Monday, August 13, 2018

സത്യാനന്ദ സുധ-29
Tuesday 14 August 2018 2:47 am IST
എല്ലാ ഗുരുക്കന്മാരെയും സ്വന്തം ഗുരുവായിക്കണ്ട് ആരാധിക്കുന്നതാണു ഗുരുത്വത്തിന്റെ തത്ത്വശാസ്ത്രം. ചരിത്രം പരിശോധിച്ചു നോക്കിയാല്‍ എണ്ണിയാല്‍ തീരാത്ത മഹാഗുരുക്കന്മാരുടെ ജീവിതകഥകള്‍ കാണാന്‍ സാധിക്കും. അവരവര്‍ ജീവിക്കുന്ന കാലഘട്ടം വിശകലനം ചെയ്താലും ധാരാളം ഗുരുക്കന്മാരുടെ സാന്നിദ്ധ്യം തിരിച്ചറിയാം. എല്ലാ ഗുരുവും ആദരണീയനാണ്. എന്തെന്നാല്‍ ഗുരുക്കന്മാര്‍ പലരില്ല. ഒരാള്‍ മാത്രമേ ഉള്ളൂ. അതാണ് ആദിഗുരുവെന്നു നേരത്തെ വ്യക്തമാക്കിയ പരബ്രഹ്മം. ലോകകാരണനായ ആ പരമതത്ത്വം ജീവജാലങ്ങള്‍ക്കു സത്യത്തിന്റെ മാര്‍ഗം കാട്ടിക്കൊടുക്കുന്നതിനായി വീണ്ടും വീണ്ടും അവതരിക്കുന്നു. ഭിന്നമായ കാലഘട്ടങ്ങളില്‍ ഭിന്നമായ ദേശങ്ങളില്‍ അവതരിച്ച് വ്യത്യസ്ത ഭാഷകളില്‍ സംസാരിക്കുന്നു. അവരുടെ പേരും രൂപവും പലതാണെങ്കിലും അവരുടെ ആന്തരികസത്ത പരബ്രഹ്മമെന്ന ഏകത്വമായിരിക്കുന്നു.
ഒരേ കാലഘട്ടത്തില്‍ തന്നെ പലയിടങ്ങളിലായി പ്രസ്തുത ഏകത്വം ഗുരുവായവതരിക്കും. ശ്രീരാമകൃഷ്ണ പരമഹംസരും സ്വാമി വിവേകാനന്ദനും രമണമഹര്‍ഷിയും തുടങ്ങി വൈകുണ്ഠ സ്വാമികളും ശുഭാനന്ദ ഗുരുദേവനും മഹര്‍ഷി അരബിന്ദോയും വിദ്യാധിരാജ ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുദേവനും ദയാനന്ദ സരസ്വതിയും ശ്രീനീലകണ്ഠഗുരുപാദരും അങ്ങനെ ഒട്ടനേകം ഗുരുക്കന്മാരും ഒരു കാലഘട്ടത്തെ ധന്യരാക്കിയവരാണ്. അതിനാല്‍ ഒരേ സമയത്ത് അനേകം ഗുരുക്കന്മാരെ കാണാന്‍ സാധിക്കും. അവരെ വേറെ വേറെ ഗുരുക്കന്മാരായി കാണുന്നത് അജ്ഞതയുടെ ഫലമാണ്. വിവിധ ശരീരങ്ങളിലിരുന്നുകൊണ്ട് ലോകത്തെ അനുഗ്രഹിക്കുന്ന ഒരേയൊരു ഗുരുവാണ് അവര്‍. അതിനാല്‍ എല്ലാ ഗുരുക്കന്മാരെയും സ്വന്തം ഗുരുവായിക്കണ്ട് ആരാധിക്കാന്‍ ഭാരതീയ വേദാന്ത ശാസ്ത്രം പഠിപ്പിക്കുന്നു. മുഖ്യന്മാരായ ഗുരുഭൂതന്മാര്‍ മറ്റുള്ളോരും ഉള്‍ക്കുരുന്നില്‍ വാഴണമെന്നു എഴുത്തച്ഛന്‍ നമ്മെക്കൊണ്ടു പ്രാര്‍ഥിപ്പിക്കുന്നത് അതിനാലാണ്. ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി പഠിപ്പിച്ച മഹാതത്ത്വങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ഇതാകുന്നു.
രാമായണ കാവ്യത്തില്‍ അനേകം ഗുരുക്കന്മാരെ നമുക്കു കാണാം. വസിഷ്ഠന്‍, ഋഷ്യശൃംഗന്‍, വിശ്വാമിത്രന്‍, നാരദന്‍, വാമദേവന്‍, ഭരദ്വാജന്‍, വാല്‍മീകി, അഗസ്ത്യന്‍ തുടങ്ങിയ ആ മഹാഗുരുക്കന്മാര്‍ക്കെല്ലാം ഒരൊറ്റ ലക്ഷ്യമേയുള്ളൂ ലോകനന്മ. അവര്‍ക്കെല്ലാം ഒരൊറ്റ സന്ദേശമേയുള്ളൂ പരമാത്മസന്ദേശം. ജീവനുള്ളതും ജീവനില്ലാത്തവരുമായി ഈ ലോകത്തു കാണപ്പെടുന്നതെല്ലാം ഒരേയൊരു സത്യത്തിന്റെ വിവിധ ആവിഷ്‌കാരങ്ങള്‍ മാത്രമാണെന്നും അതാണ് നീ-തത് ത്വം അസി-എന്നും അവര്‍ നമ്മെ പഠിപ്പിക്കുന്നത്. അതിനാല്‍ ലോകനന്മയ്ക്കായി നിരന്തരം പ്രവര്‍ത്തിക്കാന്‍ അവര്‍ ഉപദേശിക്കുന്നു. സ്വാര്‍ത്ഥത കൈവെടിഞ്ഞ് അഹിംസാത്മകമായ സേവനാദര്‍ശം കൈക്കൊള്ളാന്‍ അവര്‍ നിരന്തരം പ്രേരിപ്പിക്കുന്നു. അവരുടെ ജീവിതമേതും അഹിംസയുടെ വ്യാഖ്യാനങ്ങളാണ്. ഗുരുക്കന്മാര്‍ പലരല്ല ഒരാള്‍ തന്നെയാണെന്നതിന് അവരുടെ സന്ദേശങ്ങളിലുള്ള ഐക്യം സാക്ഷ്യം വഹിക്കുന്നു.
പേരിലും രൂപത്തിലുമുള്ള വ്യത്യാസമാണ് ഗുരുക്കന്മാരെ വെവ്വേറെയായി കാണാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. പേരും രൂപവും ബാഹ്യാവരണം മാത്രമാണെന്ന കാര്യം പലരും ഓര്‍ക്കാറില്ല. കഴിവില്ലാത്തവര്‍ക്ക് ഇക്കാര്യം മനസ്സിലാവുകയേ ഇല്ല. ശരീരമനോബുദ്ധ്യാദികള്‍ക്കപ്പുറം സ്ഥിതിചെയ്യുന്ന ആത്മസത്തയാണ് ഗുരുത്വം. സാക്ഷാല്‍ പരബ്രഹ്മമാണു ഗുരുവെന്ന് നേരത്തെ ഓര്‍മിപ്പിച്ചത് അതുകൊണ്ടാകുന്നു. ലൗകികരായ മനുഷ്യര്‍ക്ക് ആത്മബോധം പകരാന്‍ അവതരിക്കുന്ന ബ്രഹ്മതത്ത്വത്തിന് ശരീരം സ്വീകരിക്കാതെ തരമില്ല. ശരീരമില്ലെങ്കില്‍ നാമെങ്ങനെയാണ് ആത്മസ്വരൂപനെ കാണുകയും കേള്‍ക്കുകയും ചെയ്യുക? അങ്ങനെ സ്വീകരിക്കപ്പെടുന്ന ശരീരം ദേശകാലോചിതമായ രൂപഭാവങ്ങളോടുകൂടിയതായിരിക്കും. കാഴ്ചയ്ക്കു മറ്റേതൊരു മനുഷ്യനേയും പോലെ തോന്നിക്കുമെങ്കിലും ഞാന്‍ ബ്രഹ്മം തന്നെയാണ്. എന്ന് അനുഭവത്തിലായിരിക്കും അവര്‍ പ്രവര്‍ത്തിക്കുക. അതാണ് അവരെ കരുണാമയന്മാരും സര്‍വജ്ഞരുമാക്കിത്തീര്‍ക്കുന്നത്. ലൗകികരായുള്ളവര്‍ അവരെ ഭിന്നരായി കണ്ടാല്‍ പോലും അവര്‍ക്കു തങ്ങളില്‍ യാതൊരു ഭേദവുമുണ്ടാവുകയില്ല.
ചോദകഗുരു, ബോധകഗുരു, മോക്ഷദ ഗുരു എന്നിങ്ങനെ ഗുരുക്കന്മാരെ മൂന്നായി തരംതിരിച്ചു വേദാന്തശാസ്ത്രം പ്രതിപാദിക്കാറുണ്ട്. അതിന്റെ വിശദവിവരങ്ങള്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി 'പാദപൂജ' എന്ന പേരില്‍ രചിച്ചു പ്രസിദ്ധീകരിച്ച സ്വന്തം മോക്ഷദഗുരുവായ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ ജീവചരിത്രം നോക്കി മനസ്സിലാക്കിക്കൊള്‍ക. വിസ്തരഭയത്താല്‍ ഇവിടെ അതൊന്നും ചര്‍ച്ച ചെയ്യുന്നില്ല. തന്നെ വേദാന്ത വിദ്യ അഭ്യസിപ്പിച്ച ഇരുപത്തിനാലു ഗുരുക്കന്മാരെപ്പറ്റി അവധൂതന്‍ യദുവിനോടു പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഭാഗവതം ഏകാദശസ്‌കന്ധം നോക്കി മനസ്സിലാക്കുന്നത് ഗുരുത്വത്തിന്റെ വിശ്വവ്യാപക ധര്‍മം തിരിച്ചറിയാന്‍ പ്രയോജനപ്പെടും.
ഭൗതികജഗത്തില്‍ പ്രവര്‍ത്തിക്കാനുള്ള ഉപകരണത്തിനപ്പുറം ശരീരം മഹാഗുരുക്കന്മാര്‍ക്കു മറ്റൊന്നുമായിരുന്നില്ല. അതു തിരിച്ചറിയുന്നതിനുള്ള ദൃഷ്ടാന്തങ്ങളില്‍ ഒന്നാണ് ആചാര്യസ്വാമികളെ ഗുരുവായി  വരിയ്ക്കുമ്പോള്‍ പദ്മപാദന് ഷഷ്ട്യബ്ദപൂര്‍ത്തി കഴിഞ്ഞിരുന്നു. അന്ന് സനന്ദനന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഗുരുവായ ശ്രീശങ്കരാചാര്യസ്വാമികള്‍ക്ക് അന്ന് കഷ്ടിച്ചു പത്തുവയസേ പ്രായമുണ്ടായിരുന്നുള്ളൂ. ശരീരവും അതിന്റെ പ്രായവുമൊന്നും ഗുരുശിഷ്യഭാവത്തെ ബാധിക്കുന്നില്ലെന്നു വ്യക്തം. ഒരുനാള്‍ സനന്ദനന്‍ ഗംഗയുടെ മറുകരയില്‍ പോയിരുന്നപ്പോള്‍  ശങ്കരാചാര്യസ്വാമികള്‍ സനന്ദാ സനന്ദാ എന്നുവിളിച്ചു. ഗുരു വിളിക്കുന്ന മാത്രയില്‍ സമീപത്ത് എത്തിച്ചേരുന്നതാണ് ശിഷ്യധര്‍മം. ഇപ്പോള്‍ അവര്‍ക്കിടയില്‍ ആഴവും പരപ്പുമേറിയ ഗംഗാനദിയുണ്ട്. എന്നാല്‍ ശിഷ്യധര്‍മമറിയുന്ന സനന്ദനന്‍ ഗംഗയെപ്പറ്റി ചിന്തിച്ചു. എന്നിട്ട് ഗുരു സവിധത്തിലേക്ക് ഒരോട്ടം വച്ചുകൊടുത്തു. അതോടെ ഗുരുഭക്തനായ ശിഷ്യനെ സംരക്ഷിക്കാനുള്ള ചുമതല ഗംഗാദേവി ഏറ്റെടുക്കേണ്ടിയും വന്നു. ഓട്ടത്തിനിടയ്ക്ക് സനന്ദനന്‍ മുങ്ങിപ്പോകാതിരിക്കാനായി പാദം വെക്കുന്നിടത്തെല്ലാം ഗംഗാഭഗവതി താമരപ്പൂ വിരിയിച്ചു. എല്ലാറ്റിനും സാക്ഷ്യംവഹിച്ച് ഇക്കരെനിന്ന ആചാര്യസ്വാമികള്‍ അടുത്തെത്തിയ സനന്ദനനെ ആനന്ദത്താല്‍ ആശ്ലേഷിച്ച് പദ്മപാദാ എന്നുവിളിച്ചു. ആരുടെ പാദങ്ങളിലാണോ ഗംഗാദേവി താമരപ്പൂവ്-പദ്മം-വിരിയിച്ചത് അവനാണു പദ്മപാദന്‍. വര്‍ഷങ്ങള്‍ക്കുശേഷം ശ്രീശൈലത്തുവെച്ച് ശിഷ്യന്മാരാരും അടുത്തില്ലാതിരുന്ന അവസരം നോക്കി ഒരു കാപാലികന്‍ ശങ്കരാചാര്യസ്വാമികളുടെ തലകൊയ്യാന്‍ ശ്രമിച്ചപ്പോള്‍ നരസിംഹാവേശത്തോടെ പാഞ്ഞെത്തി ആചാര്യനെ രക്ഷിച്ചതും പദ്മപാദരായിരുന്നു. പിന്നീട് അദ്ദേഹം ശങ്കരാചാര്യ സ്വാമികള്‍ രചിച്ച ബ്രഹ്മസൂത്രഭാഷ്യത്തിന് പഞ്ചപാദിക എന്നുപേരായ വ്യാഖ്യാനമെഴുതി. ഗുരുത്വമെന്നതു ശരീരബദ്ധമല്ല ബ്രഹ്മസ്വരൂപമാണെന്നതിന് മറ്റെന്തു തെളിവുവേണം! ബ്രഹ്മസ്വരൂപം പലതാകാന്‍ പറ്റുകയില്ലല്ലൊ.
വിവേകചൂഡാമണിയില്‍ ശങ്കരാചാര്യസ്വാമികള്‍ ഗുരുവിനു വേണ്ടുന്ന യോഗ്യത സംഗ്രഹിച്ചിട്ടുണ്ട്. സജ്ജനവും മഹാത്മാവും ദേശികനുമായിരിക്കണം ഗുരു എന്നാണ് അദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായം. സജ്ജനമെന്നാല്‍ സത്തില്‍ സ്ഥിതിചെയ്യുന്ന ജനമെന്നര്‍ത്ഥം. സത്ത് എന്നത് സത്യം അഥവാ ബ്രഹ്മമാകുന്നു. ഞാന്‍ ബ്രഹ്മംതന്നെ എന്നനുഭവിച്ചറിയുന്നവനാണു സജ്ജനമെന്നു ചുരുക്കം. അതാണ് ഗുരുത്വത്തിന്റെ അടിസ്ഥാന യോഗ്യത. അതില്ലാത്തയാള്‍ മറ്റെന്തു കഴിവുകളുണ്ടായിരുന്നാലും  അദ്ധ്യാപകനാകാനല്ലാതെ ഗുരുവാകാന്‍ യോഗ്യനല്ല. ബ്രഹ്മത്തെ അറിഞ്ഞിട്ടില്ലാത്തയാള്‍ ബ്രഹ്മത്തെ എങ്ങനെയാണ് പഠിപ്പിക്കുക? ബ്രഹ്മാനുഭൂതിയില്‍ ഉറച്ചുനില്‍ക്കാന്‍ ശേഷിയില്ലാത്തയാള്‍ എങ്ങനെയാണ് അതു പകര്‍ന്നുകൊടുക്കുക? സത്തില്‍ സ്ഥിതിചെയ്യുന്നവരെല്ലാം ഗുരുവാണെങ്കിലും നമ്മെപ്പോലുള്ള സാധാരണക്കാര്‍ക്ക് അവരെല്ലാം പ്രയോജനപ്പെടുകയില്ല. മഹത്വം, ദേശികത്വം എന്നീ ഗുണങ്ങള്‍ കൂടിയുള്ള സജ്ജനങ്ങളാണു നമുക്കു പറ്റിയ ഗുരുക്കന്മാര്‍. ശിഷ്യന്‍ നില്‍ക്കുന്ന തലത്തിലേക്ക് ഇറങ്ങിവന്നു സംശയങ്ങള്‍ തീര്‍ത്ത്, അറിവിന്റെ ഉപരിലോകങ്ങളിലേക്കു കൂട്ടുക്കൊണ്ടുപോകാനുള്ള ആചാര്യഗുണമാണു മഹത്വം. ബ്രഹ്മവിദ്യ പഠിപ്പിക്കാനുതകുന്ന ഗ്രന്ഥങ്ങളും അവയെല്ലാം പഠിപ്പിക്കുന്ന ക്രമവും ശീലിച്ചിട്ടുള്ളയാളാണു ദേശികന്‍. ഇവയെല്ലാം ഒത്തിണങ്ങിയ ഗുരുവാണ് സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്ന ഗുരു. അങ്ങനെ ലോകകല്യാണത്തിനായി പ്രവര്‍ത്തിച്ച ഗുരുക്കന്മാരില്‍ ഏതാനും പേരുടെ പേരുകളാണ് നേരത്തെ ഉദ്ധരിച്ചിട്ടുള്ളത്. അവരെല്ലാം അനുഗ്രഹിക്കണമെന്നാണ് എഴുത്തച്ഛന്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്.
(തുടരും)
ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

No comments: