Thursday, December 13, 2018

*ദേവദർശനം നാരായണീയ പാഠശാല*
*ഇന്ന്  നാരായണീയ ദിനം*
_എല്ലാവർക്കും നാരായണീയദിന ആശംസകൾ_

       കൊല്ല വർഷം 762(എ ഡി 1587) വൃശ്ചികം - 28നാണ് *മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട്* നാരായണീയം രചിച്ച് ഗുരുവായൂരപ്പന്റെ പാദങ്ങളില്‍ സമര്‍പ്പിച്ചത്. പട്ടേരിപ്പാടിന്റെയും ആ മഹത് ഗ്രന്ഥസമർപ്പണത്തിന്റെയും  സ്മരണയിൽ എല്ലാ വർഷവും വൃശ്ചികം 28ന് നാരായണീയ ദിനം ആചരിക്കുന്നു.

 ഈ വർഷത്തെ നാരായണീയ ദിനം ഇന്ന്  വൃശ്ചികം28 (ഡിസം.14) വെള്ളിയാഴ്ചയാണ്.

*നാരായണീയം ചമച്ച പട്ടേരിപ്പാട്‌*
              📖📖📖📖📖

     കൊല്ലവര്‍ഷം 735 (എ.ഡി.1560)ല്‍ ആണ് ആ പ്രതിഭയുടെ ആവിര്‍ഭാവം. മലപ്പുറം ജില്ലയില്‍ തിരുനാവായ്ക്ക് സമീപം കുറുംബത്തൂര്‍ ദേശത്ത് ചന്ദനക്കാവ് ക്ഷേത്രത്തിന് സമീപം മേല്പുത്തൂര്‍ ഇല്ലത്തിൽ മാതൃദത്തന്‍ ഭട്ടതിരിയുടെ മകനായി പിറന്നു. ദാമോദരന്‍ ജ്യേഷ്ഠനും മാതൃദത്തന്‍ അനുജനും.
              പിതാവിൽ നിന്നും ജ്യേഷ്ഠനിൽ നിന്നും തുടങ്ങിയ വിദ്യഭ്യാസം തൃക്കണ്ടിയൂർ അച്യുത പിഷാരടിയുടെ ശിഷ്യത്വത്തിൽ എത്തിയപ്പോഴേക്കും വളരെ വിശാലമായി തീർന്നു.നേടിയ അറിവ് കൊണ്ട് ഗുരുവിനും അഭിമാനമേകിയ നാരായണ പട്ടേരിപ്പാട് വിവാഹ ശേഷം വിഷയാസക്തിയാൽ അദ്ധ്യായനവും നിത്യകർമ്മങ്ങളും മുടക്കി.

    ഇതറിഞ്ഞ ഗുരുനാഥൻ ഒരു ദിനം നാരായണൻ കേൾക്കുവാൻ വേണ്ടി ശിഷ്യരോട്‌ എല്ലാവരോടും എന്ന വണ്ണം ഇങ്ങനെ പറഞ്ഞു.
"കഷ്ടം, നല്ലൊരു ബ്രാഹ്മണ ജന്മം കിട്ടീട്ട് അതിനെ പാഴാക്കി കളയുന്നുവല്ലൊ''.ഇത് തനിക്കുള്ള വാക്കുകളാണെന്ന് മനസ്സിലാക്കിയ നാരായണൻ തന്റെ അറിവിനോടുള്ള ജിജ്ഞാസയും നിത്യ അനുഷ്ഠാനങ്ങളും വീണ്ടെടുത്തു.

      പിന്നീട് ഗുരു ദക്ഷിണ എന്നോണം അച്യുതപിഷാരോടിയിൽ നിന്നും തന്റെ യോഗ ശക്തി കൊണ്ട് ഏറ്റുവാങ്ങിയ വാതരോഗത്താൽ വലഞ്ഞ അദ്ദേഹം, പരിഹാരത്തിനായി എഴുത്തച്ഛന്റെ അടുത്തേക്ക് ആളെ അയച്ചു. എഴുത്തച്ഛൻ "മത്സ്യം തൊട്ടു കൂട്ടുവാൻ പറഞ്ഞയച്ചു". ഭഗവാന്റെ മത്സ്യാവതാരം തൊട്ടു വർണ്ണിച്ച്‌ ഭജിക്കാനുള്ള നിർദേശമാണെന്ന് നാരായണൻ തിരിച്ചറിഞ്ഞു. അദ്ദേഹം ഗുരുവായൂരിൽ എത്തി ഭജനം പാർത്ത് നാരായണീയം രചിച്ചു.

     കൊല്ല വർഷം 761 (AD1587) ചിങ്ങം 19 ന് ഗുരുവായൂരപ്പന്റെ മുൻപിൽ വലിയമ്പലത്തിൽ ഇരുന്ന് രചന ആരംഭിച്ച അദ്ദേഹം ഓരോ ദിവസം ഒരോ ദശകം എന്ന കണക്കിൽ 100 ദിവസങ്ങളെ കൊണ്ട് 100 ദശകങ്ങൾ പൂർത്തിയാക്കി വൃശ്ചികം 28ന് 'ആയുരാരോഖ്യ സൗഖ്യം' എന്ന പദത്തോടെ   ഭഗവാന് സമർപ്പിക്കുകയും രോഗ മുക്തി ലഭിക്കുകയും ചെയ്തു.അപ്പോൾ 27 വയസ്സ് ആയിരുന്നു അദ്ദേഹത്തിന്. ഭഗവാൻ വേണുഗോപാല വേഷത്തിൽ പട്ടേരിപ്പാടിന് ദർശനം ഏകുകയുണ്ടായി.100 ആം ദശകത്തിലെ കേശാദിപാദ വർണ്ണന അദ്ദേഹം എഴുതിയത് ഭഗവാനെ കണ്ടുകൊണ്ടാണെന്നാണ് വിശ്വാസം.

   1646ൽ  86ആം വയസ്സിൽ ആ പുണ്യാത്മാവ് ഭഗവത് പദം പൂകി. പല കൃതികൾ പട്ടേരിപ്പാട് രചിച്ചെങ്കിലും ഗുരുവായൂരപ്പൻ തൊട്ടനുഗ്രഹിച്ച നാരായണീയത്തിന്റെ പേരിലാണ് അദ്ദേഹത്തിന്റെ പ്രസിദ്ധി. ഭഗവത് അനുഗ്രഹം പോൽ നൂറ്റാണ്ടുകൾക്കിപുറവും  കോടി കോടി ഭക്ത മനസ്സുകളിൽ നാരായണീയവും പട്ടേരിപ്പാടും വിളങ്ങുന്നു.

*ഹരേ നാരായണ*

No comments: