ഗണപതി സ്തുതി കഴിഞ്ഞാല്‍ അടുത്തതായി വേണ്ടത് സരസ്വതീ വന്ദനമാണ്. പൂര്‍വാചാര്യന്മാരുടെ ആ പതിവ് ശാസ്ത്രീയമാകയാല്‍ എഴുത്തച്ഛനും അതുതന്നെ പിന്തുടരുന്നു. രാമായണ മഹാകാവ്യം അറിവിന്റെ മഹാഗംഗയാണ്. സരസ്വതി അറിവിന്റെ മഹാപ്രവാഹമാണ്. അതിനാല്‍ സര്‍വകര്‍മങ്ങളുടെ ആരംഭത്തിലും സരസ്വതീ പ്രാര്‍ത്ഥന അനിവാര്യമായിരിക്കുന്നു. വിശേഷിച്ചും രാമായണ ഗാനാലാപനത്തില്‍.മാനവരാശിയെ ഇതര ജീവജാലങ്ങളില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്തുന്ന തത്ത്വമെന്താണെന്ന് ശ്രദ്ധാപൂര്‍വം ചിന്തിച്ചുനോക്കണം. മനുഷ്യന്റെ സര്‍വപ്രകാരേണയുള്ള വളര്‍ച്ചയ്ക്കും ഉത്കര്‍ഷത്തിനും
നിദാനമെന്തെന്നും അന്വേഷിക്കണം. സരസ്വതിയാണതെന്ന് തെളിഞ്ഞുകിട്ടാന്‍ പ്രയാസമൊന്നുമുണ്ടാവുകയില്ല. സകല ജീവജാലങ്ങളുടെയും ശരീരമുണ്ടാക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പദാര്‍ത്ഥത്തിനു വ്യത്യാസമില്ല. അതുകൊണ്ടാണല്ലോ ഭക്ഷണത്തിനായി മനുഷ്യന്‍ മറ്റു ജീവരാശിയെ സമാശ്രയിക്കുന്നത്. സ്ഥൂലശരീര നിര്‍മിതിയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്കും ഭേദമില്ല. ഭക്ഷണമുള്‍പ്പെടെ അനുകൂലമായുള്ളവയെ സ്വീകരിക്കുക. വിപത്തുകളെ ഒഴിവാക്കുക മുതലായ അടിസ്ഥാന പ്രവണതകള്‍ക്കും സമാനതകളേറെയാണ്. പിന്നെന്തിന്റെ പിന്‍ബലത്താലാണ് മറ്റു മൃഗങ്ങളുടെ കൂട്ടത്തില്‍ വേറൊരു മൃഗമായി അവശേഷിക്കാതെ മനുഷ്യന്‍ വ്യത്യസ്തനായിത്തീര്‍ന്നത്? മനുഷ്യനെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്ന തത്ത്വം വിശ്വത്തിന്റെ പരിധികള്‍പോലും കടന്നുവളരാനും വികസിക്കാനും കരുത്തുറ്റ അറിവാണെന്നു വ്യക്തം. അതാണല്ലോ സരസ്വതി എന്ന പദംകൊണ്ട് അര്‍ത്ഥമാക്കിയിരിക്കുന്നത്. സരസ്വതിയുടെ ഉപാസന മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ക്കുന്ന അറിവിന്റെ സമാദരണമാകുന്നു. അതിന്റെ പ്രാധാന്യവും ഇവിടെ സ്പഷ്ടമായിത്തീരുന്നു.
സരസ്വതി വേദാത്മികയാണെന്നു ഋഷിമാര്‍ പറഞ്ഞുവച്ചതിന്റെ കാരണമിതാകുന്നു. വേദമെന്ന വാക്കിന് അറിവ് എന്നര്‍ത്ഥം. സര്‍വപ്രകാരേണയുള്ള അറിവും വേദമാകുന്നു. മനസ്സിലാക്കാനുള്ള സൗകര്യത്തിനായി ആദ്ധ്യാത്മികമെന്നും ഭൗതികമെന്നും അറിവിനെ രണ്ടായിത്തിരിക്കാം. പല ശാഖകള്‍ അവയ്‌ക്കോരോന്നിനുമുണ്ട്. എല്ലാം സരസ്വതിയുടെ വിവിധരൂപങ്ങള്‍ തന്നെ. ഋക്ക്, യജുസ്സ് സാമം എന്നിവ ആദ്ധ്യാത്മികമായ അറിവിന്റെ ഔന്നത്യങ്ങളാണ്. അതാണ് പരമം. അതു പ്രത്യക്ഷാനുഭൂതിയായിത്തീരലാണു മനുഷ്യജീവിതത്തിന്റെ പരമലക്ഷ്യം. ത്രിപുടീരഹിതമായ പ്രസ്തുത അനുഭൂതി മണ്ഡലത്തെപ്പറ്റി നേരത്തേ വിശദീകരിച്ചിട്ടുണ്ട്. ഇക്കാണായ നാനാത്വങ്ങളെല്ലാം ലയിച്ചടങ്ങിയ ഏകത്വാനുഭവമാണത്. അതു നീയാകുന്നു എന്ന്- തത്ത്വമസി എന്ന്- സാമവേദത്തിലുള്ള ഛാന്ദോഗ്യോപനിഷത് വിളിച്ചുപറയുന്നു. വേദമന്ത്രങ്ങളിലെല്ലാം ബഹുപ്രകാരങ്ങളില്‍ അനുരണനം ചെയ്യുന്നത് ഇതേ അറിവാകുന്നു.
നാനാത്വങ്ങള്‍ നിറഞ്ഞ ഈ ലോകത്തിന്റെ ഓരോരോ അംശങ്ങളെക്കുറിച്ചുള്ള അറിവാണു ഭൗതിക വിഭാഗത്തില്‍പ്പെടുന്നത്. ഭൂതമെന്നാല്‍ ഉണ്ടായ പദാര്‍ത്ഥമെന്നര്‍ത്ഥം. അതിനെ സംബന്ധിച്ചതു ഭൗതികം. പ്രപഞ്ചം ആദ്യന്തങ്ങളില്ലാത്തതാകയാല്‍ ഭൗതികജ്ഞാനത്തിന്റെ മണ്ഡലം അനന്തമായി വികസിച്ചുകൊണ്ടേ ഇരിക്കും. അവയെല്ലാം അഥര്‍വവേദത്തില്‍ പെടുന്നു. ഇനി നാം കൈവരിക്കാന്‍ പോകുന്ന ഭൗതികമായ അറിവുകളും അഥര്‍വത്തില്‍ പെടുമെന്നറിഞ്ഞുകൊള്ളണം. ഋക് യജുസ് സാമവേദങ്ങള്‍ക്കു ത്രയീ എന്നുപേരുണ്ട്. അവ പകര്‍ന്നുതരുന്ന ഏകത്വത്തില്‍ നിന്നുണ്ടായവയാണ് ഇക്കാണായ നാനാത്വങ്ങള്‍. അതിനാല്‍ ആദ്ധ്യാത്മികമായ അറിവും ഭൗതികമായ അറിവുകളും പരസ്പര വിരുദ്ധമല്ല.
മറിച്ച്, പരസ്പര പൂരകമാണ് എന്നതാണ് സത്യം. അതുകൊണ്ട് സകലവിധമായ ഭൗതികശാസ്ത്രവും ഗ്രഹിക്കപ്പെടേണ്ടത് ത്രയി പകര്‍ന്നു നല്‍കുന്ന ഏകത്വ ദര്‍ശനത്തെ അവലംബിച്ചാകണമെന്ന് ആയിരത്താണ്ടുകള്‍ക്കു മുന്‍പേ ഋഷിമാര്‍ നിശ്ചയിച്ചുറപ്പിച്ചിരുന്നു. പ്രാചീനമായ അഥര്‍വവേദ സംഹിതയും ആയുര്‍വേദം, ധനുര്‍വേദം, ഗാന്ധര്‍വവേദം, നാട്യവേദം, വ്യാകരണം മുതലായവയും ഇക്കാര്യം സ്പഷ്ടമാക്കുന്നുണ്ട്. ഏകത്വാനുഭവത്തിന്- ത്രയിയുടെ സന്ദേശത്തിന്- വിരുദ്ധമായ യാതൊന്നും ഭാരതീയ ശാസ്ത്രങ്ങളില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല. ഓരോ ശാസ്ത്രശാഖയും അന്തിമമായി സമര്‍ത്ഥിക്കുന്നത് ഏകത്വാനുഭൂതിയെ ആയിരിക്കും. ഇങ്ങനെ ഒന്നായി വിളങ്ങുന്ന ആദ്ധ്യാത്മിക ഭൗതികജ്ഞാനങ്ങളാണ് സരസ്വതി. അതാണ് ആ ദേവതയുടെ വേദാത്മികാത്വം.
ജ്ഞാനം അഥവാ അറിവ് ഹൃദയത്തില്‍ എങ്ങനെ പ്രകാശിക്കുന്നു? സ്വാനുഭവം പരിശോധിച്ച് ഏവര്‍ക്കും ബോദ്ധ്യപ്പെടാവുന്നതേയുള്ളൂ. ജ്ഞാനം പ്രകാശിക്കുന്നത് ഭാഷയെന്ന മാധ്യമത്തിലൂടെയാണ്. ഭാഷയില്ലെങ്കില്‍ അറിവുമില്ല. ''എനിക്ക് ദാഹിക്കുന്നു. എനിക്കു വെള്ളം കുടിക്കണം'' എന്ന അതിലളിതമായ അറിവുപോലും ഭാഷയുടെ അനുഗ്രഹത്താലാണ് പ്രകാശിക്കുന്നത്. അതിന് ഒരു പ്രത്യേക ഭാഷ തന്നെ വേണമെന്നില്ല. ഏതു ഭാഷയായാലും മതി. പക്ഷേ ഭാഷ കൂടിയേതീരു എന്നതാണ് പ്രധാനം. ഭാഷ ഇല്ലാതെ ഏതെങ്കിലും വിധത്തിലുള്ള അറിവ് സാധ്യമാകുന്നുണ്ടോ എന്നു പരീക്ഷിച്ചു സ്വയം ബോധ്യപ്പെടുക. ബാഹ്യലോകത്തെ പ്രകാശിപ്പിക്കാന്‍ മാത്രമേ സൂര്യനു സാധിക്കൂ. പുറത്തും അകത്തുമുള്ള ലോകങ്ങളെ പ്രഭാപൂര്‍ണമാക്കാന്‍ ശബ്ദസ്വരൂപമായ ഭാഷ തന്നെ വേണം. ശബ്ദമെന്നു പേരുള്ള ജ്യോതിസ്സ് പ്രപഞ്ചത്തെ മുഴുവന്‍ തിളക്കിയില്ലായിരുന്നു എങ്കില്‍ ലോകം മുഴുവന്‍ അജ്ഞാനത്തിന്റെ അന്ധകാരത്തിലാണ്ടു പോയേനേ എന്നു കാവ്യാദര്‍ശം എന്ന ഗ്രന്ഥത്തില്‍ ആചാര്യദണ്ഡി രേഖപ്പെടുത്തിയിരിക്കുന്നത് അതുകൊണ്ടാണ്. ഇങ്ങനെ സര്‍വവും പ്രകാശിപ്പിക്കുന്ന ശബ്ദരൂപിണിയാണു സരസ്വതി.
വാഗിന്ദ്രിയം കൊണ്ട് ശബ്ദം ഉച്ചരിക്കപ്പെടാം. നാദമെന്നും വര്‍ണമെന്നും അതു രണ്ടുവിധമുണ്ട്. ശ്വാസകോശത്തില്‍ നിന്നു പ്രവഹിക്കുന്ന വായു കണ്ഠത്തിലെ സ്വനപാളികളെ കമ്പനം കൊള്ളിക്കുമ്പോള്‍ തുടര്‍ച്ചയായി കേള്‍ക്കപ്പെടുന്ന ശബ്ദത്തിനു നാദമെന്നു പേര്. ശ്വാസപ്രവാഹത്തെ കണ്ഠം, താലു, വര്‍ത്സം, ദന്തം, ഓഷ്ഠം തുടങ്ങിയ സ്ഥാനങ്ങളില്‍ പൂര്‍ണമായോ ഭാഗികമായോ തടഞ്ഞ് തുറന്നുവിടുമ്പോള്‍ കേള്‍ക്കപ്പെടുന്നവയാണ് വര്‍ണം. സംഗീത മണ്ഡലത്തില്‍ ഷഡ്ജം, രിഷഭം, ഗാന്ധാരം, മദ്ധ്യമം, പഞ്ചമം, ധൈവതം, നിഷാദം എന്ന് നാദം ഏഴുസ്വരങ്ങളായി കേള്‍ക്കപ്പെടുന്നു. എന്നാല്‍ വര്‍ണങ്ങളാകട്ടെ സംസ്‌കൃത ഭാഷയില്‍ അന്‍പത്തൊന്ന് എന്നു ചിട്ടപ്പെട്ടിടുത്തിയിട്ടുണ്ട്. മറ്റു ഭാഷകളില്‍ വര്‍ണസംഖ്യക്ക് അല്പാല്‍പഭേദം കാണും. അവ കൂടിച്ചേര്‍ന്നു പദങ്ങളും വാക്യങ്ങളും രൂപപ്പെടുന്നു. സരസ്വതി ഒരേസമയം വര്‍ണാത്മികയും നാദാത്മികയുമാണ്. തന്മൂലം സാഹിത്യവും സംഗീതവും സരസ്വതിയുടെ അവയവങ്ങളായിരുന്നു.
ഭൗതികമോ ഭൗതികാതീതമോ ആയ ആശയങ്ങള്‍ ഹൃദയത്തിലുദിക്കാനും അതുമറ്റുള്ളവരിലേക്കു പകരാനും വര്‍ണാത്മികയായ സരസ്വതി വേണം. അങ്ങനെ ലഭിക്കുന്ന പരോക്ഷജ്ഞാനത്തെ പ്രത്യക്ഷാനുഭൂതിയാക്കി മാറ്റാന്‍ നാദാത്മികയായ സരസ്വതിയും വേണം. സരസ്വതി രണ്ടില്ല; ഒന്നേയുള്ളൂ. സരസ്വതിയുടെ രണ്ടുഭാവങ്ങള്‍ മാത്രമാണ് വര്‍ണാത്മികയും നാദാത്മികയും. ഇങ്ങനെ ത്രിപുടീരഹിതമായ പൂര്‍ണജ്ഞാനോദയത്തിനു കാരണഭൂതയാകയാല്‍ സരസ്വതി പരമാരാദ്ധ്യയാണെന്നതിനു സംശയമില്ല. അതാണ് ഈ സ്തുതിയുടെ സാംഗത്യം.
(തുടരും)
സത്യാനന്ദ സുധ-17
ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍
No comments:
Post a Comment