Thursday, December 06, 2018

'മഹത്തമാന്തര്‍ഹൃദയാന്മുഖച്യുതോ വിധല്‍സ്വ കര്‍ണായുതമേഷമേ വരം'' 
അങ്ങയെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള മഹത്തുക്കളുടെ മുഖത്തുനിന്നൊഴുകുന്ന അങ്ങയുടെ പാദതീര്‍ത്ഥം സ്വീകരിക്കാനുള്ള പതിനായിരം കര്‍ണങ്ങള്‍ എനിക്ക് നല്‍കിയാലും. അങ്ങയുടെ ചരണാമൃതസേവനത്തില്‍ വ്യാപൃതയായിരിക്കുന്ന ലക്ഷ്മിദേവിയും ഞാനും തമ്മില്‍ ഒരു മാത്സര്യബുദ്ധിവരാത്തവിധം അനുഗ്രഹം നല്‍കിയാലും. അധ്യാത്മരാമായണത്തില്‍ ശ്രീഹനുമാന്‍ ആവശ്യപ്പെടുന്ന വരവും ഇത്തരുണത്തില്‍ സ്മരണീയം. ''സ്വാമിന്‍! പ്രഭോ! നിന്തിരുവടിതന്നുടെ നാമവും ചാരുചരിത്രവുമുള്ള നാള്‍ ഭൂമിയില്‍ വാഴ്‌വാനനുഗ്രഹിച്ചീടണം രാമനാമം കേട്ടുകൊള്‍വാനനാരതം'' എന്നാണ് എഴുത്തച്ഛന്റെ ഹനുമാന്‍ സ്വാമി ശ്രീരാമനോട് വരം ചോദിക്കുന്നത്. അതനുസരിച്ച് ശ്രീരാമന്‍ അനുഗ്രവും നല്‍കി. 'മല്‍കഥയുള്ളനാള്‍ മുക്തനായി വാഴ്ക നീ.'' പൃഥു മഹാരാജാവിനെ ലക്ഷ്മിദേവിക്കു സമാനമായ ഐശ്വര്യങ്ങളോടെ രാജഭരണം നടത്തി ബഹുജനസേവ ഭഗവത് സങ്കല്‍പത്തില്‍ ചെയ്യാന്‍ നിയോഗിച്ച് ശ്രീഹരി അപ്രത്യക്ഷനായി.

No comments: