Friday, August 03, 2018

മാന്ധാതാവിന്റെ വംശചരിതവും ഹരിശ്ചന്ദ്രചരിതവും – ഭാഗവതം (201)

ശുനഃ ശേപസ്യ മാഹാത്മ്യമുപരിഷ്ടാത്‌ പ്രചക്ഷ്യതേ
സത്യസാരാം ധൃതിം ദൃഷ്ട്വാ സഭാര്യസ്യ ച ഭൂപതേഃ (9 – 7 -24 )
വിശ്വാമിത്രോ ഭൃശം പ്രീതോ ദദാവവിഹതാം ഗതിം
മനഃ പൃഥിവ്യാം താമദ്ഭി സ്തേജസാപോഽനിലേന തത്‌ (9 – 7 -25 )
ശുകമുനി തുടര്‍ന്നു:
മാന്ധാതാവിന്റെ പുത്രന്‍ പുരുകുല്‍സന്‍ രസാതലമെന്ന പാതാളലോകത്തു ചെന്ന് നാഗന്‍മാരുടെ (സര്‍പ്പരാക്ഷസര്‍) ശത്രുക്കളായ ഗന്ധര്‍വ്വന്‍മാരെ വകവരുത്തി. ഈ സഹായം ഓര്‍മ്മിക്കുന്ന ആരെയും സര്‍പ്പവിഷം ബാധിക്കുകയില്ലെന്നൊരു പ്രതിഫലം നാഗന്‍മാര്‍ അവനു നല്‍കി.
പുരുകുല്‍സന്റെ കുലത്തിലാണ്‌ ത്രിശങ്കുവിന്റെ ജനനം. സ്വപിതാവിന്റെ ശാപത്താല്‍ ചണ്ഡാലനായിത്തീര്‍ന്ന ത്രിശങ്കു വിശ്വാമിത്രമുനിയുടെ സഹായത്താല്‍ ഉടലോടെ സ്വര്‍ഗ്ഗം പൂകാന്‍ ശ്രമിച്ചു. സ്വര്‍ഗ്ഗലോകത്ത്‌ ത്രിശങ്കുവിന്‌ പ്രവേശനം നിഷേധിച്ചപ്പോള്‍ വിശ്വാമിത്രന്‍ ത്രിശങ്കുവിനു വേണ്ടിയൊരു സ്വര്‍ഗ്ഗം തന്നെ നിര്‍മ്മിച്ചു. അതൊരു നക്ഷത്രമായി ഇന്നും കാണപ്പെടുന്നു.
ത്രിശങ്കുവിന്റെ പുത്രന്‍ ഹരിശ്ചന്ദ്രന്‌ പുത്രന്‍മാരുണ്ടായിരുന്നില്ല. നാരദമുനിയുടെ ഉപദേശപ്രകാരം വരുണനെ സംതൃപ്തിപ്പെടുത്തി ഹരിശ്ചന്ദ്രന്‍. പുത്രനുണ്ടായാല്‍ അവനെ വരുണന്‌ ബലി നല്‍കി കൊളളാമെന്ന് പ്രതിജ്ഞയും ചെയ്തു. അങ്ങനെ ഹരിശ്ചന്ദ്രന്‌ പുത്രഭാഗ്യമുണ്ടായി. വരുണന്‍ ഉടനേതന്നെ ബലി ആവശ്യപ്പെട്ടു. എന്നാല്‍ പുത്രസ്നേഹത്താല്‍ ആസക്തനായ ഹരിശ്ചന്ദ്രന്‍ ആവുംവിധം ബലികര്‍മ്മം നീട്ടിവയ്ക്കാന്‍ ശ്രമിച്ചു. ആദ്യം പത്തു ദിവസം കഴിയട്ടെയെന്നും പിന്നീട്‌ അവനു പല്ലു മുളയ്ക്കട്ടെ എന്നം മറ്റും പറഞ്ഞു ബലി നീട്ടിവച്ചു. എന്നാല്‍ ഒടുവില്‍ മകന്‍ യുദ്ധവീരനായി കവചമണിയാറാവുമ്പോള്‍ ബലി നടത്താം എന്ന്‌ വാഗ്ദാനം ചെയ്തു.
ഹരിശ്ചന്ദ്രന്റെ മകന്‍ രോഹിതന്‍ അച്ഛന്റെ വാഗ്ദാനം കേട്ട്‌ സ്വരക്ഷക്കായി വനം പൂകി. എന്നാല്‍ ഈ സമയം ഹരിശ്ചന്ദ്രന്‌ മഹോദരം പിടിപ്പെട്ടു. ഇതുകേട്ട്‌ രോഹിതന്‍ കൊട്ടാരത്തിലേക്ക്‌ മടങ്ങാന്‍ തുനിഞ്ഞപ്പോള്‍ ഇന്ദ്രന്‍ പ്രത്യക്ഷനായി. കൊട്ടാരത്തിലെത്തിയാലുടന്‍ ബലികര്‍മ്മം നടക്കുമെന്നും അതുകൊണ്ട്‌ ഇപ്പോള്‍ ഒരു നീണ്ട തീര്‍ത്ഥയാത്രക്ക്‌ പോവുകയാണുത്തമമെന്നും അവനെ ഉപദേശിച്ചു. ഇങ്ങനെ ആറു കൊല്ലം കടന്നുപോയി. കൊട്ടാരത്തിലേക്കു മടങ്ങുമ്പോള്‍ അജാഗിരന്റെ മദ്ധ്യപുത്രനായ ശുനഃശേപനെ വിലയ്ക്കു വാങ്ങുകയും ചെയ്തു.
ഹരിശ്ചന്ദ്രന്‍ ശുനഃശേപനെ വരുണന്‌ ബലി നല്‍കി. ക്ഷണത്തില്‍ രാജാവിന്റെ മഹോദരം മാറുകയും ചെയ്തു. വിശ്വാമിത്രന്‍ വസിഷ്ഠന്‍ തുടങ്ങിയവര്‍ യാഗത്തില്‍ പൗരോഹിത്യം വഹിച്ചു. യാഗത്തില്‍ പ്രീതിപൂണ്ട ഇന്ദ്രന്‍ ഹരിശ്ചന്ദ്രനു ഒരു സ്വര്‍ണ്ണരഥം നല്‍കി. വിശ്വാമിത്രന്‍ ഹരിശ്ചന്ദ്രന്റെ സത്യത്തിലും ധര്‍മ്മനിഷ്ഠയിലും സംതൃപ്തനായി അദ്ദേഹത്തെ പരമോന്നതമായ ആത്മവിദ്യ പഠിപ്പിച്ചു. രാജാവ്‌ അങ്ങനെ തന്റെ ബോധതലത്തെ പഞ്ചഭൂതങ്ങളില്‍ നിന്നും പിന്‍വലിച്ച്‌ യോഗാഗ്നിയില്‍ വിലയിച്ച്‌ ഈശ്വരസാക്ഷാത്‌കാരം നേടി.

No comments: