Friday, August 03, 2018

ശ്രീരാമാവതാര ചരിതം – ഭാഗവതം (204)

ഗുര്‍വര്‍ത്ഥേ ത്യക്തരാജ്യോ വ്യചരദനുവനം പദ്മപദ്ഭ്യാം പ്രിയായാഃ
പാണിസ്പര്‍ശാക്ഷമാഭ്യാം മൃജിതപഥരുജോയോ ഹരീന്ദ്രാനുജാഭ്യാം
വൈരൂപ്യാച്ഛൂര്‍പ്പണഖ്യാഃ പ്രിയവിരഹരുഷാരോപിതഭ്രൂവിജൃംഭ-
ത്രസ്താബ്ധിര്‍ബ്ബദ്ധസേതുഃ ഖലദവദഹനഃ കോസലേന്ദ്രോഽവതാന്നഃ (9-10-4)
ശുകമുനി തുടര്‍ന്നുഃ
ഖട്വാംഗന്റെ ചെറുമകനായിരുന്നു രഘു. അദ്ദേഹത്തിന്റെ ചെറുമകന്‍ ദശരഥന്‍. ഭഗവല്‍പ്രാര്‍ത്ഥനയുടെ ഫലമായി ഭഗവാന്‍ സ്വയം ദശരഥപുത്രന്‍ രാമനായി അവതാരമെടുത്തു. അദ്ദേഹം അച്ഛന്റെ വാഗ്ദാനം പാലിക്കാനായി രാജ്യവും അധികാരങ്ങളും ഉപേക്ഷിച്ച്‌ കാട്ടില്‍ അലഞ്ഞു നടന്നു. അനുജനായ ലക്ഷ്മണനും, ഹനുമാനും മാത്രമേ കൂട്ടിനുണ്ടായിരുന്നുളളൂ. അദ്ദേഹത്തിന്റെ പ്രിയപത്നിയും നഷ്ടപ്പെട്ടു. പിന്നീട്‌ ഒരു പാലം കെട്ടി വലിയൊരു കൂട്ടം രാക്ഷസരെ കൊന്നൊടുക്കി പ്രിയതമയെ വീണ്ടെടുത്തു. ആ ഭഗവാന്‍ രാമന്‍ നമ്മളെ സംരക്ഷിക്കട്ടെ.
വിശ്വാമിത്രമുനി നടത്തിയ യാഗങ്ങളെ വിഘ്നപ്പെടുത്താന്‍ വന്ന രാക്ഷസരെ രാമന്‍ അടിച്ചോടിച്ചു. വെറുമൊരു ലീലയായി ശിവപാശം ബന്ധിച്ച്‌ സമ്മാനമായി സീതാദേവിയെ സ്വീകരിച്ചു. ക്ഷത്രിയകുലത്തെ പീഡിപ്പിച്ചുകൊണ്ടിരുന്ന പരശുരാമനെ നമ്രശിരസ്കനാക്കി. ദശരഥ നിര്‍ദ്ദേശമനുസരിച്ച്‌ ബന്ധുമിത്രാദികളെ ഉപേക്ഷിച്ച്‌ സീതയോടും ലക്ഷ്മണനോടുമൊന്നിച്ച്‌ വനവാസം നടത്തി. അവിടെ ശൂര്‍പ്പണഖയേയും മറ്റ്‌ അസുരന്‍മാരേയും വകവരുത്തി. ശൂര്‍പ്പണഖയുടെ സഹോദരനായ രാവണന്‌ സീതയില്‍ ആഗ്രഹം ജനിക്കുകയും അവളെ തട്ടിക്കൊണ്ടുവരാന്‍ അമ്മാവനായ മാരീചനെ സ്വര്‍ണ്ണമാനിന്റെ വേഷത്തില്‍ അയയ്ക്കുകയും ചെയ്യുകയുണ്ടായി. മാരീചന്‍ രാമബാണത്താല്‍ കൊല്ലപ്പെട്ടു. സ്ത്രീകളോട്‌ ആസക്തിയുളളവന്റെ വിധിക്കുദാഹരണം കാണിക്കാനെന്ന മട്ടില്‍ രാമന്‍ സീതാവിരഹത്തില്‍ അതീവദുഃഖിതനായിരുന്നു. ഭക്തനായ ജടായുവിന്‌ രാമന്‍ സായൂജ്യം നല്‍കി.
സുഗ്രീവനുമായി സഖ്യത്തിലേര്‍പ്പെട്ട ശേഷം സീതാദേവി എവിടെയാണുളളതെന്നു രാമന്‍ കണ്ടുപിടിച്ചു. സീതയെ വീണ്ടെടുക്കാന്‍ ലങ്കയിലേക്ക്‌ പുറപ്പെടുകയും ചെയ്തു. സമുദ്രം അദ്ദേഹത്തിന്‌ വഴി കൊടുത്തു.പര്‍വ്വതനിരകള്‍ കൊണ്ട്‌ സമുദ്രത്തിന്‌ കുറുകെ ഒരു പാലം തീര്‍ത്ത്‌ കടന്നുചെന്ന് രാമനും കൂട്ടരും ലങ്കയെ ആക്രമിച്ചു. വാനരസേനയുടെ സഹായത്തോടെ അസംഖ്യം രാക്ഷസന്‍മാരോടു യുദ്ധം ചെയ്ത്‌ ഒടുവില്‍ രാവണനെ വധിക്കുകയും ചെയ്തു. സീതാപഹരണത്തോടെ രാവണന്റെ ആര്‍ജ്ജിതപുണ്യങ്ങളെല്ലാം തീര്‍ന്നു പോയിരുന്നു. രാവണന്റെ നിര്‍ജ്ജീവശരീരത്തിനു ചുറ്റും രാക്ഷസസ്ത്രീകള്‍ ഒച്ചയിട്ടു നിലവിളിച്ചു. വികാരത്തിനു വശംവദനായി അസമയത്തു മരിച്ച രാവണന്‍ മരണത്തെ വിളിച്ചു വരുത്തുകയായിരുന്നു.
രാമന്‍ വിഭീഷണനെ ലങ്കാധിപതിയാക്കി. എന്നിട്ട്‌ സീത, ലക്ഷ്മണന്‍ , സുഗ്രീവന്‍ , ഹനുമാന്‍ എന്നിവരോടുകൂടി സ്വന്തം നാടായ അയോധ്യയിലേക്ക്‌ പറന്നു. അപ്പോഴേക്ക്‌ വനവാസകാലം കഴിഞ്ഞിരുന്നു. രാമന്റെ അനുജന്‍ ഭരതന്‍ അവരെ എതിരേറ്റു. ജ്യേഷ്ഠന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ മെതിയടികള്‍ സിംഹാസനത്തില്‍ വച്ച്‌ ഭരതന്‍ രാമദാസനായി രാജ്യം ഭരിക്കുകയായിരുന്നു. എല്ലാ ബന്ധുമിത്രാദികളും പ്രജകളും രാമന്റെ തിരിച്ചുവരവില്‍ അതീവ സന്തുഷ്ടരായിരുന്നു. രാമന്‍ അയോധ്യയില്‍ സിംഹാസനാരൂഢനായി. രാമരാജ്യത്ത്‌ ശാരീരികമോ മാനസികമോ ആയ രോഗങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ധര്‍മ്മനിഷ്ഠയിലും ഐശ്വര്യത്തിലും രാമരാജ്യം ജ്വലിച്ചു വിളങ്ങി. സ്വന്തം ജീവിതചര്യകൊണ്ട്‌ രാമനും സീതയും ഗൃഹസ്ഥ ജീവിതത്തിന്റെ ഉത്തമ മാതൃകയായി.

No comments: