ഹഠയോഗ പ്രദീപിക/ വ്യാഖ്യാനം: കൈതപ്രം വാസുദേവന്‍ നമ്പൂതിരി
Saturday 4 August 2018 1:03 am IST
തഥൈകസ്മിന്നേവ ദൃഢേ
ബദ്ധേ സിദ്ധാസനേ സതി
ബന്ധത്രയമനായാസാത്
സ്വയമേവോപജായതേ - 1 -42
സിദ്ധാസനം ഒന്നു മാത്രം ദൃഢമായി ബന്ധിച്ചാല്‍ തന്നെ മൂന്നു ബന്ധങ്ങളും വിഷമമില്ലാതെ സ്വായത്തമാകും.
സിദ്ധാസനത്തിന്റെ പ്രാധാന്യം ഉറപ്പിക്കാനാണ് ഇനിയും രണ്ടു ശ്ലോകങ്ങള്‍ പറയുന്നത്. മൂന്നു ബന്ധങ്ങള്‍ ആയാസകരമാണ്, ചെയ്യാന്‍ പ്രയാസമുള്ളതാണ്. അവ ചെയ്യാതെ തന്നെ, അതിന്നു വേണ്ടി കഷ്ടപ്പെടാതെ തന്നെ അവയുടെ ഫലം കിട്ടുമെങ്കില്‍ അതല്ലെ സുഖകരം? സിദ്ധാസനം കൊണ്ട് അതു തരമാകും.
മലദ്വാരം ബലാല്‍ സങ്കോചിപ്പിക്കുന്നതാണ് മൂല ബന്ധം. 'കാലിന്റെ ഉപ്പൂറ്റി കൊണ്ട് യോനിഭാഗത്ത് അമര്‍ത്തി ഗുദത്തെ സങ്കോച വികാസങ്ങള്‍ ചെയ്യണം' എന്ന് മൂലബന്ധത്തെപ്പറ്റി മൂന്നാമധ്യായത്തില്‍ പറയുന്നുണ്ട്. ഉഡ്യാണബന്ധമാണ് രണ്ടാമത്തെത്. അടിവയറിനെ ബലമായി നട്ടെല്ലിനോടൊട്ടിക്കുന്നതാണ് ഉഡ്യാണബന്ധം. മൂന്നാമത്തെ ബന്ധം ജാലന്ധരബന്ധം. താടി നെഞ്ചോടു ചേര്‍ത്തമര്‍ത്തി കഴുത്ത് മുറുക്കുന്നതാണ് ജാലന്ധരബന്ധം. ഈ മൂന്നെണ്ണവും ചെയ്യാതെ തന്നെ അതിന്റെ ഫലം സിദ്ധാസനം കൊണ്ടു ലഭിക്കുമെന്നാണ് ഇവിടെ വാഗ്ദാനം.
പ്രാണനെ ഉണര്‍ത്തിയാല്‍ നമ്മുടെ അറിവില്ലാതെ തന്നെ ശരീരത്തില്‍ പല മാറ്റങ്ങളും വരും. മുദ്രകളും ബന്ധങ്ങളും പ്രാണായാമക്രമവുമൊക്കെ തനിയെ വശപ്പെടും. പഠിച്ചിട്ടാവണമെന്നില്ല. എല്ലാ ശക്തിയും ശരീരത്തില്‍ തന്നെയുണ്ടല്ലൊ.
....................................................
നാസനം സിദ്ധസദൃശം
ന കുംഭ: കേവലോപമ:
ന ഖേചരീ സമാ മുദ്രാ
ന നാദ സദൃശോലയ: - ഹ 43
സിദ്ധാസനം പോലൊരു ആസനമില്ല. കേവല കുംഭകം പോലെ ഒരു പ്രാണായാമമില്ല.ഖേചരീ മുദ്ര പോലൊരു മുദ്രയില്ല. നാദം പോലൊരു ലയവുമില്ല.
ഓരോന്നിലും ശ്രേഷ്ഠമായതെടുത്തു കാട്ടുന്നത് പ്രസ്തുതമായതിന്റെ മഹത്വത്തെ എടുത്തു കാട്ടാന്‍ സാധാരണ ഉപയോഗിക്കുന്ന ഒരു സങ്കേതമാണ്. സഹിതം, സൂര്യഭേദം, ഉജ്ജായി, ശീതളി, ഭസ് ത്രികാ, ഭ്രാമരീ, മൂര്‍ച്ഛാ, കേവലീ എന്നിങ്ങനെ പ്രാണായാമ ഭേദങ്ങള്‍ ഏറെയാണ്. പൂരകം, കുംഭകം, രേചകം എന്നിവയാണ് പ്രാണായാമത്തില്‍ വരുന്നത്. ബോധപൂര്‍വമായ നിയന്ത്രണത്തോടെയാണ് ഇവ ചെയ്യുന്നത്. എന്നാല്‍ സാധനയുടെ പാരമ്യത്തില്‍ ഇവ മൂന്നും തനിയെ നിന്നു പോകുന്ന അവസ്ഥ വരും. അതിനെ കേവലി എന്നു പറയും. ഇതാണ് ഇവിടെ സൂചിപ്പിക്കപ്പെട്ടത്.
മഹാമുദ്ര, മഹാബന്ധം, മഹാവേധം, ഖേചരീ, ഉഡ്യാണ - മൂല - ജാലന്ധര ബന്ധങ്ങള്‍, വിപരീതകരണി, വജ്രോളി, ശക്തിചാലനം എന്നിങ്ങനെ പത്ത് മുദ്രകളാണ്. വിരലുകള്‍ കൊണ്ടുള്ള മുദ്ര ഇവിടെ പ്രസക്തമല്ല. നാക്ക് വളച്ച് കപാല കുഹരത്തില്‍ ചേര്‍ത്ത് മനസ്സിനെ ലീനമാക്കുന്നതാണ് ഖേചരി. കഠിനമായ ഈ സാധന, ശ്രേഷ്ഠമാണ്. ഹഠയോഗത്തിലെ നാദാനുസന്ധാനം, ധാരണാ - ധ്യാന - സമാധികളെപ്പോലെ പ്രധാനമാണ്.
അപ്പോള്‍ കേവല കുംഭകം പോലെ, ഖേചരി മുദ്ര പോലെ, നാദലയം പോലെ ശ്രേഷ്ഠമാണ് സിദ്ധാസനമെന്ന്, അതിന്റെ പ്രാധാന്യം ഇവിടെ എടുത്തു കാണിച്ചിരിക്കുന്നു.
.....................................................
പത്മാസനം
വാമോരൂപരി ദക്ഷിണം ച ചരണം
സംസ്ഥാപ്യ വാമം തഥാ
ദക്ഷോരൂപരി പശ്ചിമേന വിധിനാ
ധൃത്വാ കരാഭ്യാം ദൃഢം
അംഗുഷ്ഠൗ ഹൃദയേ നിധായ ചിബുകം
നാസാഗ്രമാലോകയേ -
ദേതദ് വ്യാധിവിനാശകാരി യമിനാം
പത്മാസനം പ്രോച്യതേ - ക 44
വലതുകാല്‍പ്പത്തി ഇടതു തുട മേലെ ചേര്‍ക്കുക. അതേ പ്രകാരം ഇടതുകാല്‍ വലതു തുട മേലേയും ചേര്‍ക്കുക. കൈകള്‍ പിന്നിലൂടെ എടുത്ത് കാലിന്റെ പെരുവിരലുകള്‍ പിടിക്കുക. താടി നെഞ്ചില്‍ ചേര്‍ക്കുക.മൂക്കിന്റെ തുമ്പത്ത് നോക്കുക. ഇതാണ് യോഗികളുടെ രോഗനാശകമായ പത്മാസനം.
ബദ്ധ പത്മാസനത്തിന്റെ ലക്ഷണമാണ് ഇവിടെ കൊടുത്തിട്ടുള്ളത്. മതാന്തരത്തിലുള്ള, നാം സാധാരണ ചെയ്യുന്ന, പത്മാസനം അടുത്ത ശ്ലോകത്തില്‍ വരുന്നുണ്ട്. ബദ്ധപത്മത്തില്‍ തന്നെ മുന്നോട്ടു കുനിഞ്ഞ് നെറ്റി നിലത്തു മുട്ടിക്കുന്ന ഘട്ടവുമുണ്ട്. മേലെ വരുന്ന കാലിന്റെ പെരുവിരലാണ് ആദ്യം പിടിക്കേണ്ടത്. അതാണെളുപ്പം. ചുമലിന്റെയും കൈത്തണ്ടകളുടെയും നട്ടെല്ലിന്റെയും വേദന ശമിക്കാന്‍ ഇതു നല്ലതാണ്.നെഞ്ചിന്റെ വിരിവിന് ഗുണകരമാണീ ആസനം. കുണ്ഡലിനീ പ്രബോധനത്തിനും ഇതു ഗുണകരമത്രെ. ധ്യാനാസനമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.
No comments:
Post a Comment