Friday, August 10, 2018

“ഭാവയാമി രഘുരാമം.........” സ്വാതിതിരുനാളിന്റെ ശ്രീരാമന്‍

          “ഇതാ രാമനെ ഞാന്‍ മനസ്സില്‍ കാണുന്നു, ഭവ്യസുഗുണങ്ങളുടെ പൂന്തോട്ടമായി” ( ഭാവയാമി രഘുരാമം ഭവ്യസുഗുണാരാമം) എന്നിങ്ങനെ വിരിഞ്ഞുവിടരുന്ന സ്വാതിതിരുനാളിന്റെ ഈ പ്രസിദ്ധ കീര്‍ത്തന്ം എം. എസ്. സുബ്ബലക്ഷ്മിയുടെ കളകണ്ഠത്തിലൂടെ സുപരിചിതമാക്കപ്പെട്ടതാണ്. രാമായണകഥ നാലുവരിഖണ്ഡങ്ങൾ‍ വീതമുള്ള ആറു ചരണങ്ങളില്‍ അദ്ഭുതാവഹമായി ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്ന അതികവിപടുത്വവിസ്മയം. രഘുരാമൻ‍‍ വിശ്വാമിത്രനോടൊപ്പം  തപസ്സുകാവലിനു പോകുന്നതുമുതല്‍ പട്ടാഭിഷേകവിലസിതനാകുന്നതു  വരെയുള്ള കഥാകാവ്യത്തെ  സാവേരി രാഗത്തിലാണ് തിരുനാള്‍ ചിട്ടപ്പെടുത്തിയിരുന്നത്, അതിമോഹനരാഗമാലികയാക്കിയത് ശെമ്മാങ്കുടി.  പല്ലവിയും അനുപല്ലവിയും സാവേരിയിൽ   തന്നെ സ്ഥിരപ്പെടുത്തിയിട്ട് മറ്റ് ആറുചരണങ്ങളും ആറു രാഗങ്ങളിലാക്കി. നാട്ടക്കുറിഞ്ഞി,ധന്യാസി, മോഹനം, മുഖാരി, പൂര്‍വികല്യാണി, മധ്യമാവതി എന്നിങ്ങനെയാണി ശെമ്മാങ്കുടിയുടെ നിജപ്പെടുത്തല്‍. ഒരു പൂര്‍ണസംഗീതശില്‍പ്പം ഇങ്ങനെ മെനഞ്ഞെടുക്കപ്പെട്ടിരിക്കയാണ്. അതെസമയം ‍ കടക്കേണ്ണേറു കൊണ്ട് ഭാവുകങ്ങള്‍ വിതരണം ചെയ്തു ലസിക്കുന്ന രഘൂത്തമന്‍ സുഗുണാരാമനായി ലസിക്കുകയാണ് കാവ്യത്തിലുടനീളം.

  രാമന്റെ കഥകള്‍ ‍ 24000 ശ്ലോകങ്ങളില്‍ക്കൂടി വാല്‍മീകി പാടിപ്പറഞ്ഞത് ആറു് ശ്ലോകങ്ങളിലൊതുക്കക്കണമെങ്കില്‍ അസാമാന്യ കയ്യടക്കം വേണം.  മുഴു ഘടനയൊത്ത കഥ പറയാന്‍ ആറു നാൽ വരി ഖണ്ഡങ്ങൾ‍ അപര്യാപ്തം. കഥയിലെ സന്ദര്‍ഭങ്ങൾ‍  ശ്രീരാമപ്രത്യക്ഷം മാത്രം ദൃശ്യങ്ങളാക്കി  ഒരു ചിത്രപുസ്തകമാണു സ്വാതിതിരുനാള്‍ ‘ഭാവയാമി’യില്‍ക്കൂടി വരച്ചെടുത്തിട്ടുള്ളത്. കാര്യകാരണയുക്തികള്‍ വിട്ടിട്ട് നിശ്ചലദൃശ്യങ്ങള്‍  ഒരുക്കിയെടുത്തിരിക്കയാണ് . ഒരു സ്ലൈഡ് ഷോ പോലെ ഓരോരൊ കഥാസന്ദര്‍ഭചിത്രങ്ങള്‍ മാറിമാറി വരികയാണ്.  വേഗതയാര്‍ന്ന നിശ്ചലദൃശ്യപ്രകടനം അനുസ്യൂതക്രിയാപരിണാമമാകുന്ന ചലച്ചിത്ര വിശേഷം തന്നെ ഇവിടെയും.  വിവിധജീവിതഘട്ടങ്ങളില്‍ക്കൂടെ പരിണാമഗതിയാര്‍ജ്ജിക്കുന്ന നായകന്‍ അതിഗം‍ഭീരകാര്യങ്ങളാണു ചെയ്യുന്നതെങ്കിലും  സ്വച്ഛതയാര്‍ന്ന പുഴയൊഴുകുംവഴിയാണ് അയത്നലളിതമായാണ് ജീവിതസന്ധികളില്‍ക്കൂടി കടന്നുപോകുന്നതെന്ന പ്രതീതിയാണുണര്‍ത്തുന്നത്. നിരവധി വധങ്ങൾ‍, സഖ്യം ചേരല്‍, അനുചരരോടും സേവകരോടും ഒത്തുകൂടല്‍ ഇതൊക്കെ അനയാസമായി തനിക്കു ചുറ്റിനും വന്നുഭവിക്കുന്നുവെന്ന സുഗമലളിത  അവതരണം. ഈ ഋജുരേഖാപ്രതിപാദനപ്രയാണമാണ് ഏകാഗ്രത നല്‍കുന്നതും.  കഥാഘടനയില്‍ കേന്ദ്രീകരിച്ചല്ലാതെ പാത്രസൃഷ്ടി നടത്തുന്ന അപൂര്‍വ്വവിദ്യ. സ്ഥൂലതയെ വെട്ടിച്ചുരുക്കി കൃശകോമളമായ കലാശില്‍പ്പം  മര്യാദാപുരുഷോത്തമന്റെ ഭവ്യസുഗുണങ്ങള്‍‍ വിസ്തൃതമാക്കുന്നു, അതേസമയം കാവ്യഭംഗി ചോരാതെയും സംഗീതമയമാക്കുകയും ചെയ്യേണ്ടുന്നതിലെ ക്ലിഷ്ടത അതിധീരമായി ത്തന്നെയാണ് വാഗ്ഗേയകാരന്‍  നേരിട്ടിരിക്കുന്നത്. ‍ അപാംഗലീലാലസിതനായിക്കണ്ടു തുടങ്ങിയ രഘൂത്തമനെ പട്ടാഭിഷേകത്താല്‍ വിലസിതനായി അവതരിപ്പിക്കുന്നതോടെ അവസാനിക്കുന്നു.

ഭാവയാമി രഘുരാമം ഭവ്യസുഗുണാരാമം
ഭാവുകവിതരണപരാപാംഗലീലാലസിതം

ബാലകാണ്ഡം
ദിനകരാന്വയതിലകം ദിവ്യഗാധിസുതസവനാ-
വനരചിതസുബാഹുമുഖ വധമഹല്യാപാവനം
അനഘമീശചാപഭംഗം ജനകസുതാപ്രാണേശം
ഘനകുപിതഭൃഗുരാമഗർവ്വഹരമിത സാകേതം

അയോദ്ധ്യാകാണ്ഡം
വിഹതാഭിഷേകമഥ വിപിനഗതമാര്യവാചാ
സഹിതസീതാസൌമിത്രിം ശാന്തതമശീലം
ഗുഹനിലയഗതം ചിത്രകൂടാഗതഭരതദത്ത
മഹിതരത്നമയപാദുകം മദനസുന്ദരാംഗം

ആരണ്യകാണ്ഡം
വിതതദണ്ഡകാരണ്യഗതവിരാധദലനം
സുചരിതഘടജദത്താനുപമിതവൈഷ്ണവാസ്ത്രം
പതഗവരജടായുനുതം പഞ്ചവടീവിഹിതവാസം
അതിഘോരശൂർപ്പണഖാവചനാഗതഖരാദിഹരം

കിഷ്കിന്ധ കാണ്ഡം
കനകമൃഗരൂപധരഖലമാരീചഹരം ഇഹ
സുജനവിമതദശാസ്യഹൃതജനകജാന്വേഷണം
അനഘപമ്പാതീരസംഗതാഞ്ജനേയ നഭോമണീ
തനുജസഖ്യകരം വാലി തനുദലനമീശം

സുന്ദരകാണ്ഡം
വാനരോത്തമസഹിത വായുസൂനു കരാർപ്പിത
ഭാനുശതഭാസ്വര ഭവ്യരത്നാംഗുലീയം
തേനപുനരാനീതാന്യൂനചൂഡാമണിദർശനം
ശ്രീനിധിം ഉദധിതീരാശ്രിതവിഭീഷണമിളിതം

യുദ്ധകാണ്ഡം
കലിതവരസേതുബന്ധം ഖലനിസ്സീമപിശിതാശന
ദലനമുരുദശകണ്ഠവിദാരണമതിധീരം
ജ്വലനപൂതജനകസുതാസഹിതയാതസാകേതം
വിലസിതപട്ടാഭിഷേകം വിശ്വപാലം പദ്‌മനാഭം

ഈ കീർത്തനം ഇവിടെ കേൾക്കാം.
  “ഭവ്യസുഗുണാരാമം” എന്ന വിശേഷണം അന്വര്‍ത്ഥമാക്കാനെന്ന മട്ടിലാണ് കൃതി വിടരുന്നത്. ഓരോ വരിയും  നവഗുണപരിമളം വീശിയുണര്‍ത്തുന്ന പൂവുകളാകണമെന്ന നിർബ്ബന്ധം ഉള്ളപോലെ. ആകപ്പാടെ ഒരു പൂന്തോട്ടപ്രകൃതി വന്നണയുക ഉദ്ദേശം. രഘുരാമന്‍ പ്രത്യക്ഷപ്പെടുന്ന സീനുകള്‍ മാത്രമേയുള്ളു ഈ ചിത്ചലച്ചിത്രത്തില്‍.. ചെയ്തികളൊക്കെ അതീവഗുണമേറിയതാക്കിയിരിക്കുകയാണ്‍ മനഃപൂര്‍വ്വം. സീത രണ്ടു ‍, ഏറിയാൽ മൂന്ന് സീനിൽ മാത്രം പ്രത്യക്ഷപ്പെടുന്നു.  ഗാംഭീര്യവും പ്രാഭവവും പ്രദാനം ചെയ്യുന്ന രീതിയിലാണ് ക്രിയാകൃത്യങ്ങള്‍, അതിനുവേണ്ടി പ്രത്യേകനിഷ്കര്‍ഷയില്‍ തെരഞ്ഞെടുത്ത പദങ്ങള്‍.. വീരപരാക്രമങ്ങള്‍ക്ക് സ്വയംകൃതമായ സാധുത നല്‍കാനുള്ള അതിര്‍വിട്ട ശ്രമവും പ്രത്യക്ഷം.ചില ഒളിച്ചുവയ്ക്കലുകള്‍. ഐശ്വര്യവും ധൈര്യവും  നല്‍കാന്‍ വാല്‍മീകി വിട്ടുപോയിടത് സ്വാതി തിരുനാള്‍ തന്നെ താങ്ങുമായെത്തുന്നു.   എന്നാല്‍ പൂത്തും തളിര്‍ത്തും ഉല്ലസിയ്ക്കുന്ന ആരാമദൃശ്യമായി  കൃതി വിടരുന്നകൃത്യം  ശില്പഭംഗിയില്‍ കൃതഹസ്തനായ കവി എളുപ്പം സാധിച്ചെടിത്തിട്ടുണ്ട്.  സുന്ദരപദങ്ങൾ ഇതിനുവേണ്ടി വാരിവിതറിയിട്ടുണ്ട്.  അനുപ്രാസനിബന്ധിതമാണ് പല വരികളും. 

         വൈവിധ്യമാർന്ന ആരാമദൃശ്യം വെളിവാക്കാനെന്നവണ്ണം വ്യത്യസ്തമായ പദനിബന്ധനയാണ് വിവിധ ഖണ്ഡങ്ങള്‍ക്കും. ദീർഘാക്ഷരങ്ങൾ ധാരാളം നിബന്ധിച്ചതാണ് “വാനരോത്തമ സഹിത ..”എന്ന സുന്ദരകാണ്ഡഭാ‍ഗം. ഒരുപാടുകാര്യങ്ങള്‍ ഒന്നിച്ചു പറയാന്‍ സമസ്തപദങ്ങള്‍ ഉപയോഗിക്കുക എന്ന ഹസ്തലാഘവത്തിന്റെ ഉദാഹരണമായി  വിളങ്ങുന്നു പല കഥാഭാഗവും.  “ദിവ്യഗാധിസുതസവനാവനരചിതസുബാഹുമുഖവധം’ എന്നതില്‍ വിശ്വാമിത്രന്റെ യാഗവേളയില്‍ സുബാഹുവും മറ്റുരാക്ഷസരും ഉപദ്രവം ഉണ്ടാക്കിയതും അവരെ വധിച്ചതുമായ് കാര്യങ്ങള്‍ ഒറ്റയടിയ്ക്കു തീര്‍ത്തിരിക്കയാണ്. “അതിഘോരശൂര്‍പ്പണഘാവചനാഗതഖരാദിഹരം” എന്നതും വലിയ സംഘട്ടനാത്മകമായ പലേ കാര്യങ്ങളും ഒരു പദത്തില്‍ ഘടിപ്പിച്ചത്. വിശിഷ്ടമോ സുന്ദരമോ പദങ്ങള്‍ നിബന്ധിയ്ക്കാനുള്ള നിഷ്കര്‍ഷയില്‍ വിശ്വാമിത്രനു ദിവ്യഗാധിസുതനും സുഗ്രീവന്‍ “ന‍ഭോമണീതനുജനും‍”  അഗസ്ത്യന്‍ “സുചരിതഘടജനും ” ആയി മാറുന്നു.  സംഗീതമയമാക്കാനുമത്രെ ഈ നിയുക്തപദവിന്യാസങ്ങള്‍‍.

വ്യത്യസ്തനായ ശ്രീരാമന്‍

ധൈര്യം, വീര്യം, ശമം, സൌന്ദര്യം, പ്രൌഢി, സത്യനിഷ്ഠ, ക്ഷമ,,ശീലഗുണം,അജയ്യത ഈ ഗുണങ്ങളൊക്കെ വേണ്ടുവോളും പേറുന്ന രഘൂത്തമന് ഇവയൊക്കെ പോരാ പോരാ എന്നമട്ടിൽ ഇനിയും വാരിയണിയ്ക്കാനാണു സ്വാതി തിരുനാളിനു വ്യഗ്രത.നല്‍ച്ചെയ്തികള്‍ എണ്ണിപ്പറഞ്ഞാല്‍ പോരാ അവ്യ്ക്കു സാധൂകരനം നല്‍കുന്നത് വിശിഷ്ഠവ്യക്തികളുമായിരിക്കണം.  രാജ്യാഭിഷേകപരിത്യാഗവും വനവാസവും  പ്രൌഢപ്രൊജ്വലരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശത്താലാണത്രെ! (വിഹതാഭിഷേകമഥ വിപിനഗതം  ആര്യവാചാ) കൈകെയിയെ ആണു ‘ആര്യയാക്കിയിരിക്കുന്നത്! രാമായണത്തിലുടനീളം കൈകേയീ ആര്യയാട്ടൊന്നുമല്ല കാണപ്പെടുന്നത്.  ഭരതനുൾപ്പടെ കൈകേയിയെ തള്ളിപ്പറയുന്നത് പലെ  കഥാഭാഗങ്ങളിൽ വ്യക്തമാണ്. വനയാത്രാസമയത്ത് സംയമനം ദീക്ഷിച്ചെങ്കിലും (ശാന്തതമശീലം) വിരാധന്‍ ബലമായി സീതയെ പിടിച്ചെടുത്ത് തോളില്‍ വച്ച് ഓടിയപ്പോള്‍ കൈകേയി അത്ര ആര്യയായിട്ടൊന്നുമല്ല രാമനു തോന്നിയത്. അമ്മായിയമ്മപ്പോരിനാല്‍ സീതയെ കഷ്ടപ്പെടുത്തിയെന്നും “ഏവര്‍ക്കും പ്രിയനാമെന്നെ അവള്‍ കാട്ടിലയച്ചല്ലൊ, ഇപ്പോള്‍ കൃതാര്‍ത്ഥയായിക്കാണും“ എന്നൊക്കെ കൈകേയീഭര്‍സനം ‍ പുറത്തിട്ട ആളാണ് അദ്ദേഹം.  അതിനും മുൻപു ഗംഗാതരണത്തിനു ശേഷം  വ്യാകുലനായ രാമൻ കൌസല്യക്കും സുമിത്രയ്ക്കും വിഷം നൽകിയേക്കും കൈകേയി  എന്നും ശങ്കിക്കുന്നുണ്ട്. സ്വാതി തിരുനാളിന്റെ രാമന്‍ സജ്ജനങ്ങള്‍ പറഞ്ഞിട്ടു വനയാത്ര ചെയ്തവന്‍ മാത്രമാണ്. അനുസരണ മാത്രമല്ല  അതു നല്ലവരുടെ അനുജ്ഞപ്രകാരവുമായിരിക്കണം. അങ്ങനെയാണ് കൈകേയി സ്വാതിതിരുനാളിന് ആര്യയായി മാറുന്നത്.  .ethiranblogspot.com

No comments: