മനുഷ്യരെയും ജീവജാലങ്ങളെയും ഒന്നായി പരിഗണിച്ചുകൊണ്ട് ഇച്ഛാശക്തിയുടെ ഫലം ചിന്തിച്ചു നോക്കു. അപ്പോള്‍ മനസ്സിലാകും നാം വെറുതേയാണ് ജീവിതത്തില്‍ ആശങ്കകളും ഭീതിയുംകൊണ്ട് മനസ്സിനെ കുഴപ്പത്തിലാക്കുന്നതെന്ന്. വിശപ്പ് മാറുക എന്നതാണ് ഏതൊരു ജീവിയുടെയും ഒന്നാമത്തെ അസ്വസ്ഥതയും ഇച്ഛയും. അത് ജീവിതകാലം മുഴുവന്‍ ഏതൊരു ജീവിയിലും നടക്കുന്നുണ്ട്. കഴിക്കാന്‍ ആഹാരം തേടി നടക്കുന്ന മനുഷ്യനും തീറ്റി തേടി പറക്കുന്ന പക്ഷിയും ജലം തേടി വേരു പടര്‍ത്തുന്ന സസ്യങ്ങളും എവിടെനിന്ന് ആരുടെ കൈകളില്‍ നിന്നാണ് ആഹാരം സ്വീകരിക്കുന്നത്? നമ്മുടെ ഇച്ഛയ്ക്ക് ഫലം തരുന്ന ആ അനന്തശക്തിയെ അന്നപൂര്‍ണ്ണേശ്വരിയായി കണ്ട് നാം നമസ്ക്കരിക്കുന്നു.
കഴിക്കാന്‍ ആഹാരവും ഉടുക്കാന്‍ വസ്ത്രവും കിടക്കാന്‍ ഒരിടവും ആയിക്കഴിഞ്ഞാല്‍ പിന്നെ എന്താണ് മനുഷ്യന്‍റെ പ്രശ്നം. ഈ മൂന്നു കാര്യങ്ങള്‍ക്കും പുറത്തുള്ളതാണ് നമ്മുടെ പ്രശ്നങ്ങളെങ്കില്‍ അത് ഒരു പക്ഷേ അതിമോഹം കൊണ്ടായിരിക്കാം, അത്യാസക്തികൊണ്ടായിരിക്കാം. സ്വസ്ഥമായിട്ടിരുന്ന് ഈശ്വരവിചാരം ചെയ്യാനുള്ള എല്ലാ അവസ്ഥയും ഒരു ഗൃഹസ്ഥനുണ്ട്. എന്നാല്‍ സ്വന്തം അവസ്ഥയ്ക്ക് അപ്പുറമുള്ള മോഹങ്ങള്‍ കാരണം ഗൃഹസ്ഥന് എന്നും പ്രശ്നങ്ങള്‍ ആണ്. അതു കാരണം ഈശ്വരാന്വേഷണത്തിന് സമയം കിട്ടുന്നില്ല. ലക്ഷ്യം കാണാനുള്ള അവസരമാണ് ആഹാരംകൊണ്ടും വസ്ത്രം കൊണ്ടും കിടപ്പാടും കൊണ്ടും ലഭിക്കുന്നത്. എന്നാല്‍ നാമത് അമിതമായ ആസക്തികള്‍ക്കായി ചെലവഴിക്കുന്നതിനാല്‍ ദുഃഖത്തിനും രോഗത്തിനും വഴിവയ്ക്കുകയാണ്.
വിശന്നു പറക്കുന്ന ഒരു പക്ഷിക്കു പോലും അതിന്‍റെ ഇച്ഛാശക്തി അതിനുമുന്നില്‍ ആഹാരം കൊണ്ടെത്തിക്കുന്നതു കാണുമ്പോള്‍ അതേ ശക്തിയാണല്ലോ നമുക്കും എല്ലാം നല്‍കുന്നത് എന്ന ബോധം ഉണ്ടാവുകയും ചെയ്യുമ്പോള്‍ ഒരാള്‍ എല്ലാവിധ ആശങ്കകളും ഉപേക്ഷിച്ച് ശാന്തമായി ഭക്തിയോടെ ആത്മശക്തിയുടെ മഹിമയറിഞ്ഞ് ജീവിക്കുകയും ചെയ്യുന്നു. നമ്മുടെ എല്ലാ പ്രശ്നങ്ങളും അമിതമായ ആസക്തികളില്‍ നിന്നുണ്ടായതാണ്. നമ്മുടെ എല്ലാവിധ ആശങ്കകളും വെറുതേയാണ്. ആത്മശക്തിയായി ഉള്ളിലിരുന്നരുളുന്ന അന്നപൂര്‍ണ്ണേശ്വരിയെ നമസ്ക്കരിച്ചാല്‍ അത് മനസ്സിലാകും. krishnakumar
No comments:
Post a Comment