Thursday, August 09, 2018

പട്ടാഭിഷേകം

Sunday 1 November 2015 8:08 pm IST
ഭരതന്‍ വെണ്‍കൊറ്റക്കുടയും വെഞ്ചാമരങ്ങളുമായി രാമപാദുകം ശിരസ്സില്‍ ചേര്‍ത്ത് ജ്യേഷ്ഠനേയും പ്രതീക്ഷിച്ചു നില്പായി. എല്ലാവരുടേയും കണ്ണുകള്‍ ആകാശത്തെ വീക്ഷിച്ചുകൊണ്ടിരുന്നു. ആകാശസീമയില്‍ പുഷ്പകം കണ്ട ഹനുമാന്‍ രാമാഗമനസൂചന നല്‍കി. ശ്രീരാമജയഘോഷത്താല്‍ നന്ദിഗ്രാമവും പരിസരപ്രദേശങ്ങളും മുഖരിതമായി. വാദ്യഘോഷങ്ങള്‍ അതിനെ ഒന്നുകൂടി കൊഴുപ്പിച്ചു. പുഷ്പകവിമാനം നിലത്തിറങ്ങി. രാമലക്ഷ്മണന്മാരും സീതയും വിഭീഷണനും വാനരപ്രമുഖരും മുറക്കിറങ്ങി വന്നപ്പോള്‍ ഭരതന്‍ ഓരോരുത്തരേയും യഥായോഗ്യം സ്വീകരിച്ച് സ്വാഗതമരുളി. പിന്നെ പൗരമുഖ്യന്മാരുടെ ഊഴമായി. അയോദ്ധ്യാവാസികള്‍ രാമന്റെ മഹത്വത്തേയും അയോദ്ധ്യയിലെ ആഗമനം കൊണ്ടുണ്ടാകുന്ന നേട്ടങ്ങളേയും കുറിച്ച് പ്രശംസിച്ചു സംസാരിച്ചു. ഭരതന്‍ പേരുപറഞ്ഞ് ലക്ഷ്മണനേയും സീതയേയും വണങ്ങി. സുഗ്രീവാദി വാനരന്മാരെ ഭരതന്‍ ആലിംഗനം ചെയ്തു. ഭരതന്‍ സുഗ്രീവനെ അഞ്ചാമത്തെ സഹോദരനായി അംഗീകരിച്ചു. വിഭീഷണന്‍ ചെയ്ത സഹായത്തേയും വാഴ്ത്തി ശത്രുഘ്‌നനും എല്ലാവരേയും വണങ്ങി രാമാദികള്‍ അമ്മമാരുടെ പാദം തൊട്ടുവണങ്ങി. അമ്മമാര്‍ അവരെ മാറോടണച്ച് സ്‌നേഹപ്രകടനം നടത്തി. രാമാദികള്‍ വസിഷ്ഠപാദത്തിലും വണങ്ങി. ഭരതന്‍ താന്‍ കൊണ്ടുവന്ന പാദുകങ്ങള്‍ ശ്രീരാമന്റെ കാലില്‍ അണിയിച്ചുകൊണ്ടുപറഞ്ഞു.അദ്യ ജന്മ കൃതാര്‍ഥം മേ സംവൃത്തശ്ച മനോരഥ യസ്ത്വാം പശ്യാമി രാജാനമയോദ്ധ്യാം പുനരാഗതം അവേക്ഷതാം ഭവാന്‍ കോശം കോഷ്ഠാഗാരം പുരം ബലം ഭവതസ്‌തേജസാ സര്‍വം കൃതം ദശഗുണം മയാ (യുദ്ധം 130:55, 56) ഇന്നെന്റെ ജന്മം സഫലമായി. മനോരഥങ്ങള്‍ പൂര്‍ണ്ണമായി. അയോദ്ധ്യയുടെ രാജാവ് ഇന്ന് അയോദ്ധ്യയില്‍ തിരിച്ചെത്തിയിരിക്കുന്നു. ഇനി അങ്ങ് ഖജനാവും ധാന്യശാലയും നഗരവും സേനകളേയും നിരീക്ഷിച്ചാലും. അങ്ങയുടെ അഭാവത്തില്‍ എന്നാല്‍ അങ്ങയുടെ അനുഗ്രഹത്താല്‍ ഞാനവയെ പതിന്മടങ്ങാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അവിടന്ന് ഉപേക്ഷിച്ച രാജ്യം. എന്റെ അമ്മ എനിക്കു നേടിത്തന്ന രാജ്യം ഞാനങ്ങേക്ക് നിരുപാധികം സമര്‍പ്പിക്കുന്നു. ഈ ഭാരം വഹിക്കാന്‍ എല്ലാതരത്തിലും ഞാനശക്തനാണ്. അങ്ങ് ഈ രാജ്യത്തെ ഏറ്റെടുത്ത് പ്രജാപാലനം ചെയ്ത് രക്ഷിച്ചാലും. ഇപ്രകാരം പറയുന്ന ഭ്രാതൃഭക്തനായ ഭരതനെക്കണ്ട് വാനരന്മാരും വിഭീഷണനും ആനന്ദാശ്രുക്കള്‍ പൊഴിച്ചു. രാമന്‍ ഭരതന്റെ അപേക്ഷ സ്വീകരിച്ചു. സ്‌നാനാദികള്‍ക്കുശേഷം രഥത്തില്‍ കയറി അയോദ്ധ്യയിലേക്കു പോയി. അയോദ്ധ്യയില്‍ പുരോഹിതന്‍മാരും മന്ത്രിമാരും കൂടി അഭിഷേകത്തിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. നാലുസമുദ്രത്തില്‍ നിന്നും അഞ്ഞൂറ് നദികളില്‍ നിന്നുമുള്ള തീര്‍ത്ഥജലം പുലര്‍ച്ചക്കുമുമ്പെ എത്തിച്ചേര്‍ന്നു. തീര്‍ത്ഥജലം എത്തിയ വിവരം ശത്രുഘ്‌നന്‍ വസിഷ്ഠമഹര്‍ഷിയെ അറിയിച്ചു. ജ്ഞാനവൃദ്ധനായ വസിഷ്ഠന്‍ ശ്രീരാമചന്ദ്രനെ സീതയോടൊത്ത് രത്‌നമയമായ സിംഹാസനത്തിലിരുത്തി. വസിഷ്ഠന്‍, വാമദേവന്‍, ജാബാലി, കാശ്യപന്‍, കാത്യായനന്‍, സുയജ്ഞന്‍, ഗൗതമന്‍, വിജയന്‍ എന്നീ മഹര്‍ഷിമാര്‍ സുഗന്ധജലംകൊണ്ട് ശ്രീരാമനെ അഭിഷേകംചെയ്തു. ഋത്വിക്കുകളും, ബ്രാഹ്മണരും, കന്യകകളും, മന്ത്രിമാരും, പടത്തലവന്മാരും വ്യാപാരികളും സര്‍വ്വ ഔഷധങ്ങളും കലര്‍ന്നിട്ടുള്ള ജലംകൊണ്ട് ദാശരഥിയെ അഭിഷേകം ചെയ്തു. ബ്രഹ്മ നിര്‍മ്മിതവും മനുകുലരാജാക്കന്മാര്‍ പരമ്പരയാ ധരിച്ചുപോരുന്നതുമായ നവരത്‌ന കിരീടം വസിഷ്ഠന്‍ രാമ ശിരസ്സില്‍ അണിയിച്ചു. ശത്രുഘ്‌നന്‍ വെണ്‍കൊറ്റക്കുട പിടിച്ചു. സുഗ്രീവനും വിഭീഷണനും ചാമരംവീശി അങ്ങിനെ വിധിപൂര്‍വം രാമരാജ്യാഭിഷേകം നടന്നു. അഭിഷേകത്തിനു മുമ്പായി രാമന്‍ പുഷ്പകവിമാനത്തോട് അതിന്റെ പഴയ യജമാനനായ കുബേരനെ സേവിച്ചുകൊള്ളുവാന്‍ പറഞ്ഞ് അളകാപുരിയിലേക്ക് തിരിച്ചയച്ചു. ഭരത രാമ സമാഗമം കണ്ട സുഗ്രീവനും വിഭീഷണനും വിസ്മയത്തിലാണ്ടു. പരസ്പരം പ്രാണന്മാരായ ഈ സഹോദരന്മാരുടെ സൗഹൃദവും, ധര്‍മ്മനിഷ്ഠയും അവരെ അത്ഭുതപ്പെടുത്തി. കാരണം അവര്‍ രണ്ടുപേരും അധികാരലബ്ധിക്കായി ജ്യേഷ്ഠസഹോദരന്മാരെ കൊല്ലിച്ചവരാണ്. ക്രോധലോഭാദികളടക്കി ത്യാഗഭാസുരമായ ആ സഹോദരന്മാരുടെ പെരുമാറ്റം അവരെ രോമാഞ്ചത്തിലാറാടിച്ചു. പട്ടാഭിഷേകത്തിനു ശേഷം രാമന്‍ ബ്രാഹ്മണര്‍ക്ക് പശുക്കളേയും മറ്റും ദാനമായി നല്‍കി. സൂര്യകിരണതുല്യം രത്‌നങ്ങളാല്‍ വെട്ടിത്തിളങ്ങുന്ന ഒരു സ്വര്‍ണ്ണനിര്‍മ്മിത ഹാരം രാമന്‍ സുഗ്രീവനു നല്‍കി. വൈഡൂര്യവും വജ്രവും പതിച്ച രണ്ട് തോള്‍ വളകള്‍ അംഗദനു നല്‍കി. മണികള്‍ പതിച്ച ഒരു മുത്തുമാല സീതയുടെ കഴുത്തിലണിയിച്ചു. ഹനുമാന് രണ്ട് ശുദ്ധ വസ്ത്രങ്ങളും ശ്രേഷ്ഠങ്ങളായ ആഭരണങ്ങളും നല്‍കി. വൈദേഹി ശ്രീരാമനണിയിച്ച മാല കഴുത്തില്‍ നിന്നും ഊരി കയ്യില്‍ പിടിച്ചുകൊണ്ട് രാമനേയും വാനരന്മാരേയും മാറിമാറി നോക്കി. സീത നോക്കുന്നതുകണ്ട് ഇംഗിതജ്ഞനായ രാമന്‍ സീതക്ക് ഇഷ്ടമുള്ളവര്‍ക്ക് ആ മാല നല്‍കിക്കൊള്ളാന്‍ അനുമതി നല്‍കി. തേജസ്സും, വിനയവും സാമര്‍ത്ഥ്യവും പൗരുഷവും വിക്രമവും ഉള്ളവനും ബുദ്ധിമാനുമായ മാരുതിയ്ക്ക് സീത ആ ഹാരം സമ്മാനിച്ചു. ഹനുമാന്‍ ആ മാല കഴുത്തിലണിഞ്ഞ് സന്തുഷ്ടനും സുശോഭിതനുമായി. വിഭീഷണനും, സുഗ്രീവനും ജാംബവാനും ഹനുമാനും മറ്റു വാനരന്മാരും ആദരിക്കപ്പെട്ടു. ശ്രീരാമന്‍ ലക്ഷ്മണനെ യുവരാജാവായിരിക്കാന്‍ നിര്‍ബന്ധിച്ചു. ലക്ഷ്മണനത് സ്വീകരിച്ചില്ല. ഭരതന്‍ യുവരാജാവായി അഭിഷേകം ചെയ്യപ്പെട്ടു. അയോദ്ധ്യയുടെ ഭരണം സുഗമമായി മുന്നോട്ടു നീങ്ങി.

No comments: