Friday, December 07, 2018

ഒരുകൂട്ടം കുട്ടികള്‍ കല്ലുകളും കമ്പുകളും കൈകളില്‍ കരുതി മാങ്ങ എറിഞ്ഞു വീഴ്ത്തുവാന്‍ ആവേശത്തോടെ ചെന്നപ്പോഴുണ്ട് മാവിലുണ്ടായിരുന്ന മാങ്ങയൊക്കെ താഴെ വീണുകിടക്കുന്നു. എറിയുക എന്ന ആവേശത്തെ തടയാനാകാത്തതിനാല്‍ ചിലര്‍ ശൂന്യമായ മാവിലേയ്ക്ക് എറിഞ്ഞുകൊണ്ടിരുന്നു. ചിലര്‍ ആ മരത്തണലിരുന്ന് പഴുത്ത മാങ്ങയും കഴിച്ച് വിശ്രമിക്കുന്നുണ്ട്. ചിലര്‍ എന്തു ചെയ്യണമെന്നറിയാതെ കൈകളിലുള്ള ആയുധങ്ങളിലും മുഖങ്ങളിലും നോക്കുന്നു! ചിലര്‍ എറിയാന്‍ തക്ക മാവുണ്ടോ എന്നു തേടി പോകുകയാണ്.
ഇതുപോലെയാണ് നമ്മുടെ ഉള്ളിലെ വിപ്ലവാവേശങ്ങളും പകയും വിദ്വേഷവുമെല്ലാം! മുന്നില്‍ കണ്ടിരുന്ന പ്രതിയോഗിക്ക് ഇങ്ങോട്ട് ശത്രുത ഇല്ലെന്നു കാണുമ്പോള്‍, മുന്നില്‍ പരിഹരിക്കാന്‍ പണ്ട് ഉണ്ടായിരുന്ന‍ ഒരു പ്രശ്നം ഇന്ന് ഇല്ലെന്നു കാണുമ്പോള്‍ അതിനുവേണ്ടി നാം കൊണ്ടുനടക്കുന്ന ആയുധങ്ങളും അപരാധങ്ങളും വാക്കുകളും എല്ലാം നമുക്ക് അന്നിമിഷം ഉപയോഗം ഇല്ലാതാകുന്നു! അവിടെ നാം ശാന്തരാകേണ്ടിയിരിക്കുന്നു.
ചുരുക്കത്തില്‍ നമ്മുടെ ഉള്ളിലുള്ള വിദ്വേഷമെല്ലാം കളഞ്ഞ് നാം എത്രമാത്രം ആന്തരിക പരിശുദ്ധി നേടുന്നുവോ അത്രത്തോളം നമ്മുടെ നേര്‍ക്ക് വിദ്വേഷത്തോടെ വരുന്നവരുടെ ആയുധങ്ങള്‍ അവര്‍ക്കുതന്നെ ചോദ്യചിഹ്നം ആയിത്തീരുന്നുണ്ട്. ഒരാള്‍ക്ക് ഇങ്ങോട്ടുള്ള വിദ്വേഷം നമുക്ക് അങ്ങോട്ട് ഇല്ലെന്നു വന്നാല്‍ അവരുടെ സന്നാഹം നിഷ്ക്രീയരാകുന്നു! പ്രയോഗിക്കാനുള്ള അവസരം ഇല്ലാതാകും!..krishnakumar kp

No comments: