Friday, August 03, 2018

നാഭാഗ, അംബരീക്ഷ ചരിതം – ഭാഗവതം (197)

സ വൈ മനഃ കൃഷ്ണ പദാരവിന്ദയോര്‍വചാംസി വൈകുണ്ഠഗുണാനുവര്‍ണ്ണനേ
കരൌ ഹരേര്‍മ്മന്ദിരമാര്‍ജ്ജനാദിഷു ശ്രുതിം ചകരാച്യുതസത്കഥോദയേ ( 9 -4 -18 )
മുകുന്ദലിംഗാലയദര്‍ശനേ ദൃശൌ തദ്ഭൃത്യഗാത്രസ്പര്‍ശേഽ‍‍‍ംഗ സംഗമം
ഘ്രാണം ചതത്പാദസരോജസൌരഭെ ശ്രീമത്തുളസ്യാ രസനാം തദര്‍പ്പിതേ (9 -4 -19 )
പദൌ ഹരേഃ ക്ഷേത്രപദാനുസര്‍പ്പണേ ശിരോ ഋഷീകേശപദാഭിവന്ദനേ
കാമം ച ദാസ്യേ ന തു കാമകാമ്യയാ യഥോത്തമശ്ലോകജനാശ്രയാ രതിഃ (9 -4 -20)
ശുകമുനി തുടര്‍ന്നു:
നാഭാഗന്‍ നഭഗന്റെ മകനായിരുന്നു. കുട്ടി തന്റെ ഗുരുവിന്റെകൂടെ കുറച്ചേറെക്കാലം കഴിച്ചിട്ട്‌ അച്ഛന്റെ വീട്ടിലേക്ക്‌ മടങ്ങി. കാലക്രമത്തില്‍ നാഭാഗന്റെ മക്കള്‍ പാരമ്പര്യസ്വത്തുക്കള്‍ ഭാഗം വക്കുമ്പോള്‍ നാഭാഗനായി വയസ്സുചെന്ന സ്വന്തം അച്ഛനെ മാത്രം നല്‍കി. വൃദ്ധന്‍ മകനെ സമാധാനിപ്പിച്ചു. “നിന്റെ സഹോദരന്മ‍ാരുടെ അനീതിയെക്കുറിച്ചോര്‍ത്ത്‌ വ്യാകുലപ്പെടരുത്‌. കുറച്ചു മഹാത്മാക്കള്‍ ഒരു യാഗം നടത്തുന്നതിനു മുതിരുകയാണ്‌. എന്നാലവര്‍ക്ക്‌ ചടങ്ങിനെപ്പറ്റി ചില ചിന്താക്കുഴപ്പങ്ങളുണ്ട്‌. അവരെ രണ്ടുനാലു മന്ത്രങ്ങളും പ്രാര്‍ത്ഥനകളും പഠിപ്പിക്കുക. തീര്‍ച്ചയായും അവര്‍ നിന്നെ സമ്പത്ത്‌ തന്നു അനുഗ്രഹിക്കും.” മകന്‍ അച്ഛന്‍ പറഞ്ഞ പ്രകാരം മഹാത്മാക്കളെ സഹായിച്ചു. യാഗം കഴിഞ്ഞ്‌ സ്വര്‍ഗ്ഗാരോഹണം നടത്തിയ മഹാത്മാക്കള്‍ യാഗസ്ഥലത്ത്‌ നാഭാഗനുളള സമ്പത്തു വച്ചിട്ടാണ്‌ പോയത്‌. എന്നാല്‍ അതേ സമയം യാഗസ്ഥലത്ത്‌ അതിവിശിഷ്ടമായ ഒരു സത്വം വന്നു്‌ യാഗാവശിഷ്ടം അതിന്റെ അവകാശമാണെന്നു പറഞ്ഞു. ഈ സത്വം വാസ്തവത്തില്‍ രുദ്രഭഗവാനായിരുന്നു. രണ്ടുപേരും വൃദ്ധനായ നഭഗന്റെ അടുക്കല്‍ ഒത്തുതീര്‍പ്പിനു ചെന്നു. നാഭാഗനാകട്ടെ യജ്ഞശിഷ്ടം രുദ്രന്റെ അവകാശം തന്നെയാണെന്നു കല്‍പ്പിക്കുകയും ചെയ്തു. രുദ്രഭഗവാന്‍ അച്ഛന്‍റേയും മകന്‍റേയും സത്യത്തിലും നീതി ബോധത്തിലും സന്തുഷ്ടനായി. രണ്ടുപേര്‍ക്കും ആത്മസാക്ഷാത്കാരം നല്‍കി. എല്ലാ സമ്പത്തും അവര്‍ക്കായി നല്‍കി.
നാഭാഗന്റെ മകനാണ്‌ അംബരീഷന്‍. അദ്ദേഹം കാലക്രമത്തില്‍ വിസ്താരമേറിയ സാമ്രാജ്യത്തിനും അളവറ്റ സമ്പത്തിനും അധിപനായി. എന്നാല്‍ അംബരീഷന്‌ അതുകൊണ്ട്‌ പ്രയോജനമൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹം ജീവിതത്തെ നീണ്ടൊരു സ്വപ്നമായി കരുതി, സമ്പത്തിനെ സ്വപ്നവസ്തുവായും കണക്കാക്കി. അവയ്ക്ക്‌ നിയതമായ യാതൊരു വിലയുമില്ലെന്നദ്ദേഹം കരുതി. അദ്ദേഹത്തിന്റെ ഹൃദയം നിറയെ ഭഗവദ്‍ഭക്തിയായിരുന്നു. ഭഗവാന്‍ കൃഷ്ണന്റെ പാദങ്ങളില്‍ മനം മുഴുകിയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഭഗവാന്റെ മഹിമകളെ വാഴ്ത്താനായി ഉപയോഗിച്ചു. കൈകാലുകള്‍ ഭഗവല്‍സേവയ്ക്കും ക്ഷേത്രപാലനത്തിനും ഉതകി. ചെവികള്‍ ഭഗവല്‍കഥാശ്രവണം നടത്തി. കണ്ണുകള്‍ ഭഗവദ് രൂപവും ക്ഷേത്രങ്ങളും സദാ കണ്ടു. ഭഗവദ്ദാസന്മ‍ാരുടെ കാല്‍തൊട്ടു വണങ്ങി അംബരീഷന്റെ ശരീരം പുളകം കൊണ്ടു. ഭഗവല്‍പൂജ ചെയ്ത തുളസീദളങ്ങള്‍ മാത്രം അംബരീഷന്‍ മണത്തു. കാലുകള്‍ ദിവ്യസ്ഥലങ്ങളെ പ്രദക്ഷിണം വച്ചു. അദ്ദേഹത്തിന്റെ ഏക ആഗ്രഹം ഭഗവല്‍സേവയും പ്രേമം ഭഗവദ്‍ഭക്തന്മ‍ാരോടുമായിരുന്നു.
അദ്ദേഹം മാമുനിമാരുടെ വിദഗ്ദ്ധോപദേശം കേട്ട്‌ രാജ്യം ഭരിച്ചു. എല്ലാ കര്‍മ്മങ്ങളും ഭഗവല്‍പൂജയായി കണക്കാക്കി. എന്നാല്‍ അദ്ദേഹം ശാസ്ത്രവിധി പ്രകാരം അനേകം യാഗത്യാഗങ്ങളും നടത്തുകയുണ്ടായി. മഹാത്മാക്കള്‍ക്കും, യാഗങ്ങളും പങ്കെടുത്തവര്‍ക്കും, ദേവന്മ‍ാര്‍ക്കും ധാരാളം സമ്മാനങ്ങളും അദ്ദേഹം നല്‍കി വന്നു. ഭക്തി വര്‍ദ്ധിച്ചു വന്നതോടെ ലൗകികവസ്തുക്കളോടുളള അനാസക്തിയും അദ്ദേഹത്തില്‍ വളര്‍ന്നു. ഭഗവാന്‍ സ്വയം തന്റെ സുദര്‍ശനചക്രം ഈ സദ്‍ഭക്തനെ സംരക്ഷിക്കാന്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

No comments: