Thursday, August 02, 2018

അധ്യായം-18- 38-ാം ശ്ലോകം
വിഷയേന്ദ്രിയ സംയോഗാല്‍ അമൃതോപമം എന്തൊരു സുഖം! എന്ന് നമ്മളെല്ലാവരു പറയുകയും അനുഭവിക്കുകയും ചെയ്യുന്ന സുഖം തന്നെ ഇത്.
കണ്ണ്, ചെവി, മൂക്ക്, തൊലി, നാക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളും, കൈ, കാല്‍ മുതലായ കര്‍മേന്ദ്രിയങ്ങളും എപ്പോഴും ഭൗതികങ്ങളായ സുഖങ്ങളെ ആഗ്രഹിച്ചുകൊണ്ടിരിക്കുകയാണ്; അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ സുഖം അനുഭവിക്കുവാന്‍ വേണ്ടി പ്രത്യേകം പ്രയത്‌നങ്ങളോ സഹായികളോ വേണ്ടതില്ല. കണ്ണ്, സൗന്ദര്യമുള്ള സ്ത്രീ മുതലായ വസ്തുക്കളെ നോക്കിക്കൊണ്ടിരിക്കും. ചെവി, കേള്‍ക്കാന്‍ കൊതിച്ചുകൊണ്ടിരിക്കുന്ന പ്രണയഗീതങ്ങളോ മറ്റോ കേട്ടുകൊണ്ടിരിക്കും. മൂക്ക്, സുഗന്ധമുള്ള വസ്തുക്കള്‍ വാസനിച്ചുകൊണ്ടിരിക്കും. നാക്ക്, ഇഷ്ടപ്പെട്ടതും രുചികരവുമായ ഭക്ഷ്യവസ്തുക്കള്‍ തിന്നുകൊണ്ടിരിക്കും. കൈകള്‍ മൃദുലവസ്തുക്കള്‍ സ്പര്‍ശിച്ചുകൊണ്ടിരിക്കും. കാലുകള്‍, മേല്‍പ്പറഞ്ഞ വസ്തുക്കളുടെ സമീപത്തിലേക്ക് നമ്മെ എത്തിക്കുകയും ചെയ്യും. ഇങ്ങനെ ഇന്ദ്രിയങ്ങള്‍ വിഷയങ്ങളോടുകൂടി ചേര്‍ന്ന് നമ്മെ സുഖം അനുഭവിപ്പിക്കും. അപ്പോള്‍ 'അമൃതോ'പമം- അമൃത് കഴിച്ചാല്‍ കിട്ടുന്ന സന്തോഷം തന്നെ ഇത് എന്നു നാം തീരുമാനിക്കുകയും ചെയ്യും.
പരിണാമേ- ഇത് ഭൗതികസുഖം അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉണ്ടാവുന്ന മാനസികാവസ്ഥയാണ്. ഒരേ വസ്തു തന്നെ വീണ്ടും വീണ്ടും അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ വിരസത- രസമില്ലായ്മ തോന്നിത്തുടങ്ങും. കൂടുതല്‍ അളവിലും വ്യത്യസ്തവുമായ സുഖം കിട്ടുവാന്‍ വേണ്ടി ധര്‍മവിരുദ്ധമായ പ്രവൃത്തികള്‍ ആരംഭിക്കാന്‍ തുടങ്ങും. അവ ജനങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ദ്രോഹകരമായി തീര്‍ന്നാല്‍- കൊലപാതകം, ചതി മുതലായ ദുഷ്‌കര്‍മങ്ങള്‍ ചെയ്തു തുടങ്ങിയാല്‍ സുഖം ദുഃഖമായി മാറാന്‍ സാധ്യതയുണ്ട്. ഇതാണ് പരിണാമേ എന്ന് പറഞ്ഞത്.
വിഷമിവ- ഈ ജീവിതത്തില്‍ തന്നെ സര്‍പ്പവിഷം കുടിച്ചാലുണ്ടാവുന്ന അവസ്ഥയില്‍ എത്തിച്ചേരും. മരണ വെപ്രാളം കാട്ടിത്തുടങ്ങും. ആത്മഹത്യ ചെയ്യേണ്ടി വന്നേക്കാം. ഇല്ലെങ്കില്‍ ശരീരത്തിന്റെ ബലം, ബുദ്ധിയുടെ പ്രവൃത്തി, ജ്ഞാനം മുതലായവയ്ക്ക് നാശം സംഭവിച്ചേക്കാം. മരണാനന്തരം നരകദുഃഖം അനുഭവിക്കാനും, അടുത്ത ജന്മത്തില്‍ പട്ടിയോ പുഴുവോ ആയിത്തീരുകയും ചെയ്‌തേക്കാം. ഇതൊക്കെയാണ് രാജസമായ സുഖം അനുഭവിച്ചാലുണ്ടാവുന്ന അവസ്ഥ.

No comments: