Monday, August 13, 2018

ധര്‍മ്മമെന്ന പദത്തിന് വ്യക്തമായ നിര്‍വചനമുണ്ട്. ''ധാരണാത് ധര്‍മ്മമിത്യാഹുഃ ധര്‍മ്മോ ധാരയതി പ്രജാ''(പ്രപഞ്ചത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പിന് ആധാരമായതേതോ അതാണ് ധര്‍മ്മം-മഹാഭാരതം) സര്‍വ ചരാചരങ്ങളുടേയും അഭ്യുദയത്തിനും ശ്രേയസിനും ഹേതുവായതേതാണോ അതാണ് ധര്‍മ്മമെന്ന് ആചാര്യസ്വാമികളും പറയുന്നു. യുക്തി ഭദ്രമായ ഇത്തരം നിര്‍വചനങ്ങളിലൂടെ കേവലം വിശ്വാസത്തിലുപരി സര്‍വ ചരാചരങ്ങളുടേയും ആത്യന്തികനന്മയ്ക്കുള്ള കര്‍മ്മ പദ്ധതികളായ ധര്‍മ്മം നിലകൊള്ളുന്നു. ഏതൊരു രംഗത്തിലാണോ ഏറ്റവും പ്രഗത്ഭമായി സമൂഹത്തിന് സേവനം ചെയ്യുവാന്‍ നമുക്ക് കഴിയുന്നത് ആ രംഗമായിരിക്കണം നമ്മുടെ കര്‍മ്മമണ്ഡലം ജനിച്ച് വളര്‍ന്ന സാഹചര്യങ്ങളും ജന്മവാസനകളും ജീവ ശാസ്ത്രപരമായ പ്രത്യേകതകളും ഓരോരുത്തരിലും വ്യത്യസ്ഥമായതുകൊണ്ട് എല്ലാവരുടേയും ധര്‍മ്മം ഒന്നല്ല. അതുകൊണ്ടാണ് 'സ്വധര്‍മ്മേ നിധനം ശ്രേയ' എന്നും '' പരധര്‍മ്മേ ഭയാവഹ '' എന്നും ഭഗവദ് ഗീതയില്‍ പറയുന്നത്. പരധര്‍മ്മത്തേക്കാളും ഗുണ രഹിതമാണെങ്കിലും സ്വധര്‍മ്മം ശ്രേഷ്ഠമാകുന്നു. സ്വധര്‍മ്മം ചെയ്ത് മരിച്ച്‌പോയാലും അത് നല്ലതിനേ ആവൂ. പരധര്‍മ്മം അത്രയ്ക്ക് ഭയങ്കരമാണ്. '' സര്‍വേപി സുഖിനസന്തു സര്‍വേ സന്തു നിരാമയാ സര്‍വേ ഭദ്രാണി പശ്യന്തു മാകശ്ചിത് ദുഃഖമാപ്‌നുയാത്'' (എല്ലാവര്‍ക്കും സുഖം ഭവിക്കട്ടേ. എല്ലാവര്‍ക്കും ആരോഗ്യമുണ്ടാവട്ടേ എല്ലാവരും നല്ലത് കാണട്ടേ. ആര്‍ക്കും ദുഃഖം വരാതിരിക്കട്ടേ) ഇതായിരിക്കണം നമ്മുടെകര്‍മ്മങ്ങളുടെ ലക്ഷ്യം. സമൂഹത്തിന് വേണ്ടി നാം ചെയ്യേണ്ടത് ചെയ്യുമ്പോള്‍ സമൂഹം നമ്മേ രക്ഷിക്കുന്നു. ''ധര്‍മ്മേ രക്ഷതി രക്ഷിതാ'' അതുകൊണ്ട് ഭാരതീയ സംസ്‌കാരത്തിനും ധാര്‍മ്മികബോധത്തിനും അനുസൃതമായ നിയമങ്ങളാണ് നമ്മുടെ നാട്ടില്‍ നാം നടപ്പാക്കേണ്ടത്. '' യേ നാസ്യേ പിതരോയാതോ; യേന യാതപിതാമഹാഃ തേനയായാത് സതാം മാര്‍ഗം തേന ഗഛന്‍നരിഷ്യതേ'' ( ഏതുമാര്‍ഗത്തിലൂടെയാണോ പിതാക്കളും പിതാമഹന്മാരും പോയത് ശ്രേഷ്ഠമായ ആ മാര്‍ഗത്തിലൂടെ തന്നെ പോയാലും അപ്പോള്‍ നാശം ഉണ്ടാകുന്നില്ല- മനു.)janmabhumi

No comments: