Monday, December 17, 2018


പാപം ഇല്ലാത്ത യുദ്ധം – യുദ്ധം എന്ന യജ്ഞം
-------------------------------------------------------------------
പാപം ബാധിയ്ക്കാതെ എങ്ങനെ സ്വധര്‍മ്മം ചെയ്യാം എന്നാണ് കൃഷ്ണന്‍ ഗീതയില്‍ പഠിപ്പിയ്ക്കുന്നത്. സനാതന ധര്‍മ്മത്തില്‍ പാപത്തിന്‍റെ നിര്‍വചനം വ്യത്യസ്ഥമാണ്. എവിടെയോ ഇരുന്നു ഈശ്വരന്‍ നിങ്ങളുടെ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ ഇടുന്ന നെഗറ്റിവ് മാര്‍ക്ക് അല്ല പാപം. ഈശ്വരന്‍ ആരുടേയും പാപത്തെയും പുണ്യത്തെയും സ്വീകരിയ്ക്കുന്നില്ല (5-15) എന്ന് ഗീത പറയുന്നു. പാപം കര്‍മ്മം ആയിട്ടാണല്ലോ ചെയ്യുന്നത്. (മനസ്സിന്‍റെ പ്രവൃത്തിയും കര്‍മ്മം തന്നെയാണ്). കര്‍മ്മം ബന്ധത്തിനും മോക്ഷത്തിനും ഒരുപോലെ കാരണം ആകാം. (മോക്ഷം അഥവാ മുക്തി എന്ന് പറഞ്ഞത് ഭഗവദ് ഗീതയും സനാതന ധര്‍മ്മവും പ്രകാരം മരിച്ചതിനു ശേഷം മാത്രം കിട്ടുന്ന ഒന്നല്ല. ഇത് പിന്നീട ചര്‍ച്ച ചെയ്യാം). എങ്ങനെയാണ് കര്‍മ്മം ബന്ധത്തിനും മോക്ഷത്തിനും കാരണം ആകുന്നത്. രണ്ടും രണ്ടു ദിശകളില്‍ ഉള്ളതാണ്. ബന്ധവും മോക്ഷവും വിരുദ്ധങ്ങള്‍ ആണ്. കര്‍മ്മ ബന്ധം എന്താണ് എന്ന് നോക്കാം. ഒരു കര്‍മ്മം ചെയ്യുമ്പോള്‍ ആ കര്‍മ്മത്തിന്‍റെ ഫലത്തില്‍ ഉണ്ടാകുന്ന ആശങ്ക ആണ് കര്‍മ്മബന്ധത്തിന്‍റെ തുടക്കം. അജ്ഞാനിയ്ക്ക് ആണ് ഇത്തരം ആശങ്ക ഉണ്ടാകുന്നത്. ഫലത്തില്‍ പ്രതീക്ഷകള്‍ ഉണ്ടാകുന്നു. ഫലം കിട്ടുമ്പോള്‍ ചിലപ്പോള്‍ നിരാശ ഉണ്ടായേക്കാം. അത് ക്രോധം, അസൂയ തുടങ്ങിയ ദുര്‍വിചാരങ്ങള്‍ക്ക്‌ വഴിവെയ്ക്കുന്നു. മനസ്സ് കലുഷിതമാകുന്നു. ഫലം സന്തോഷം നല്‍കുന്നത് ആകുമ്പോള്‍ താന്‍ ആണ് ഇത് നേടിയത്, ഇനിയും നേടും തുടങ്ങി ഉള്ള അഭിമാനങ്ങള്‍ ഉണ്ടാകുന്നു. ഈ രണ്ടു സാഹചര്യങ്ങളിലും കര്‍മ്മം നമ്മില്‍ ഉണ്ടാക്കുന്ന, ക്രോധം തുടങ്ങിയുള്ള വികാരങ്ങള്‍ ആയോ അഭിമാനം ആര്‍ത്തി തുടങ്ങിയവയായോ നമ്മില്‍ സൃഷ്ടിക്കുന്ന പ്രതിപ്രവര്‍ത്തനത്തെയാണ് വാസന (കര്‍മ്മവാസന) എന്ന് പറയുന്നത്. ഈ കര്‍മ്മ വാസന തന്നെയാണ് പാപം. ഇവിടെ പ്രതിപ്രവര്‍ത്തനം എന്ന വാക്ക് ഉപയോഗിച്ചതിനു കാരണം ഉണ്ട്. നാം പ്രവൃത്തി ചെയ്യുന്നു, ഫലത്തില്‍ അനുകൂലമോ പ്രതികൂലമോ ആയി സംഗപ്പെടുന്നു. അതിന്‍റെ പരിണിത ഫലം ഇന്ദ്രിയങ്ങളിലൂടെത്തന്നെ തിരിച്ച് നമ്മില്‍ വാസനയായി അടിഞ്ഞുകൂടുന്നു.
ഇതേ കര്‍മ്മം തന്നെ ഒരു ജ്ഞാനിയായ ആള്‍ക്ക് (അത് ഒരു ഉത്തമ ഭക്തനോ, കര്‍മ്മയോഗിയോ, സന്യാസിയോ ആകാം) മോക്ഷകാരണം ആകുന്നു. അയാള്‍ക്ക്‌ ഫലത്തില്‍ ആശങ്കയില്ല. ഫലം കിട്ടുമ്പോള്‍ അത് പ്രതികൂലം ആണെങ്കില്‍ അത് ഈശ്വര നിശ്ചയം, അനുകൂലം ആണെങ്കില്‍ ഈശ്വരാനുഗ്രഹം. പ്രതികൂലം ആകുമ്പോള്‍ ക്രോധമോ അനുകൂലം ആകുമ്പോള്‍ അത് ഞാന്‍ ചെയ്തു എന്ന അഭിമാനമോ അയാള്‍ക്ക്‌ ഉണ്ടാകുന്നില്ല. ഇങ്ങനെയുള്ള നിഷ്കാമകര്‍മ്മങ്ങള്‍ കൊണ്ട് ക്രമേണ മനസ്സ് ശുദ്ധം ആകുകയും, മനസ്സിന്‍റെ നിശ്ചലാവസ്ഥയില്‍ ബോധം ഉണരുകയും ചെയ്യുന്നു. ഈ ബോധോദയ അവസ്ഥ ആണ് മുക്തി അഥവാ മോക്ഷം. അത് ഇവിടെത്തന്നെ, ഈ ലോകത്ത് തന്നെ കിട്ടേണ്ട ഒന്നാണ് എന്നാണു ഗീത പറയുന്നത്. അപ്പോള്‍ ഒരേ കര്‍മ്മം തന്നെ ഒരാള്‍ക്ക്‌ പാപവും മറ്റെയാള്‍ക്ക് മോക്ഷവും ആയിത്തീരുന്നു. ഭഗവദ് ഗീതയിലെ ഈ ആശയം ആണ് കര്‍മ്മയോഗത്തിന്‍റെ കാതല്‍.
കര്‍മ്മ വാസന ഒടുങ്ങിയ ജീവന് ക്രമേണ സ്വയം അനുഭവപ്പെടുന്നതാണ് പരമാത്മാവുമായുള്ള ഏകത്വം. പരമാത്മാവിനെ ജീവനില്‍ നിന്നും മറയ്ക്കുന്ന, കര്‍മ്മ വാസന കൂട്ടുന്ന ഏതു കര്‍മ്മവും പാപ കര്‍മ്മം ആണ്. അതായത് പാപം, അജ്ഞാനം, വാസന ഇവയെല്ലാം പര്യായങ്ങള്‍ തന്നെ.
കര്‍മ്മ വാസന ഉണ്ടാക്കുന്നത് കര്‍മ്മ ഫലത്തില്‍ ഉള്ള സംഗവും അതില്‍ നിന്നും ഉണ്ടാകുന്ന രാഗവും(ഇഷ്ടം) ദ്വേഷവും(അനിഷ്ടം) ആണ്. ഇതാണ് കാമവും ക്രോധവും ആയി പരിണമിയ്ക്കുന്നത്.
അഥ കേന പ്രയുക്തോയം പാപം ചരതി പൂരുഷഃ (3-36) - വേണ്ട എന്ന് വിചാരിച്ചാല്‍ പോലും ബലമായി നിയോഗിയ്ക്കപ്പെട്ടപോലെ, ആരാല്‍ പ്രേരിതമായിട്ടാണ് ആളുകള്‍ പാപം ചെയ്യുന്നത് എന്ന് അര്‍ജുനന്‍ ചോദിയ്ക്കുന്നു. ഭഗവാന്‍ മറുപടി പറയുന്നു, അത് എത്ര കിട്ടിയാലും മതിവരാത്ത മഹാപാപി ആയ കാമവും(ആഗ്രഹം) ക്രോധവും ആണ്. അതുകൊണ്ട് അതിനെ ശത്രു ആയി അറിഞ്ഞാലും. ഇന്ദ്രിയങ്ങളും മനസ്സും ആണ് അതിന്‍റെ ഇരിപ്പിടം. ഈ കാമം ആണ് ജ്ഞാനത്തെ മറയ്ക്കുന്നത്. അതുകൊണ്ട് ഇന്ദ്രിയങ്ങളെ അടക്കിയിട്ട്, ഈ കാമത്തെ കൊന്നുകളഞ്ഞാലും. (ഇന്ദ്രിയങ്ങളെ അടക്കുന്ന്തിനെ കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യാം). അപ്പോള്‍ കാമം മൂലം ആണ് പാപം ഉണ്ടാകുന്നത്. കാമം മൂലം ഇഷ്ടവും അനിഷ്ടവും ക്രോധവും അഭിമാനവും ഒക്കെ എങ്ങനെ ഉണ്ടാകുന്നു എന്ന് കണ്ടുവല്ലോ.
ഭഗവാന്‍ അര്‍ജുനനെ കൊണ്ട് യുദ്ധം ചെയ്യിച്ചു. ശത്രുവിനെ കാട്ടികൊടുത്തു; ആരാണ് ശത്രു. വ്യക്തി ഭാവത്തിലെ ദുര്യോധനന്‍ അല്ല, മറിച്ച് കാമവും ക്രോധവും ആയിരുന്നു. 4-42 ല്‍ ഭഗവാന്‍ ഒരു ആയുധത്തെയും പരാമര്‍ശിയ്ക്കുന്നു – വാള്‍. ജ്ഞാനം ആകുന്ന വാള്‍ കൊണ്ട് അജ്ഞാനജന്ന്യങ്ങള്‍ ആയ വികാരങ്ങളെ ഇല്ലാതാക്കാന്‍ ആണ് പറഞ്ഞിരിയ്ക്കുന്നത്.
ഇങ്ങനെ ഫല ചിന്തയോടെയോ ഞാന്‍ എന്ന അഭിമാനത്തോടെയോ അര്‍ജുനന്‍ ചെയ്യേണ്ടിയിരുന്ന യുദ്ധത്തെ ഭഗവാന്‍ പാപം പുരളാത്ത സ്വകര്‍മ്മനുഷ്ടാനം ആക്കി മാറ്റി. അര്‍ജുനന് യുദ്ധം ആയിരുന്നു സ്വകര്‍മ്മം. അര്‍ജുനനിലൂടെ എല്ലാ മനുഷ്യര്‍ക്കും തങ്ങളുടെ കര്‍മ്മങ്ങള്‍ ഒരു യജ്ഞം ആക്കി തീര്‍ക്കാനുള്ള മാര്‍ഗങ്ങള്‍ ആണ് ഗീതയിലൂടെ ഭഗവാന്‍ പറയുന്നത്.
(സനാതന ധര്‍മ്മത്തിന് വേണ്ടിയുള്ള ഈ പേജ് നിങ്ങള്‍ ഇഷ്ടപ്പെടുന്നു എങ്കില്‍ ദയവായി ഇത് കൂടുതല്‍ ആള്‍ക്കാരില്‍ എത്തിയ്ക്കുക)

No comments: