ്ങളായ രണ്ടു തത്ത്വങ്ങളുടെ സഹവര്‍ത്തിത്വം എന്ന ഒരു ആശയവും വളര്‍ന്നു വന്നു. ഈ വിരുദ്ധശക്തികളെ പുരുഷ- സ്ത്രീദ്വന്ദ്വതത്ത്വങ്ങളായും പ്രകൃതിയിലെ ധന-ഋണ ശക്തികളായിട്ടുമാണ് സങ്കല്‍പ്പിച്ചിരുന്നത്. കാലക്രമേണ ഈ ആശയം ചൈനക്കാരുടെ തത്ത്വചിന്തയെ സമഗ്രമായി സ്വാധീനിച്ചു. ഇതാണ് പില്‍ക്കാലത്ത് ലാവോട്‌സു അവതരിപ്പിച്ച താവോസിദ്ധാന്തത്തിന്റെ വിത്ത്. 
ഈ താവോസിദ്ധാന്തത്തോടൊപ്പം സമാന്തരമായി ചൈനയില്‍ വളര്‍ന്നുവന്ന മറ്റൊരു തത്ത്വചിന്തയാണ് കണ്‍ഫ്യൂഷ്യസ്സിന്റെ കണ്‍ഫ്യൂഷ്യനിസം. ഇവയുടെ രണ്ടിന്റെയും ആരംഭകാലം ബിസി ആറാം നൂറ്റാണ്ടാണെന്നു കരുതപ്പെടുന്നു. ചരിത്രാതീതകാലം തൊട്ടു നിലനില്‍ക്കുന്ന ഒരു സദാചാരസംഹിതയുടെ അടിസ്ഥാനത്തിലുള്ള സാമൂഹ്യഘടനയെ ആവിഷ്‌ക്കരിക്കുക എന്നതാണ് കണ്‍ഫ്യൂഷ്യനിസത്തിന്റെ കാതല്‍. ഇത് ആശയവാദത്തിന്റെ അടിത്തറയിലുള്ള കേവലം ഒരു ചിന്താഗതിയായി മാത്രം കരുതപ്പെട്ടപ്പോള്‍ താവോയിസം ഒരു പൂര്‍ണസിദ്ധാന്തമായും പില്‍ക്കാലത്ത് ഒരു മതമായും വളര്‍ന്ന് ചൈനക്കാരെ സ്വാധീനിച്ചു എന്നു ഭട്ടാചാര്യ പറയുന്നു. കണ്‍ഫ്യൂഷ്യനിസത്തെ താവോസിദ്ധാന്തവും (പ്രത്യേകിച്ചും യിന്‍-യാങ്ങ് കല്‍പ്പന) ബുദ്ധമതവും സ്വാധീനിക്കുകയും നവകണ്‍ഫ്യൂഷ്യനിസം ഉണ്ടാകുകയും ചെയ്തത്രേ.
താവോ എന്നാല്‍ വഴി, സഹജമായ വഴി എന്നാണ് അര്‍ത്ഥം. ഇതിനെ പ്രപഞ്ചഘടകങ്ങളുടെ സഹജാവസ്ഥയുടെയും അതിനെ നിലനിര്‍ത്തുന്ന നിയമാവലിയുടേയും പ്രതീകമായ ഒരു ഭൗതികതത്ത്വമായിട്ടാണ് ലാവോട്‌സു അവതരിപ്പിച്ചതെന്നാണ് ഭട്ടാചാര്യയുടെ അഭിപ്രായം. അതില്‍ പിന്നീട് ആശയവാദവും മറ്റും കൂട്ടിച്ചേര്‍ക്കപ്പെട്ടത്രേ. ചൈനയിലെ ഭൗതികവാദപരവും വസ്തുനിഷ്ഠവുമായ അന്വേഷണപാരമ്പര്യത്തിന് അടിസ്ഥാനമായത് ഈ താവോയിസമാണെന്നും അദ്ദേഹം പറയുന്നു. ചൈനയിലെ ഫിസിക്‌സ്, കെമിസ്ട്രി, മനശ്ശാസ്ത്രം, സെക്‌സോളജി, ചികിത്സാവിധി, വിവിധതരം വ്യായാമ രീതികള്‍ എന്നിവയെ പരിപോഷിപ്പിച്ചത് താവോയിസം ആണെന്നും അദ്ദേഹം കരുതുന്നു.
സുഖം, സമ്പത്ത്, ദീര്‍ഘായുസ്സ് എന്നിവയാണ് താവോയിസം ലക്ഷ്യമിടുന്നത്. പത്ഥ്യാഹാരം, വ്യായാമമുറകള്‍, പ്രാണായാമം, മൈഥുനമുറകള്‍ എന്നിവയെയാണ് ലക്ഷ്യം നേടാനുള്ള ഉപായങ്ങളായി അതില്‍ കരുതുന്നത് എന്ന് എല്‍.സി. ഗുഡ്‌റിച്ച് ചൂണ്ടിക്കാണിക്കുന്നു. തന്മൂലം രസതന്ത്രപഠനവും പ്രോത്സാഹിപ്പിക്കപ്പെട്ടുവത്രെ. ബുദ്ധമതം ഈ സിദ്ധാന്തത്തെ ആഴത്തില്‍ സ്വാധീനിച്ചു എന്നു നിയോ-കണ്‍ഫ്യൂഷനിസ്റ്റ് ആയ ചു-ഷി (എ. ഡി. 1130-1202) യുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ഭട്ടാചാര്യ സമര്‍ത്ഥിക്കുന്നുണ്ട്. അപ്പോള്‍ ബൗദ്ധതന്ത്രവും ഇതിനെ കാര്യമായി സ്വാധീനിച്ചു എന്നു സ്വാഭാവികമായും കരുതാമല്ലോ. 
സ്ത്രീകളില്‍ കുടികൊള്ളുന്ന 'യിന്‍' എന്ന ശക്തിയെ സ്ത്രീകളുമായുള്ള പ്രത്യേക തരത്തിലുള്ള വേഴ്ചയിലൂടെ ഉപയോഗിച്ച് പുരുഷനിലെ 'യാങ്ങ്' എന്ന തത്ത്വത്തെ പൂര്‍ണതയില്‍ എത്തിക്കുക എന്നതാണത്രെ താവോയിസത്തിലെ പ്രധാന ചടങ്ങ്. എഡി നാലാം നൂറ്റാണ്ടു മുതല്‍ ചൈനയിലെ ഇന്ത്യന്‍ ബൗദ്ധതന്ത്രത്തെ താവോയിസത്തിലെ ഈ ചടങ്ങും മറ്റും സ്വാധീനിച്ചുതുടങ്ങി എന്നു ചാറ്റര്‍ജി ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ നിന്നും  എട്ടാം നൂറ്റാണ്ടില്‍ താരാതന്ത്രം ടിബറ്റു വഴി ചൈനയില്‍ എത്തിപ്പെടുകയും ക്വാന്‍-യിന്‍ എന്ന ചീനദേവതയുടെ (അവലോകിതേശ്വരന്റെ സ്ത്രീരൂപം) സമ്പ്രദായമായി രൂപാന്തരം പ്രാപിക്കുകയും ചെയ്തുവത്രെ. ഇതും മേല്‍പ്പറഞ്ഞ താവോ ചടങ്ങും ചേര്‍ന്ന് ചീനാചാരം എന്ന വാമാചാരം രൂപം കൊള്ളുകയും അത് ഇന്ത്യയില്‍ പിന്നീട് പ്രചരിക്കുകയും ചെയ്തു എന്നും ചാറ്റര്‍ജി പറയുന്നു. ജോസഫ് നീഡം എന്ന പണ്ഡിതനും ഏറെക്കുറെ സമാനനിഗമനം പുലര്‍ത്തുന്നതായി കാണാം. ഈ താവോസിദ്ധാന്തവും ഹിന്ദുതന്ത്രദര്‍ശനവും തമ്മിലുള്ള മൗലികഭേദങ്ങളെ പിന്നീടു നമുക്ക് മനസ്സിലാക്കാം.   
എസ്.ബി. ദാസ്ഗുപ്ത തന്റെ ഒബ്‌സ്‌ക്യുവര്‍ റിലിജിയസ് കള്‍ട്‌സ് എന്ന പുസ്തകത്തില്‍ പറയുന്ന കാര്യം ഇവിടെ ഒന്നുകൂടി ഓര്‍മയില്‍ കൊണ്ടുവരികയാണ്- 'പൊതുവേ അറിയപ്പെടുന്ന ദൈവവാദപരമായ ചിന്തകള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും സമാന്തരമായി, ഇന്ത്യയില്‍, വളരെ പ്രധാനപ്പെട്ട, അനുഷ്ഠാനപരമായ, അനുഭൂതിപരമായ, യോഗചര്യകളുടെ ഒരു അടിയൊഴുക്ക് അതിപ്രാചീനകാലം മുതല്‍ക്കേ ഉണ്ടായിരുന്നു. ഈ അനുഭൂതിപരമായ ചര്യകള്‍ ശൈവന്മാരുടെയും ശാക്തന്മാരുടെയും ദേവതാപരമായ സിദ്ധാന്തങ്ങളുമായി ചേര്‍ന്നപ്പോള്‍ ശൈവ, ശാക്തതന്ത്രങ്ങള്‍ ഉദയം കൊണ്ടു; ബൗദ്ധചിന്തകളുമായി ചേര്‍ന്നപ്പോള്‍ ബൗദ്ധതാന്ത്രികത്തിന്റെ സങ്കീര്‍ണ ഘടന രൂപപ്പെട്ടു; ബംഗാളിലെ വൈഷ്ണവസമ്പ്രദായവുമായി ചേര്‍ന്നപ്പോള്‍ വൈഷ്ണവ സഹജീയപ്രസ്ഥാനമായി മാറി.' 
ഇത്തരത്തില്‍ തന്ത്രത്താല്‍ സ്വാധീനിക്കപ്പെട്ട ശൈവവൈഷ്ണവജൈനബൗദ്ധാദി സമ്പ്രദായങ്ങളേയും ഗൗതമ, കണാദ, കപില, പതഞ്ജലി, ജൈമിനി, ശങ്കര, രാമാനുജ, മധ്വാദി ആചാര്യന്മാരുടെ ദര്‍ശനപദ്ധതികളേയും വൈദികം, താന്ത്രികം (നാലു വേദങ്ങള്‍, ശിക്ഷാ, കല്‍പം തുടങ്ങിയ ആറു ശാസ്ത്രങ്ങള്‍, മീമാംസ, ന്യായം, പതിനെട്ടു പുരാണങ്ങള്‍, ധര്‍മ്മശാസ്ത്രം- തന്ത്രത്തെ ഇതില്‍ പെടുത്തിയിരിക്കുന്നു എന്നീ പതിനാലു വിദ്യകളാണ് ഇതിന്റെ അടിത്തറ) എന്നു പൊതുവായി പറയുന്ന ഇന്നത്തെ ഹിന്ദു ആചാരാനുഷ്ഠാന സമുച്ചയത്തെയും പരിചയപ്പെട്ടതിനു ശേഷം തന്ത്രത്തിന്റെ ദാര്‍ശനികതലത്തിലേക്കും ആധ്യാത്മികതയിലേക്കും നമുക്കു പ്രവേശിക്കാം.
(തുടരും)
കെ കെ വാമനൻ

No comments: