നമ്മള്‍ ഓണമാഘോഷിക്കുന്നതു കഴിഞ്ഞുപോയ ഒരു നല്ലകാലത്തിന്റെ ഓര്‍മയ്ക്കായാണ്; പട്ടിണിയും ദാരിദ്ര്യവുമില്ലാതെ മനുഷ്യരെല്ലാം സ്‌േനഹത്തിലും ഐക്യത്തിലും ജീവിച്ച ഒരു കാലത്തിന്റെ ഓര്‍മയ്ക്കായി. അന്നത്തെപ്പോലെയുള്ള ഓണം എന്നും വരണമെന്നു നമ്മള്‍ ആഗ്രഹിക്കുന്നു, വരുമെന്നു പ്രതീക്ഷിക്കുന്നു. ഇതൊരു നല്ല ഭാവനയാണ്. മനുഷ്യന്റെ ഒരിക്കലും നശിക്കാത്ത ശുഭപ്രതീക്ഷയുടെ പ്രതീകമാണ് ഓണം. ഇന്നത്തെ നമ്മുടെ ഭാവനയാണു നാളെത്തെ യാഥാര്‍ഥ്യമായിത്തീരുന്നത്. ഇന്നു നമ്മള്‍ എന്തു ചിന്തിക്കുന്നുവോ അതാണു നാളെ നമ്മള്‍ ആയിത്തീരുന്നത്.
ഓണത്തിന്റെ സന്ദേശം സമത്വമാണെന്നു പറയാറുണ്ട്. ബാഹ്യലോകത്തിലൊരിക്കലും സമത്വം സാദ്ധ്യമല്ല. എന്നാല്‍ എല്ലാം ആത്മാവാണ്, എല്ലാവരിലും ഈശ്വരന്‍ കുടികൊള്ളുന്നു എന്നു ബോധിച്ച് എല്ലാവരെയും സ്‌േനഹിക്കുന്ന ഭാവം വന്നാല്‍ അതാണു യഥാര്‍ഥ സമത്വം.
തന്റെ സര്‍വവും നഷ്ടപ്പെടുമെന്നു മുന്‍കൂട്ടി അറിഞ്ഞിട്ടും മഹാബലി സത്യത്തില്‍ ഉറച്ചുനിന്നു. അതിനുവേണ്ടി എന്തു ത്യാഗവും സഹിക്കുവാന്‍ തയാറായി. എല്ലാം നഷ്ടപ്പെട്ട സ്ഥിതിയിലും മഹാബലി തനിക്കായി ഒന്നും ഭഗവാനോടു ചോദിച്ചില്ല. ലോകത്തില്‍ എല്ലാവരും സന്തോഷത്തോടെ വാഴുന്നതു കാണാന്‍ കഴിയണമെന്നു മാത്രമേ പ്രാര്‍ത്ഥിച്ചുള്ളൂ. എല്ലാവരുടെയും സന്തോഷം മാത്രമാണ് അദ്ദേഹം ആഗ്രഹിച്ചത്. ആ ത്യാഗവും വിശാലഹൃദയവുമാണു മഹാബലിയുടെ കഥയില്‍ നിന്നു നാം ഉള്‍ക്കൊള്ളേണ്ടത്.
മഹാബലിയുടെ കാലത്ത് എല്ലാവരും ഐശ്വര്യത്തിലും ശാന്തിയിലും ജീവിച്ചിരുന്നു എന്നു പറയുന്നു. എങ്ങനെയാണ് അതു സാദ്ധ്യമായത്? അന്നു രാജാവും ജനങ്ങളും, ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും ഒരുപോലെ ധര്‍മമുള്ളവരായിരുന്നു. സത്യം ആചരിച്ചും ദാനധര്‍മങ്ങള്‍ ശീലിച്ചും അവര്‍ ജീവിച്ചു. അതാണ് അവരുടെ ഐശ്വര്യത്തിനു കാരണമായത്. ധര്‍മത്തില്‍ നിന്നാണു സുഖവും ഐശ്വര്യവും ശാന്തിയുമെല്ലാം ഉണ്ടാവുന്നത്. നമ്മള്‍ എന്തു പ്രകൃതിക്കു കൊടുക്കുന്നുവോ അതാണു നാളെ നൂറിരട്ടിയായി നമുക്കു തിരിച്ചു കിട്ടുന്നത്. ഈ സത്യം അന്നത്തെ ജനങ്ങള്‍ക്കറിയാമായിരുന്നു.
ഉല്ലാസവും സംസ്‌കാരവും ഒത്തു ചേരുമ്പോഴാണ് ജീവിതം ഉത്സവമായി മാറുന്നത്. മക്കള്‍ ഓണം ആഘോഷിക്കുമ്പോള്‍ ഇക്കാര്യം കൂടി ഓര്‍മയില്‍ വയ്ക്കുന്നത് നല്ലതാണ്. പലപ്പോഴും ഉല്ലാസത്തിനു വേണ്ടി സംസ്‌ക്കാരത്തെ ബലികഴിക്കുന്നതായിട്ടാണ് കാണുന്നത്. സംസ്‌ക്കാരം ഉണ്ടാക്കിയെടുക്കാന്‍ വളരെക്കാലത്തെ ക്ഷമയും അദ്ധ്വാനവും ആവശ്യമുണ്ട്. അത് നശിപ്പിക്കാന്‍ എളുപ്പമാണ്. എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ ജീവിതവും നരകത്തിലേക്കാണ് പോകുന്നതെന്ന് നമ്മള്‍ അറിയുന്നില്ല.
ഓണക്കാലത്തു കുട്ടികള്‍ ഉത്സാഹപൂര്‍വം ഊഞ്ഞാലാടും. ഇതിലും ഒരു തത്ത്വമുണ്ട്. ഊഞ്ഞാല്‍ ഉയരുമ്പോഴും താഴുമ്പോഴും കുട്ടികള്‍ക്കു സന്തോഷമാണ്. കാരണം താഴുന്നത് ഉയരാന്‍ വേണ്ടിയാണെന്നവര്‍ക്കറിയാം. അതിനാല്‍ ഭയമില്ല. അതുപോലെ ഉയരുമ്പോഴും ഇതു നീണ്ടുനില്ക്കില്ലെന്നറിയാം. അതിനാല്‍ അഹങ്കാരവുമില്ല. ജീവിതത്തിലും ഈയൊരു മനോഭാവമാണു നമുക്കു വേണ്ടത്. ജീവിതത്തില്‍ ചിലപ്പോള്‍ സുഖമുണ്ടാകും. ചിലപ്പോള്‍ ദുഃഖമുണ്ടാകും ചിലപ്പോള്‍ ഉയര്‍ച്ചയുണ്ടാകും. ചിലപ്പോള്‍ താഴ്ചയുണ്ടാകും. ഉയര്‍ച്ചയുണ്ടാകുമ്പോള്‍ നാം അഹങ്കരിക്കരുത്. അത് എന്നും നിലനില്‍ക്കില്ല എന്ന ഓര്‍മവേണം. അതുപോലെ കഷ്ടപ്പാടുണ്ടാകുമ്പോള്‍ തളര്‍ന്നുപോകുകയുമരുത്. അതും കഴിഞ്ഞുപോകും, വീണ്ടും നല്ല കാലം വരും എന്ന അറിവുവേണം.
ഓണക്കാലത്തു നാം പൂക്കളം ഒരുക്കാറുണ്ട്. ഭഗവാനോടുള്ള കൃതജ്ഞതയുടെയും ഭക്തിയുടെയും പ്രകടനമാണു പൂക്കളം. യഥാര്‍ഥത്തില്‍ നമ്മുടെ ഉള്ളിലാണ് നമ്മള്‍ ഭഗവാനു പൂക്കളം ഒരുക്കേണ്ടത്. ഓരോ ഹൃദയത്തിലും കാരുണ്യവും സ്‌േനഹവും നിറയുമ്പോള്‍ ആ ഹൃദയങ്ങളെല്ലാം ചേര്‍ന്നു ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട പൂക്കളമായിത്തീരും.
ഈ ഓണക്കാലത്ത് നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും അങ്ങനെയുള്ള യജ്ഞമായിത്തീരട്ടെ. കാരുണ്യവും സ്‌േനഹവും നിറഞ്ഞ ഹൃദയങ്ങളെക്കൊണ്ടാകട്ടെ നാം ഭഗവാനെ വരവേല്‍ക്കാനൊരുക്കുന്ന പൂക്കളം. ധര്‍മബോധവും ഈശ്വരചിന്തയും ഉള്‍ക്കൊണ്ട് പുതിയൊരു ജീവിതം കെട്ടിപ്പടുക്കുവാനുള്ള നമ്മുടെ തീരുമാനമാവട്ടെ നാം ധരിക്കുന്ന ഓണക്കോടികള്‍. നമുക്ക് ആഹ്ലാദം തരുന്നതെന്തും മറ്റുള്ളവര്‍ക്കുകൂടി ആനന്ദം പകരുന്നതാകാന്‍ ഓണക്കളികള്‍ നമുക്കു മാതൃകയാകട്ടെ. ഓണക്കളികളില്‍ ജാതിമതചിന്തകളൊന്നും കൂടാതെ എല്ലാവരും ഒത്തുചേരുന്നതുപോലെ നമ്മിലെല്ലാം സഹോദരഭാവം നിറയട്ടെ. അങ്ങനെ ഐക്യത്തിലും സ്‌േനഹത്തിലും ആനന്ദത്തിലും നാം എല്ലാവിധ വ്യത്യാസങ്ങളും മറന്ന് ഒരു മനസ്സായിത്തീരട്ടെ.
മാതാ അമൃതാനന്ദമയി
No comments:
Post a Comment