Tuesday, August 14, 2018

സ്വപ്‌നാവസ്ഥയെ പറയുന്നു

ഉപനിഷത്തിലൂടെ -235/ബൃഹദാരണ്യകോപനിഷത്ത്- 33/ സ്വാമി അഭയാനന്ദ
Wednesday 15 August 2018 1:07 am IST
സുഷുപ്തിയിലെ അനുഭവത്തെ വിവരിച്ച ശേഷം ഇനി സ്വപ്‌നാവസ്ഥയെ പറയുന്നു.
സ യെ്രെതതത് സ്വപ്‌ന്യയാ ചരതി തേ ഹാസ്യ ലോകാഃ
ആത്മാവ് എപ്പോഴാണോ സ്വപ്‌നവൃത്തിയില്‍ സഞ്ചരിക്കുന്നത്, അപ്പോള്‍ അത് ആത്മാവിന്റെ കര്‍മഫലങ്ങള്‍ തന്നെയാണ്. അപ്പോള്‍ ഒരു രാജാവിനെപ്പോലെയോ ഒരു മഹാബ്രാഹ്മണനെപ്പോലെയോ ഉയര്‍ച്ചതാഴ്ചയുള്ള ഭാവങ്ങളെ പ്രാപിക്കുന്നതു പോലെയോ ആകും. ഒരു മഹാരാജാവ് പൗരന്മാരെ കൂട്ടിക്കൊണ്ട് തന്റെ രാജ്യത്ത് യഥേഷ്ടം ചുറ്റി നടക്കുന്നതു പോലെ ആത്മാവ് ഇന്ദ്രിയങ്ങളെ  ഗ്രഹിച്ച് സ്വന്തം ശരീരത്തില്‍ തന്നെ ചുറ്റി നടക്കുന്നു. കര്‍മഫലത്തെ തുടര്‍ന്നുണ്ടാകുന്ന വാസനകളാണ് സ്വപ്‌നത്തില്‍ അനുഭവപ്പെടുന്നത.് അതുകൊണ്ടാണ് സ്വപ്‌നത്തില്‍ വിവിധ അനുഭവങ്ങള്‍ ഉണ്ടാകുന്നത്. അപ്പോള്‍  ആത്മാവ് സൂക്ഷ്മ രൂപങ്ങളായ ഇന്ദ്രിയങ്ങളോട് കൂടി സൂക്ഷ്മദേഹത്തിലാണ് ചുറ്റിത്തിരിയുന്നത്. ജാഗ്രത്തില്‍ നിന്നും വലിയ വ്യത്യാസമൊന്നുമില്ല ഈ സ്വപ്‌ന സഞ്ചാരത്തിന്.
അഥ യദാ സുഷുപ്‌തോ ഭവതി, യദാ ന കസ്യചന വേദ
എപ്പോള്‍ സുഷുപ്തിയെ പ്രാപിക്കുന്നുവോ എപ്പോള്‍ ഒന്നും അറിയാതിരിക്കുന്നുവോ അപ്പോള്‍ ഹിതകള്‍ എന്ന് പറയുന്ന 72000 നാഡികളില്‍ കൂടി പിന്‍വലിഞ്ഞ് പുരീതത് നാഡിയില്‍ ശയിക്കുന്നു. ജാഗ്രത്തില്‍ ഹിതനാഡികളിലൂടെയാണ് ദേഹത്തിലെ സഞ്ചാരം. കൊച്ചു കുട്ടിയോ മഹാരാജാവോ മഹാബ്രാഹ്മണനോ ആനന്ദത്തിന്റെ പാരമ്യത്തെ പ്രാപിച്ച് കിടക്കുന്നതു പോലെയാണിത്. എല്ലാ സംസാരധര്‍മങ്ങളില്‍ നിന്നും വിട്ട് സ്വാഭാവികമായ പരമാനന്ദരൂപത്തില്‍ കുടികൊള്ളുന്നു.
സ്വപ്‌നവൃത്തിയോടു കൂടി ചരിക്കുമ്പോഴും ഈ ആത്മാവ് വിശുദ്ധന്‍ തന്നെയാണ.് സുഷുപ്തിയിലാകട്ടെ അതീവ വിശുദ്ധനുമാകും.
ഈ അവസ്ഥയില്‍ ശരീര സംബന്ധമില്ലെങ്കിലും ശരീരത്തില്‍ ശയിക്കുന്നതു പോലെ തോന്നും. വിശേഷ വ്യാപ്തി ഈ സമയത്ത് ഇല്ലാത്തതിനാല്‍ ഒന്നിലും അഭിമാനമുണ്ടാകുകയില്ല.  അജ്ഞാനം മുഴുവനായും നശിക്കാത്തതിനാല്‍ സുഷുപ്തിയില്‍ ആത്മാനന്ദാനുഭവം  ഉണ്ടാകുന്നില്ല.
സ യഥോര്‍ണനാഭി സ്തന്തുനോച്ചരേത്
തസ്യോപനിഷത്ത് സത്യസ്യ സത്യമിതി
എട്ടുകാലി തന്നില്‍ നിന്നു തന്നെയുണ്ടായ നൂലിലൂടെ മുകളിലേക്ക് പോകുന്നതു പോലെയും അഗ്‌നിയില്‍ നിന്ന് ചെറിയ തീപ്പൊരികള്‍ ഉണ്ടാകുന്നതു പോലെയുമാണ് ആത്മാവില്‍ നിന്ന് എല്ലാം ഉണ്ടാകുന്നത്.
 ആത്മാവില്‍ നിന്ന് എല്ലാ ഇന്ദ്രിയങ്ങളും എല്ലാ  ദേവന്‍മാരും എല്ലാ ലോകങ്ങളും എല്ലാ കര്‍മഫലങ്ങളും എല്ലാ ഭൂതങ്ങളും പല തരത്തില്‍ ഉണ്ടാകുന്നു.
 അതിന്റെ ഏറ്റവും അടുത്ത് എത്തിക്കുന്നത് സത്യമാണ്. സത്യമെന്നാല്‍ പ്രാണങ്ങള്‍. ആ പ്രാണങ്ങളുടേയും സത്യം ആത്മാവാണ്.

No comments: