Thursday, August 09, 2018

ര്‍ക്കടകമാസത്തിലെ അമാവാസി ദിവസം ദേവന്മാരുടേയും പിതൃക്കളുടേയും മദ്ധ്യാഹ്നവേളയാണ്. പിത്യക്കളും ദേവന്മാരും ഉണര്‍ന്ന് ഭക്ഷണം സ്വീകരിക്കുന്നതിന് സന്തോഷത്തോടെ സജ്ജരായിട്ടിരിക്കുന്ന ഒരേയൊരു വാര്‍ഷിക ദിനമാണ് കര്‍ക്കടക മാസത്തിലെ അമാവാസി. അതുകൊണ്ട് അന്ന് പിതൃക്കള്‍ക്കായി ചെയ്യുന്ന വാവുബലി അവര്‍ സന്തോഷത്തോടെ സ്വീകരിച്ച് നമ്മെ അനുഗ്രഹിക്കുമെന്നാണ് മഹത്തുക്കള്‍ പറയുന്നത്. 
ജന്മം നല്‍കിയ മാതാപിതാക്കള്‍ക്കും അവരുടെ അച്ഛനമ്മമാര്‍ക്കുമെല്ലാം കൊല്ലത്തിലൊരിക്കല്‍ ശ്രാദ്ധം ഊട്ടേണ്ടത്  പുത്രന്റെ കടമയാണ്. മരിച്ചുപോയ അച്ഛനോ, അമ്മയ്‌ക്കോ വേണ്ടി എല്ലാ കൊല്ലവും മരിച്ച നാളില്‍ ഊട്ടുന്ന ശ്രാദ്ധത്തിനെയാണ് എകോദിഷ്ട ശ്രാദ്ധം എന്നു പറയുന്നത്. എകോദിഷ്ട ശ്രാദ്ധം അനുഷ്ടിക്കുവാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ കര്‍ക്കടകത്തിലെ കറുത്ത വാവുബലി ഇടുന്നത് ഉത്തമമാണ്. പൂര്‍വികന്മാരുടെയും പരദേവതമാരുടേയും അനുഗ്രഹാശിസ്സുകള്‍ ഉണ്ടെങ്കില്‍ മാത്രമേ നമുക്കും വരുംതലമുറകള്‍ക്കും നിലനില്‍പ്പും ശാന്തിയും സമാധാനവും ഉണ്ടാവുകയുള്ളു. 
ഇന്ന് പല സമുദായക്കാരും അവരുടെ കുടുംബങ്ങളില്‍ പിതൃകര്‍മത്തിനുള്ള ശുദ്ധിയോ സൗകര്യമോ ഇല്ലാത്തതുകൊണ്ട് അവരുടെ ക്ഷേത്രങ്ങളില്‍ വാവുബലി ഇടുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുവരുന്നു. അതുകൊണ്ട് അവര്‍ക്ക് ശാന്തിയും സമാധാനവും ഐക്യവും വംശവര്‍ദ്ധനയും ഉണ്ട്. 
പിതൃകര്‍മപരമായി ഫലഭൂയിഷ്ഠമായ ഒരു അടിത്തറയ്ക്കുമേല്‍ കര്‍ക്കടകത്തിലെ അമാവാസിയില്‍ പിതൃബലിയെന്ന ആചാരം ആസുത്രണം ചെയ്തവരുടെ ജ്യോതിശാസ്ത്രപരമായ ഉദ്ബുദ്ധത പ്രശംസനീയമാണ്. പല പല പുണ്യതീര്‍ത്ഥസ്ഥാനങ്ങളില്‍ ആയിരമായിരം ജനങ്ങള്‍ അവരുടെ പിതൃപിതാമഹ, പ്രപിതാമഹന്മാര്‍ക്കും മാതൃമാതാമഹാദികള്‍ക്കും ഭക്തിശ്രദ്ധാ പുരഃസരം  അര്‍പ്പിക്കുന്ന പിതൃബലികര്‍മം വഴി പിതൃമഹാസമൂഹത്തെയാകെ സന്തുഷ്ടമാക്കാനും അവരില്‍നിന്ന് എത്തിച്ചേരുന്ന അനുഗ്രഹാശിസുകളാല്‍ ആഗോളമനുഷ്യസമൂഹത്തിന് നന്മ വിതറാനും ഉതകുന്ന അമൂല്യമായ ഒരു അവസരമാണ് കര്‍ക്കടക അമാവാസി നമുക്ക് നല്‍കുന്നത്.
അമാവാസി പിതൃക്കള്‍ക്കും ദേവന്മാര്‍ക്കും മധ്യാഹ്നവേള
ചാന്ദ്രമാസത്തിലെ 28 ദിവസങ്ങളില്‍ നമ്മുടെ വെളുത്തപക്ഷം പിതൃക്കള്‍ക്ക് രാത്രിയും കറുത്തപക്ഷം പകലുമാണ്. മനുഷ്യരുടെ മരണാനന്തരഗതി ചന്ദ്രലോകത്തിലേക്കാണെന്നാണ് ഉപനിഷത്തുകള്‍ വ്യക്തമാക്കുന്നത്. ചന്ദ്രന്റെ ഭൂമിക്കഭിമുഖമല്ലാത്ത മറുഭാഗത്താണ് പിതൃക്കളുടെ വാസം. അമാവാസി ദിവസം ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയിലായിരിക്കുമല്ലോ. ഭൂമിക്കഭിമുഖമല്ലാത്ത ഭാഗത്ത് സൂര്യരശ്മി കിട്ടും. ഭൂമിക്കഭിമുഖമായ ഭാഗത്ത് ഇരുട്ടായിരിക്കും. അതായത് ചന്ദ്രലോകത്ത് അമാവാസി നാളില്‍ സൂര്യരശ്മിയേറ്റ് പിതൃക്കള്‍ നിര്‍വൃതരാകുന്നു. ഇങ്ങനെയാണ് കൂര്‍മപുരാണത്തില്‍ പറയുന്നത്. പിതൃക്കളുടെ മദ്ധ്യാഹ്നം നമ്മുടെ അമാവാസിയിലായതിനാല്‍ പിതൃക്കള്‍ക്ക് നല്‍കുന്ന ബലിയും പൂജകളുമെല്ലാം അമാവാസികളിലാവുന്നത് നല്ലതാണെന്നും പറയുന്നു.
പിതൃയജ്ഞത്തെ ദേവസാന്നിധ്യം കൊണ്ട് സമ്പുഷ്ടമാക്കുന്ന ഏകദിനമാണ് കര്‍ക്കടക അമാവാസി. ചാന്ദ്രമാസങ്ങളില്‍ ചിങ്ങം മുതല്‍ വരുന്ന 13-ാമത്തെ അമാവാസിയാണ് കര്‍ക്കടകവാവ്. ഭൂമിയുടെ ഉത്തരധ്രുവ പ്രദേശത്താണ് മേരുപര്‍വ്വതമെന്നും ദേവന്മാര്‍ മേരുവാസികളാണെന്നും പുരാണപ്രസിദ്ധമാണല്ലോ. കര്‍ക്കടക അമാവാസിയെ ജ്യോതി ശ്ശാസ്ത്രപരമായി നോക്കിക്കാണേണ്ടിയിരിക്കുന്നു. സൂര്യന്റെ ദക്ഷിണായനവേളയില്‍ തുലാവിഷു ദിവസം ഭൂമദ്ധ്യരേഖയ്ക്ക് നേരെയാണ് ഉദയം. അതിനുതാഴെയാവും തുടര്‍ന്നുള്ള ദക്ഷിണായനദിനങ്ങളില്‍ സൂര്യോദയം. അപ്പോള്‍ ഉത്തരധ്രുവത്തില്‍ വര്‍ത്തിക്കുന്നവര്‍ക്ക് സൂര്യദര്‍ശനം സാധ്യമല്ലാതെ വരുന്നു. അഥവാ തുലാവിഷു മുതല്‍ മേഷ (മേട) വിഷുവരെ ഉത്തരധ്രുവത്തില്‍ രാത്രിയാണ്.
മേടവിഷുദിനത്തില്‍ ദേവന്മാര്‍ സൂര്യനെ കിഴക്കന്‍ ചക്രവാളത്തില്‍ ഉദയം കൊണ്ടതായി കാണുന്നു. മേടവിഷുമുതല്‍ തുലാവിഷുവരെ ഉത്തരധ്രുവത്തില്‍ പകലും അനുഭവപ്പെടുന്നു. അക്കാലത്ത് മേടവിഷു കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞാലാണ് അവിടെ മദ്ധ്യാഹ്നസമയം. മേടസംക്രമശേഷം മൂന്ന് മാസം കഴിയുക എന്നുവെച്ചാല്‍ മേടം, ഇടവം, മിഥുനം എന്നീ മാസങ്ങള്‍ കഴിഞ്ഞാല്‍ കര്‍ക്കടകമാസം ആയി. അതായത് കര്‍ക്കടക മാസം ദേവന്മാരുടെ മദ്ധ്യാഹ്നവേളയാകുന്നു. കര്‍ക്കടക അമാവാസി ദിവസം ദേവന്മാരുടെ മദ്ധ്യാഹ്നവേളയോടൊപ്പം പിതൃക്കളുടെ  മദ്ധ്യാഹ്നവേളയും ഒത്തുചേരുന്നു. പിതൃക്കളും ദേവന്മാരും ഉണര്‍ന്നിരിക്കുന്നതും ഭക്ഷണം സ്വീകരിക്കുന്നതിന് സജ്ജരായിരിക്കുന്നതുമായ ഒരേയൊരു വാര്‍ഷികദിനമാണ് കര്‍ക്കടകമാസ അമാവാസി. അതുകൊണ്ടാണ് അന്ന് പിതൃബലി നടത്തുന്നത്. ദേവസാന്നിദ്ധ്യത്തോടെ പിതൃബലിനടത്തുന്നതിന് ഇത്രയും ഉത്തമമായ മറ്റൊരുദിവസം വേറെയില്ല.
ഫോണ്‍ : 8547286111
janmabhumi

No comments: