ബൃഹദാരണ്യകോപനിഷത്ത്- 20
ബ്രഹ്മം മാത്രമേ ഏറ്റവുമാദ്യം ഉണ്ടായിരുന്നുള്ളൂവെന്നും അതില്‍ നിന്നാണ് കര്‍മം ചെയ്യാനായി പല വിഭാഗങ്ങള്‍ ഉണ്ടാതെന്നും പറയുന്നു.
ബ്രഹ്മ വാ ഇദമഗ്ര ആസീദേകമേവ;
തദേകം സന്ന വ്യഭവത്
തച്ഛ്‌റേയോ രൂപമത്യ സൃജത ക്ഷത്രം
മുമ്പ് ഇക്കാണുന്നതെല്ലാം ഏകമായ ബ്രഹ്മം തന്നെയായിരുന്നു. ആ ബ്രഹ്മം ഒറ്റയ്ക്കായിരുന്നതിന്നാല്‍ കര്‍മം ചെയ്യുന്നതിന് കഴിഞ്ഞില്ല. അതു കൊണ്ട് അത് പ്രശസ്ത രൂപമായ ക്ഷത്രിയ വിഭാഗത്തെ സൃഷ്ടിച്ചു.
ദേവന്മാരില്‍ ഇന്ദ്രന്‍, വരുണന്‍, സോമന്‍, രുദ്രന്‍, പര്‍ജന്യന്‍, യമന്‍, മൃത്യു, ഈശാനന്‍ എന്നിവരാണ് ക്ഷത്രവിഭാഗത്തില്‍ പ്രസിദ്ധര്‍. അതിശയേന സൃഷ്ടിക്കപ്പെട്ടത് ആകയാല്‍ ക്ഷത്രത്തേക്കാള്‍ ശ്രേഷ്ഠമായത് വേറെ ഇല്ല. അതിനാല്‍ രാജസൂയത്തില്‍ ബ്രാഹ്മണന്‍ താഴെയിരുന്ന് ക്ഷത്രിയനെ ഉപാസിക്കുന്നു.
ക്ഷത്ര ഏവ തദ്യശോദധാതി;
സൈഷാ ക്ഷത്രസ്യ യോനിര്‍ ബ്രഹ്മ
ക്ഷത്രിയനില്‍ തന്നെ യശസ്സിനെ ബ്രഹ്മമെന്ന ഖ്യാതിയെ സ്ഥാപിക്കുന്നു. ബ്രഹ്മമെന്ന് പറയുന്നത് ക്ഷത്രത്തിന്റെ യോനി അഥവാ ഉദ്ഭവസ്ഥാനമാണ്. അതുകൊണ്ട് ക്ഷത്രിയര്‍ ശ്രേഷ്ഠതയെ പ്രാപിക്കുന്നുവെങ്കിലും അവസാനം കര്‍മം തീരുമ്പോള്‍ തന്റെ യോനിയായ ബ്രാഹ്മണ വിഭാഗത്തെ ആശ്രയിക്കുന്നു. ബ്രാഹ്മണനെ നിന്ദിക്കുന്നവര്‍ തന്റെ യോനിയെത്തന്നെ നശിപ്പിക്കുന്നു. അയാള്‍ കൂടുതല്‍ പാപി
യായിത്തീരുന്നു. ശ്രേഷ്ഠന്‍മാരെ നിന്ദിക്കുമ്പോഴുണ്ടാകുന്ന പാപം ബാധിക്കും.
മുമ്പ് അഗ്നിയെ സൃഷ്ടിച്ച് ബ്രഹ്മം അഗ്നി രൂപത്തിലായിത്തീര്‍ന്നുവെന്നും ബ്രാഹ്മണരെന്ന അഭിമാനത്താല്‍ ബ്രഹ്മമെന്ന് അറിയപ്പെട്ടുവെന്നും പറഞ്ഞു. ക്ഷത്രിയരുള്‍പ്പെടെയുള്ള മറ്റൊരു വിഭാഗവും അന്ന് ഉണ്ടായിരുന്നില്ല. ബ്രാഹ്മണന്‍ മാത്രം. കാത്ത് രക്ഷിക്കാന്‍ ഉള്ളവരോ പണിയെടുക്കാനുള്ളവരോ അന്ന് ഉണ്ടാകാതിരുന്നതിനാല്‍ ബ്രാഹ്മണന് കര്‍മം ചെയ്യാന്‍ കഴിഞ്ഞില്ല. അതിനാല്‍ പരിപാലനത്തിനായി ബ്രഹ്മം തന്നില്‍ നിന്ന് ക്ഷത്രിയരെ സൃഷ്ടിച്ചു.
ദേവന്‍മാരുടെ രാജാവായ ഇന്ദ്രന്‍, ജലജീവികളുടെ രാജാവായ വരുണന്‍, ബ്രാഹ്മണരുടെ രാജാവായ സോമന്‍, പശുക്കളുടെ അധിപനായ രുദ്രന്‍, ഇടിമിന്നലിന്റേയും മറ്റും നേതാവായ പര്‍ജന്യന്‍, പിതൃക്കളുടെ അധിപനായ യമന്‍, രോഗം മുതലായവയുടെ നേതാവ് മൃത്യു, ഭാസ്സുകളുടെ രാജാവായ ഈശാനന്‍ എന്നിങ്ങനെ പ്രശസ്തരായ ദേവന്‍മാരിലെ ക്ഷത്രിയരെയാണ് ആദ്യം സൃഷ്ടിച്ചത്.
പിന്നെ ഇന്ദ്രന്‍ തുടങ്ങിയ ക്ഷത്രിയദേവന്‍മാരാല്‍ അധിഷ്ഠിതമായ സൂര്യവംശം ചന്ദ്രവംശം എന്നിവയിലുള്ള ക്ഷത്രിയരെ സൃഷ്ടിച്ചു. പരിപാലനമെന്ന അതിശയ സൃഷ്ടിയായതിനാല്‍ ക്ഷത്രിയന്‍ ബ്രാഹ്മണന്റെയും നിയന്താവാണ്. രാജസൂയ യാഗത്തില്‍ ക്ഷത്രിയനായ രാജാവിനെ ഉയര്‍ന്ന പീഠത്തിലിരുത്തി ബ്രാഹ്മണന്‍ താഴെയിരുന്ന് പൂജിക്കാറുണ്ട്. രാജാവേ, അങ്ങാണ് ബ്രഹ്മം എന്ന് പറഞ്ഞ് ബ്രഹ്മത്തിന്റെ ഖ്യാതിയെ ക്ഷത്രിയനില്‍ സമര്‍പ്പിക്കും. എന്നാല്‍ കര്‍മങ്ങളുടെ അവസാനം ക്ഷത്രിയന്‍ പുരോഹിതനായ ബ്രാഹ്മണനെ പൂജിക്കും. ക്ഷത്രിയനും കാരണമായിരിക്കുന്നതിനാലാണിത്.
താന്‍ വലിയ വിശിഷ്ട സൃഷ്ടിയാണ് എന്ന ഭാവത്താല്‍ തന്റെ ഉദ്ഭവസ്ഥാനമായ ബ്രാഹ്മണരെ നിന്ദിക്കുകയാണെങ്കില്‍ അത് പാപത്തിന് കാരണമാകും.
സാ നൈവ വ്യഭത്, സ വിശമസൃജത
എന്നിട്ടും കര്‍മം ചെയ്യാന്‍ ശക്തനായില്ല. അതിനാല്‍ വൈശ്യരെ സൃഷ്ടിച്ചു. ദേവന്‍മാരിലെ വൈശ്യ ജാതിയെ കൂട്ടം കൂട്ടമായാണ് പറയുന്നത്. വസുക്കള്‍, രുദ്രന്‍മാര്‍ ആദിത്യന്‍മാര്‍, വിശ്വദേവന്‍മാര്‍, മരുത്തുക്കള്‍ എന്നിവരാണവര്‍. ധനം സമ്പാദിക്കാന്‍ ആളില്ലാത്തതിനാലാണ് ബ്രാഹ്മണര്‍ക്ക് കര്‍മം ചെയ്യാന്‍ കഴിയാത്തത്. അതിനാല്‍ ധന സമ്പാദനത്തിന് വൈശ്യരെ സൃഷ്ടിച്ചു.
പണം സമ്പാദിക്കാന്‍ കൂട്ടത്തോടെയാണ് പോകുന്നത് എന്നതിനാല്‍ ഇവരെ കൂട്ടമായാണ് പറയുക. വസുക്കര്‍ 8, രുദ്രന്‍മാര്‍ 11, ആദിത്യന്‍മാര്‍ 12, വിശ്വദേവന്‍മാര്‍ 13, മരുത്തുക്കള്‍ 49 (ഏഴ് എന്നും പറയാറുണ്ട്) എന്നിങ്ങനെയുള്ള ഗണങ്ങളാണ്. ഇവരില്‍ നിന്നാണ് മനുഷ്യരിലെ വൈശ്യര്‍ ഉണ്ടായത്.
സ നൈവ വ്യഭവത്, സ ശൗദ്രം വര്‍ണമൃജതപൂഷണം
എന്നിട്ടും കര്‍മം ചെയ്യാന്‍ സാധിച്ചില്ല. അതിനാല്‍ പൂഷാവെന്ന ശൂദ്രരെ സൃഷ്ടിച്ചു. പൂഷാവെന്ന് പറയുന്നത് ഈ പൃഥ്വിയെ തന്നെയാണ്. പൃഥ്വിയാണ് ഇവിടെയുള്ളതിനെയെല്ലാം പോഷിപ്പിക്കുന്നത്.
പൂഷാവ് എന്നാല്‍ പോഷിപ്പിക്കുന്നവന്‍ എന്നര്‍ത്ഥം.
പരിചരണത്തിനാണ് ശൂദ്രനെ സൃഷ്ടിച്ചത്. പരിപാലനത്തിന് ക്ഷത്രിയനും ധനം സമ്പാദിക്കാന്‍ വൈശ്യ നുമുണ്ടെങ്കിലും പരിചരണത്തിന് ആളില്ലെങ്കില്‍ കര്‍മം ചെയ്യാനാവില്ല. ഈ നാല് വര്‍ണവും ഒരു പോലെ പ്രധാനമാണ്.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം
No comments:
Post a Comment