Thursday, August 16, 2018

രാമനാമത്തെ ജപിച്ചോരു കാട്ടാളന്‍

അദ്ധ്യാത്മരാമായണത്തിലൂടെ/സത്യാനന്ദ സുധ-30/ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍
Friday 17 August 2018 1:00 am IST
രാമമന്ത്രത്തിന്റെ മഹിമാതിരേകമാണ് വാല്മീകി മഹര്‍ഷിയുടെ ജീവിതകഥയിലൂടെ മനസ്സിലാക്കേണ്ടത്. രാമമന്ത്രം താരക മന്ത്രമാണ്. താരകശബ്ദത്തിന് തരണം ചെയ്യിക്കുന്നത്, മറുകരയിലെത്തിക്കുന്നത്, ജനമൃതികള്‍ക്കപ്പുറമെത്തിക്കുന്നത് ബ്രഹ്മപദത്തിലെത്തിക്കുന്നത് രക്ഷിക്കുന്നത് എന്നെല്ലാമര്‍ത്ഥം. എല്ലാം ഇവിടെ സംഗതമാകുന്നു. എത്ര കൊടിയ ദുഷ്‌കര്‍മം ചെയ്തു നിന്ദനീയനായിത്തീര്‍ന്ന മഹാപാപിക്കുപോലും പാപക്കറ കഴുകിക്കളഞ്ഞ് മോക്ഷമാര്‍ഗമരുളുന്ന മഹാമന്ത്രമാണ് രാമനാമം. അതിന്റെ ദിവ്യശക്തി കാട്ടാളത്തം കാട്ടി നടന്ന രത്നാകരനില്‍ ഫലിച്ചുകണ്ടിട്ടാണ് ഭൂമിയിലുള്ള ജീവജാലങ്ങള്‍ക്കു മോക്ഷമാര്‍ഗമരുളാന്‍ വേണ്ടി ശ്രീരാമായണ കഥയെഴുതാന്‍ ബ്രഹ്മാവ് വാല്മീകിയോടാവശ്യപ്പെട്ടത്. കാട്ടാളന്‍ വാല്മീകി മഹര്‍ഷിയായിത്തീര്‍ന്ന പരിവര്‍ത്തന കഥ ഭാരതീയ സംസ്‌കാരം ലക്ഷ്യമാക്കുന്ന ശുദ്ധീകരണത്തിന്റെ ദൃഷ്ടാന്തമാണ്. ശ്രീരാമായണം വായനക്കാരിലും ശ്രോതാക്കളിലും സഭവിപ്പിക്കുന്നതും വേറൊന്നല്ല.
'ഈശാവാസ്യമിദം സര്‍വ'മെന്ന ഉപനിഷദ് മന്ത്രഭാഗം നേരത്തെ ചര്‍ച്ച ചെയ്തിട്ടുണ്ട്. ജീവനുള്ളവയും ജീവനില്ലാത്തവയുമായി ഈ പ്രപഞ്ചത്തില്‍ കാണപ്പെടുന്നതെല്ലാം ഒരേയൊരു ഈശ്വരനാല്‍ അകവുംപുറവും നിറഞ്ഞിരിക്കുന്നു എന്നതാണ് അതിന്റെ സന്ദേശം. ഭാരതീയ ദര്‍ശനങ്ങളുടെ അടിസ്ഥാനപ്രമാണമാണിത്. അതിന് ബലമേകുന്ന യുക്തിയും തെളിവുകളും യഥായോഗ്യം രാമായണത്തില്‍ അണിനിരത്തപ്പെടുമെന്നുള്ളതുകൊണ്ട് ഇവിടെ ചര്‍ച്ചയ്‌ക്കെടുക്കുന്നില്ല. അതിനാല്‍ മനുഷ്യരുള്‍പ്പെടെ എല്ലാം മൗലികമായി സച്ചിദാനന്ദ സ്വരൂപമായ പരമാത്മാവു തന്നെയാകുന്നു. നട്ടുച്ചയ്ക്കു സൂര്യനെ മറയ്ക്കുന്ന ഇരുണ്ട മേഘമാലയെപ്പോലെ അജ്ഞാനം നമ്മുടെ ഉള്ളിലിരിക്കുന്ന പരമാത്മാവിനെ മറച്ചുവച്ചിരിക്കുന്നെന്നു മാത്രം. അതിന്റെ ഫലമായി നാം നമ്മെയും ലോകത്തെയും ഭൗതികപിണ്ഡം മാത്രമായി തെറ്റിദ്ധരിച്ചു പോകുന്നു. ജനനമരണങ്ങളും രോഗവാര്‍ദ്ധക്യാദികളുമില്ലാത്ത ചേതനനായ നാം ജഡപദാര്‍ത്ഥമായി സ്വയം തെറ്റിദ്ധരിക്കുന്നതിന്റെ ഫലമാണ് കാമക്രോധലോഭ മോഹമദമാത്സര്യദംഭാസൂയാദികളും ദുഃഖ ദൗര്‍ബല്യ ഭയസന്ത്രാസാദികളും. അവയാണു മനുഷ്യനെക്കൊണ്ടു ക്രൂരകര്‍മങ്ങള്‍ ചെയ്യിക്കുന്നത്. അവ തന്നെയാണു മാനവനുള്‍പ്പെടെ സമസ്ത ജീവരാശികളും വിപത്തു വിതച്ചുകൊണ്ടിരിക്കുന്നതും. പ്രകൃതിദുരന്തങ്ങളുള്‍പ്പെടെ നാളിതുവരെ മാനവരാശി അഭിമുഖീകരിക്കേണ്ടിവന്ന വിപത്തുകളിലധികവും മനുഷ്യന്റെ പ്രവൃത്തിദോഷത്തിന്റെ ഫലമാണ് എന്ന് ഏവര്‍ക്കും നന്നായറിയാം.
ക്രൂരകര്‍മങ്ങളില്‍നിന്നു മനുഷ്യനെ പിന്തിരിപ്പിക്കാന്‍ എങ്ങനെ സാധിക്കും? നിയമനിര്‍മാണങ്ങള്‍ കൊണ്ടോ അടിച്ചമര്‍ത്തലുകള്‍കൊണ്ടോ സാമ്രാജ്യപരിധികള്‍ വികസിപ്പിച്ചതുകൊണ്ടോ അതു സാധ്യമല്ലെന്നു ലോകചരിത്രം നൂറ്റാണ്ടുകളായി തെളിയിച്ചുകൊണ്ടിരിക്കുന്നു. ആയുധങ്ങള്‍കൊണ്ടോ അധികാരശക്തികൊണ്ടോ നടപ്പാക്കിയെടുക്കാവുന്ന ഒന്നല്ല സമാധാനം. രോഗകാരണമറിഞ്ഞുവേണം ചികിത്സ വിധിക്കേണ്ടത്. ദുഷ്ടമായ മനുഷ്യപ്രവൃത്തികള്‍ക്കു കാരണം കലാപകലുഷിതമായ മനുഷ്യമനസ്സാണ്. വ്യക്തിക്കും സമൂഹത്തിനും ലോകത്തിനും ശാന്തി കൈവരുത്താന്‍ മനുഷ്യമനസ്സിനെ ശുദ്ധീകരിക്കണം. അജ്ഞാനം നീങ്ങണം. കാമക്രോധാദി വികാരങ്ങളെ ദൂരീകരിക്കാന്‍ അതല്ലാതെ മറ്റൊരു പോംവഴിയുമില്ല. ഭാരതീയ സംസ്‌കൃതിയുടെ പരമലക്ഷ്യം വ്യക്തികളുടെ ഹൃദയശുദ്ധീകരണമാകുന്നു. മാറ്റമുണ്ടാകേണ്ടത് അവരവരുടെ ഉള്ളിലാണ്. വെളിയിലല്ല. അതിനാല്‍ വൈദികമായ സാധനാപദ്ധതികളും ആചാരാനുഷ്ഠാനങ്ങളും ജീവിതചര്യകളും കലാരൂപങ്ങളും ശാസ്ത്രശാഖകളുമെല്ലാം ലക്ഷ്യംവയ്ക്കുന്നത് ഹൃദയവിമലീകരണമാണ്. അസത്തില്‍നിന്നു സത്തിലേക്കു നയിക്കേണമേ. തമസ്സില്‍നിന്നു ജ്യോതിസ്സിലേക്കു നയിക്കേണമേ. മരണത്തില്‍നിന്നു അമൃതത്വത്തിലേക്കു നയിക്കേണമേ എന്ന പ്രാര്‍ത്ഥനയാണ് അതിന്റെ ചൈതന്യം. രാമമന്ത്രം മാനവഹൃദയത്തില്‍ സംഭവിപ്പിക്കുന്ന മാറ്റവും അതാകുന്നു. അതാണ് താരകമന്ത്രപദവി അതിനു സമ്മാനിച്ചത്.
വാല്മീകി മഹര്‍ഷി സ്വന്തം പൂര്‍വകഥ വാല്മീകി രാമായണത്തില്‍ പറഞ്ഞിട്ടില്ല. അദ്ധ്യാത്മ രാമായണകാരനായ ഭഗവാന്‍ വേദവ്യാസനാണ് അക്കഥ നമുക്കു പറഞ്ഞുതന്നിട്ടുള്ളത്. അദ്ധ്യാത്മരാമായണത്തിലെ അയോദ്ധ്യാകാണ്ഡത്തില്‍ ശ്രീരാമന്റെ വാല്മീകി സന്ദര്‍ശനമുണ്ട്. അപ്പോള്‍ രാമനോട് മഹര്‍ഷി പറയുന്നതായാണ് ഇക്കഥ നാം കേള്‍ക്കുന്നത്. രത്‌നാകരനെന്നായിരുന്നു ആദ്യം അദ്ദേഹത്തിന്റെ പേര്. സകലസൗകര്യങ്ങളുമിണങ്ങിയ കുടുംബത്തില്‍ പിറന്നിട്ടും അപഥത്തിലേക്കായിരുന്നു രത്നാകരന്റെ മനസ്സ് പ്രവേശിച്ചത്.  നാട്ടിലെമ്പാടും കാടുകാട്ടി നടന്ന് യൗവനോ ഭയത്തോടെ അയാള്‍ കാട്ടാളനായിത്തീര്‍ന്നു. അടിപിടിയും അക്രമവും പിടിച്ചുപറിയുമൊക്കെയായിരുന്നു അയാളുടെ പ്രവൃത്തികള്‍. തന്നെപ്പോലെ കുകര്‍മങ്ങളില്‍ തല്‍പരയായൊരുവളെ കഴിച്ചു കുട്ടികളുമായി. അവരെപ്പുലര്‍ത്താന്‍ അതിക്രമങ്ങള്‍ വര്‍ധിപ്പിച്ചു കഴിയവേ ഒരുനാള്‍ അപ്രതീക്ഷിതമായി ജന്മാന്തരകൃതമായ പുണ്യകര്‍മങ്ങളിലേതോ സഫലമാകാന്‍ കാലമായിത്തീര്‍ന്നു. അതു സപ്തര്‍ഷികളുടെ രൂപത്തില്‍ രത്നാകരന്റെ കണ്‍മുന്നിലെത്തി. അന്നാള്‍വരെ ചെയ്തുവന്ന പ്രകാരത്തില്‍ അവരെയും കൊള്ളയടിക്കണമെന്നായിരുന്നു രത്നാകരന് ആദ്യം തോന്നിയത്. അതിനായി അയാള്‍ ആയുധധാരിയായി പാഞ്ഞടുത്തു.
നിന്റെ കുടുംബത്തിനവേണ്ടി നീ നിരന്തരം ചെയ്യുന്ന അതിക്രമങ്ങളഉടെ പാപം എല്ലാപേരും കൂടി പങ്കിട്ട് അനുഭവിക്കുമോ എന്നു ഋഷിവര്യന്മാര്‍ ചോദിച്ചത് അയാളുടെ ഹൃദയത്തെ പിടിച്ചുകുലുക്കി. അതു ആത്മപരിശോധനയുടെ തരംഗമാലകളെ രത്‌നാകരന്റെ മനസ്സില്‍ ഉണര്‍ത്തിവിട്ടു. അതൊരു ആരംഭമായിരുന്നു. അതിനുത്തരം കണ്ടെത്താന്‍ അയാള്‍ വീട്ടിലേക്ക് ഓടി.   അവര്‍ക്കെല്ലാം വേണ്ടിയിരുന്നത് താന്‍കൊണ്ടുചെല്ലുന്ന പണം മാത്രമാണ് അല്ലാതെ താനല്ല എന്ന യാഥാര്‍ത്ഥ്യത്തെ അയാള്‍ തിരിച്ചറിഞ്ഞു.
പാപത്തിന്റെ ഫലം കൈയേല്‍ക്കാന്‍ അവരാരും തയ്യാറായിരുന്നില്ല. ദുഃഖിതനും നിരാശനുമായി തിരിച്ചെത്തി ശരണം പ്രാപിച്ച രത്‌നാകരന് സപ്തര്‍ഷിമാര്‍ നല്‍കിയ പാപവിമോചകമായ ദിവ്യൗഷധമായിരുന്നു രാമമന്ത്രം. ഞങ്ങള്‍ മടങ്ങിവരുവോളം എല്ലാ നേരവും ഇതുതന്നെ ശ്രദ്ധയോടെ ജപിച്ചുകൊള്‍കഎന്നായിരുന്നു അവര്‍ പറഞ്ഞത്. സപ്തര്‍ഷിമാര്‍ ഉപദേശിച്ചത് രാമ രാമ എന്ന് പക്ഷേ രത്‌നാകരന്‍ ധരിച്ചത് മരാ എന്നുമായിരുന്നു. ആയിരത്താണ്ടുകള്‍ കടന്നുപോയത് തപസ്സിന്റെ തീക്ഷ്ണതയില്‍ രത്‌നാകരനറിഞ്ഞില്ല. മരാമരാ എന്നു ചൊല്ലിയിരുന്നത് രാമ രാമ എന്നായിത്തീര്‍ന്നു. ശരീരമാണു ഞാനെന്ന വിചാരം പൂര്‍ണമായും നീങ്ങി. ശരീരധര്‍മങ്ങളും മറന്നു. ചിതല്‍പുറ്റു വളര്‍ന്നു ദേഹമാകമാനവും മൂടി. അതില്‍ പാമ്പുകള്‍ ഇഴഞ്ഞുനടന്നു. കിളികള്‍ കൂടുവച്ചു. ഹൃദയകമലത്തിനുള്ളില്‍ ക്രമേണ ആയിരംകോടി സൂര്യന്മാരുടെ പ്രഭാപൂരവുമായി ശ്രീരാമചന്ദ്രന്‍ തെളിഞ്ഞുദിച്ചു. താന്‍തന്നെയാണു രാമന്‍ എന്നും തിരിച്ചറിഞ്ഞു. അപ്പോള്‍ സപ്തര്‍ഷിമാരുടെ ശബ്ദം കേള്‍ക്കുമാറായി. വാല്മീകേ പുറത്തുവരൂ എന്ന് അവര്‍ ആഹ്വാനം ചെയ്യവേ ബ്രഹ്മമുനീന്ദ്രനായി പരിണമിച്ച രത്‌നാകരന്‍ ചിതല്‍പ്പുറ്റു ഭേദിച്ചു പുറത്തുപുറപ്പെട്ടു. കലാപങ്ങളും മാത്സര്യങ്ങളും മര്‍ദ്ദനമുറകളുമില്ലാതെ നടക്കുന്ന ഇത്തരം പരിവര്‍ത്തനങ്ങളാണു സ്ഥായിയായി നിലനില്‍ക്കുന്നത്. സമൂഹത്തിനു സദ്ഫലങ്ങള്‍ നല്‍കാന്‍ കെല്‍പുകളും അവ മാത്രമാകുന്നു. കലാപഭൂയിഷ്ഠമായ സ്വന്തം ഹൃദയങ്ങള്‍ക്കുള്ളില്‍ പ്രശാന്തത ഉദ്ദീപിപ്പിക്കാന്‍ ഇങ്ങനെ മനുഷ്യര്‍ പരിശ്രമിക്കുകയാണെങ്കില്‍ ലോകം സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായിത്തീരും.

No comments: