ഭാരതീപദാവലി തോന്നേണം
അദ്ധ്യാത്മരാമായണത്തിലൂടെ/ സത്യാനന്ദ സുധ-18/ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍
Friday 3 August 2018 1:02 am IST
സരസ്വതി എന്ന പേരില്‍ തന്നെ ഇക്കാര്യം ഒളിഞ്ഞുകിടപ്പുണ്ട്. ബ്രഹ്മലോകം അഥവാ സത്യലോകത്തുള്ള മാനസസരസ്സില്‍ ക്രീഡിക്കുന്നവള്‍ എന്നു സരസ്വതീ ശബ്ദത്തിനര്‍ത്ഥം. അവിടെ നിന്നു നദീരൂപത്തില്‍ സ്ഥൂലലോകങ്ങളിലേക്കു പ്രവഹിക്കുന്നവളെന്നും അതിനര്‍ത്ഥമുണ്ട്. എല്ലായിടവും വ്യാപിക്കുന്നത് സരസ്വതിയുടെ സ്വഭാവമാകുന്നു. പ്രപഞ്ചാധാരമായ ഏകത്വത്തില്‍ നിന്നാണ് സരസ്വതി സ്പന്ദിച്ചുയരുന്നത്.
സരസ്വതി നാദമാണ്. സരസ്വതി വര്‍ണമാണ്. രണ്ടുമൊന്നായിരിക്കുന്ന ശബ്ദമാണു സരസ്വതി. നാദവും വര്‍ണങ്ങളുമെല്ലാം പലതായി വേര്‍തിരിഞ്ഞനുഭവപ്പെടുന്നത് സ്ഥൂലപ്രപഞ്ച തലത്തിലാണ്. അതാണ് വൈഖരീതലം. സൂക്ഷ്മതലങ്ങളിലേക്കു കടന്നുചെന്നാല്‍ അവ ഒന്നായി ശബ്ദം മാത്രമായി അനുഭവപ്പെടും. അതാണു സരസ്വതിയുടെ സൂക്ഷ്മ തത്ത്വം. അതിനാല്‍ സരസ്വതി എന്നത് ഒരു വ്യക്തിയല്ല. അതിനെക്കാള്‍ അനന്തകോടി മടങ്ങ് മഹത്തരമായ പ്രപഞ്ച യാഥാര്‍ഥ്യമാകുന്നു.
സരസ്വതി എന്ന പേരില്‍ തന്നെ ഇക്കാര്യം ഒളിഞ്ഞുകിടപ്പുണ്ട്. ബ്രഹ്മലോകം അഥവാ സത്യലോകത്തുള്ള മാനസസരസ്സില്‍ ക്രീഡിക്കുന്നവള്‍ എന്നു സരസ്വതീ ശബ്ദത്തിനര്‍ത്ഥം. അവിടെ നിന്നു നദീരൂപത്തില്‍ സ്ഥൂലലോകങ്ങളിലേക്കു പ്രവഹിക്കുന്നവളെന്നും അതിനര്‍ത്ഥമുണ്ട്. എല്ലായിടവും വ്യാപിക്കുന്നത് സരസ്വതിയുടെ സ്വഭാവമാകുന്നു. പ്രപഞ്ചാധാരമായ ഏകത്വത്തില്‍ നിന്നാണ് സരസ്വതി സ്പന്ദിച്ചുയരുന്നത്. പരമാത്മാവെന്നും പരബ്രഹ്മമെന്നുമെല്ലാം വിളിക്കപ്പെടുന്ന പ്രസ്തുത ഏകത്വമാണ് ശബ്ദതത്ത്വം. അഥവാ സരസ്വതിയുടെ തത്ത്വം. പരാ എന്നു ശാസ്ത്രം പ്രതിപാദിക്കുന്ന ശബ്ദതത്ത്വം വികസിച്ച് അഥവാ സ്ഥൂലഭാവം അനുക്രമം കൈക്കൊണ്ട്- പശ്യന്തിയും മധ്യമയും വൈഖരിയുമായിത്തീരുന്നു. ഇക്കാര്യം നേരത്തേ പ്രതിപാദിച്ചിട്ടുണ്ടല്ലൊ.
കാതില്‍ കേള്‍ക്കപ്പെടുകയും മനസ്സില്‍ അനുഭവപ്പെടുകയും ചെയ്യുന്ന വൈഖരിയുമായി ഉപാസനയിലൂടെ മനസ്സുകൊണ്ട് ഒന്നായിത്തീര്‍ന്നാല്‍ വൈഖരീ രൂപണിയായ സരസ്വതിയുടെ പ്രത്യക്ഷാനുഭവമുണ്ടാകും. ഇതാണ് ഉപാസനയുടെ ഫലം. തുടര്‍ന്നു ഉപാസന ബലപ്പെടുത്തുന്നതിനനുസരിച്ച് മധ്യമയിലേക്കും പശ്യന്തിയിലേക്കും പരയിലേക്കും കടന്നുചെന്നു പരയില്‍ ലയിച്ച് അദ്വൈതാനുഭവം നേടാം. ആനന്ദം തന്നെയായ സ്വരൂപത്തെ- ശ്രീരാമനെ- അനുഭവിക്കാം. അതാണു സരസ്വതിയുടെ ഉപാസന ആര്‍ക്കും നല്‍കുന്ന മഹാനുഗ്രഹം. മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ക്കുന്നതും ക്രമേണ അവിടെനിന്നുയര്‍ത്തി ബ്രഹ്മതലം വരെ കൊണ്ടെത്തിക്കുന്നതും സരസ്വതിയാണെന്നു സാരം.
പ്രപഞ്ചസൃഷ്ടിക്കായി നിശ്ചയിച്ചുറച്ച ആനന്ദസ്വരൂപനായ ബ്രഹ്മവസ്തു അഥവാ ശ്രീരാമന്‍ തന്റെ ശക്തിയെ അതിനായി പ്രവര്‍ത്തനക്ഷമമാക്കിയത് നേരത്തെ പറഞ്ഞിട്ടുണ്ട്. ഭഗവാന്റെ ഈ ശക്തിവിശേഷത്തിനു സത്വം, രജസ്സ്, തമസ്സ് എന്ന മൂന്നു ഗുണങ്ങളുണ്ട്. അവയുടെ വിശദമായ ചര്‍ച്ച അദ്ധ്യാത്മ രാമായണത്തില്‍നിന്നും അതിനു ജഗദ് ഗുരുസ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജയെന്ന വ്യാഖ്യാനത്തില്‍നിന്നും പിന്നീടു ലഭിക്കും. പരബ്രഹ്മത്തിന്റെ ജ്ഞാനത്തെയും ആനന്ദത്തെയും തെല്ലും മറയ്ക്കാത്ത ഗുണമാണ് സാത്വികം. അതിലൂടെ കടന്നുവരുന്ന അഥവാ പ്രകാശിക്കുന്ന അറിവാണു സരസ്വതി. അതിനാല്‍ സരസ്വതിയെ സഗുണമായേ ഉപാസിക്കുവാന്‍ പറ്റൂ. ആകാര കല്‍പനയും അതോടൊപ്പം വേര്‍പിരിയാതെ നില്‍ക്കുന്നു. നാദരൂപത്തിലുള്ള അത്യന്ത സൂക്ഷ്മാകൃതി മുതല്‍ വീണാപുസ്തക ധാരണിയായി സ്ഥൂല രൂപത്തിലുള്ള ആകാര കല്‍പനവരെ ഉപാസകന്റെ സൗകര്യമനുസരിച്ച് സരസ്വത്യുപാസനയ്ക്കു സ്വീകരിക്കപ്പെടാം. അവയെല്ലാം ശരിയും ഫലപ്രാപ്തിയില്‍ എത്തിക്കുന്നവയുമാകുന്നു. ഓരോരുത്തരും അവരവര്‍ക്കിണങ്ങുന്ന ഉപാസനാ പദ്ധതി സ്വീകരിച്ചുകൊള്ളണമെന്നേയുള്ളൂ. അതിനുവേണ്ടി പരമാത്മാവിന്റെ ജ്ഞാനം ബ്രഹ്മാവിന്റെ മുഖങ്ങളിലൂടെ ഋക് യജുസ്സാമാഥര്‍വണങ്ങളായി സരസ്വതിയായി ആവിര്‍ഭവിച്ചു. വരിജോല്‍ഭവമുഖ വാരിജാവാസ എന്നു എഴുത്തച്ഛന്‍ സരസ്വതിയെ സംബോധന ചെയ്തിരിക്കുന്നതു നോക്കുക.
ബ്രഹ്മാവിന്റെ മുഖമാകുന്ന താമരപ്പൂവില്‍ വസിക്കുന്നവളാണു സരസ്വതി. വിദ്യാദേവി സാത്വിക ഗുണ പൂര്‍ണയാകയാല്‍ സരസ്വതി വസിക്കുന്ന താമരപ്പൂവിനും വെളുത്തനിറം കല്‍പിക്കപ്പെട്ടു. മുല്ലപ്പൂവിന്റെയും ചന്ദ്രന്റെയും മഞ്ഞുകണങ്ങളുടെയും വെണ്മയുള്ളവളും വെളുത്ത വസ്ത്രം ധരിച്ചവളും നാദോപകരണമായ വീണയും ജ്ഞാനത്തിന്റെ അക്ഷയ നിക്ഷേപങ്ങളായ വേദങ്ങളും കരങ്ങളിലേന്തിയവളും സൃഷ്ടിസ്ഥിതിസംഹാരങ്ങളുടെ ചുമതല വഹിക്കുന്ന മൂര്‍ത്തിത്രയങ്ങളാല്‍ എപ്പോഴും പൂജിക്കപ്പെടുന്നവളും പരമമായ അറിവ് നല്‍കുന്നവളുമായ ശാരദയായി സഗുണ സാകാര ഭാവത്തില്‍ സരസ്വതിയെ ഉപാസിക്കുന്ന രീതിക്ക് ഇന്നാട്ടില്‍ ആയിരത്താണ്ടുകളുടെ പഴക്കമുണ്ട്. അറിവിനെ ഉപാസിക്കാനുപയോഗിക്കുന്ന ധ്യാനശ്ലോകങ്ങളിലെല്ലാം സമാനമായ സ്വരൂപവര്‍ണനകള്‍ സുലഭമായി കാണും. ഓരോ കലാശാസ്ത്രശാഖയും സരസ്വതിയെ അതിനനുരൂപമായി ഭാവന ചെയ്യും.
വീണാവേണുമൃദംഗമണ്ഡിത കരാം
ശ്രീനര്‍ത്തനാഡംബരാം
പൂര്‍ണാം ഭാവരസോജ്ജ്വലൈരഭിനൈഃ
സദ്ഭിഃ സദാ സേവിതാം,
വാണീം വര്‍ണവിഹാരിണീം സുതരുണീം
സംഗീത സദ്രൂപിണീം
സ്വര്‍ണാഭാം മഹിതത്രയീ തനുലതാം
വന്ദേ കലാദേവതാം
സകലകലകളുടെയും അധിദേവതയായ സരസ്വതിയെ ധ്യാനിക്കുവാനുള്ള ശ്ലോകമാണിത്.
സമുദ്രത്തില്‍ തിരയൊഴിഞ്ഞൊരു നേരമില്ല. അവയോരോന്നിന്റെയും ആകൃതിയും പ്രകൃതിയും ധര്‍മങ്ങളും ആരുടെയും സവിശേഷ ശ്രദ്ധ പിടിച്ചുപറ്റും. അതിനൊരിക്കലും പുതുമ നഷ്ടപ്പെടുകയുമില്ല. അതേ വിധത്തില്‍ ഭാരതീപദാവലി യഥാകാലം തോന്നണമെന്നാണ് എഴുത്തച്ഛന്‍ പ്രാര്‍ത്ഥിക്കുന്നതും നമ്മെക്കൊണ്ടു പ്രാര്‍ത്ഥിപ്പിക്കുന്നതും. അതാണു ജീവിത വിജയത്തിനാസ്പദം. ലോകത്തെ ഭരിക്കുന്നവളായതു കൊണ്ടാണ് സരസ്വതിക്കു ഭാരതിയെന്നു പേരു വന്നത്. അറിവാണു ലോകത്തെ എല്ലാ പ്രകാരത്തിലും ഭരിക്കുന്നതെന്നു പകല്‍പോലെ വ്യക്തമാണല്ലൊ.
ദേവന്മാര്‍ പ്രാര്‍ത്ഥിക്കമൂലം ലോകനന്മയ്ക്കായി അഭിനയവും അഥര്‍വത്തില്‍നിന്നു രസവുമെടുത്തു ബ്രഹ്മാവു നിര്‍മിച്ച സകലകലാശാസ്ത്രമായ നാട്യവേദത്തെ ഭരതമുനി സത്യലോകത്തുനിന്നു ഭൂമിയിലേക്കു കൊണ്ടുവന്നതിനാലും സരസ്വതിയ്ക്കു ഭാരതിയെന്നു പേര്. എഴുത്തച്ഛന്റെ ഈ പ്രാര്‍ത്ഥന ഫലിച്ചതിന്റെ ഉത്തമദൃഷ്ടാന്തമാണ് ആ മഹാചാര്യനില്‍നിന്നു കിളിപ്പാട്ടായി പ്രവഹിച്ച അദ്ധ്യാത്മ രാമായണ മഹാഭാരതങ്ങള്‍. ''വേണ്ടുന്നതു വേണ്ടപ്പോള്‍ തോന്നിക്കോള്ളുമെടോ'' എന്നു ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദര്‍ ജഗദ് ഗുരുസ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്കു നല്‍കിയ അനുഗ്രഹം അദ്ധ്യാത്മ രാമായണത്തിന് അദ്ദേഹം രചിച്ച ഈ പാദപൂജാ വ്യാഖ്യാനത്തില്‍ ഫലിച്ചിരിക്കുന്നതും കണ്ടുകൊള്‍ക.
No comments:
Post a Comment